ഡുങ്കുടു.. ഡുങ്കുടു..
പുതിയ കാറ് വാങ്ങിയതിന്റെ പിറ്റേദിവസം, അതിന്റെ ചാവിയും കയ്യില്‍ പിടിച്ച് ജോസ് പത്രം വായിക്കുകയാണ്. അവധിയാണ്, നേരം വെളുത്തു വരുന്നതേയുള്ളൂ.
ഇങ്ങനെയിരുന്നാലോ.. ചേട്ടത്തിയുടെ വീട്ടില്‍ പോണമെന്നു പറഞ്ഞതല്ലേ.. താമസിച്ചാല്‍ അങ്ങേര് പൊയ്ക്കളയും.
കടം കൊടുത്ത കാശ് തിരിച്ച് വാങ്ങുന്ന കാര്യമാണ് ഭാര്യ പറയുന്നതെന്ന് തോന്നുമെങ്കിലും സംഗതി അതല്ല.
ചില ചില്ലറ കണക്കുകള്‍ , കാലങ്ങളായി മനസ്സിലടിഞ്ഞുകൂടിയ കുറെ സങ്കടങ്ങള്‍ അവരോട് തീര്‍ക്കുന്നതിനെപ്പറ്റിയാണ്.
എത്ര കഷ്ടപ്പെട്ടാണ് ഇങ്ങനെ ഒരവസരം സൃഷ്ടിച്ചത്. അവരുടെ ഭര്‍ത്താവ് ഹാര്‍ബറിലേക്ക് തിരിക്കുന്നതിന് മുമ്പ് എത്തിയാലെ കാര്യമുള്ളൂ.
പ്രഭാത കൃത്യങ്ങള്‍ തിടുക്കത്തില്‍ തീര്‍ത്ത് അയാള്‍ കാറുമെടുത്തിറങ്ങി.
പൊങ്ങച്ചം പറയുകയാണെന്ന് കരുതരുത്. ഒരു ഗംഭീരന്‍ വണ്ടിയാണിത്. റോഡിന്റെ രാജാവെന്ന് പുറത്തെഴുതിവച്ചിരിക്കുന്നത് സത്യമാണ്. എന്തെല്ലാം സൌകര്യങ്ങള്‍ , മീറ്ററില്‍ കാറിന്റെ സ്പീഡ് മാത്രമല്ല എഞ്ചിന്റെ കറക്കത്തിന്റെ വേഗം പോലും കാണാം. മെനയുള്ള ഡാഷ്ബോര്‍ഡ്, സാധനം വയ്ക്കാന്‍ വലിയ വലിയ അറകള്‍. ലെതര്‍ ഫിനിഷിംഗുള്ള സീറ്റ്, മേഘചുരുളിലിരിക്കുന്ന സുഖം, സൌകര്യം.
മനസ്സ് വായിച്ചെന്ന വണ്ണം ഒറ്റവിരലില്‍ തിരിയുന്ന വളയം – ഇത് കാറല്ല, കുതിച്ച് പായാന്‍ അടയാളം കാക്കുന്ന അറേബ്യന്‍ പന്തയക്കുതിരയാണ്.
സന്ദര്‍ഭത്തിനൊത്ത വണ്ണം എഫ് എമ്മില്‍ നിന്ന് ഷമ്മികപൂര്‍ ഇളകിയാടിയ ഗാനം ..
യാഹൂ .. ചാഹെ കോയി മുഝെ ജംഗിലി കഹെ, കെഹ്നേ ദൊ ജീ കഹ്താ രഹാ..
എന്നെ കാട്ട് വാസിയെന്ന് വിളിക്കണമെന്നുള്ളവര്‍ വിളിച്ചോട്ടെ, ഞാനത് തരിമ്പും വകവയ്ക്കുന്നില്ല.
തല താളത്തില്‍ അങ്ങോട്ടുമിങ്ങോട്ട് ആട്ടിക്കൊണ്ട് വേഗത്തില്‍ വാഹനം വിട്ടു.. അയാള്‍ പോകുന്നതിന് മുമ്പ് അവിടെത്തിയേ തീരൂ..
എത്ര പെട്ടെന്നാണ് മുക്കത്തെത്തിയത്. ഇത്രയും ദൂരം ഓടിയെത്തിയെന്ന് വിശ്വസിക്കാനാകുന്നില്ല. ഇനി അല്പദൂരം കൂടി, ജംഗ്ഷനില്‍ നിന്ന് വലത്തേക്ക്. വീതി കുറഞ്ഞ റോഡാണ്, ഒന്നു രണ്ട് വളവുകള്‍ കഴിഞ്ഞാല്‍ ചേടത്തിയുടെ വീടായി.
പകുതി വഴി ചെന്ന് വളഞ്ഞതും ബ്രേക്കിടേണ്ടി വന്നു. എതിരില്‍ ഒരു നാനോ. ഇവനൊക്കെ ഹോണടിച്ച് വന്നാലെന്താ.
രണ്ടു പേരും കൂടി പോകില്ല. ആരെങ്കിലും പുറകോട്ടെടുത്തേ പറ്റു.
പിറകോട്ട് മാറ്റാന്‍ ആംഗ്യം കാണിക്കുന്നോ? എന്തു ധൈര്യമാണ് നിനക്ക്.
സുഹൃത്തേ ലോകത്ത് ഏറ്റവും വിലകുറഞ്ഞ കാറിലാണ് നീ ഇരിക്കുന്നത്.
ഇതോ റോഡിന്റെ രാജാവും. നീ പിറകോട്ട് പോയി ആ ഇടവഴിയില്‍ കയറൂ.
അയാള്‍ ഹോണ്‍ ആഞ്ഞാഞ്ഞടിച്ചു.
കുറച്ച് സമയം നോക്കി നിന്നിട്ട് എതിരാളി പുറകോട്ടേക്ക് മാറി. അയാളെ കടന്നുപോകുമ്പോള്‍ ഏതോ വിരലുയര്‍ത്തി എന്തോ പറഞ്ഞപോലെ.. ആര് ഗൌനിക്കുന്നു. ആനപ്പുറത്തിരിക്കുന്നവന് പട്ടിയെ മാത്രമല്ല നാനോകാറിനെയും പേടിക്കണ്ട.
സമയം തെറ്റിയിട്ടില്ല. അളിയന്‍ പുറത്തേക്കിറങ്ങാന്‍ ഗേറ്റ് തുറക്കുന്നതേയുള്ളൂ. ഹോണ്‍ സ്റ്റൈലില്‍ നീട്ടിയടിച്ച് തുറന്നിട്ട ഗേറ്റിലൂടെ മുറ്റത്തേക്ക് കയറ്റി നിര്‍ത്തി.
മുന്നിലേക്ക് നോക്കിയതും തലച്ചോറിലൊരു മിന്നല്‍, നെഞ്ചിലൊരു കൊളുത്തിവലി.
ഹല്ല കര്‍ത്താവെ.. ഇതു ഞാനറിഞ്ഞില്ലല്ലോ.. ഈ ചതി എന്നോട് വേണ്ടായിരുന്നു..
ഗാരേജില്‍ ഒരു പുത്തന്‍ ഓഡി കിടക്കുന്നു.
ഇയാളിപ്പോ കടലിന്ന് മീനാണോ പൊന്നാണോ വാരുന്നത്.
ഇരുപത്തഞ്ച് ലക്ഷം കൊടുക്കാതെ ഏറ്റവും കുറഞ്ഞ മോഡല്‍ പോലും കിട്ടില്ല. കണ്ടിട്ട് പത്ത് നാല്പത് ലക്ഷത്തിന്റെ മുതലാണെന്ന് തോന്നുന്നു. നാല്പതിന്റെ ഓഡിയെവിടെ ഈ ചിടുങ്ങാമണി കാറെവിടെ.
മുമ്പത്തെ കാറില്‍ ഇവിടെ വരാന്‍ തന്നെ നാണക്കേടായിരുന്നു.
എന്തൊരു ദാക്ഷിണ്യമില്ലാതെയാണ് ഇവര്‍ കളിയാക്കിയിരുന്നത്. അളിയന്‍ സ്ഥിരം ഉപയോഗിക്കുന്ന ചില വാചകങ്ങളുണ്ട്..
കഷ്ടം!.. ഇതു വരെ ഈ പഴഞ്ചനെ മാറ്റാറായില്ലേ..
അന്നമ്മോ എട്ടാമത്തെ അത്ഭുതം ഏതാണെന്നറിയാമോ. ജോസളിയന്റെ കാറ് തന്നെ, സംഭവം ഇപ്പഴും ഓടുന്നുണ്ടല്ലോ..
അളിയോ സൂക്ഷിച്ച് സൂക്ഷിച്ച് തട്ടിയാല്‍ പഴുക്കും..
ഭാര്യയും മോശക്കാരിയല്ല. അവര്‍ എല്ലാം ഉപദേശരൂപേണയാണ്.
നീ മോളിയെയും കൊണ്ട് പോകുമ്പോള്‍ സൂക്ഷിക്കണം, തുരുമ്പിലൊക്കെ തട്ടി സാരിയെങ്ങാനും കീറിയാലേ ..
ഒട്ടും മര്യാദയില്ലാത്ത ഇവരോട് എന്തിനാ ഒരു ബന്ധം എന്ന് മറ്റുള്ളവര്‍ക്ക് ചോദിക്കാം. വല്ലതും അറിഞ്ഞിട്ടാണോ..
വെള്ളത്തെക്കാള്‍ കട്ടിയുള്ളതാണല്ലോ രക്തം. തോന്നുമ്പോ തോന്നുമ്പോ മുറിച്ച് മാറ്റാനും കൂട്ടിചേര്‍ക്കാനും പറ്റുമോ..
ഇതിനിടക്കാരാ നിസ്സാരപ്പെട്ട ചെമ്മീന്റെ കാര്യം പറയുന്നത്.. ഇവിടന്ന് കിട്ടുന്ന ചെമ്മീന്റെ പൊതി കണ്ടിട്ടൊന്നുമല്ല ജോസ്.. അല്ല പിന്നെ..
സ്വന്തം പെങ്ങളുടെ വീട്ടില്‍ പോകാത്തതോ, അതവളുടെ കെട്ടിയോന്‍ നേരല്ലാത്ത കൊണ്ടാ. മാന്യരെ എങ്ങനെയാണ് ബഹുമാനിക്കേണ്ടതെന്ന് ആദ്യം പഠിക്കട്ടെ, പിന്നാലോചിക്കാം..
ടക്.. ടക്.. ടക്..
അളിയന്‍ കാറിനടുത്ത് വന്ന് ഗ്ലാസ്സില്‍ തട്ടുന്നതാണ്.
ഹോ.. ഓരോന്നോലോചിച്ച് അറിയാതെ കാറിനകത്ത് തന്നെ ഇരുന്നു പോയി..
ഒരു വളിഞ്ഞ ചിരിയോടെ പുറത്തിറങ്ങി. ഇങ്ങനെയാണെങ്കില്‍ അല്പം താമസിച്ചാലും കുഴപ്പമില്ലായിരുന്നു.
ആഹാ.. ജോസളിയന്‍ കാറ് മാറ്റിയോ.. കൊള്ളാമല്ലോ. പഴയ ശകടം മാറ്റിയതെന്തായാലും നന്നായി. ഞാനെത്ര തവണ പറഞ്ഞതാ. മിനിമം നമ്മുടെ സ്റ്റാറ്റസ്സെങ്കിലും നോക്കണ്ടെ.
കാറ് ചുറ്റി നടന്ന് നോക്കിക്കൊണ്ടാണ് സംസാരം.
ഇതുവരെ കുറ്റമൊന്നും പറയാത്തതില്‍ ആശ്വാസം. പ്രതികാരത്തിന്റെ ചിന്ത ഉപേക്ഷിക്കാം. വലിയ കേട് കൂടാതെ എങ്ങനെ രക്ഷപ്പെടാമെന്നാണ് ഇനി ചിന്തിക്കേണ്ടത്.
എഞ്ചിനേത് സീരീസാ.. എയോ ബിയോ.
ആദ്യമായാണ് എഞ്ചിന് സീരിസുള്ള കാര്യം കേള്‍ക്കുന്നത്.
എന്താ അളിയാ ചോദിച്ചെ..
ബി സീരിസിന്റെ എഞ്ചിന്റെ സിലിണ്ടറിലെ മൂന്നാമത്തെ പിസ്റ്റണില്‍ കംപ്ലയിന്റുണ്ട്. എന്റെ ഒരു ഫ്രണ്ട്, നെനക്കറിയാം, ആന്റണി ഇത് മേടിച്ചിട്ട് കഷ്ടപ്പെട്ട് ഒഴിവാക്കുകായിരുന്നു. രണ്ട് മൂന്ന് ലക്ഷം കൈനഷ്ടം വരികേം ചെയ്തു.
ഉള്ളതാണോ, എന്നാലിത് എ സീരീസാ..
ആണേ കൊള്ളാം.. അളിയനാ പേപ്പറൊക്കെ ഇങ്ങെടുത്തേ.. നമുക്കൊന്ന് ഉറപ്പിച്ചേക്കാം.
അതു ഞാന്‍ നോക്കിയതാന്നേ, അളിയന്‍ ഹാര്‍ബറിലോട്ട് പൊയ്ക്കോ.. ബോട്ട് വന്നുകാണും.
കുഴപ്പമില്ല ജോസേ.. അതൊക്കെ പിള്ളേര് നോക്കിക്കോളും.. പ്രധാനം ഇതല്ലേ. ആ കീ ഇങ്ങെടുത്തേ..
താക്കോല് വാങ്ങി അയാള്‍ കാറിനകത്ത് കയറി. ഡാഷ്ബോര്‍ഡ് തുറന്ന് പേപ്പറൊക്കെ തിരിച്ചും മറിച്ചും നോക്കി. പിന്നെ എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് വലിയ ശബ്ദത്തില്‍ എരപ്പിക്കാന്‍ തുടങ്ങി.
മഹാ പാപി, ഇന്നലെ ഇറക്കിയ പുത്തന്‍ കാറിനെയാ വര്‍ക്ക്ഷോപ്പില്‍ ഇട്ട് ഓട്ടോറിക്ഷ എരപ്പിക്കുന്ന മാതിരി..
ജോസളിയോ.. ഇങ്ങ് വന്ന് കേറിയാട്ടെ..
എരപ്പിക്കല്‍ നിര്‍ത്തി വിളിക്കുകയാണ്.
ചാകാന്‍ വിധിക്കപ്പെട്ടവന് മറ്റ് മാര്‍ഗ്ഗങ്ങളില്ലല്ലോ, ചെന്നിരുന്ന് കൊടുത്തു. വീണ്ടും എരപ്പിക്കല്‍..
കേള്‍ക്കുന്നില്ലേ.. ഡുങ്കുടു ഡുങ്കുടു ഡുങ്കുടു എന്ന ശബ്ദം ?
ഇല്ലെന്നു പറഞ്ഞപ്പോള്‍ വീണ്ടും വീണ്ടും എരപ്പിച്ചു.
കേള്‍ക്കുന്നുണ്ടെന്നു പറയാം അല്ലെങ്കില്‍ എരപ്പിച്ച് എരപ്പിച്ച് വണ്ടിയുടെ എഞ്ചിന്‍ പൊട്ടിച്ച് കളഞ്ഞാലും മതി..
ഞാന്‍ പറഞ്ഞില്ലേ, സാധാരണ ഈ ശബ്ദം എ സീരീസിന് വരാത്തതാ. അളിയനെ അവന്മാര് പറ്റിച്ചതാ. എങ്ങനെ പറ്റിക്കാതിരിക്കും, എന്നെ പറ്റിച്ചോളൂ എന്നു പറഞ്ഞ് നിന്നുകൊടുക്കുകയല്ലേ. വണ്ടിയെടുക്കുമ്പോ അറിവുള്ളവരോട് ഒരു വാക്ക് പറയണം, അങ്ങനെയാണേല്‍ അബദ്ധത്തില്‍ ചെന്നു ചാടുമായിരുന്നോ..
പറഞ്ഞോ ഇനിയും പറഞ്ഞോ, എനിക്ക് കഴിവില്ലെന്ന് കാണിക്കാനല്ലേ.. ഞാനിങ്ങനെ തന്നെ നിന്ന് തരാം..
പൊട്ടനെപോലെ ചിരിച്ച് കാണിച്ചു..
എന്തു പറഞ്ഞാലും ഇങ്ങനെ ചിരിച്ചോളും.. ആ അളിയന്‍ അകത്തോട്ട് കയറ്, ഞാന്‍ ഹാര്‍ബറില്‍ പോട്ടേ..
മുറ്റത്തിറങ്ങി കാഴ്ചകണ്ടോണ്ട് നിന്ന ഭാര്യയോട്
നീ എന്തു കണ്ടുകൊണ്ട് നിക്കുവാ, അളിയനെ അകത്തേക്ക് വിളിച്ചോ..
നീ വാ ജോസേ ഇത്രയും നേരമായിട്ടും അകത്തോട്ട് കേറീലല്ലോ?
ചേടത്തീ നിങ്ങള് കാണത്തതല്ലല്ലോ? ഞാനായിട്ട് നിന്നതാണോ..
സത്യം ഉറക്കെ വിളിച്ച് പറയാന്‍ പാടില്ലാത്തത് കൊണ്ട് ചേടത്തിയേയും ചിരിച്ചു കാണിച്ചു.
അളിയന്‍ ഓഡിയില്‍ ഒഴുകി ഇറങ്ങിപ്പോവുന്നു.. ഡ്രൈവിംഗ് സീറ്റില്‍ ഒരു മന്ദഹാസത്തോടെ…
മഹാപാപീ.. നീ ഈ യാത്രയില്‍ തന്നെ..
വേണ്ട പിന്നെ കൊഞ്ച് കിട്ടാന്‍ വഴിയില്ലാതാവും.. ചേടത്തിയുടെ കാര്യവും ഓര്‍ക്കണം..
അശുഭ ചിന്തകള്‍ മനസ്സില്‍ നിന്ന് കുടഞ്ഞ്കളഞ്ഞ് അയാള്‍ വീട്ടിലേക്ക് കയറി.
അങ്ങേരതൊക്കെ പറയും, നീ കാര്യമാക്കണ്ട. നല്ല കാറാ, നല്ല നിറം, എനിക്കിഷ്ടപ്പെട്ടു.
അല്പം ആശ്വാസമായി കൂടെ നില്ക്കാന്‍ ആരെങ്കിലും ഉണ്ടല്ലോ..
രണ്ടു ദിവസം അവധിയല്ലേ, എന്താ പരിപാടി..
രാമേശ്വരം വരെയൊന്നു ഒന്നു പോകണമെന്നുണ്ട്..
നല്ലതാ.. ടിക്കറ്റ് ബുക്ക് ചെയ്തോ?
അല്ല കാറില്‍ തന്നെ പോകാനാ.. മടിച്ച് മടിച്ചാണ് പറഞ്ഞത്..
ഈ കാറേലോ.. നെനക്ക് വട്ടാണോടാ ജോസേ. തിരുവനന്തപുരം വരെ ഒന്നു പോയിട്ടു വന്നതിന്റെ നടുവേദന ഇതുവരെ മാറിയിട്ടില്ല.
അതിന് ചേടത്തിക്ക് പ്രായമായില്ലേ.. മോളിക്കങ്ങനെ നടുവേദന ഒന്നും..
അതു നീയാണോടാ പറയുന്നെ, പെറ്റ പെണ്ണുങ്ങള്‍ക്കെല്ലാം ഉള്ളതാ അത്.. അവള്‍ക്ക് ശുശ്രൂഷയ്ക്ക് കൂടെ ആരുണ്ടായിരുന്നു. ആനിമോളെ പ്രസവിക്കുമ്പോ എന്നെ നോക്കാന്‍ മാത്രം നാലാള്‍ക്കാരാ.. വേതിന് വേത്, വെള്ളത്തിന് വെള്ളം, മരുന്നിന് മരുന്ന്.. എന്നിട്ടും വേദന വന്നു..
പിന്നെ പ്രായത്തിന്റെ കാര്യം.. നെന്റെ മോളിക്കെന്നാ മധുരപതിനേഴാണോ..
ഞാനേ വേണ്ടാന്ന് വച്ചിട്ടാ.. ഒന്ന് ഒരുങ്ങി ഇറങ്ങിയാലിപ്പഴും..
അങ്ങനെ പിള്ളാരുടെ പടിത്തം, ട്രോളിംഗ് നിരോധനം, വിവരാവകാശ നിയമം, മുല്ലപ്പെരിയാര്‍ തുടങ്ങി ഓരോരോ വിഷയങ്ങളിലും കൊണ്ടും കൊടുത്തും അവരുടെ സംസാരം മുന്നേറി.
സംസാരം ത്രേസ്യയിലേക്കെത്തിയപ്പോഴാണ് ഐക്യത്തിന്റെ തറയൊരുങ്ങിയത്.
ത്രേസ്യയുടെ ഭര്‍ത്താവിന്റെ പിടിപ്പുകേടും, കുടുംബത്തിന്റെ കഷ്ടപ്പാടുകളും, ത്രേസ്യയുടെ മണ്ടത്തരങ്ങളും ചേടത്തി അവര്‍ക്ക് ചെയ്യുന്ന സഹായങ്ങളുമെല്ലാം ഒരിക്കല്‍ കൂടി കേട്ടു.
ഇവിടെ സഹായത്തിനെന്നു വെറുതെ പറഞ്ഞു വരുത്തുന്നതാ, നിനക്കറിയാമല്ലോ വലിയ ജോലിയൊന്നുമില്ല… വീടു വൃത്തിയാക്കണം, അത്യാവശ്യം തിന്നാനെന്തെങ്കിലും വയ്ക്കണം, ചെടിക്ക് വെള്ളമൊഴിക്കണം.. പട്ടിയെ കുളിപ്പിക്കണം ലിസ്റ്റ് വലുതായി വരുന്നത് കണ്ടപ്പോള്‍ ജോസ് ഇടപെട്ടു.
എങ്കിലും അല്പം തുള്ളല് കൂടുതലാ ചേടത്തി.. മോളെ മത്സരത്തിന് കൊണ്ടു പോയിട്ടെന്തായി..
നിനക്ക് കേക്കണോ.. ഏതോ ഒരു പയ്യന്‍ പറഞ്ഞുകൊടുത്തത് കേട്ട് കളിച്ച് റിക്കാര്‍ഡ് ചെയ്ത് അയച്ച് കൊടുത്തു. ടിവിക്കാര് എല്ലാരേയും വിളിക്കുന്ന കൂട്ടത്തില്‍ ആഡിഷനും വിളിച്ചു. എന്നാല്‍ ആലോചിക്കണ്ടേ.. ബുദ്ധിയുള്ളോര് കാശ് മുടക്കി എറണാകുളത്ത് പോകുമോ..
അവള് പോയി..
പോയിട്ട്..
പോയിട്ടോ..
ചേടത്തി ചുണ്ടു കോട്ടി റിയാലിറ്റി ഷോയിലെ ജഡ്ജസിനെ അനുകരിച്ച് കൊണ്ട് പറഞ്ഞു.
ഡാന്‍സ് കൊള്ളാമായിരുന്നു. പക്ഷേ സോങ്ങ് സെലക്ഷന്‍ ശരിയായില്ല…
ഒരു കണക്കിന് കിട്ടാത്തത് നന്നായി..
തല ഉയര്‍ത്തിയപ്പോള്‍ വാതില്ക്കലൊരു നിഴല്‍ മാറിയ പോലെ.. ത്രേസ്യ ആയിരിക്കുമോ.
നീ അതു പറഞ്ഞു ജോസേ.. ചേടത്തിയുടെ സ്വരത്തില്‍ ആവേശം.. എങ്ങാനും കിട്ടിയിരുന്നെങ്കില്‍ അവള്‍ നിലത്തൊന്നുമല്ലായിരുന്നേനെ..
ച്ഛെ ചേടത്തി ഇതെന്താ പറയുന്നെ.. ഞാനങ്ങനെയല്ല ഉദ്ദേശ്ശിച്ചത്. വാതില്ക്കലേക്ക് നോക്കിക്കൊണ്ട് ജോസ് ഉറക്കെ പറഞ്ഞു.
പിന്നെ.. ചേടത്തി ഒന്നു പതറി..
ഒരു റിയാലിറ്റി ഷോയില്‍ മത്സരിക്കാന്‍ എത്ര ലക്ഷമാ ചെലവെന്നറിയാമോ, ഇപ്പോ തന്നെ കഷ്ടപ്പാടിലാ.. ഇനി ഇതും കൂടി കണ്ടെത്തേണ്ടത് ആ പാവം ഒറ്റയ്ക്കല്ലേ.. ഞാനാ കഷ്ടപ്പാടോര്‍ത്തിട്ടാ… ഒന്നുമില്ലെങ്കിലും നമ്മുടെ ബന്ധു കൂടല്ലേ..
ജോസേ.. ചേടത്തിയുടെ സ്വരത്തില്‍ ഒരു വിറയല്‍.. കള്ളം പിടിക്കപ്പെട്ട നഴ്സറിക്കാരിയുടെ ഭാവം..
തിരിച്ച് പുറപ്പെട്ട് പകുതി ദൂരമായപ്പോഴേക്കും ലഹരി കുറച്ചടങ്ങി, യാത്ര അയക്കാന്‍ പുറത്തേക്കിറങ്ങിയ ചേടത്തി ത്രേസ്യയെ കണ്ട് വിളറിയ കാഴ്ച ഇപ്പോഴും മറക്കാനാവുന്നില്ല.
ഒരബദ്ധം പറ്റിയ കാര്യം അപ്പോഴാണോര്‍ത്തത്, ചേടത്തി കൊഞ്ച് തരാന്‍ മറന്നു.
മറന്നതാണോ അതോ..
എന്തായാലും കുഴപ്പമില്ല മനസ്സിന്റെ തൃപ്തിയാണല്ലോ മനുഷ്യന്.. വണ്ടി വേഗത്തില്‍ വിട്ടു..
എന്താ ഒരു ശബ്ദം.. വേഗം കുറച്ച് കാതോര്‍ത്തു..
നാശം.. ഈ പുതിയ വണ്ടിയില്‍ എവിടെനിന്നാണ് ഡുങ്കുടു ഡുങ്കുടു എന്ന ശബ്ദം കേള്‍ക്കുന്നത്.
Dear sir,
Thank you for the story. A fine satire every one should read.