കഥ കഥ കാഞ്ഞിരമേ..

രാത്രി വൈകിയിട്ടും കിച്ചുവിനുറങ്ങാന്‍ സാധിച്ചില്ല. മുറ്റത്തെ മേളത്തിന്റെ ശബ്ദം കാത് തുളച്ച് കയറുന്നു. അച്ഛന്‍ അവധിക്കു വന്നതില്‍ പിന്നെ മിക്കവാറും ആഘോഷമാണ്. കൂട്ടിന് അമ്മയുടെ അനിയന്മാരും. ഇന്ന് നാണുവേട്ടനുമുണ്ട്.

നല്ല പൊക്കവും വണ്ണവുമൊക്കെയുണ്ടെങ്കിലും നാണുവേട്ടന്‍ പാവമാണ്. ശരീരത്തിന്റ അത്ര വളര്‍ച്ച മനസ്സിനില്ലെന്നു തോന്നും. ആരോടും വഴക്കടിക്കില്ല. എന്തു പറഞ്ഞാലും ചിരിച്ചോണ്ടു നില്ക്കും.
വീട് കുറച്ച് അകലെയാണ്. അപ്പൂപ്പനുണ്ടായിരുന്നപ്പോള്‍ കൃഷിപ്പണിയില്‍ സഹായിക്കാന്‍ വരുമായിരുന്നു. ഇപ്പോള്‍ ജോലിക്കൊന്നും പോവാറില്ലെന്ന് തോന്നുന്നു.
അപ്പൂപ്പന്റെ മരണശേഷം കിച്ചു അയാളോട് സംസാരിച്ചിട്ടില്ല. കണ്ടാല്‍ അമ്മ വഴക്കു പറയും.
അയാളുടെ ഭാര്യ ചീത്തത്തം കാട്ടുന്നവരാണെന്നാണ് കൂട്ടുകാര്‍ പറയുന്നത്.

കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. കണ്ണടഞ്ഞു വരുമ്പോഴേക്കാവും അച്ഛന്റെയോ അമ്മാവന്മാരുടെയോ അലറിയുള്ള ചിരി.

അപ്പൂപ്പന്‍ ഉണ്ടായിരുന്നെങ്കില്‍ ഇതൊന്നും സമ്മതിക്കില്ലായിരുന്നില്ല. അച്ഛനും അമ്മക്കും അമ്മാവന്‍മാര്‍ക്കും നാണുവേട്ടനും ഒക്കെ അവന്റെ അപ്പൂപ്പനെ പേടിയാണ്. കിച്ചുവിനൊഴിച്ച്.
അപ്പൂപ്പന്റെ കൂടെയാണ് കിച്ചു ഉറങ്ങിയിരുന്നത്. ഉറക്കം വരാത്ത രാത്രികളില്‍ കഥയ്ക്കായ് അപ്പൂപ്പനെ നിര്‍ബന്ധിക്കും. എന്നും ഒരേ ഒരു കഥയാണ് അപ്പൂപ്പന്‍ പറയുക.
തേങ്ങയെന്ന് പറഞ്ഞ് ഇളത് കൊടുത്ത് വഴിയാത്രക്കാരനെ പറ്റിച്ച കഥ. കഥയുടെ ഒടുവില്‍ അപ്പൂപ്പന്‍ തന്റെ പരുപരുത്ത ശബ്ദത്തില്‍ പാടും.
“കഥ കഥ കഥ കാഞ്ഞിരമേ.. കാഞ്ഞിരംകോട്ടമ്പലമേ.. തേങ്ങാ വിളഞ്ഞു നാളികേരമായ കഥ കേരളത്തിലുണ്ടോ..” അപ്പൂപ്പന്റെ ആ പാട്ട് കിച്ചുവിന് വളരെ ഇഷ്ടമായിരുന്നു.

പുറത്തെ ആഘോഷ കമ്മിറ്റിക്കാരെ പറ്റി പിറുപിറുത്തു കൊണ്ട് അമ്മ കിടപ്പു മുറിയിലേക്ക് വന്നു. അച്ഛന്റെ പൊങ്ങച്ചവും രാത്രിയിലെ ആഘോഷവും ഒന്നും അമ്മക്ക് തീരെ ഇഷ്ടമല്ല. അവന്‍ ഉറങ്ങിയിട്ടില്ല എന്ന് കണ്ടപ്പോള്‍ അവര്‍ അവന്റെ ശരീരത്ത് താളം പിടിച്ച് താരാട്ടിന്റെ ഈരടികള്‍ മൂളി. അതിന് കാത്തിരിക്കുകയായിരുന്നു എന്നവണ്ണം കിച്ചു മെല്ലെ ഉറക്കത്തിലേക്ക് വീണു.

എന്തൊക്കെയോ വിചിത്രമായ സ്വപ്നങ്ങള്‍ കണ്ടാണ് കിച്ചു ഉണര്‍ന്നത്. കണ്ണുതുറന്നതും അതിശയമായി. കിടപ്പുമുറിയിലെ കട്ടിലില്‍ കിടന്നുറങ്ങിയ താന്‍ എങ്ങനെ വരാന്തയിലെത്തി!
ആശയക്കുഴപ്പമുണ്ടാകുമ്പോള്‍ ഉറക്കെ കരയുന്നതാണ് പതിവ്. പക്ഷെ അവധിക്കു വന്ന അച്ഛന്റെ മറ്റൊരു വിനോദം എന്തെങ്കിലും കാര്യമുണ്ടാക്കി അവനെ തല്ലുന്നതാണ്. വെറുതെ തല്ലു വാങ്ങുന്നതെന്തിന്. അവന്‍ കണ്ണുകള്‍ അമര്‍ത്തി തിരുമ്മി വീട്ടിനകത്തേക്ക് നടന്നു.

വീണ്ടും വീണ്ടും അത്ഭുതങ്ങള്‍ അവനെ കാത്തിരിക്കുകയായിരുന്നു. വീട്ടിനുള്ളില്‍ കല്ലും ഓടിന്‍ തുണ്ടുമൊക്കെ എങ്ങനെ വന്നു?
മുകളിലേക്കു നോക്കി. ചതുരവടിവിലുള്ള മൂന്നാല് ദ്വാരങ്ങളിലൂടെ ആകാശം അവനെ നോക്കി പുഞ്ചിരിക്കുന്നു. പൊട്ടിയ ഓടിന്‍ തുണ്ടുകളും കരിങ്കല്‍ ചീളുകളും തമ്മിലുള്ള ബന്ധം തെളിയിച്ചെടുക്കുന്നതില്‍ രണ്ടാം ക്ലാസ്സുകാരന്‍ ഏതാണ്ട് വിജയിക്കാറായപ്പോഴേക്കും പുറകിലൂടെ വന്ന അമ്മ അവനെ വാരിയെടുത്തു.

“ഇവിടെ നിക്കണ്ട.. വാ.. മുത്തിന്റെ കാല് മുറിയും..” അവരവനെയും കൊണ്ട് അടുക്കള മുറ്റത്തേക്ക് പോയി.
നിലത്തു നിര്‍ത്തി ചിതറികിടക്കുന്ന അവന്റെ മുടിയൊക്കെ കൈകൊണ്ട് മാടിയൊതുക്കി. അമ്മ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. ഉറക്കച്ചടവും മറ്റെന്തൊക്കെയോ വ്യഥകളും അവരുടെ കണ്ണുകളെ ആഴങ്ങളിലേക്ക് വലിച്ചു താഴ്ത്തിയ പോലെ.

“ഇന്നലെ രാത്രി കൂരയില്‍ മച്ചിങ്ങ വീണതാ..” അവന്റെ ചോദ്യത്തിന് അവര്‍ മറുപടി പറഞ്ഞു..

“അതിന് തെങ്ങ് ദൂരെയല്ലേ..” അമ്മയുടെ ഉത്തരം അവന് തൃപ്തികരമായ് തോന്നിയില്ല.

“നീ ആ തെങ്ങു കണ്ടോ..” അവര്‍ അടുക്കള വേലിക്കടുത്ത് നില്ക്കുന്ന തെങ്ങ് ചൂണ്ടിക്കാണിച്ചു. “അതേലെ മച്ചിങ്ങകള്‍ കാറ്റടിച്ച് പറന്നു പുരപ്പുറത്ത് വീണതാ..”

“ഹൊ.. അത്രയും വലിയ കാറ്റോ.. അമ്മേ, ആ കാറ്റത്താണോ ഞാന്‍ വരാന്തയിലേക്ക് പറന്നു പോയത്?” രാത്രി വീശിയടിച്ച ശക്തമായ കാറ്റിന്റെ കഥ അവന്റെ ഭാവനയെ ഉണര്‍ത്തി.

“ഓട് പൊട്ടി ദേഹത്ത് വീഴാതിരിക്കാന്‍ അമ്മ മോനെയെടുത്ത് വരാന്തയില്‍ കിടത്തിയതല്ലേ.. ”

“ഉം.. അല്ലെങ്കില്‍ ഞാന്‍ പറന്നു പോയേനെ അല്ലേ?” അവന്റെ നിഷ്കളങ്കമായ ചോദ്യം കേട്ടപ്പോള്‍ അത്രയും വിഷമങ്ങള്‍ക്കിടയിലും അവര്‍ക്ക് ചിരി വന്നു. എന്തെങ്കിലും ഒരു ആശയം അവന്റെ തലയില്‍ കയറിയാല്‍ പിന്നെ ഇങ്ങനെയാണ്.

“അമ്മേടെ മോന്‍ വെക്കം പല്ലു തേച്ചിട്ട് വാ..” തൂക്കിയിട്ടിരിക്കുന്ന ഉമിക്കരിപാട്ടയില്‍ നിന്നും ഒരു പിടി വാരി അവന്റെ കയ്യില്‍ കൊടുത്തിട്ട് അവര്‍ അകത്തേക്ക് കയറി. പല്ലും തേച്ചുകൊണ്ട് അവന്‍ മച്ചിങ്ങ പറന്നു വന്ന തെങ്ങിന്‍ ചോട്ടിലെത്തി. രാത്രിയത്തെ കൊടുങ്കാറ്റ് മറ്റെന്തെങ്കിലും തെളിവുകള്‍ വച്ചിട്ടുണ്ടോ എന്നു നോക്കി അങ്ങോട്ടുമിങ്ങോട്ടും നടന്നു.

ഒഴിഞ്ഞുകിടക്കുന്ന തൊഴുത്തിനടുത്തെത്തിയപ്പോള്‍ അതിന്റെ മറവില്‍ നിന്നാരൊക്കെയോ സംസാരിക്കുന്നു. തൊഴുത്തിനകത്തേക്ക് കയറി മെല്ലെ എത്തി നോക്കി. അച്ഛനും അമ്മാവന്മാരും വേറെ ഒരാളും കൂടെയുണ്ട്. നാണുവേട്ടനല്ല, ഇയാള്‍ക്ക് നാണുവേട്ടന്റെ അത്ര പൊക്കമില്ല.

“അവനെന്തോ ഭ്രാന്ത് പിടിച്ച പോലെയായിരുന്നു. ഇത്രക്കും ദ്വേഷ്യം വരാന്‍ അവളെപ്പറ്റി ഇല്ലാത്ത കാര്യം വല്ലതുമാണോ ഞങ്ങള്‍ പറഞ്ഞത്. മുമ്പ് ഇവിടെ പണിക്കു വന്നിരുന്നതല്ലേ, വല്ലതും നക്കി തിന്നേച്ച് പോട്ടെ എന്നു കരുതിയാണ് വിളിച്ചത്. നന്ദിയില്ലാത്ത നായ.. എന്റെ കയ്യില്‍ നിന്ന് വാങ്ങികുടിച്ചിട്ട്..”

അച്ഛന്റെ കൂടെയുള്ളത് മാധവന്‍ മാമനാണ്. പാര്‍ട്ടിയുടെ ഏതോ വലിയ സെക്രട്ടറി.

“ഈ പിള്ളേരുണ്ടല്ലോ” കിച്ചുവിന്റെ അമ്മാവന്മാരെ ചൂണ്ടി പറഞ്ഞു തുടങ്ങിയപ്പോള്‍ അച്ഛന്റെ തൊണ്ട ഇടറി.

“എന്റെ മൂത്ത പിള്ളേരായിട്ടാണ് ഞാന്‍ ഇവത്തുങ്ങളെ കാണുന്നത്. എന്റെ നേരെ കലിതുള്ളി വന്ന അവനെ മൂത്തവന്‍ തടഞ്ഞു, നിന്നില്ല. നിസ്സാരമായി അടിച്ചു തള്ളിയിട്ടു കളഞ്ഞു. രണ്ടാമത്തവനേയും തള്ളിയിട്ടപ്പോള്‍ എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. അവന്റെ താടിക്ക് നോക്കി ഒന്നു കൊടുത്തു. പിന്നെയും ആഞ്ഞപ്പോള്‍ അവന്‍ കുനിഞ്ഞു കളഞ്ഞു. പിറകില്‍ നിന്നവനാ അത് കൊണ്ടത്. ഇപ്പോഴും വേദനയുണ്ടോടാ മോനേ.”

വീര്‍ത്തു കല്ലിച്ച വലത്തേ കവിള് തടവി മൂത്തവന്‍ വാ അധികം അനക്കാതെ ചിരിച്ചു.

“ഞങ്ങള്‍ എല്ലാവരും കൂടെ അവനെ അങ്ങ് മെതിച്ചു. ഇത് കണ്ടോ ഇടക്ക് അവന്റെ കൈ കൊണ്ടതാ.” അച്ഛന്‍ ഷര്‍ട്ടു പൊക്കി ചുവന്നു കിടക്കുന്ന ഭാഗം കാണിച്ചു കൊടുത്തു.

“എപ്പഴാ ഈ ഓടൊക്കെ എറിഞ്ഞു പൊട്ടിച്ചത്?” മാധവന്‍ മാമന്‍.

അച്ഛന്‍ ചുറ്റും ഒന്നു നോക്കി. ഭാഗ്യം.. സമയത്ത് തലതാഴ്ത്തിയത് കൊണ്ട് അവനെ കണ്ടില്ല.
“അതു ഞങ്ങളു തന്നാ ചെയ്തത്.. ബലത്ത കേസ്സായിക്കോട്ടെ എന്നു കരുതി” അയാള്‍ ശബ്ദം താഴ്ത്തി പറഞ്ഞു.

“ഭയങ്കരന്മാരേ..” മാധവന്‍ മാമന്‍ ഉറക്കെ ചിരിച്ചു. “എന്തായാലും അതു നന്നായി.. എസ്ഐ വരുമ്പോ ഒന്നു ശരിക്കു കണ്ടേക്കണം.. അവന്റെ തലയില്‍ ഒന്നും രണ്ടുമല്ല.. ആറു സ്റ്റിച്ചാണുള്ളത്.”

“കിച്ചൂ.. മോനേ കിച്ചൂ..” അമ്മ ഉറക്കെ വിളിക്കുന്നു.
അവിടെ നിന്ന് അവസാനം വരെ കേള്‍ക്കണമെന്ന് അവനാഗ്രഹമുണ്ടായിരുന്നു. പക്ഷേ ഇനി നില്ക്കുന്നത് ബുദ്ധിയല്ല.
ശബ്ദമുണ്ടാക്കാതെ തൊഴുത്തില്‍ നിന്നിറങ്ങി അമ്മയുടെ അടുത്തേക്ക് നടന്നു.
നാണുവിന്റെ കാര്യത്തില്‍ സങ്കടമുണ്ടെങ്കിലും അച്ഛന്റെ ബുദ്ധിയെ പറ്റി ഓര്‍ത്തപ്പോള്‍ അവന് അഭിമാനം തോന്നി.
“അമ്പടാ..” അവന്‍ പറഞ്ഞു പോയി..

സ്കൂളിലേക്കു പോകാന്‍ സമയം ആയിരിക്കുന്നു. അമ്മ അവന് കാപ്പി കൊടുത്ത് ഒരുക്കി സ്കൂള്‍ ബാഗുമെടുത്ത് റോഡിലേക്ക് വന്നു. എന്നുമിങ്ങനെയാണ് റോഡു വരെ അമ്മ കൂട്ടുവരും.

ബാഗും തോളില്‍ തൂക്കി കൊടുത്ത് അവന് ടാറ്റായും നല്കി അവള്‍ റോഡില്‍ നിന്നു. അവന്‍ ഓടി കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്നു കഴിഞ്ഞപ്പോള്‍ തിരിഞ്ഞു നടന്നു. എതിരെ ഭാരതി വരുന്നു. കയ്യിലെ ബാസ്ക്കറ്റില്‍ തൂക്കുപാത്രവും ഫ്ലാസ്കും മറ്റു ചില പൊതികളും. ആശുപത്രിയില്‍ നാണുവേട്ടന്റെ അടുത്ത് പോകുന്നതായിരിക്കും. അവരെന്തു പറഞ്ഞാലും തിരിച്ചൊന്നും മിണ്ടാതെ കേള്‍ക്കാന്‍ തയ്യാറാണെന്ന മട്ടില്‍ അവള്‍ നിന്നു. കുറ്റം അവളുടെ ഭര്‍ത്താവിന്റേതാണല്ലോ.

ഭാരതി ഒന്നും മിണ്ടിയില്ല.. കടന്നു പോകുന്നതിനിടയില്‍ അവളെയൊന്നു നോക്കി. നെഞ്ച് ചുടീക്കുന്ന നോട്ടം.
മനസ്സില്‍ കടയുന്ന കനവുമായി അവള്‍ വീട്ടിലേക്കു ചെന്ന് കിടക്കയില്‍ കേറികിടന്നു. പോലീസ് വന്നു പോയതും അനിയന്മാരും ഭര്‍ത്താവും മാറി മാറി വിളിച്ചതും ഒന്നും അവള്‍ അറിഞ്ഞില്ല. മനസ്സു നിറയെ ചോര ഒലിക്കുന്ന നാണുവേട്ടന്റെ മുഖവും അവളുടെ ആത്മാവിനെ പൊള്ളിച്ച ഭാരതിയുടെ തുളച്ചു കയറുന്ന നോട്ടവുമായിരുന്നു.

വൈകുന്നേരം മകന്‍ വരുന്നതിന് മുമ്പായി അവള്‍ എണീറ്റു. മുഖമൊക്കെ കഴുകി കുറച്ചു കഞ്ഞിയും കുടിച്ച് കാത്തിരുന്നു. അവന്റെ മുഖം കാണുന്നതാണ് ഒരാശ്വാസം.

അച്ഛന്റെ കണ്ണില്‍ പെടാതെ അടുക്കള വശത്തുകൂടി പതുങ്ങിയാണ് അവന്‍ വന്നത്. വസ്ത്രങ്ങളില്‍ ചെളി പുരണ്ടിരിക്കുന്നു. ഷര്‍ട്ടിന്റെ വലത്തെ പോക്കറ്റ് പാതി കീറി നെഞ്ചില്‍ തൂങ്ങുന്നു. ഇവനും.. അവര്‍ക്കു വല്ലാത്ത ദ്വേഷ്യവും സങ്കടവുമൊക്കെ വന്നു.
കമ്പെടുത്ത് തുട അടിച്ചു പൊട്ടിക്കുകയാണ് വേണ്ടത്. ഒന്നാലോചിച്ചപ്പോള്‍ വേണ്ടെന്നു തോന്നി.. ഈ ദിവസം.. ഇനി ഇവന്റെ കണ്ണീരു കൂടി കാണാന്‍ വയ്യ.

“നീ ഇന്ന് അടിയുണ്ടാക്കിയോ?” അവര്‍ ദ്വേഷ്യത്തോടെ ചോദിച്ചു.

“അതമ്മേ രാമചന്ദ്രന്‍ പറയുവാ.. നാണുവിനല്ല അച്ഛനാണ് കൂടുതല്‍ അടികിട്ടിയത് എന്ന്”

“ഓഹോ.. അങ്ങനെ പറഞ്ഞാല്‍ നീ അടിയുണ്ടാക്കും അല്ലേ.. എന്താ അച്ഛനെ പോലെയാവാനാണോ ഭാവം?” കിച്ചു ഒന്നും മിണ്ടിയില്ല. വെറുതെ തലകുനിച്ചു നിന്നു.

കുറച്ചു കഴിഞ്ഞ് അമ്മ അവനെ മടിയിലിരുത്തി സ്നേഹത്തോടെ തലയില്‍ തഴുകുമ്പോള്‍ കിച്ചു പറഞ്ഞു.
“അമ്മയ്ക്കൊരു കാര്യം അറിയാമോ.. അടിയുണ്ടാക്കിയതിന് സാറിന്റടുത്ത് നിന്ന് എനിക്കൊരു തല്ലേ കിട്ടിയുള്ളൂ. അവന് ചന്തീമ്മേല്‍ മൂന്നെണ്ണം കിട്ടി.”

“അതെന്താ?”

“സലീമും പ്രമോദുമൊക്കെ രാമചന്ദ്രന്‍ അടിയുണ്ടാക്കിയെന്നാ സാറിന്റടുത്ത് പറഞ്ഞെ”..

പുറത്ത് കാറ്റാഞ്ഞു വീശി.. തെങ്ങിന്‍ തലപ്പുകള്‍ ഉലഞ്ഞാടി. പേടിച്ചരണ്ട മച്ചിങ്ങകള്‍ ധും ധും എന്ന് ശബ്ദമുണ്ടാക്കികൊണ്ട് മണ്ണിലേക്കടര്‍ന്ന് വീണു.. കൊഴിഞ്ഞു വീണ പിഞ്ചുകായകളെ കണ്ടപ്പോള്‍ കാറ്റിന്റെ കലിയടങ്ങി.. പ്രകൃതി ശാന്തമായി. താഴെ വീണ മച്ചിങ്ങകള്‍ കറ പൊടിയുന്ന തലപ്പിന്റെ വേദനയും തങ്ങള്‍ക്ക് നഷ്ടപ്പെട്ട ആകാശവും മറന്ന് ഒരു കുഞ്ഞിന്റെ രോദനത്തിന് ചെവി കൊടുത്തു.

അമ്മയുടെ അടി കൊണ്ടു തിണച്ച പാടുകള്‍ തടവി കിച്ചു ഏങ്ങി ഏങ്ങി കരഞ്ഞു. അമ്മ അത്രകണ്ട് ദ്വേഷ്യം പിടിക്കാന്‍ താനെന്താണ് ചെയ്തതെന്ന് എത്ര ആലോചിച്ചിട്ടും അവന് മനസ്സിലായില്ല.
കുറച്ചു കഴിഞ്ഞ് കോപമൊക്കെ തീരുമ്പോള്‍ ആ അമ്മ മകനെ കാര്യം പറഞ്ഞു മനസ്സിലാക്കുമായിരിക്കും..

Facebooktwitterredditpinterestlinkedinmailby feather

1 Comment on “കഥ കഥ കാഞ്ഞിരമേ..