രക്തത്തിന് ദുര്‍ഗന്ധം

മുഖസ്തുതി പറയുകയാണെന്ന് കരുതരുത്.. നിനക്ക് നന്നായി പറ്റുന്നത് കുറ്റം പറച്ചിലാ. ആ ലൈനില്‍ തന്നെ പിടിയ്ക്ക്.
ആദ്യം ആട് ജീവിതത്തെ അലക്കി വെടിപ്പാക്ക്.
“പ്രവാസജീവിതം വിജയകരമായി കച്ചവടം ചെയ്ത കഥാകാരന്‍ അഥവാ എഴുത്തുകാരന്റെ സംഭാവനകള്‍ക്കായി പുസ്തകം ആദ്യന്തം മേ മേ കരയുന്നു”. എഴുതിക്കോ, സംഗതി എറിക്കുമെന്നത് മൂന്നരത്തരം!
അല്ലെങ്കില്‍ ഇപ്പഴത്തെ സെന്‍സേഷന്‍ ടിഡിയുടെ കഴുത്തിന് കുത്തിപ്പിടിക്കണം. “ഫ്രാന്‍സിസ് ഇട്ടിക്കോര – ടി‍ഡി രാമകൃഷ്ണന്‍ കോട്ടയം പുഷ്പനാഥിന് പഠിക്കുമ്പോള്‍” എന്താ നല്ല തലക്കെട്ടല്ലേ?

മിണ്ടാതിരിക്കെടാ.. നിന്റെ അഭിപ്രായങ്ങളൊക്കെ എന്തിനാ ഇവന്റെ തലയില്‍ കൊണ്ട് വയ്ക്കുന്നത്.
ബഷീര്‍ ചെറിയാനെ ശകാരിച്ചു.

ഗോപുവിന്റെ മനസ്സിലെന്താണെന്ന് പറ.

അവന്റെ മനസ്സിലെന്താണെന്ന് ചോദിക്കാനുണ്ടോ. മൂക്കളചാടിയ കുട്ടിയെ ഒക്കത്ത് വച്ച് നടക്കുന്ന വനജ, അല്ലാതാരാ?

ചെറിയാന്റെ പറച്ചില്‍കേട്ട് ഗൌരവക്കാരനായ ബഷീറിനും ചിരി പൊട്ടി.
ചുറ്റും പരതിയപ്പോള്‍ ഗോപുവിന് കിട്ടിയത് ഒരു വാട്ടര്‍ബോട്ടിലാണ്. അവന്റെ എറി ദേഹത്ത് കൊള്ളാതെ ഒഴിഞ്ഞുമാറി ചെറിയാന്‍ വീണ്ടും കളിയാക്കി ചിരിച്ചു.

ഓഫീസില്‍ വച്ച് കണ്ട ഫേസ്ബുക്ക് പോസ്റ്റിലാണ് തുടക്കം.
“ഗ്രാമോദയം വായനശാല സുവര്‍ണ്ണജൂബിലി സ്മരണിക പുറത്തിറക്കുന്നു”. പോസ്റ്റില്‍ ഗോപുവിനെ വാസുക്കുട്ടന്‍ ടാഗ് ചെയ്തിരുന്നു.

വാസുക്കുട്ടന്‍റെ മെസ്സേജ് പിറകെ..
എടാ ഡാഷെ എനിക്കാ ഇതിന്‍റെ ചുമതല. കുറച്ച് കാശയച്ച് താ.. നിവര്‍ത്തി ഇല്ലാഞ്ഞിട്ടാ..

എന്താണെന്നറിയില്ല, കാശ് പോകുന്ന കാര്യമാകുമ്പോള്‍ അച്ഛന്‍ കൊപ്രകച്ചവടക്കാരന്‍ രാമപണിക്കരുടെ ചോര ഞരമ്പുകളില്‍ ഇരച്ചു കയറും.
അതെങ്ങനെയാ വാസുകുട്ടാ കാശ് വെറുതെ തരുക?

കൂടെ നീ എന്തെങ്കിലും എഴുതിത്താ. പ്രവാസി എഴുത്തുകാരന്‍ ശ്രീ. ഗോപകുമാര്‍ എന്ന് പറഞ്ഞ് കൊടുക്കാം.
മെയിലില്‍ വിശദ വിവരം കിട്ടി. അച്ചടിക്കൂലിയുടെ പങ്ക് കൊടുക്കണം. നാല് പേജില്‍ കവിയാത്ത രചന, ലേഖനമോ കവിതയോ നോവലോ എന്ത് വേണമെങ്കിലും ആയിക്കോ..

നല്ല ഒരു ആശയമാണ്. പ്രവാസി എഴുത്തുകാരന്‍ അല്ല, പ്രസിദ്ധ എഴുത്തുകാരന്‍. നാട്ടില്‍ വായിനോക്കി നടന്ന ചെറുക്കന്‍ പ്രശസ്തനായെന്ന് ആള്‍ക്കാരൊക്കെ അറിയട്ടെ.
അംഗങ്ങള്‍ക്ക് കോപ്പികള്‍ വെറുതെ കൊടുക്കുമായിരിക്കും. ലൈബ്രറിയെക്കുറിച്ചാലോചിച്ചപ്പോള്‍ കവറ് പിന്നിത്തുടങ്ങിയ മലയാറ്റൂരിന്റെ യക്ഷിയും പിറകെ വനജയും ഓര്‍മ്മകളായി വന്നു.
മനസ്സിലൊരു നീറ്റല്‍.
വനജയ്ക്ക് ഒരു കോപ്പി കൊടുക്കണമെന്ന് പ്രത്യേകം പറയണം.
വായിച്ച് നഷ്ടപ്പെടുത്തിയതിനെയോര്‍ത്ത് അവള്‍ സങ്കടപ്പെടണം. പ്രായശ്ചിത്തമായി തുള്ളി കണ്ണുീര്‍ പൊടിക്കണം.

ഫ്ലാറ്റില്‍ കൂടെത്താമസിക്കുന്നവരോട് ഇതൊന്നും പറഞ്ഞില്ല. ബഷീറിക്ക ബുദ്ധിജീവിയും വലിയ വായനക്കാരനും. സൌദിയിലെ മലയാളി സംഘടനകളുടെ മിക്ക സാംസ്കാരിക പരിപാടിക്കും അയാള്‍ പോകും. ചെറിയാന്‍ ചെറിയ ചെറിയ സംഭവങ്ങള്‍ പോലും പെരുക്കി പെരുക്കി എഴുതുന്ന ബ്ലോഗ്ഗര്‍.
ഇവിടെ എത്തിപ്പെട്ട ഇടയ്ക്ക്, വിവരം വച്ച് തുടങ്ങുന്നതിന് മുമ്പ്, നാട്ടില്‍ നിന്ന് കൊണ്ട് വന്ന നോട്ട്പുസതകത്തിലെ “അറിയാതെ നട്ടുഞാന്‍ ഹൃദയാന്തരാളത്തില്‍” എന്ന് തുടങ്ങുന്ന ചില നഷ്ട പ്രണയ കവിതകളും “ഭാരതീയാ മാറ്റു നിന്‍ ചങ്ങലകള്‍” മാതിരി വിപ്ലവകവിതകളും വായിച്ച് കേള്‍പ്പിച്ചിട്ടുണ്ട്. അന്ന് ഊം.. ഊം.. എന്ന് മൂളി തലയാട്ടിയതില്‍ പുരണ്ടിരുന്നത് പരിഹാസവം സഹതാപവുമാണെന്ന് മനസ്സിലായപ്പോള്‍ ആരും കാണാതെ എല്ലാം കത്തിച്ച് കളഞ്ഞു. ഒരു എഴുത്ത് സാഹസവുമായി ഇനിയും അവരുടെ മുന്നില്‍ പോകാന്‍ മടി.
എങ്കിലും വാസുക്കുട്ടന്‍ ഇങ്ങനെ നിര്‍ബന്ധിക്കുന്നെന്ന് സൂചിപ്പിച്ചു. അപ്പോള്‍ മനസ്സിലുള്ളത് മുഴുവന്‍ കണ്ടതുപോലെ ചെറിയാന്റെ ചോദ്യം.

ഇത് പുറത്തിറങ്ങിയാല്‍ നിന്റെ മറ്റേ വനജ കാണുമോടാ?

ഭാവ വ്യത്യാസമൊന്നും കാട്ടാതെ ആ.. എന്ന് പറഞ്ഞ് കൈമലര്‍ത്തി. എന്നിട്ടും അവന്‍ കളിയാക്കുന്നു..

ബഷീറിക്കാ അവനെ മിണ്ടാതിരിക്കാന്‍ പറ.. ഇനി മിണ്ടിയാല്‍ ഞാനവനെ കൊല്ലും.

കളിയാക്കല്‍ നിര്‍ത്ത് ചെറിയാനേ.. ഗോപൂ, നീ വിചാരിക്കുന്നത് ഇതുവരെ പറഞ്ഞില്ല. പറഞ്ഞാലല്ലേ സഹായിക്കാന്‍ പറ്റൂ.

എനിക്കൊരു കഥയെഴുതണമെന്നാണ്. ഒരു ഷോക്കിംഗായിട്ടുള്ള കഥ. ഇന്നാള് പ്രസക്തിയുടെ വേദിയില്‍ ഒരാള് വായിച്ചില്ലേ, മൂന്നുമുനയുള്ള ശൂലം കൊണ്ട് ഗര്‍ഭിണിയുടെ വയറ്റില്‍ കുത്തിക്കയറ്റി തിരിച്ചൊന്നൊക്കെ, അമ്മാതിരി ഒരു ഞെട്ടിക്കല്‍ സാധനം.

ചുരുക്കത്തില്‍ വായിക്കുന്നവന്‍ സമാധാനമായി കിടന്ന് ഉറങ്ങറരുതെന്ന് സാരം. ലോകത്ത് സമാധാനം പുലരുന്നത് നിനക്ക് ഇഷ്ടപ്പെടുന്നില്ലല്ലേ.. ബഷീര്‍ ചിരിച്ചു.

വൈകുന്നേരത്തെ ചര്‍ച്ച അതോടവസാനിച്ചു. ബഷീറോ ചെറിയാനോ പിന്നെ അവനോട് കഥയെപ്പറ്റി അന്വേഷിച്ചില്ല. അവധിക്ക് ചെറിയാന്‍ ഒരു ബന്ധുവീട്ടില്‍ പോകുമെന്ന് പറഞ്ഞിരുന്നു. രണ്ടു ദിവസവും ബഷീറിനും എന്തെങ്കിലും പരിപാടി കാണും. ആരുടേയും സഹായം വേണ്ട. വെള്ളിയും ശനിയുമിരുന്ന് എവിടുന്നെങ്കിലുമൊക്കെ ചുരണ്ടി തനിയെ ഒരെണ്ണം തട്ടിക്കൂട്ടാമെന്ന് കരുതി.

രാവിലെ ബഷീര്‍ പള്ളിയില്‍ പോയിട്ടും ചെറിയാന്‍ ഫ്ലാറ്റില്‍ തന്നെ കറങ്ങി നിന്നു. അവന്റെ ആന്റിക്ക് മറ്റേതോ ഫംഗ്ഷന്‍ ഉണ്ടെന്ന് വിളിച്ച് പറഞ്ഞെന്ന്.

മറ്റൊരിടത്തും പോകാതെ ഉച്ചയ്ക്ക് ബഷീറും തിരിച്ചു വന്നു. ബഷീറും ചെറിയാനും ഗോപുവും ചപ്പാത്തിയും കറിയും കഴിച്ച് വെറുതെ ടിവി കണ്ടോണ്ടിരുന്നു. ഗോപുവിന്റെ എഴുത്ത് മോഹമൊക്കെ ഏതാണ്ട് അവസാനിച്ചു. കളിയാക്കി കൊല്ലാന്‍ ഇവര്‍ കൂടെയിരിക്കുകയാണെങ്കില്‍ എഴുതുന്നതെങ്ങനെ?

പ്രകോപനമൊന്നുമില്ലാതെയാണ് ചെറിയാന്‍ ചര്‍ച്ച തുടങ്ങിയത്.
നമുക്ക് എന്‍ഡോസള്‍ഫാനെ കുറിച്ചെഴുതിയാലോ. ഇരയായ, തല വികൃതമായി വളര്‍ന്ന് തൂങ്ങിയ ഏതെങ്കിലും കുഞ്ഞിനെ വര്‍ണ്ണിച്ചാല്‍ മതി. ഒന്ന് രണ്ട് രാത്രിയുടെ ഉറക്കമൊക്കെ പൊയ്ക്കോളും.

“എന്‍മകജെ” ബഷീര്‍ പറഞ്ഞു.

അതെന്ത് സാധനം? ഗോപുവിന് സംശയം.

മാങ്ങാട്ടുകാരന്‍ അംബികാസുതന്‍ അതിനെക്കുറിച്ച് എഴുതിയ നോവല്‍. ബാധിക്കപ്പെട്ട ഗ്രാമത്തിന്റെ പേരാണ് “എന്‍മകജെ”.
ബഷീര്‍ സംശയം തീര്‍ത്തു.

നമുക്ക് സോനാഗച്ചിപോലെ ഏതെങ്കിലും തെരുവിനെക്കുറിച്ചെഴുതിയാലോ?

വേണ്ടിക്കാ.. മഹാനദി നൂണ്‍ഷോ കണ്ട് സഹിക്കാന്‍ പറ്റാതെ ഞാന്‍ തിയേറ്ററിനകത്ത് ഛര്‍ദ്ദിച്ചതാ..

അത് ശരിയാ.. ആരാച്ചാറും അവിടം തലോടി പോകുന്നുണ്ട്.
ചെറിയാന്‍ ഗോപുവിനെ പിന്തുണച്ചു.
ഇനി എന്തെങ്കിലും ബാക്കിയുണ്ടോ? മലം തിന്നുന്നതിനെ പറ്റിയുണ്ട്, ശവം തിന്നുന്നതിനെ പറ്റിയുണ്ട്..

പതുക്കെ ചെറിയാനേ.. ഇപ്പം ആഹാരം കഴിച്ചതല്ലേയുള്ളൂ.
ബഷീര്‍ പറഞ്ഞു.

ആ.. ഒരു കാര്യം കാണിച്ചില്ലല്ലോ. ചെറിയാന്‍ മൊബൈലെടുത്ത് കുത്തി.

ചെറിയാനെ വിട്ട് ബഷീര്‍ ഗോപുവിന്റെ നേര്‍ക്ക് തിരിഞ്ഞു.
ഞാന്‍ പറയാന്‍ പോകുന്നത് ഒരു കഥയുടെ ക്യാന്‍വാസിലാക്കാമോ എന്ന് നോക്ക്.. പ്രിവെര്‍ഷന്‍ എന്ന് കേട്ടിട്ടുണ്ടോ? അത് ലൈംഗികതയുമായി മാത്രം ബന്ധപ്പെട്ടതല്ല. ഇന്നത്തെ കാലം അറിയാമല്ലോ. ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ ചെലവാകുന്നത് കൊലപാതകങ്ങളുടേയും പീഢനങ്ങളുടേയും വീഡിയോയാണ്. അത്തരം കാഴ്ചകള്‍ കണ്ട് മനോനില തെറ്റുന്ന മലയാളി. കഥാപാത്രത്തിന് കുമാരന്‍ എന്ന് പേരിട്ടോ. ഒടുവില്‍ അയാള്‍ ഭാര്യയെ ക്രൂരമായി കൊല്ലുന്നിടത്ത് കഥ അവസാനിപ്പിക്കണം..

ഇങ്ങനെ തുടങ്ങിയാല്‍ മതി. വാട്ട്സ് ആപ്പില്‍ വന്ന വീഡിയോ പ്ലേ ചെയ്ത് കാണിച്ചു കൊണ്ട് ചെറിയാന്‍ പറഞ്ഞു.
“അടുക്കളയിലിരുന്ന വളഞ്ഞ കത്തിയും ഭാര്യയുടെ വിയര്‍പ്പ് പൊടിഞ്ഞു തുടങ്ങിയ ഇളംകഴുത്തും കണ്ടപ്പോള്‍ അണിയിക്കാന്‍ ഒരു നീളന്‍ ഓറഞ്ച് കുപ്പായം കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് കുമാരന് തോന്നി.”

ചെറിയാനേ വീഡിയോ നിര്‍ത്ത്.. ഗോപു വിളിച്ച് പറഞ്ഞു.

ചെറിയാന്‍ നിര്‍ത്തിയില്ല. ഒരാളുടെ തലയ്ക്ക് കുത്തിപ്പിടിച്ച് കൈകള്‍ കഴുത്തിലൂടെ ധ്രുതഗതിയില്‍ ചലിപ്പിക്കുന്ന മുഖംമൂടിക്കാരന്‍.
ബഷീറും ചെറിയാനും ചിരിക്കുന്നത് കേട്ടാണ് ഗോപു ഇറുക്കി അടച്ച കണ്ണുകള്‍ തുറന്നത്.
സ്പൂഫ് വീഡിയോ ആണ്. ക്യാമറ താഴേക്ക് പാന്‍ ചെയ്ത് വരുന്ന മുറയ്ക്ക് കാര്യങ്ങള്‍ വ്യക്തമാവുന്നു. മുഖം മൂടിക്കാരന്‍ താഴെ ഇരിക്കുന്നയാള്‍ക്ക് പല്ല് തേച്ച് കൊടുക്കുന്നു.

ചിരിയുടെ അലകളടങ്ങിയപ്പോള്‍ ബഷീര്‍ സംസാരിച്ചു.
നല്ല ഒരു ത്രെഢായില്ലേ ഗോപൂ.. പോരെങ്കില്‍ ഭൂകമ്പാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ജഡം വലിച്ചെടുക്കുന്നത് നോക്കി കെ.എഫ്.സി. ചിക്കന്‍ ആസ്വദിച്ച് കഴിക്കുന്ന കുമാരനെ കൂടി വര്‍ണ്ണിക്കാം.

ഇരയോട് സിമ്പതി തോന്നാന്‍ കുറച്ച് പൈങ്കിളി വേണം.. കുലീന സ്ത്രീ ഭര്‍ത്താവിന്റെ പീഢനങ്ങള്‍ സഹിക്കുന്നത്, അണ്ണാറക്കണ്ണനോട് പരാതി പറയുന്നത്, മൈലാഞ്ചിച്ചെടി തഴുകി ആശ്വസിപ്പിക്കുന്നത് ഇങ്ങനെ കുറച്ച് നൊസ്റ്റാള്‍ജിക് സംഗതികള്‍.
ബ്ലോഗെഴുത്തിന്റെ പരിചയത്തില്‍ നിന്ന് ചെറിയാന്‍ ഉപദേശിച്ചു.

ഗോപു ഡയറിയിയെടുത്ത് ഓരോന്നും ക്രമത്തില്‍ കുറിച്ച് വയ്ക്കാന്‍ തുടങ്ങി.

തലയില്‍ ഒരു ഭയങ്കരന്‍ ആശയം മിന്നിയപോലെ ബഷീര്‍ എണീറ്റു.
നിങ്ങള്‍ക്ക് ഇനി എന്തെങ്കിലും പരിപാടിയുണ്ടോ?
ഇല്ലെന്ന് കേട്ടതും അവരോട് ഒരു യാത്രക്ക് തയ്യാറാവാന്‍ പറഞ്ഞു.
വേഗം വേണം.. ഇരുട്ടുന്നതിന് മുമ്പ് അങ്ങ് എത്തേണ്ടതാണ്. ഗോപൂ, ഞാന്‍ നിന്നെ ജ്ഞാനസ്നാനപ്പെടുത്താന്‍ പോകുന്നു.

ജ്ഞാനസ്നാനമെന്ന് കേട്ടപ്പോള്‍ ചെറിയാനൊരു പുഞ്ചിരി..
എസ്.യു.വി. റിയാദിലേക്കുള്ള ഹൈവേയില്‍ കയറിയപ്പോള്‍ മുമ്പിലിരിക്കുകയായിരുന്ന ചെറിയാന്‍ പ്രതിഷേധിച്ചു.
അവിടെ കൊള്ളില്ലിക്കാ, തിരിച്ച് പോകുന്ന വഴിക്കാ നല്ലത് കിട്ടുക..

സമാധാനപ്പെട് ചെറിയാനേ.. നിന്നെപ്പോലെ നൊസ്റ്റാള്‍ജിക് സംഗതികള്‍ ഛര്‍ദ്ദിച്ച് വയ്ക്കുന്നവര്‍ക്കാണ് വാറ്റ്. ഗോപുവിന് അത് പോരാ.
ബഷീറിന്റെ മറുപടിക്ക് എതിരെ പിറുപിറുത്ത് കൊണ്ട് ചെറിയാന്‍ സീറ്റ് ചരിച്ച് ചാഞ്ഞ് കണ്ണടച്ചിരുന്നു.

ഗോപു ബലം പ്രയോഗിച്ച് എഴുത്തിന്ദ്രിയങ്ങള്‍ തുറക്കാന്‍ ശ്രമിച്ചു. വണ്ടിയുടെ പിറകിലിരുന്ന് ഡയറിത്താളുകളില്‍ അവന്‍ എന്തൊക്കെയോ കുനുകുനാ എഴുതിയും വെട്ടിയും എഴുതിയും വെട്ടിയും..

അല്‍-ഖദീസിയയില്‍ നിന്നും റിയാദിലേക്ക് രണ്ടര-മൂന്ന് മണിക്കൂര്‍ നീണ്ട ഡ്രൈവ് ആണ്. ഒരു നീണ്ട മയക്കം കഴിഞ്ഞ് ചെറിയാന്‍ എണീക്കുമ്പോള്‍ അങ്ങ് ദൂരെ ബോട്ടില്‍ ഓപ്പണര്‍ ആകൃതിയില്‍ കിംഗ്ഡം ടവര്‍ ആകാശപ്പാലം കാട്ടി റിയാദിലേക്ക് സ്വാഗതം എന്നോതി നിന്നു.

ഗോപു എഴുതിയത് വായിച്ച് കേള്‍പ്പിക്കുകയാണ്.
“കതക് തള്ളിത്തുറന്ന നാട്ടുകാര്‍ കണ്ടത് രക്തം വാര്‍ന്നൊലിക്കുന്ന ഭാര്യയുടെ കഴുത്തില്‍ ബെല്‍റ്റ് മുറുക്കി വലിക്കുന്ന കുമാരനെയാണ്. മര്‍ദ്ദം സഹിക്കാനാകാതെ അവരുടെ കണ്ണുകള്‍ ചോര പൊടിച്ച് പുറത്തേക്ക് തള്ളി മുഴച്ചു. ആ കാഴ്ച സഹിക്കാനാകാതെ പലരും അയ്യോ എന്ന് വിളിച്ച് പുറത്തേക്ക് ഓടി. ദുര്‍ബ്ബലര്‍ തലചുറ്റിവീണു. ധീരന്മാരായ ചില ചെറുപ്പക്കാര്‍ കുമാരനെ കീഴടക്കാന്‍ സാവധാനം മുന്നോട്ട് നീങ്ങി.

ഗാര്‍ഡ്സ്, ഗാര്‍ഡ്സ്.. നിങ്ങളെ ആരാണ് ഇങ്ങോട്ട് കടത്തിവിട്ടത്. ഇത് ജയിലാണ്, അബുഗരീബ് .. ആരും അടുത്തേക്ക് വരരുത്.. ആരും അടുത്തേക്ക് വരരുത്.. ഗാര്‍ഡ്സ്.. കുമാരന്‍ ഉറക്കെ പറഞ്ഞു കൊണ്ടിരുന്നു.”

ഇതൊന്നും പോരാ.. എച്ച്ബിഒ യിലെ ഇംഗ്ലീഷ് സിനിമ കാണുന്നവരുടടുത്താ നിന്റെ ഉടുക്ക് കൊട്ട്.
ചെറിയാന്റെ അഭിപ്രായത്തിന് ലേശം പോലും ഉറക്കത്തിന്റെ ചെടിപ്പില്ല.

അന്തി മയങ്ങിത്തുടങ്ങുമ്പോള്‍ മൂവരും ഒരു വിജനമായ ചത്വരത്തിലേക്ക് നോക്കി ഈന്തപ്പനകള്‍ക്കിടയിലുള്ള ബഞ്ചില്‍ ഇരിക്കുകയായിരുന്നു.
താഴെ നിന്ന് ചെറു കല്ലുകള്‍ പെറുക്കി ചെറിയാന്‍ ദൂരെയുള്ള ചില അടയാളങ്ങള്‍ക്ക് ഉന്നം വച്ചു.

നിനക്ക് എന്തെങ്കിലും മണംകിട്ടുന്നുണ്ടോ? ബഷീര്‍ ചോദിച്ചു..

ഗോപു ശ്വാസം ആഞ്ഞു വലിച്ചു.
ഉവ്വ‍‍‍‍്, എന്തോ ഒരു മസാലക്കൂട്ടിന്റെ മണം അല്ലേ?

ഉം.. ഒരു പ്രത്യേക തരം മസാലയുടെ മണം..
ബഷീര്‍ തുടര്‍ന്നു.
ഒരു പാവം കളിസ്ഥലത്തിന്റെ ഭാവമണിഞ്ഞ് ഇവള്‍ നമ്മളെ പറ്റിക്കാന്‍ നോക്കുന്ന കണ്ടോ? ഇതാണ് പ്രശസ്തമായ ദീരാ സ്ക്വയര്‍. ചിലരിതിനെ ചോപ് ചോപ് സ്ക്വയര്‍ എന്നും പറയും. ഈ വെളിമ്പ്രദേശത്ത് കുട്ടികള്‍ തട്ടിക്കളിക്കുന്ന തോല്പന്തുകളല്ല ഉരുളുക, തലപ്പന്തുകളാണ്. ശരിയ നിയമപ്രകാരം ശിക്ഷ വിധിക്കപ്പെട്ട കുറ്റവാളികളുടെ തലകള്‍.
ശിക്ഷ നടക്കുന്ന ദിവസം കാഴ്ച കാണാന്‍ ഇവിടെ ആള്‍ക്കൂട്ടമുണ്ടാകും. വിദേശികളാണെന്നറിഞ്ഞാല്‍ നമ്മെ ഉന്തിത്തള്ളി ഏറ്റവും മുന്നില്‍ കൊണ്ട് നിര്‍ത്തും. നീതിയുടെ കരങ്ങള്‍ എങ്ങനെയാണ് നിയമം നടപ്പാക്കുന്നതെന്ന് കാണിക്കണ്ടേ. ഇടയ്ക്കിറങ്ങിപ്പോകാന്‍ കഴിയില്ല. പുരോഹിതന്റെ ശിക്ഷാ പ്രസ്താവം കഴിഞ്ഞ് മതപ്പോലീസ് നീട്ടുന്ന പെരുംഖ‍ഡ്ഗം ഉയര്‍ന്ന് താഴും വരെ..
ഒരു ജീവിതം പന്ത് പോലുരുണ്ട് ഈ ചത്വരത്തിലെവിടെയെങ്കിലും നിശ്ചലത പ്രാപിക്കുന്നത് വരെ..

ഒന്നു കൂടി ശ്വാസമെടുത്തപ്പോള്‍ വായുവില്‍ ചോരയുടെ ഈറന്‍ മണം ഗോപുവിന് തിരിച്ചറിയാന്‍ കഴിഞ്ഞു. കാറ്റ് തട്ടുന്നിടത്തെല്ലാം ചോര പുരളുന്നുണ്ടോ?

ഗോപൂ, നീ ഇവിടെ തങ്ങിനില്‍ക്കുന്ന ഭീകരത മനസ്സില്‍ ആവാഹിക്കണം. ഇരയായി ഒരു പന്ത് പോലുരുളണം. കഴിയുമെങ്കില്‍ ചോര ഇറ്റിറ്റു വീഴുന്ന മഴുവിനൊപ്പം ഉയര്‍ന്ന് താഴണം.
കഴുകനെ പോലേ ഈ മൈതാനത്ത് പാറി നടന്ന് ചോരപുരണ്ട കല്ലുകളോട് എന്തെങ്കിലും കഥകള്‍ പറയാനുണ്ടോ എന്നന്വേഷിക്കണം…

തിരികെ നടക്കുമ്പോള്‍ ചെറിയാന്‍ ചോദിച്ചു.
ഗോപൂ, ഇനി എഴുതാന്‍ പറ്റുമോ?
പറ്റും..
എന്തുപോലെ?
വായനക്കാരന്റെ ഹൃദയം നീറ്റുന്നപോലെ..
പോരാ..
വെട്ടിമുറിക്കുന്ന പോലെ..
പോരാ..
അവന്റെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ച് ചോര ചീറ്റിച്ച്..

അവര്‍ ഉച്ചത്തില്‍ ചിരിച്ചു.. അപരിചിതമായ ശബ്ദം കേട്ട് പേടിച്ച് കുറെ അരിപ്രാവുകള്‍ ആകാശത്തേക്ക് പറന്നുയര്‍ന്ന് രക്തമയനായ സൂര്യനെ മറയ്ക്കാന്‍ ശ്രമിച്ചു.

Facebooktwitterredditpinterestlinkedinmailby feather

1 Comment on “രക്തത്തിന് ദുര്‍ഗന്ധം