ഒരു പ്രവര്‍ത്തി ദിവസം

തിരക്ക് പിടിച്ച പ്രഭാതത്തിലെ ജോലികള്‍ക്ക് ശേഷം ക്ഷീണിതനായി പതിവുള്ള ഉച്ചമയക്കത്തിലായിരുന്നു. കസേരയിലിരുന്ന് മേശയിലൂന്നിയ കയ്യില്‍ താടി ഉറപ്പിച്ചാല്‍ മേശപ്പുറത്തെ ഫയല്‍ വായിക്കുകയാണെന്നേ ആളുകള്‍ കരുതൂ. ഓര്‍മ്മകളോടടുത്തും ചിലപ്പോള്‍ ഉയര്‍ന്ന് പൊങ്ങിയും മനസ്സ് അപ്പൂപ്പന്‍ താടിപോലെ നീങ്ങവേയാണ് തൊട്ടടുത്ത് നിന്ന് കനത്ത ശകാരം കേട്ടത്. ഞെട്ടി ഉണര്‍ന്ന് പകപ്പോടെ ചുറ്റും നോക്കി, സഹപ്രവര്‍ത്തകനായ മുരടന്‍ ആന്റണി ഫോണിലൂടെ കയര്‍ക്കുന്നതാണ്. വഴക്കില്‍ കക്ഷിയല്ലെന്നറിഞ്ഞപ്പോള്‍ ആശ്വാസമായി, ശിരസ്സ് താഴ്ത്തി വീണ്ടുമുറങ്ങാന്‍ ശ്രമിച്ചു.

“നിന്നെ വലിച്ചുകീറി രണ്ടാക്കുന്നുണ്ട് …….” വാചകത്തിന്റെ അവസാനം സുരേഷ് ഗോപി പോലും പറയാനറയ്ക്കുന്ന അസഭ്യം. ആന്റണി എന്നെ ഉറക്കില്ല എന്ന വാശിയിലാണ്.

മയക്കം വിട്ട നീരസത്തില്‍ ചുറ്റും കണ്ണോടിച്ചു. ആന്റണിയുടെ പ്രയോഗം ഓഫീസില്‍ ബോംബായി വീണിരിക്കുന്നു. സ്ത്രീജനങ്ങള്‍ മുഖം ചുവന്ന് തലകുനിച്ചിരിക്കുന്നു. പുരുഷപ്രജകള്‍ അങ്ങോട്ടുമിങ്ങോട്ടും കുശുകുശുക്കുന്നു. ചില സിംഹങ്ങള്‍ രോഷം കൊണ്ട് ആന്റണിയെ ദഹിപ്പിക്കും മട്ടില്‍ നോക്കുന്നു, ഒരു സുന്ദരകുട്ടപ്പന്‍ അര്‍ത്ഥം പറഞ്ഞ് തരട്ടേ എന്ന മട്ടില്‍ സുന്ദരിയായ ടൈപ്പിസ്റ്റിനെ കണ്ണെറിയുന്നു. പറഞ്ഞതല്‍പ്പം കടന്ന് പോയെന്ന് മനസ്സിലാക്കി ആന്റണി ഫോണ്‍ കട്ട് ചെയ്തു. തൊണ്ടയിരുമ്മി ശബ്ദമുണ്ടാക്കി, പിന്നെ പോര് കോഴിയെ പോലെ കഴുത്ത് നീട്ടി ചുറ്റും ചുടുനോട്ടമെയ്തു, അങ്കത്തിന് ക്ഷണമയച്ചു. കേസരികള്‍ ആന്റണിയെ നേരിടാവാനാകാതെ ഇടതും വലതും നോക്കി തങ്ങളിലേക്ക് വലിഞ്ഞു. ഓഫീസ് പതിയെ നിശബ്ദമായി. ഇയാള്‍ കാണും മുന്നെ ഒളിക്കാന്‍ എന്താ വഴി എന്നാലോചിക്കുന്ന എന്നോട് ചിരിച്ചുകൊണ്ട് “പെമ്പറന്നോരാ” എന്ന് ആന്റണി പറഞ്ഞു. പിന്നെ മേശവലിപ്പ് തുറന്ന് കടലാസുകളെടുത്ത് അതിലേക്ക് മുഖം താഴ്ത്തി.

“മിസ്റ്റര്‍ ആന്റണി ഞാനിത് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യും.” സൂപ്രണ്ട് സ്വാമിനാഥന്‍ ധൈര്യം സംഭരിച്ച മട്ടുണ്ട്. ആന്‍റണിക്കുണ്ടോ കൂസല്‍. സൂപ്രണ്ട് ആന്റണിക്കെതിരെ പരാതി പറയില്ല എന്ന് എല്ലാവര്‍ക്കും അറിയാം. കടപ്പുറത്തെ ആന്റണിയെ സ്വാമിക്ക് പേടിയും ദ്വേഷ്യവുമാണ്. ഒരിക്കല്‍ ഏതോ കാര്യത്തിന് സ്വാമിയുമായി തെറ്റിയപ്പോള്‍ ആന്റണി സ്വാമിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭേഷായി പറഞ്ഞെന്നും ദേഹോപദ്രവം ചെയ്തെന്നും ഒരു കരക്കമ്പിയുണ്ട്. ആന്റണിയുടെ കുറിപ്പുകളിലെ തെറ്റുകള്‍ എന്നെ കാട്ടി സംവരണത്തിലെ വരുംവരായ്കകള്‍ എന്ന വിഷയത്തില്‍ സ്വാമി രഹസ്യമായി ക്ലാസ്സെടുക്കാറുണ്ട്.

സ്വാമി അധസ്ഥിതനല്ലെങ്കിലും കള്ളും പോത്തിറച്ചിയും കഴിക്കും. പ്രവര്‍ത്തി സമയം കഴിഞ്ഞാല്‍ ഇതിന് മാത്രമായി ഓഫീസില്‍ കൂടുന്ന സെറ്റിന്റെ നേതാവ് സ്വാമിയാണ്. ബഹുകില്ലാടിയായിരുന്നു സ്വാമി. ശൃംഖലാ കച്ചവടം പൊടിപൊടിച്ചിരുന്ന കാലത്ത് ഓഫീസിലുള്ളവരെ ചേര്‍ത്ത് കുറെ കാശുണ്ടാക്കി. തന്നെ പിന്തുടര്‍ന്ന് നഷ്ടം വന്നവരെ കുടുംബക്കാരെയും സുഹൃത്തുക്കളെയും കണ്ണികളാക്കാത്തതിന് സ്വാമി പഴി പറഞ്ഞു. എന്നിട്ടും പരാജയപ്പെട്ടവരെ ഗ്രഹനില കണക്കാക്കി സമാശ്വസിപ്പിച്ചു. അടുത്ത ശൃംഖലയില്‍ തന്റെ തൊട്ട് താഴെ ചേര്‍ക്കാമെന്ന് വാക്കും കൊടുത്തു.

സ്വാമിയുടെ നക്ഷത്രത്തിന്റെ പ്രഭ കുറഞ്ഞത് പെട്ടെന്നായിരുന്നു. നഗരത്തിന്റെ കണ്ണായ ഭാഗത്ത് കുറഞ്ഞവിലയ്ക്ക് സ്വാമി സ്ഥലം വാങ്ങിയപ്പോള്‍ എല്ലാവരും അമ്പരന്നു. സ്ഥലം പലതായിതിരിച്ച് കച്ചവടം ചെയ്യുന്നെന്നറിഞ്ഞ് ഞാനും സ്വാമിയുടെ പുറകെ ഒരു തുണ്ടിനായ് കൂടി. വിദേശത്തായിരുന്ന യഥാര്‍ത്ഥ ഉടമസ്ഥന്‍ പോലീസ് സഹായത്തോടെ മതില്‍ കെട്ടിത്തിരിച്ചപ്പോഴാണ് സ്വാമിയെ കബളിപ്പിക്കാന്‍ തക്ക ആളുകളും പത്മനാഭന്റെ നാട്ടിലുണ്ടെന്ന് മനസ്സിലായത്. ഭാഗ്യം കൊണ്ട് മാത്രമാണ് ഞാന്‍ സ്വാമിക്ക് അഡ്വാന്‍സ് കൊടുക്കാതെ രക്ഷപ്പെട്ടത്.

അതൊരു തുടക്കം മാത്രമായിരുന്നു. അനധികൃത ഖനികളില്‍ നിന്നും കുട്ടക്കണക്കിന് രത്നക്കല്ല് കുഴിച്ചെടുക്കാമെന്ന് പറഞ്ഞ് കാശ് വാങ്ങി പോയവര്‍ മുങ്ങിയത് എവിടം കുഴിച്ചാണെന്ന് സ്വാമിക്കിപ്പോഴും അറിയില്ല. ഈ നഷ്ടങ്ങളില്‍ നിന്ന് ഇതുവരെ കരകയറാന്‍ കഴിഞ്ഞിട്ടില്ല. പൊട്ടി പാളീസായെന്ന വിവരം പരസ്യമായതിനാല്‍ സ്ഥിരം കൃഷിയിടമായ ഓഫീസില്‍ ആരും അടുപ്പിക്കുന്നില്ല. റിക്കവറികള്‍ കാരണം ശമ്പളമില്ല. അംഗനവാടി ടീച്ചറായ ഭാര്യയാണ് കുടുംബം നടത്തുന്നത്. സൌദിയില്‍ ഈന്തപ്പനക്ക് പുതയലിടാന്‍ കരിയില കയറ്റി അയച്ച് ലാഭം കൊയ്യാനുള്ള കച്ചവടത്തില്‍ ആയിരങ്ങളുടെ ഗുണിതങ്ങളായി പണം മുടക്കാന്‍ പങ്കാളികളെ തേടുകയാണ് സ്വാമി ഇപ്പോള്‍. കഷ്ടപ്പാട് കരഞ്ഞ് പറഞ്ഞാണ് ഞാനൊഴിഞ്ഞത്.

ആന്റണിയും സൂപ്രണ്ടും ഇപ്പോഴും നിര്‍ത്തിയിട്ടില്ല. അവര്‍ കണ്ണുകൊണ്ട് തൊടുക്കുന്ന കൂരമ്പുകള്‍ ദേഹത്ത് കൊള്ളാതെ ഞാന്‍ ഒതുങ്ങിയിരുന്നു. ശമ്പളവിതരണം തുടങ്ങിയപ്പോള്‍ കൌണ്ടറില്‍ ഓടി ചെന്ന് കാശ് വാങ്ങി. അഡ്വാന്‍സും, നികുതിയും മറ്റ് പിടിത്തങ്ങളും കഴിഞ്ഞ് വരവ് അധികമില്ല. സ്ലിപ്പ് കീറി കളഞ്ഞു. കാശിനുള്ള മുട്ട് വീട്ടുകാരി അറിയണ്ട.

മധുവിധു കാലത്ത് ഞങ്ങള്‍ കണക്കെഴുതി ചെലവ് നടത്തി, ഭാവിയെപ്പറ്റി സ്വപ്നം കണ്ടു. സ്വപ്നങ്ങള്‍ അകന്ന് പോയപ്പോള്‍ ഞാന്‍ അടവുനയം സ്വീകരിച്ചു “ചെലവിന് തരേണ്ടത് ഞാനല്ലേ. ശാന്ത സമാധാനമായിരിക്കൂ ”

ശമ്പളദിവസം നേരത്തെ വീട്ടിലേക്ക് ഇറങ്ങും. ബസ്റ്റോപ്പിലേക്കുള്ള വഴിയില്‍ ചന്ദ്രനെ കണ്ട് പറ്റ് തീര്‍ത്ത് രാത്രിയിലേക്കുള്ള പതിവ് വാങ്ങി. ചന്ദ്രന്‍ എക്സ് മിലിട്ടറിയാണ്. ബിവറേജസ് വരളുന്ന ദിനങ്ങളില്‍ ചന്ദ്രനാണ് ശരണം. ഞാന്‍ മുഴുകുടിയനൊന്നുമല്ല, വായുക്ഷോഭം ഒതുക്കാന്‍ രാത്രിഭക്ഷണത്തിന് മുമ്പ് ഒരു ഗ്ലാസ്സ്. പകലരുത്, പലതരുത്, പലരോടരുത് , പാടരുത് എന്ന പ്രമാണം പാലിച്ചാല്‍ കുഴപ്പമില്ല.

ഫോണ്‍ കിളിശബ്ദത്തില്‍ ചിലച്ചു. നാശം! ബാങ്കില്‍ നിന്ന് രാജേഷാണ്. അക്കൌണ്ടില്‍ പണമില്ലാത്തതിനാല്‍ ചെക്ക് മടങ്ങിയതിനാണ്. ഇന്നലെ വീട്ടിലേക്ക് വിളിച്ചപ്പോള്‍ ഔദ്യോഗിക യാത്രയിലാണെന്ന് ശാന്തക്കൊണ്ട് പറയിച്ചു. രാജേഷിന്റെ ബാങ്കില്‍ ഇത് മൂന്നാമത്തെ മുടക്കം മാത്രമാണ്. മറ്റ് ലോണുകള്‍ ഇതിലും കുടിശ്ശികയാണ്. സഹകരണ ബാങ്കിലെ കടം, റിക്കവറിയാകുമെന്നായപ്പോള്‍ ശാന്തയുടെ സ്വര്‍ണ്ണം വിറ്റാണ് തീര്‍ത്തത്.

വഴിക്ക് പോറ്റി ഹോട്ടലില്‍ നിന്ന് പൊതി വാങ്ങണം. ശാന്തയ്ക്ക് കിട്ടിയതില്‍ മിച്ചമുള്ള ഭൂമി കൂടി വിറ്റാലേ സ്വസ്ഥമായി ജീവിക്കാന്‍ കഴിയൂ…!

Facebooktwitterredditpinterestlinkedinmailby feather

1 Comment on “ഒരു പ്രവര്‍ത്തി ദിവസം