മാമ്മോദീസ (തര്‍ജ്ജമ)

Translation of the Story “Baptism” from the book “The Little World of Don Camillo”
(Author: Giovanni Guareschi – ജിയോവന്നി ഗരേഷി)
(English Translation – Una Vincenzo Troubridge – യുനാ വിന്‍സെന്‍സോ ട്രൂബ്രിഡ്ജ്)

അപ്രതീക്ഷിതമായാണ് മൂന്ന് പേര്‍ – ഒരു പുരുഷനും രണ്ട് സ്ത്രീകളും പള്ളിയിലേക്ക് കയറിവന്നത്. സ്ത്രീകളിലൊന്ന് പെപ്പോണിയുടെ ഭാര്യയായിരുന്നു.
ഡോണ്‍ കാമിലോ അന്നേരം ഔസേപ്പ് പുണ്യവാളന്റെ തലയ്ക്ക് പിറകിലുള്ള പ്രഭാ വലയം പോളിഷ് തേച്ച് മിനുക്കുകയായിരുന്നു.
എന്താണ് കാര്യം? ഏണിപ്പടിയില്‍ നിന്നും താഴേയ്ക്കിറങ്ങാതെ തന്നെ കാമിലോ ചോദിച്ചു.
ഒരു മാമ്മോദീസ മുക്കാനുണ്ട്. പുരുഷന്‍ പറഞ്ഞു. ഒരു സ്ത്രീ കയ്യില്‍ കുഞ്ഞിനെ ഭദ്രമായി പൊതിഞ്ഞ് എടുത്തിട്ടുണ്ട്.
ആരുടെ? ‍‍‍പടിക്കെട്ടുകള്‍ ഇറങ്ങുന്നതിനിടയില്‍ ഡോണ്‍ കാമിലോ ചോദിച്ചു.
എന്റെ, പെപ്പോണിയുടെ ഭാര്യ പറഞ്ഞു.
നിങ്ങളുടെ ഭര്‍ത്താവിന്റേതും, അല്ലേ? ‍ഡോണ്‍ കാമിലോയ്ക്ക് വിടാന്‍ ഭാവമില്ലായിരുന്നു.
അല്ലാതെ എങ്ങനെയെന്നാണ് നിങ്ങള്‍ കരുതുന്നത്? പെപ്പോണിയുടെ ഭാര്യയ്ക്ക് വല്ലാതെ ദ്വേഷ്യം വന്നു.
ദ്വേഷ്യപ്പെടേണ്ട കാര്യമില്ല. നിങ്ങളുടെ പാര്‍ട്ടി കെട്ടുപാടുകളില്ലാത്ത സ്വതന്ത്രമായ സ്നേഹത്തെയാണ് പ്രോത്സാഹിപ്പിയ്ക്കുന്നതെന്ന് ഇയാള്‍ പറഞ്ഞിട്ടില്ലേ?
കാമിലോ പെപ്പോണിയുടെ നേര്‍ക്ക് കൈചൂണ്ടി.
മേടയിലേക്ക് കടക്കുന്നതിന് മുമ്പ്‍ തിരു രൂപത്തിന് മുന്നില്‍ മുട്ടുമടക്കി, കാമിലോ കര്‍ത്താവിനെ, മറ്റുള്ളവര്‍ കാണാതെ കണ്ണിറുക്കി കാട്ടി.
കേട്ടില്ലേ? അയാള്‍ കുസ‍ൃതിചിരിയോടെ പറഞ്ഞു. ദൈവ നിഷേധിയായ അവന്റെ കണ്ണില്‍ തന്നെ ഒരു കുത്തു കൊടുത്തു.
വിഡ്ഢിത്തരം പറയാതെ കാമിലോ. കര്‍ത്താവ് അല്പം മുഷിപ്പോടെയാണ് സംസാരിച്ചത്. ദൈവമില്ലെന്നാണ് കരുതുന്നതെങ്കില്‍ അവര്‍ കുഞ്ഞിനെ മാമ്മോദീസ മുക്കാന്‍ വരുമോ? നീ ഈപറഞ്ഞതിന്, പെപ്പോണിയുടെ ഭാര്യ നിന്റെ ചെകിടടിച്ച് പൊളിച്ചാല്‍ പോലും ഞാന്‍ നന്നായെന്നേ പറയൂ.‍
പിന്നേ, പെപ്പോണിയുടെ ഭാര്യ എന്നെ എന്തെങ്കിലും ചെയ്താല്‍ ഞാനാ മൂന്നു പേരെയും കഴുത്തിന് പൊക്കിയെടുത്ത്..
പൊക്കിയെടുത്ത്?.. കര്‍ത്താവിന്റെ സ്വരം രൂക്ഷമായി
ഒന്നുമില്ല, ഞാന്‍ വെറുതെ.. ഡോണ്‍ കാമിലോ തിടുക്കപ്പെട്ടെണീറ്റു.
ഡോണ്‍ കാമിലോ, നിന്റെ ചുവടുകള്‍ സൂക്ഷിച്ചോളൂ. കര്‍ത്താവ് മുന്നറിയിപ്പ് നല്‍കി.
അംഗവസ്ത്രമെല്ലാമണിഞ്ഞ് ഡോണ്‍ കാമിലോ മാമ്മോദീസാ പാത്രത്തിനടുത്തെത്തി.
കുഞ്ഞിന് എന്ത് പേരിടാനാണ് ഉദ്ദേശ്ശിക്കുന്നത്. അയാള്‍ പെപ്പോണിയുടെ ഭാര്യയോട് ചോദിച്ചു.
ലെനിന്‍ ലിബറോ അന്റോണിയോ, അവള്‍ മറുപടി നല്‍കി.
അങ്ങനെയെങ്കില്‍ അവനെ റഷ്യയില്‍ കൊണ്ടുപോയി മാമ്മോദീസ ചെയ്യിച്ചോളൂ.. മാമ്മോദീസാ പാത്രം തിരികെ മൂടിക്കൊണ്ട് കാമിലോ ശാന്തമായി പറഞ്ഞു.
പാതിരിയുടെ തടിച്ച കൈകളും മൺകോരി പോലുള്ള കൈപ്പത്തിയും കണ്ട് മൂന്ന് പേരും ഒന്നും മിണ്ടാതെ പള്ളി വിട്ടുപോയി.
മേടയിലേക്ക് മടങ്ങാന്‍ തുടങ്ങിയ കാമിലോയെ‍ കര്‍ത്താവ് തടഞ്ഞ് നിര്‍ത്തി.
ഡോണ്‍ കാമിലോ നിങ്ങള്‍ ഇപ്പോള്‍ കാണിച്ചത് വൃത്തികേടാണ് . പോകൂ, അവരെ തിരികെ വിളിച്ച് കുഞ്ഞിന് മാമ്മോദീസ നല്‍കൂ.
ഡോണ്‍ കാമിലോ എതിര്‍ത്തു. കര്‍ത്താവേ.., മാമ്മോദീസ എന്നത് വെറുമൊരു ചടങ്ങല്ല, മറിച്ച് പാവനമായ കര്‍മ്മമാണെന്ന് അങ്ങ് മറക്കുന്നു. മാമ്മോദീസ എന്നത്..
ഡോണ്‍ കാമിലോ.. കര്‍ത്താവ് അയാളെ മുഴുമിപ്പിക്കാന്‍ സമ്മതിച്ചില്ല.
നീയെന്നെ മാമ്മോദീസ എന്താണെന്ന് പഠിപ്പിക്കുകയാണോ? ഞാനല്ലേ അത് സ്ഥാപിച്ചത്.
നിന്റെ തെറ്റായ പ്രവര്‍ത്തി മൂലം നീ ഗുരുതരമായ പാപമാണ് ചെയ്തിരിക്കുന്നത്. ഒരു പക്ഷേ ആ മാമ്മോദീസ കിട്ടാത്ത കുഞ്ഞ് ഇന്ന് തന്നെ മരിച്ച് നരകത്തില്‍ പോകുകയാണെങ്കില്‍ അതിന്റെ പൂര്‍ണ്ണമായ ഉത്തരവാദിത്തം നിനക്കായിരിക്കും, ഓര്‍ത്തോളൂ.
കര്‍ത്താവേ, അതല്പം കടന്ന പറച്ചിലായി പോയി. ചുവന്ന് തുടുത്ത് റോസാപ്പൂ പോലെയുള്ള ആ കൊച്ച് മരിക്കുകയോ.
മുട്ടോപ്പോക്കൊന്നും പറയണ്ട. കര്‍ത്താവ് ശകാരത്തിന്റെ സ്വരത്തില്‍ തുടര്‍ന്നു.
മരണം എപ്പോള്‍ വേണമെങ്കിലും വരാം. തലയിലൊരു ഓട് പൊട്ടി വീണാലോ? പെട്ടെന്ന് അപസ്മാരം ബാധിച്ചാലോ?
കുഞ്ഞിന് മാമ്മോദീസ നല്കുകയെന്നത് നിന്റെ ഉത്തരവാദിത്തമായിരുന്നു.
ഡോണ്‍ കാമിലോ പ്രതിഷേധത്തില്‍ കയ്യുയര്‍ത്തി.
കര്‍ത്താവേ, മാമ്മോദീസ കിട്ടി കുഞ്ഞ് നരകത്തിലാണ് പോകുന്നതെങ്കില്‍ ഞാന്‍ അങ്ങ് പറയുന്നതനുസരിച്ചേനേ.
പക്ഷേ ആ നാശം പിടിച്ചവന്റെ സന്താനമാണെങ്കില്‍ പോലും ഈ ചടങ്ങോടെ കുട്ടി സൂത്രത്തില്‍ പറുദീസയിലേക്ക് കയറും. ലെനിന്‍ എന്ന പേരുള്ള ഒരാളെ അങ്ങോട്ട് കടത്തിവിടുന്നതിന് ശുപാര്‍ശ ചെയ്യാന്‍ അങ്ങേയ്ക്കെങ്ങനെ തോന്നി. ഒന്നുമില്ലെങ്കിലും പറുദീസയുടെ സല്‍പ്പേരെങ്കിലും നോക്കണ്ടേ?
കര്‍ത്താവിന് ശരിക്കും ദ്വേഷ്യം വന്നു.
പറുദീസയുടെയും സല്‍പ്പേരിന്റെയും കാര്യം ഞാന്‍ നോക്കിക്കൊള്ളാം. സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുന്നവര്‍ നല്ലവരാണോ അല്ലയോ എന്നത് മാത്രമാണ് പ്രധാനം.
അല്ലാതെ അവന്റെ പേര് ലെനിന്‍ ആണോ ബട്ടണ്‍ ആണോ എന്നതൊന്നും എനിക്ക് ഒരു വിഷയമേയല്ല.
ഇങ്ങനെ വിചിത്രമായ പേരുകളിടുമ്പോള്‍‍ കുട്ടികള്‍ക്ക് ഭാവിയിലുണ്ടാകാവുന്ന ബുദ്ധിമുട്ടുകളാണ് നീ അവര്‍ക്ക് പറഞ്ഞ് കൊടുക്കേണ്ടിയിരുന്നത്.
ശരി കര്‍ത്താവേ. എപ്പഴത്തേയും പോലെ എനിക്ക് തന്നെയാണ് തെറ്റ് പറ്റിയത്. ഞാന്‍ തന്നെ അതിന് പരിഹാരം കാണാം.
അപ്പോഴേക്കും പള്ളിയിലേക്ക് ആരോ ഇരച്ച് കയറി.
പെപ്പോണി, അയാളുടെ കയ്യില്‍ കുഞ്ഞുമുണ്ട്. പള്ളിയുടെ വാതിലടച്ച് കുറ്റിയിട്ട ശേഷം അയാള്‍ പറഞ്ഞു. ഞാനിന്ന് ഇവിടെ നിന്നും പോകില്ല. എന്റെ മകന് ഞാനുദ്ദേശ്ശിച്ച പേരില്‍ മാമ്മോദീസ കിട്ടാതെ ഞാനിവിടെ നിന്നും പോകില്ല.
ഡോണ്‍ കാമിലോയുടെ ചുണ്ടിന്റെ കോണില്‍ ഒരു ചിരി വിരിഞ്ഞു.
കണ്ടല്ലോ.. അയാള്‍ കര്‍ത്താവിനോട് രഹസ്യമായി പറഞ്ഞു.
ഇവര്‍ ‍ എത്തരക്കാരാണെന്ന് മനസ്സിലാക്കൂ. പരിശുദ്ധമായ ഉദ്ദേശ്ശങ്ങളോടെ പ്രവര്‍ത്തിക്കുന്നവരോട് പോലും ഇവര്‍ ഇങ്ങനെയാണ് പെരുമാറുക.
അവന്റെ സ്ഥാനത്ത് നീ ആണെങ്കില്‍, എന്ന് ആലോചിച്ച് നോക്കൂ. അവന്റെ പെരുമാറ്റം അംഗീകരിക്കാന്‍ കഴിയില്ലായിരിക്കാം, പക്ഷേ കാരണം മനസ്സിലാക്കാന്‍ നിനക്ക് സാധിക്കും.
ഡോണ്‍ കാമിലോ തലകുലുക്കി.
ഞാന്‍ പറഞ്ഞ് കഴിഞ്ഞു. എന്റെ മകന് മാമ്മോദീസ കിട്ടുന്നത് വരെ ഞാനിവിടം വിട്ട് പോകില്ല. പെപ്പോണി ആവര്‍ത്തിച്ചു.
അയാള്‍ കുഞ്ഞിനെ അടുത്തുള്ള ബെഞ്ചില്‍ കിടത്തി. കോട്ടൂരി മാറ്റി, ഷര്‍ട്ടിന്റെ കൈകള്‍ തെറുത്തുകയറ്റി, ഭീഷണമായി മുന്നോട്ടടുത്തു.
ദൈവമേ, ‍‍ഡോണ്‍ കാമിലോ വിലപിച്ചു.
സാധാരണക്കാരന്റെ ഭീഷണികള്‍ക്ക് അങ്ങയുടെ പുരോഹിതന്‍ വഴങ്ങണമെന്നാണ് അവിടുത്തെ ഇച്ഛയെങ്കില്‍ ഞാന്‍ എതിരു നില്‍ക്കില്ല. പക്ഷേ ‍ നാളെ അവര്‍ ഒരു പശുക്കിടാവിനെ കൊണ്ടുവന്ന് എന്നെ നിര്‍ബന്ധിച്ച് മാമ്മോദീസ കൊടുപ്പിക്കുമ്പോള്‍ അങ്ങ് പരാതിപ്പെടരുത്. അനാവശ്യമായ കീഴ് വഴക്കങ്ങള്‍ എത്ര ആപല്‍ക്കരമാണെന്ന കാര്യം അങ്ങേയ്ക്കറിയാവുന്നതാണല്ലോ.
ശരി, കര്‍ത്താവ് അരുളിചെയ്തു.
പക്ഷേ നീയവനെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കണം.
അവനെന്നെ തല്ലുകയാണെങ്കിലോ?
അത് നീ സ്വീകരിക്കണം. എന്നെപ്പോലെ തന്നെ നീയും പീ‍ഡാസഹനങ്ങളിലൂടെ കടന്ന് പോകണം.
ഡോണ്‍ കാമിലോ സന്ദര്‍ശകന് നേരെ തിരിഞ്ഞു.
ശരി പെപ്പോണി, കുട്ടിയ്ക്ക് മാമ്മോദീസ നല്‍കാം. പക്ഷേ ഒരിക്കലും ആ ശപിക്കപ്പെട്ട പേരിലല്ല.
ഡോണ്‍ കാമിലോ, പെപ്പോണി പറഞ്ഞു.
മലനിരകളില്‍ പോരടിക്കുമ്പോള്‍ വയറില്‍ വെടിയേറ്റുണ്ടായ പരിക്ക് പൂര്‍ണ്ണമായും ഭേദമായിട്ടില്ല. നീ എന്റെ ഇടുപ്പിനെ ലക്ഷ്യം വയ്ക്കുകയാണെങ്കില്‍ ഞാനീ ബഞ്ചെടുത്ത് അടിച്ച് നിന്നെ തകര്‍ത്ത് കളയും.
വിഷമിക്കേണ്ട പെപ്പോണി, എനിക്ക് മുകള്‍ നിലകള്‍ മതിയാകും. പെപ്പോണിയുടെ ചെവിക്ക് മുകളിലായി കൈ ആഞ്ഞ് പതി‍പ്പിച്ച് കാമിലോ സമാധാനിപ്പിച്ചു.
രണ്ട് ഭീമാകാരന്മാര്‍, ഉരുക്ക് പേശികളുടെ ഉടമസ്ഥര്‍, നിശബ്ദം പോരടിച്ചു‍. മുഷ്ടികള്‍ അന്തരീക്ഷത്തിലൂടെ മൂളിപ്പറന്നു. പോരാട്ടം ഏകദേശം ഇരുപത് മിനിട്ട് പിന്നിട്ടപ്പോള്‍ ഡോണ്‍ കാമിലോയുടെ പിറകില്‍ നിന്ന് ആരോ പറയുന്ന പോലെ.
കാമിലോ.. അവിടെ, ആ താടിയെല്ല് നോക്കി.
അള്‍ത്താരയ്ക്ക് മുകളില്‍ നിന്ന് കര്‍ത്താവ് സഹായിക്കുന്നതാണ്.
ഡോണ്‍ കാമിലോ അവിടേക്ക് തന്നെ ആഞ്ഞിടിച്ചു. പെപ്പോണി കടപുഴകി വീണു. പത്ത് മിനിട്ടോളം അയാള്‍ അവിടെതന്നെ കിടന്നു. പിന്നെ എണീറ്റ് താടി തടവി, ശരീരം ആകെ ഒന്ന് കുടഞ്ഞ്, കോട്ടിട്ട്, ചുവന്ന കര്‍ച്ചീഫ് കഴുത്തില്‍ കെട്ടി, കുഞ്ഞിനെയെടുത്തു.
അംഗ വസ്ത്രങ്ങളെല്ലാമണിഞ്ഞ് മാമ്മോദീസാ പാത്രത്തിനരികില്‍ ‍ഒരു പാറപോലെ ഡോണ്‍ കാമിലോ അയാളെ കാത്ത് നില്പുണ്ടായിരുന്നു.
പെപ്പോണി കാമിലോയുടെ അരികിലേക്ക് സാവധാനം അടുത്തു.
കുട്ടിയ്ക്കെന്ത് പേരാണ് ഇടേണ്ടത്? ഡോണ്‍ കാമിലോ ചോദിച്ചു.
കാമിലോ ലിബറോ അന്റോണിയോ, പെപ്പോണിയുടെ തളര്‍ന്ന സ്വരം.
ഡോണ്‍ കാമിലോ തലകുലുക്കി. അല്ലല്ല, നമ്മളിവന് ലിബറോ കാമിലോ ലെനിന്‍ എന്ന് പേരിടും. അതെ, ഒരു കാമിലോ അടുത്തുണ്ടെങ്കില്‍ ഇത്തരക്കാരുടെ അടവൊന്നും ചെലവാകുകയില്ല.
ആമേന്‍, പെപ്പോണി താടി തടവി.
എല്ലാം കഴിഞ്ഞ് കാമിലോ അള്‍ത്താരയുടെ മുന്നിലൂടെ പോകുമ്പോള്‍ കര്‍ത്താവ് ചിരിച്ച് കൊണ്ട് പറഞ്ഞു.
ഡോണ്‍ കാമിലോ, വിചാരിച്ച പോലെയല്ല, രാഷ്ട്രീയത്തില്‍ നിങ്ങളാണ് ആശാനെന്ന് ഞാന്‍ സമ്മതിച്ചിരിക്കുന്നു.
മുഷ്ടിയുദ്ധത്തിലും, ‍‍ഡോണ്‍ കാമിലോ ഗാംഭീര്യം വിടാതെ മൊഴിഞ്ഞു.
അയാളുടെ കൈവിരലുകള്‍ നെറ്റിയില്‍ വീര്‍ത്ത മുഴയെ‍ തലോടുകുകയായിരുന്നു അപ്പോള്‍.

Facebooktwitterredditpinterestlinkedinmailby feather