ഓര്‍മ്മ ദിവസം
ഇന്ന് ഒരു മഹത് സംഭവത്തിന്റെ ഓര്‍മ്മ ദിവസമാണ്.
ഞാന്‍ വീട്ടില്‍ ടെലിവിഷനിലെ സിനിമക്ക് മുന്നിലിരിക്കുന്നു.
എന്നെ നിങ്ങള്‍ കണ്ടിട്ടുണ്ടാകം.
നിങ്ങളുടെ കാറില്‍ ഞാന്‍ പലതവണ പെട്രോള്‍ നിറച്ച് തന്നിട്ടുണ്ട്.
സൂപ്പര്‍ മാര്‍ക്കറ്റിലും ഹോട്ടലിലെ വാലറ്റ് പാര്ക്കിംഗിലുമൊക്കെ നിങ്ങളെന്നെ കണ്ടിട്ടുണ്ട്.
ഒടുവില്‍ കാണുമ്പോള്‍ എറ്റിഎം ല്‍ നിന്ന് ആയിരക്കണക്കിന് രൂപ പിന്‍വലിക്കുന്ന നിങ്ങള്‍ക്ക് ഞാന്‍ കാവല്‍ നില്‍ക്കുകയായിരുന്നു.
നിങ്ങള്‍ എന്നെ ഓര്‍ക്കണമെന്നില്ല.
ഓര്‍ക്കാന്‍ തക്ക വിശേഷമായ അടയാളങ്ങളൊന്നും ദൈവം എന്നില്‍ പതിച്ചിട്ടില്ല.
മുഖത്ത് അനാവശ്യമായി തൂങ്ങികിടക്കുന്ന മാംസകഷണങ്ങളോ, ആസിഡാക്രമണത്തില്‍ പൊള്ളിയടര്‍ന്ന കവിളുകളോ, ഉന്തിത്തള്ളി വികൃതമായ നെറ്റിത്തടമോ ഒന്നും എനിക്കില്ല.
നിങ്ങള്‍ ദിവസവും കണ്ട് മറക്കുന്ന ആയിരക്കണക്കിന് മുഖങ്ങളിലൊന്ന്. ഒരു സാധാരണക്കാരന്.
അറിയാമോ, കണ്ണന് എന്നോട് പിണക്കത്തിലാണ്.
അവനോട് സംസാരിക്കാനും അവനെ ആശ്വസിപ്പിക്കാനുമാണ് ഞാന്‍ ഈ ടെലിവിഷന്‍ സെറ്റിന് മുന്നിലേക്ക് വന്നത്. പക്ഷേ, ഒന്നും മിണ്ടാതെ അവന് ഇറങ്ങിപ്പോയി.
എനിക്ക് വിഷമമില്ല. വേദനിക്കാനും ചിന്തിക്കാനും സ്വയം ചോദ്യങ്ങള്‍ ചോദിക്കാനും ദൈവം ഒരുക്കിത്തരുന്ന അവസരങ്ങളായിട്ടാണ് ഞാന്‍ ഇതിനെ കാണുന്നത്.
ഇന്ന് അവനെയും കൂട്ടി ഹില്‍സ്റ്റേഷനിലേക്ക് പോകേണ്ടതായിരുന്നു. ഹില്‍സ്റ്റേഷന്റെ തുഞ്ചത്തിരുന്ന് അവന് പറഞ്ഞുകൊടുക്കാന്‍ ഞാനൊരു കഥ കരുതിയിരുന്നു.
ഈ ദിവസത്തിന്റെ കഥ.
ബസ്സില്‍ അമ്മയോടൊപ്പമിരിക്കാതെ എന്റടുത്ത് തന്നെയിരിക്കണമെന്ന് ചട്ടം കെട്ടി. എന്നാലല്ലേ വളവുകള്‍ തിരിഞ്ഞ് ഉയരങ്ങളിലേക്ക് കയറിപോകുമ്പോള്‍ താഴെയുള്ളതെല്ലാം ചെറുതായി മാറുന്ന അത്ഭുത കാഴ്ച അവനെ കാണിക്കാന്‍ കഴിയൂ.
എനിക്കും ഭാര്യക്കും വിനോദയാത്രയെന്നാല്‍ ദുരന്തവാര്ത്തകള്ക്കൊപ്പം ചേര്‍ന്ന് കേള്‍ക്കുന്ന ഒരു വാക്ക് മാത്രമാണ്.
എന്നിട്ടും കണ്ണന് വേണ്ടി ഈ യാത്ര തീരുമാനിച്ചു. അവന്റെ കൂട്ടുകാരെല്ലാം അവധിക്ക് യാത്രകള്‍ പോകുന്നുണ്ട്.
“ഇവിടെ മാത്രമാണിങ്ങനെ, എന്നെ ആര്‍ക്കും ഇഷ്ടമില്ല. ഹ്ങീ.. ഹ്ങീ..”
കരഞ്ഞുതുടങ്ങിയപ്പോള്‍ തന്നെ അത് കള്ളക്കരച്ചിലാണെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി.
കുട്ടികളുടെ കയ്യില്‍ എന്തെന്ത് ജാലവിദ്യകളാണുള്ളത്..
അവരുടെ കള്ളത്തരങ്ങള്‍ക്ക് പോലും സത്യത്തിന്റെ സൌന്ദര്യമാണ്..
യാത്ര നിസ്സാരപ്പെട്ട കാര്യമല്ല. അവധി കിട്ടുകയെന്നതാണ് ആദ്യത്തെ കടമ്പ. എനിക്ക് മാത്രമല്ല ഭാര്യക്കും.
അവളെയും നിങ്ങളറിയും.
കുട്ടിക്ക് പിറന്നാള്‍ തുണിയെടുക്കാന്‍ തിരയുമ്പോള്‍ യൂണിഫോം സാരിയില്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നത് അവളാണ്. നിങ്ങളെടുത്ത വര്‍ണ്ണശബളമായ കുപ്പായം കുട്ടികള്‍ക്ക് ഒട്ടും ചേരാത്ത പോളിസ്റ്റര്‍ കൊണ്ടുണ്ടാക്കിയതാണെന്ന് അവള് സങ്കടത്തോടെ വന്നു പറഞ്ഞു.
സര്‍വ്വയിലന്‍സ് ക്യാമറകളുടെ കണ്ണുവെട്ടിച്ച് അവള് നല്കിയ സൂചനകള്‍ നിങ്ങള്‍ അവഗണിച്ചതില്‍ അവള്‍ക്ക് വല്ലാത്ത വിഷമമുണ്ട്.
കണ്ണന് വേലിക്കല് നിന്ന് കാഴ്ച കാണുന്നു. ഇങ്ങോട്ട് വിളിക്കണം, അവനൊന്നും കഴിച്ചിട്ടില്ല.
കഴിക്കാനൊന്നുമുണ്ടാക്കാതെ പിണങ്ങിയാണ് അവള് ജോലിക്ക് പോയിരിക്കുന്നത്.
ഇടവഴിയിലൂടെ ഒരാള്‍ക്കൂട്ടം. കോളനിയിലെ പെണ്ണുങ്ങളെ പ്രകടനത്തിന് കൊണ്ടുപോകുന്നതാണ്. സെറ്റ്സാരിയുടുത്ത മഹിളമാര്ക്കിടയില് നേതാവായി മെലിഞ്ഞ് പൊക്കം കൂടിയ ദാമു മാസ്റ്റര്‍. വെളുത്ത താറാക്കൂട്ടത്തെ കായലിലേക്ക് തെളിക്കുന്ന കറുമ്പന് വേലനെ ഓര്‍ത്തു.
അവര്‍ പോകട്ടെ, പ്രകടനം നന്നായി തന്നെ നടക്കട്ടെ.
യാത്രക്കുള്ള തയ്യാറെടുപ്പുകള്‍ ഏതാണ്ട് പൂര്‍ത്തിയായതാണ്. അതി രാവിലെ പുറപ്പെട്ട് വൈകുന്നതിന് മുമ്പ് തിരിച്ചെത്തുക. അതായിരുന്നു പ്ലാന്‍.
തുണിക്കടയില്‍ മാസം ആകെ മൂന്നവധിയാണ് കിട്ടുക. എനിക്ക് അവധികിട്ടാന്‍ ബുദ്ധിമുട്ടില്ല. കാരണം സെക്യൂരിറ്റിപ്പണി ദിവസവേതനമാണ്. ഒരു ദിവസത്തെ കൂലി വേണ്ടെന്ന് വച്ചാല്‍ മതി.
കലണ്ടറിലെ ചുവന്ന തിയതികള്‍ എല്ലാവര്ക്കും അവധിയാണെന്നാണ് കണ്ണന്റെ വിചാരം. ചെറുതല്ലേ, ചുവപ്പിന്റെയും കറുപ്പിന്റെയും അതിര്‍ത്തികളില്‍ ഒളിഞ്ഞിരിക്കുന്ന നീതികേടുകള്‍ വായിച്ചെടുക്കാനുള്ള ബുദ്ധി തെളിഞ്ഞിട്ടില്ല.
അവന് ലളിത സുന്ദരമാണ് ലോകം. മുതിര്‍ന്നവര്‍ അതിനെ അനാവശ്യമായി കുഴച്ച് മറിക്കുന്നവരും.
ഇതവധിയാണോ അതവധിയാണോ എന്നൊക്കെ ചോദിച്ച് ഞങ്ങളെ രണ്ടുപേരെയും ബുദ്ധിമുട്ടിച്ചു. ഒടുവില്‍ ഞങ്ങള്‍ ഒരുമിച്ച് ഇന്നത്തെ ദിവസം തെരഞ്ഞെടുത്തു. ഇത് ചെറിയ അവധിയൊന്നുമല്ലല്ലോ!
ഞാന്‍ കൂടെ ജോലി ചെയ്യുന്ന സുഹൃത്തുമായി സംസാരിച്ച് തലേന്നത്തെ രണ്ട് ഷിഫ്റ്റുകള്‍ ഒരുമിച്ചെടുത്തു. അവള് കുന്നുമ്മേല്‍ പൊങ്കാലക്ക് മാറ്റി വച്ച അവധിയും.
എറ്റിഎമ്മിന്റെ രാത്രി കാവല്‍ സുഖകരമായ ഒന്നല്ല. ജോലിക്കിടയില്‍ നിങ്ങളുടെ കണ്ണടഞ്ഞ് പോകുന്നുണ്ടോയെന്ന് നോക്കാന്‍ ഏജന്‍സിക്ക് അനേകമനേകം മാര്‍ഗ്ഗങ്ങളുണ്ട്. ഡ്യൂട്ടിക്കിടയില്‍ ഉറങ്ങി എന്ന സംശയം മാത്രം മതി പണി പോകാന്‍.
രാത്രി ഏറെ വൈകുമ്പോള്‍, അസാമാന്യ ഭാരം കൊണ്ട് തൂങ്ങുന്ന കണ്പോളകളെ വരുതിക്ക് നിര്‍ത്താന്‍ പണിപ്പെടുന്നതിനിടയില്‍, പാര്‍ക്കിംഗ് എരിയായും ഫുട്പാത്തും കയ്യേറി ഉറങ്ങുന്ന തെരുവ് നായ്ക്കളോട് പോലും നമുക്ക് അസൂയ തോന്നും.
വീടെത്തുന്നു, പോക്കറ്റില്‍ തപ്പി നോക്കി, മിഠായി അവിടെ തന്നെയുണ്ട്.
രാവും പകലും ഉള്ള തുടര്‍ച്ചയായ ജോലി, അത് ശരീരത്തെ തളര്‍ത്തുന്നതാണ്.
അതിനെക്കാള്‍ ക്ഷീണിപ്പിക്കുന്നത് മനസ്സാണ്. അത് അപമാനത്തിന്റെ ചെളിക്കുണ്ടില്‍ ആഴ്ന്നു പോയിരിക്കുന്നു.
വല്ലാത്ത വേദന, ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച് എന്നിലെ മനുഷ്യനെ അവര്‍ കീറിയെടുത്തില്ലേ.
അച്ഛാ എന്നു വിളിച്ച് ഓടിവന്ന മകനെ താലോലിച്ച് മേലേക്കുയര്ത്തിയിട്ട് പിടിച്ചു. ഉച്ചത്തില്‍ ചിരിച്ച് കയ്കളും നീട്ടി താഴേക്ക് വന്നവനെ നെഞ്ചോട് ചേര്ത്തൊതുക്കുമ്പോള് ഒരു പതര്‍ച്ച.
ഭാര്യ എത്തിയിട്ടുണ്ടാവില്ല. രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ട് മണി വരെയാണ് അവള്‍ക്ക് ജോലി.
അതുവരെയുള്ള സമയം ഈ അച്ഛനും മകനും മാത്രമുള്ളതാണ്.
പകലത്തെ കുഞ്ഞു കുഞ്ഞു വികൃതികളും അത്ഭുത ധീര കൃത്യങ്ങളും എല്ലാം ഈ സമയത്താണ് അവന് പറയുക.
വീടിന് പിറകിലെ വാഴക്കന്ന് ചരിഞ്ഞത്, പറങ്കിമാവിന്റെ കൊമ്പൊടിഞ്ഞത്, വേലിക്കല് കുഴിച്ചിട്ട മീന്‍വിത്ത് മുളച്ച് ചെടിയായത്, പറമ്പില്‍ ഗോട്ടി മഴ പെയ്തത് തുടങ്ങി ലോകത്ത് മറ്റാര്ക്കുമാര്ക്കുമറിയാത്ത മഹാ രഹസ്യങ്ങള്‍.
അവന്റെ സാഹസങ്ങള്‍ക്ക് ചെവി കൊടുക്കുമ്പോഴും അശാന്തമായ മനസ്സിനോട് ഞാന്‍ മന്ത്രിക്കുകയായിരുന്നു.
“ഇങ്ങനെ തുടിക്കുന്നതെന്തിന്, ഒന്നും നിന്റെ തെറ്റല്ലല്ലോ. സാധാരണയായി പെരുമാറാന്‍ ശ്രമിക്കൂ.. നാളത്തെ യാത്ര കണ്ണന് പ്രധാനപ്പെട്ടതാണെന്നറിയില്ലേ..”
ഭാര്യ വരാന്‍ പതിവിലും വൈകിയപ്പോള്‍ ആശങ്കയായി. തെരഞ്ഞ് കവലയിലേക്ക് പോകണോ എന്നാലോചിക്കുമ്പോഴേക്കും ഇരുളില്‍ നിന്ന് അവള് കയറി വന്നു.
കരഞ്ഞു കലങ്ങിയ കണ്ണുകള്‍ അവള് കാര്യങ്ങളെല്ലാം അറിഞ്ഞുവെന്ന് എന്നോട് പറഞ്ഞു.
ദുര്‍ബ്ബലയാണ്, അവളെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കും?
“ഇതത്ര കാര്യമാക്കാനൊന്നുമില്ല.. ഒന്നു പോയാല്‍..”
പൊട്ടിക്കരച്ചിലോടെ അവള് ചീറി..
“എനിക്ക് മടുത്തു. ഇങ്ങനെ എത്ര കാലമായി? എവിടെയെങ്കിലും ഒന്നുറച്ച് നില്ക്കാന് ഇതു വരെ ശ്രമിച്ചിട്ടുണ്ടോ? സ്കൂള്‍ തുറക്കാന്‍ ഇനി എത്ര ദിവസമുണ്ട്? കടയില്‍ വരുന്നവരുടെ കുട്ടികള്‍ക്ക് പുത്തന്‍ തുണിയെടുത്ത് കാണിക്കുമ്പോഴൊക്കെ മനസ്സില്‍ വിങ്ങലാണ്. ഇനി എന്ത് ചെയ്യുമെന്ന് ആലോചിച്ചോ?”
ചോദ്യങ്ങള്‍ക്കൊന്നും എന്റെ കയ്യില്‍ ഉത്തരമില്ല. എനിക്ക് കയ്യിലുള്ളതും കുറെ ചോദ്യങ്ങളാണ്.
എന്നെ തള്ളിയിട്ട് പണം പിടിച്ചെടുത്തോടിയ ചെറുക്കന്റെ ആകുലതകളുടെ അങ്ങേത്തലക്കലെന്തായിരിക്കും.
പട്ടിണി കിടക്കുന്ന കുടുംബം? ആശുപത്രിയില്‍ കിടക്കുന്ന അമ്മ? അതോ പുതുതായിറങ്ങിയ സ്മാര്‍ട്ട് ഫോണോ?
നാടെങ്ങും തട്ടിപ്പറിക്കാരാണ്.
ഇത് അഡ്ജസ്റ്റ്മെന്റാണ്, ഇവനും വീതം കിട്ടുന്ന കച്ചവടം, പിടിച്ചൊന്നു പൊട്ടിച്ചാല്‍ എല്ലാം പറയും, എന്നാര്‍ക്കുന്ന പൊതുജനം..
ശമ്പളത്തിന്റെ പകുതിയും കമ്മീഷനെന്ന പേരില്‍ കവര്‍ന്നെടുക്കുന്ന ഏജന്‍സി..
പത്ത് മിനിട്ട് താമസിച്ചു അരമണിക്കൂര്‍ താമസിച്ചു എന്ന് പറഞ്ഞ് ശമ്പളം പിടിച്ച് പറിക്കുന്ന തുണിക്കട മുതലാളി..
പെണ്ണേ, മാന്യരായ കവര്ച്ചക്കാരുടേതാണ് ഈ ലോകം!
ഇതൊന്നും പറയാന്‍ പാടില്ല. അപമാനിതനായി നിന്നപ്പോള്‍ ആള്‍ക്കൂട്ടത്തിനോട് ചോദിച്ചതല്ലേ. എന്തു സംഭവിച്ചു? കേള്ക്കാനിഷ്ടമില്ലാതെ ജനം ഉച്ചത്തില്‍ ആര്‍ത്തു. ആത്മാവില്‍ നിന്നുയര്‍ന്ന ചോദ്യങ്ങള്‍ ആ അട്ടഹാസത്തില്‍ തകര്‍ന്നുപോയി.
കണ്ണനും അമ്മയോടൊപ്പം കരയുകയാണ്..
ഞാന്‍ അപരാധമാണ് കാണിച്ചത്. ഒറ്റക്കായിരുന്ന സമയം എന്റെ രഹസ്യങ്ങള്‍ കൂടി അവനെ അറിയിക്കേണ്ടതായിരുന്നു.
ദാ.. കാഴ്ചകള്‍ കണ്ട് കഴിഞ്ഞ് കണ്ണന് തിരിച്ചു വരുന്നുണ്ട്. അവനെന്തെങ്കിലും തിന്നാനുണ്ടാക്കി കൊടുക്കണം. കഴിച്ചു കഴിഞ്ഞ് അവനെ മടിയിലിരുത്തി പിണക്കം മാറ്റി ഹില്‍സ്റ്റേഷനില്‍ വച്ച് ചൊല്ലാന്‍ കരുതിയ കഥ പറഞ്ഞ് കൊടുക്കണം.
ഇന്നത്തെ ദിവസത്തിന്റെ കഥ..
പണ്ട് പണ്ട് ചിക്കാഗോയിലെ തെരുവുകളില്‍ കുറെ തൊഴിലാളികള്‍ അവകാശങ്ങള്‍ക്ക് വേണ്ടി നടത്തിയ സമരത്തിന്റെ കഥ..
One cannot leave the story without a slight pain. Thank you for the story