പെന്റഗണ്‍
വീട്ടിലെ കാര്യങ്ങള്‍ നോക്കുന്നില്ല.., ഉണ്ണീടെ പഠിത്തം ശ്രദ്ധിക്കുന്നില്ല.. എന്നിങ്ങനെ പരാതികള്‍ കേട്ടുമടുത്ത് അച്ഛന്‍ ഉണ്ണിയെ ഒരു പാഠം പഠിപ്പിക്കാന്‍ വിളിച്ചിരുത്തി. ഗണിത പാഠപുസ്തകം നെടുകെയും കുറുകെയും തിരിച്ചും മറിച്ചും പരിശോധിച്ച് ഉള്ളതില്‍ ഏറ്റം പാടെന്ന് തോന്നിയ പ്രശ്നം തന്നെ കൊടുത്ത് സമാധാനമായി കസേരയില്‍ ചാരിയിരുന്നു. ഇനി ആരും കുറ്റം പറയില്ലല്ലോ..
72 ഡിഗ്രി സമഉള്‍ക്കോണളവുകളുള്ള ഒരു പഞ്ചഭുജം നാലു സെന്‍റീമീറ്റര്‍ വശങ്ങളോടെ വൃത്തിയായി കൃത്യമായി ചമയ്ക്കുക.
കണക്ക് നോട്ട്പുസ്തകം പകര്‍ത്തെഴുതാന്‍ കൂട്ടുകാരി കുസുമത്തിന് കൊടുത്തയച്ചതിനാല്‍ അവന്‍ അത് മലയാളത്തിന്റെ പിറകില്‍ വരയ്ക്കാമെന്ന് നിനച്ച് നോട്ട് പുസ്തകത്തിനായി പരതി. മലയാളപുസ്തകമോ, അവന്‍റെ കയ്യിലിരിക്കുന്ന കോമ്പസ്സിന്‍റെ മൂര്‍ച്ചയേറിയ കുന്തമുനകള്‍ കണ്ട് പേടിച്ച് പൂതപ്പാട്ടിന്‍റെ ശീലുകള്‍ ഉറക്കെ ഉറക്കെ ചൊല്ലി..
പൊന്നുണ്ണീ പൂങ്കരളേ
പോന്നണയും പൊന്‍കതിരേ
ഓലയെഴുത്താണികളെ
ക്കാട്ടിലെറിഞ്ഞിങ്ങണയൂ..
മധുരിക്കുന്ന കവിത കേട്ട് ചെറുമുല്ലപ്പൂമുനയാല്‍ നീലക്കല്ലോലകളില്‍ മലയാളം എഴുതി എഴുതി രസിക്കാന്‍ തോന്നിയെങ്കിലും അച്ഛന്‍ വഴക്ക് പറയുമല്ലോ എന്നോര്‍ത്ത് അവന്‍ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളില്‍ പരതി.
തൊള്ളായിരത്തി നാല്പത്തൊന്ന് സെപ്തംബര്‍ പതിനൊന്നിന് തറക്കല്ലിടുന്നതിന് മുമ്പും പിമ്പും ക്യൂബ, പനാമ, നിക്കരാഗ്വ തുടങ്ങി ഹിരോഷിമ നാഗസാക്കികളിലൂടെ പാലസ്തീന്‍, അല്‍ഖ്വയ്ദ, ഐസിസ് വരെയുള്ള പൊള്ളിക്കുന്ന സഞ്ചാരത്തിന്റെ നിഴല്‍ചിത്രശകലങ്ങള്‍ ഓര്‍ത്ത് പേടിച്ച് ചരിത്രപുസ്തകം പിടികൊടുക്കാതെ അലമാരയുടെ മൂലയില്‍ പോയൊളിച്ചു.
ചരിത്രത്തിന്റെ മറ നഷ്ടപ്പെട്ടപ്പോള്‍ അനാവൃതമായ പകുതിയെഴുതിയ രാഷ്ട്രമീമാംസാപുസ്തകം ആകെ ആശയക്കുഴപ്പത്തിലായിരുന്നു. പ്രത്യയശാസ്ത്രങ്ങളുടെ വക്കും പൊടിയും അവിടവിടെ ചിതറിക്കിടപ്പുണ്ടെങ്കിലും ഒളിച്ച് പോയ ചരിത്രത്തിന്റെ സഹായമില്ലാതെ എങ്ങനെ നിലപാട് പറയും.
ആകെക്കുഴപ്പത്തില്‍ ചകിതനായി നിന്ന പാവത്തിന്‍റെ പിറക് വശത്ത് രക്തം പൊടിക്കുമാറ് കോമ്പസ്സ് കൊണ്ട് ആഴത്തില്‍ കുത്തി ഉണ്ണി വരയ്ക്കാന്‍ ആരംഭിച്ചു.
ആശാന്‍ പഠിപ്പിച്ചതോര്‍ത്തെടുത്ത് എത്ര ശ്രമിച്ചിട്ടും, അമര്‍ത്തി വരച്ചിട്ടും, കുത്തിക്കിഴിച്ചിട്ടും വരച്ചതിന്റെ ഒന്നാമത്തേയും അഞ്ചാമത്തേയും ഭുജങ്ങള്‍ പടിഞ്ഞാറേക്ക് സമാന്തരമായി വാപൊളിച്ച പോലെ നിലകൊണ്ടു.
പ്രശ്നം പൂര്‍ത്തിയാക്കാത്ത ഉണ്ണിയെ ശകാരിച്ചും കാരണമൊന്നുമില്ലാതെ അമ്മയെ തെറിവിളിച്ചും അച്ഛന്‍ അന്തിക്കള്ളിന് പുറത്തിറങ്ങിയപ്പോള്‍ ഉണ്ണി നോട്ട്പുസ്തകവുമായി അമ്മയുടെ അടുത്തേക്ക് ചെന്നു. അടുക്കളയില്‍ അടുപ്പൂതി ചെമന്ന കണ്‍കളുമായി ഇരുന്ന അമ്മ അവനെ മടിയിലിരുത്തി ആശ്വസിപ്പിച്ചു.
“അമ്മയ്ക്കും പറ്റുമെന്ന് തോന്നുന്നില്ല എന്‍റെ കുട്ടീ.. ഈ ഇരുപത്തേഴര സെന്‍റിമീറ്റര്‍ ചതുരത്തോളം പോന്ന സ്ഥലത്ത് ഒതുക്കാവുന്ന കൊള്ളരുതായ്കളാണോ ഈ കൂട്ടര് കാണിച്ച് കൂട്ടിയിരിക്കുന്നെ..
എന്‍റെ കൃഷ്ണാ.., കലികാലം ഇതുവരെ തീരാറായില്ലേ..”
ശേഷം..
അടുപ്പിനകത്ത് എന്ത് എന്ത് എന്ന് തിളങ്ങി ചോദിച്ചുകൊണ്ടിരുന്ന കൊച്ച് കനലുകള്‍ക്ക് മറുപടിയായി ഒരു കരിക്കഷ്ണം “ഒരായിരം സൂര്യന്മാരെക്കാള്‍ പ്രകാശത്തില്‍” എന്ന ജര്‍മ്മന്‍ പുസ്തകത്തിന്റെ കഥ പറഞ്ഞുകൊടുത്തത് അമ്മയുടെ മടിയിലിരുന്ന് ഉണ്ണിയും ഒത്തുകേട്ടു.