ഡെത്ത് മാച്ച്
മനോഹരമായ സായാഹ്നം. കടല്‍ തീരത്ത് അര്‍ജന്റീനയുടേയും ബ്രസീലിന്റെയും ഹോളണ്ടിന്റെയും ജഴ്സികളണിഞ്ഞ കുട്ടികള്‍ കാല്പന്തു തട്ടിക്കളിക്കുന്നു.
നിരയായി കിടക്കുന്ന സിമന്റ് ബഞ്ചുകളിലൊന്നിലിരുന്ന് കാമുകന് കുട്ടികളുടെ ആവേശത്തോടെയുള്ള കളി കണ്ടു. കാമുകി ആകാശത്ത് മേഘങ്ങളില്‍ കുങ്കുമം പൂശി നില്ക്കുന്ന സൂര്യനെയും.
മിഡ്ഫീല്‍ഡില്‍ നിന്ന് ഇടതു വിംഗിലേക്ക് നീട്ടിക്കൊടുത്ത പന്ത് ഒരു വിരുതന് വേഗത്തിലോടിക്കയറി ഗോളിലേക്ക് മറിക്കാന്‍ ശ്രമിച്ചു. പ്രതിരോധത്തിലെ കരുമാടിക്കുട്ടന്മാര് വിടുമോ, ശരിയായ സമയത്ത് ഇടപെട്ട് പുറത്തേക്ക് അടിച്ചു.. കമിതാക്കള്‍ക്ക് നേരെ വേഗത്തില്‍ പാഞ്ഞു വന്ന പന്ത് കാമുകന് ഒരു സാമര്‍ത്ഥ്യത്തോടെ പിടിച്ചെടുത്തു. കളത്തിലേക്ക് ഗോളിയുടെ വിരുതോടെ നീട്ടി എറിഞ്ഞുകൊടുത്തു..
“നമുക്ക് ദാ അവിടേക്ക് മാറിയിരുന്നാലോ?” കാമുകി കളിക്കളത്തിനപ്പുറത്തെ മണല്പ്പരപ്പിലേക്ക് ചൂണ്ടി..
“അത്രയും ദൂരെ വേണോ? നമുക്കീ കളിയും കണ്ട് ഇവിടെ ഇരുന്ന് സംസാരിച്ചാല്‍ പോരേ..?”
“നടക്കാന്‍ ഇത്രക്ക് മടി പാടില്ല. കളിയെപ്പറ്റി പറയാനാണെങ്കില്‍ എന്തുത്സാഹമാണ്. ഗ്രൌണ്ടിലിറങ്ങി പന്ത് ഒരിക്കലെങ്കിലും തട്ടിയിട്ടുണ്ടാവുമോ? എന്തിന് കുറച്ച് ദൂരമെങ്കിലും എന്റൊപ്പം നടക്കാറുണ്ടോ. നടക്കുന്ന ദിവസത്തെപ്പറ്റിയാണെങ്കില് പറയണ്ട.. എങ്ങനെ ഇത്ര പതുക്കെ നടക്കാന്‍ കഴിയുന്നു?.. സാ രീ എന്ന് മെല്ലെ കൂടെ നടന്ന് എന്റെ കാല് വേദനിക്കുന്നത് മിച്ചം.”
കാമുകന് ചിരിച്ച് കൊണ്ട് അവളുടെ കൈകള്‍ കോര്‍ത്തു പിടിച്ചു.
“ഹൊ. എന്തു പറഞ്ഞാലും ഈ ചിരി തന്നെ.” അവള് പിണക്കം നടിച്ചു.
“ശരി എന്നാല്‍ കരച്ചിലിനെ പറ്റി സംസാരിക്കാം.” കാമുകിയുടെ കൈകളില്‍ തലോടിക്കൊണ്ട് അവന് പറഞ്ഞു.
“നീ സുവാരസ് കരയുന്നത് കണ്ടിരുന്നോ? എന്തു ഭംഗിയുള്ള നിഷ്കളങ്കമായ കരച്ചില്, കണ്ടിരിക്കുന്നവരുടെ മനസ്സും ഈറനണിഞ്ഞ് പോകും..”
“ആര് കരഞ്ഞെന്നാ പറഞ്ഞത്?” കാമുകി ആകാംഷയോടെ ചോദിച്ചു.
“ലൂയി സുവാരസ്, ഉറുഗ്വന്‍ ടീമിന്റെ സ്ട്രൈക്കര്‍.. ഒരു ഉശിരന്‍ ചെക്കനാണ്. എനിക്ക് അവനെ വല്ലാതെ ഇഷ്ടപ്പെട്ടു.”
“ദേ, വീണ്ടും ഫുട്ബാള്‍ . ഒന്നുകില്‍ സോവിയറ്റ് യൂണിയന്, അല്ലെങ്കില്‍ ഈ വട്ടു കളി. ഇനി ഇതിനെ പറ്റിയെങ്ങാനും മിണ്ടിയാല്‍ ഞാനെണീറ്റ് പോകും കേട്ടോ..”
സോവിയറ്റ് യൂണിയനെ പറ്റി വേണമെങ്കില്‍ മിണ്ടാതിരിക്കാം, കുഴപ്പമില്ല. പക്ഷേ ലോക കപ്പ് നടക്കുന്ന സമയത്ത് ഫുട്ബാളിനെ പറ്റി അല്ലാതെ മറ്റെന്തിനെ പറ്റിയാണ് സംസാരിക്കുക. കാമുകന് ചിന്തയിലാണ്ടു..
“വേറൊന്നും പറയാനില്ലേ.. ഒന്നോര്‍ത്തു നോക്കൂ.. ജോലി സ്ഥലത്തെ വിശേഷങ്ങള്‍.. നാട്ടിലെ കാര്യങ്ങള്‍..” അവന്റെ മനസ്സു വായിച്ചെന്നവണ്ണം അവള് തുടര്‍ന്നു.. അവന്റെ ഓര്‍മ്മ ഞരമ്പുകള്‍ ഉണര്‍ത്താന്‍ സ്നേഹത്തോടെ അവന്റെ കൈകളില്‍ തഴുകി..
മുന്നിലെ പ്ലാറ്റ്ഫോമിലൂടെ കൈമണി കിലുക്കികൊണ്ട് പഞ്ഞി മിഠായിക്കാരന്‍ വന്നു. അവന് രണ്ടു പൊതി വാങ്ങി. അവള് ഒന്നു മാറ്റി വച്ച് രണ്ടുപേര്‍ക്കും കൂടി കഴിക്കുന്നതിന് ഒരു പൊതി പൊട്ടിക്കാന്‍ തുടങ്ങുമ്പോള്‍ അവന് ആ കച്ചവടക്കാരന് മുടന്തി നീങ്ങുന്നത് നോക്കുകയായിരുന്നു.
“നിനക്ക് ഞാന്‍ പഠിച്ച കോളേജിലെ ഒരു സംഭവം പറഞ്ഞുതരട്ടെ..”
“എന്തെങ്കിലും ഉണ്ടാക്കി പറയാനാണെങ്കില്‍ വേണ്ട കേട്ടോ..” പെണ്‍കുട്ടിക്ക് അവനെ എപ്പോഴും സംശയമാണ്.
“അല്ലെന്നേ ശരിക്കുള്ള സംഭവമാ.. ഞങ്ങളുടെ ലൂയിയുടെ കഥ .. ഫര്ഗട്ടന് ഹീറോസ്, ലെജന്‍ഡ്സ് എന്നൊക്കെ കേട്ടിട്ടില്ലേ അത്തരത്തിലൊരാള്‍.. ”
സംഭവങ്ങള്‍ ഓര്‍ത്തെടുക്കാനെന്നോണം അയാള്‍ നിശബ്ദനായി.. മുന്നിലെ കളിക്കളത്തില്‍ ഇടതു വിംഗിലൂടെയുള്ള മറ്റൊരു അതിവേഗ മുന്നേറ്റം കൂടി വിഫലമായി ഗോള്‍ കിക്കില്‍ അവസാനിച്ചു.
“പണ്ടു നടന്ന സംഭവമാണ്. അത്തവണത്തെ യൂണിവേഴ്സിറ്റി കായികമേള ഞങ്ങളുടെ കോളേജിലാണ് നടക്കുന്നത്. ഗയിംസ് ഇനത്തിലുള്ള മത്സരങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഞങ്ങള്‍ക്കേറ്റവും പ്രതീക്ഷ ഫുട്ബാളിലാണ്. മുമ്പത്തെ തവണ റണ്ണേഴ്സ് അപ് ആയിരുന്നു. ഇത്തവണ എങ്ങനെയും കപ്പടിക്കും എന്ന വാശിയിലാണ്. ലൂയിയുടെ ക്യാപ്റ്റന്‍സിയില്‍ അത് നടക്കുമെന്ന കാര്യം തീര്‍ച്ചയായിരുന്നു. ആദ്യത്തെ മത്സരമാണ് കടുപ്പം. ശക്തന്മാരുമായിട്ടാണ് ഏറ്റ് മുട്ടുന്നത്. അത് ജയിച്ചാല്‍ കപ്പുറപ്പിക്കാം.”
“ദേ വീണ്ടും ഫുട്ബാള്‍.. ഇനി ഇവിടെ തനിച്ചിരുന്ന് സംസാരിച്ചോളൂ.. ഞാന്‍ പോവുകാ..” അവള് കെറുവിച്ചു എണീക്കാന്‍ തുടങ്ങി.
“ഇതു കൊള്ളാം. നിനക്ക് വേണ്ടി ചരിത്രം മാറ്റിപറയാന്‍ പറ്റുമോ.. അയാളെയെന്താ ക്രിക്കറ്റ് കളിക്കാരനാക്കണോ?” അവനും വിട്ടുകൊടുത്തില്ല.
അവള്‍ക്ക് സങ്കടം വന്നു.. സാധാരണ അവന് അവളോട് ശബ്ദം ഉയര്‍ത്തി സംസാരിക്കുന്നതല്ല..
മൂടിക്കെട്ടി വിതുമ്പാന്‍ തുടങ്ങുന്ന അവളെ അവന് ആശ്വസിപ്പിച്ചു.
“വിഷമിക്കാതെ പെണ്ണേ, ഫുട്ബാളിനെ പറ്റി പറയാതെ ലൂയിയുടെ കഥ പറയാന്‍ പറ്റില്ല.. നിനക്ക് വേണ്ടെങ്കില്‍ ഞാന്‍ പറയുന്നില്ല. നമുക്ക് മറ്റെന്തെങ്കിലും സംസാരിക്കാം.” അവന് അവളുടെ കൈകളില്‍ സ്നേഹത്തോടെ അമര്‍ത്തി.
“വേണ്ട.. പറഞ്ഞോ.. ഞാന്‍ കേള്‍ക്കാം.. പക്ഷേ വര്‍ണ്ണനയൊന്നും പാടില്ല. ഇന്നാള് ഗോളടിച്ചു. ഇന്നാള് പന്ത് തടുത്തു എന്നൊക്കെ മാത്രമേ പറയാവൂ.. മറ്റൊന്നും എനിക്ക് മനസ്സിലാവിലാവാത്തത് കൊണ്ടാ..”
പുഞ്ചിരിയോടെ അവന് സമ്മതിച്ചു. പതിവിലും കൂടുതല്‍ സ്നേഹം തോന്നിയത് കൊണ്ട് അവള് അവനോട് ചേര്‍ന്നിരുന്നു.
“ഇന്നത്തെ കാലമല്ല.. കലാലയങ്ങള്‍ തീ പിടിച്ച് ജ്വലിക്കുന്ന കാലം.. അതിശക്തമായ വിദ്യാര്‍ത്ഥി സമരം. സ്വാശ്രയ കോളേജുകള്‍ക്കെതിരെ കളക്ടറേറ്റ് മാര്‍ച്ച്, ലാത്തി ചാര്‍ജ്ജ് അങ്ങനെ ആകെ ബഹളം തന്നെ.
കലാപങ്ങള്‍ക്കിടയിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഞങ്ങളെല്ലാവരും കാത്തിരുന്ന കളിയെത്താറായി. പക്ഷേ ആര്‍ക്കും ഉത്സാഹമില്ല. സമരത്തിനിടയില്‍ പോലീസിനെ ആക്രമിച്ചതിന് ലൂയിയെയും കൂടെക്കളിക്കുന്ന ചിലരേയും പോലീസ് അറസ്റ്റ് ചെയ്തൊന്നൊരു വാര്‍ത്ത. അതല്ല അവര്‍ ഒളിവിലാണെന്ന് മറ്റ് ചിലര്‍. എന്തായാലും ഒന്നറിയാം മിഡ്ഫീല്‍ഡില്‍ ക്യാപ്റ്റന്‍ ലൂയിയില്ലാതെ കളി ജയിക്കാനാവില്ല.
കളിക്കളത്തില്‍ ഏകാന്ത ദ്വീപിലെ ശക്തനായ മാന്ത്രികനെ പോലെയാണയവന്. കാലില്‍ പന്ത് വച്ചു കൊണ്ട് ഇംഗിതം പോലെ കളിവേഗം കൂട്ടുകകയും കുറയ്ക്കുകയും ചെയ്യും. അവന്റെ ആഭിചാര ക്രിയകളടങ്ങിയ പാസ്സുകള്‍ ഞങ്ങളുടെ ശരാശരി കളിക്കാരെ അത്ഭുതങ്ങള്‍ പ്രവര്ത്തിക്കുന്നവരാക്കും.. പറഞ്ഞിട്ടെന്ത്, അവന് കളിക്കാനില്ലല്ലോ..
അവധി ദിവസത്തിലാണ് കളി. തോല്‍ക്കുന്നത് കാണാന്‍ എന്തിന് പോകണം. വീട്ടിലിരിക്കാം എന്ന് ഞങ്ങള്‍ കരുതി. പക്ഷേ നിനക്കറിയാമല്ലോ.. കളിദിവസം അടങ്ങിയിരിക്കുന്നതെങ്ങനെ? കോളേജില്‍ എന്നെപോലെ കുറച്ച് പേരെത്തിയിട്ടുണ്ട്. ഗ്രൌണ്ടില് ടീം പ്രാക്ടീസ് ചെയ്യുന്നു. ലൂയിയും കൂട്ടുകാരുമില്ലാതെ ഈ കൂട്ടര്ക്കെന്തു സാധിക്കാനാണ്.
കളി തുടങ്ങാറായി..
ഞങ്ങളെയെല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് എവിടുന്നോ പൊട്ടിവീണമാതിരി അവര്‍, ലൂയിയും കൂട്ടരും ഗ്രൌണ്ടിലെത്തി. പിന്നീടറിഞ്ഞു, ഞങ്ങളുടെ പ്രിയപ്പെട്ട സാമുവല്‍ സാര്‍ അവരെ ക്വാര്‍ട്ടേഴ്സില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. വാര്‍ത്ത കാട്ട് തീ പോലെ പടര്‍ന്നു. കോളേജില്‍ അവിടവിടെ ചിതറി നിന്നവര്‍ എല്ലാവരും ഒരുമിച്ച്കൂടി കളികാണാനെത്തി.
ആഹ്ലാദമടക്കാനാവാതെ ഞങ്ങള്‍ ലൂയി ലൂയി എന്ന് ഉച്ചത്തില്‍ വിളിച്ചു.
സ്റ്റാര്‍ട്ടിംഗ് വിസില്‍ മുഴങ്ങി. ഞങ്ങളെ പോലെ തന്നെ എതിര് ടീമും ലൂയിയെ പ്രതീക്ഷിച്ചിരുന്നില്ല. തുടങ്ങുന്നതിന് മുമ്പ് തന്നെ അവര്‍ തോല്‍വി സമ്മതിച്ച മട്ടിലായിരുന്നു. ആദ്യപകുതിയില്‍ അവരുടെ വലയില്‍ വീണത് മൂന്ന് ഗോളുകള്‍. ലൂയിയുടെ സോളോ മുന്നേറ്റത്തിലൊരെണ്ണം. ആനന്ദിന് രണ്ടെണ്ണം.. ഒന്ന് ക്യാപ്റ്റന്റെ മഴവില്ലിന്റെ കോണളവൊത്ത കിക്കിന് തല വച്ചത്. മറ്റൊന്ന് ആന്ദ്രെപിര്ലൊയെയും അതിശയിപ്പിക്കുന്ന അസാധ്യ പാസ്സില്‍ നിന്ന്.
ഇന്റര്‍വെല്ലായി.. കളിക്കളത്തിനടുത്ത് ഒരു ഇടിവണ്ടി മുരണ്ട് വന്നു നിന്നു. കോളേജിനകത്ത് പോലീസോ? കുട്ടികള്‍ അമ്പരന്നു. പോലീസിന് ഇന്‍സ്പെക്ടറെ മര്‍ദ്ദിച്ച ലൂയിയേയും മറ്റും അറസ്റ്റ് ചെയ്യണം. അപ്പോള്‍ കുട്ടികളെ തല്ലിചതച്ച പോലീസിനെ ആരറസ്റ്റ് ചെയ്യും?
ലൂയിക്കും കൂട്ടുകാര്‍ക്കും ചുറ്റും ഞങ്ങള്‍ നിന്നു. പോലീസ് ഗോ ബാക്ക് എന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ചു. കളത്തില്‍ മറ്റൊരു പോരാട്ടത്തിന് അരങ്ങൊരുങ്ങി.
സാമുവല്‍ സാര്‍ മുന്നിട്ടിറങ്ങി പോലീസുമായി ചര്‍ച്ച നടത്തി ചില നീക്കുപോക്കുകള്‍ ഉണ്ടാക്കി. കളികഴിഞ്ഞ് മാത്രമേ അറസ്റ്റ് ചെയ്യൂ. സ്റ്റേഷനില്‍ ചെന്നാലുടന്‍ എല്ലാവരേയും ജാമ്യത്തില്‍ വിടുന്നതാണ്. ഞങ്ങള്‍ക്ക് സമ്മതമായിട്ടല്ല. പക്ഷേ സാമുവല്‍ സാര്‍ പറഞ്ഞാല്‍ കേള്‍ക്കാതിരിക്കുന്നതെങ്ങനെ..
രണ്ടാം പകുതി ഒരു മണിക്കൂറോളം വൈകിയാണ് തുടങ്ങിയത്. കുട്ടികള്‍ ഫുട്ബാളാണ് കളിച്ചതെന്ന് പറയാന്‍ കഴിയില്ല. എപ്പോഴും പോലീസുകാരുടെ ദേഹത്ത് കൊള്ളുന്ന മാതിരി പന്ത് പുറത്തോട്ട് നീട്ടി അടിക്കുക. ഗോളടിച്ചെന്നമാതിരി ഞങ്ങളുടെ ആര്‍പ്പു വിളി.
സഹികെട്ട് പോലീസുകാരും കളത്തിലിറങ്ങി കളിക്കുമെന്നായപ്പോള് സാമുവല്‍ സാര്‍ കളിക്കാരെ പറഞ്ഞു വിലക്കി. പിന്നെ കുറെ നേരം കുഴപ്പമൊന്നുമില്ലായിരുന്നു.
ഒട്ടും വാശി ഇല്ലാത്ത കളി. ഇപ്പോള്‍ പോരാട്ടം കളത്തിന് പുറത്താണല്ലോ. ലൂയി പിറകോട്ടിറങ്ങി പന്തു തട്ടുന്നു. അങ്ങോട്ടുമിങ്ങോട്ടും ലക്ഷ്യമില്ലാത്ത ഏതാനും നീക്കങ്ങള്‍. ആദ്യ പകുതിയിലെ അതേ സ്കോര്‍ തന്നെയാണ്. കളി അവസാനിക്കാന്‍ മിനിട്ടുകള്‍ മാത്രം; ലൂയിയുടെയും കൂട്ടരുടെയും സ്വാതന്ത്ര്യത്തിനും.
അവസാന നിമിഷങ്ങള്‍, എതിര് ടീമിന്റെ ഒരു ഗോള്‍ ശ്രമത്തിനൊടുവില്‍ ലൂയി സ്വന്തം ഗോളിയില്‍ നിന്ന് പന്ത് സ്വീകരിച്ച് വേഗത്തില്‍ മുന്നോട്ട്.. കളിക്കളം ഒന്നുണര്‍ന്നു. ഗ്രൌണ്ടിന്റെ പകുതിയില്‍ വച്ച് തടഞ്ഞ പ്രതിരോധ നിരക്കാരെ വെട്ടിയൊഴിഞ്ഞു. തടയാന്‍ ഗോളി മാത്രം മുന്നില്‍. നിശബ്ദരായിരുന്ന കാണികള്‍ ആര്‍പ്പ് വിളിക്കാന്‍ തുടങ്ങി. കൈകള്‍ നീട്ടി വിരിച്ച് കൊണ്ട് ഗോളി മുന്നോട്ട് ഓടി കയറി. പോലീസുകാര്‍ പോലും ആകാംഷയോടെ നോക്കി. അവന്റെ മനോഹരമായ കാല് വിരുതില്‍ ഗോളിയും പരാജയപ്പെട്ടു. ഇനി പോസ്റ്റിന് താഴെയുള്ള നേര്‍ത്ത വെള്ളവര മാത്രം മാത്രം. ഗോള്‍ വരയുടെ അതിര്‍ത്തിയില്‍ അവന് പന്തുമായി നിന്നു. കളി തീരുന്നതിന് മുമ്പ് കാഴ്ചക്ക് വിരുന്നായി ചില മനോഹര നിമിഷങ്ങള്‍..
ഗോളിലേക്ക് ഉരുണ്ടു പോകാന്‍ ഒരു ചെറു സ്പര്‍ശം കാത്തുനിന്ന പന്തിനെ കോപത്തില്‍ ഒരു തെറിയുടെ അകമ്പടിയോടെ അവന് ഗ്യാലറിയിലേക്ക് ഉയര്‍ത്തി അടിച്ചു. ഡെത്ത് മാച്ചില്‍ കളിച്ച ഉക്രൈനിന്റെ കിര്ലെങ്കോവിനെ പോലെ..
പന്തിനെ ദ്വേഷ്യത്തിന്റെ തീക്കാറ്റ് പൊതിഞ്ഞിരുന്നു, രോഷം കടലിരമ്പം പോലെ അതിന് അകമ്പടി വന്നു. വായുവില്‍ വച്ച് ചാട്ടയടിയേറ്റ പോലെ പുളഞ്ഞ് ഗതിമാറി അത് പോലീസുകാര്‍ക്ക് നേരെ പാഞ്ഞിറങ്ങി.
ലൂയി എന്ന വിളിയില്‍ ഗ്യാലറി പൊട്ടിത്തെറിച്ചു. നിയമങ്ങളും നീക്കുപോക്കുകളും അവസാനിച്ചു. കാക്കിയുടുപ്പുകള്‍ ഗ്രൌണ്ടിലേക്കിറങ്ങി. ഞങ്ങളും. യൂണിവേഴ്സിറ്റിയുടെ കായിക മത്സരങ്ങള്‍ക്ക് അന്ന് തിരശ്ശീല വീണു. കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു പൂട്ടി.”
“ലൂയിക്ക് പിന്നെ എന്തു സംഭവിച്ചു?” കഥയില്‍ ലയിച്ചിരുന്ന കാമുകി ചോദിച്ചു.
“അന്നത്തെ ബഹളത്തിനിടയില്‍ പോലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടു. പിന്നെ കണ്ടിട്ടില്ല. പോലീസ് പിടിച്ചെന്നും ഇല്ലെന്നും ഒക്കെ പറയുന്നു. കുറെ നാളുകള്‍ എല്ലാവരും അവനെപ്പറ്റി സംസാരിച്ചു. പിന്നെ മറവിയുടെ ചുഴിക്കുത്തുകളിലേക്ക് ആരോ വലിച്ചിട്ടപോലെ അതും നിന്നു.”
“ഹും..” കാമുകി നെടുവീര്‍പ്പിട്ടു. “ഒന്നോര്‍ത്താല്‍ സങ്കടമാണെങ്കിലും.. മൊത്തത്തില്‍ എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല.. പഠിപ്പ് മുടക്കി സമരങ്ങളെന്ന് കേള്‍ക്കുന്നത് തന്നെ വെറുപ്പാ.. അതിന്റെ കൂടെ പോലീസിനെ തല്ലുക, പോരാഞ്ഞിട്ട് ഇത്രയും അഹങ്കാരവും..”
കളിക്കളത്തില്‍ നിന്ന് കാതടപ്പിക്കുന്ന ആരവം.. “ഗോള്‍..” ഇടതു വിംഗില്‍ കളിച്ചിരുന്നവന്‍ പണി പറ്റിച്ചു.. കുട്ടികളുടെ ചാടിമറിഞ്ഞുള്ള ആഹ്ളാദ പ്രകടനം കണ്ട് രണ്ടു പേരും മന്ദഹസിച്ചു.
പിന്നെയും കുറെ നേരമിരുന്ന് അവര്‍ സംസാരിച്ചു. എങ്കിലും, ഏതോ അജ്ഞാതമായ കാരണങ്ങളാല്‍ ആ സായാഹ്നം അവന് സുഖകരമായി തോന്നിയില്ല.
സൂര്യന് പൂര്‍ണ്ണമായും കടലില്‍ മറഞ്ഞു, തീരത്ത് ഇരുട്ട് പടര്‍ന്നു കയറി. അവനോട് നാളെ കാണാമെന്ന് അവള് യാത്ര ചൊല്ലി. കുട്ടികള്‍ കളി നിര്‍ത്തി പോയി.. മൈതാനം വിജനമായി..
കുറച്ച് നേരം കൂടി ഒറ്റക്കിരുന്ന ശേഷം അവന് മെല്ലെയെണീറ്റു. പോലീസുകാര്‍ അടിച്ചൊടിച്ച ഇടംകാലിലെ വേദനയുടെ മുന്നേറ്റം പ്രതിരോധിക്കാന്‍ വളരെ പതിയെ ബസ്റ്റോപ്പിലേക്ക് നടന്നു.
by