പാപ്പന്റെ ക്രിസ്ത്മസ്സ്
പിറകിലെ പടുകൂറ്റന്‍ ഫ്ലക്സ് ബോര്‍ഡില്‍ മറോഡോണയും മുതലാളിയും ചേര്‍ന്നു നില്‍ക്കുന്ന ജൂവല്ലറിയുടെ പരസ്യം. ഇതാ ഈ പുതുവത്സരം മുതല്‍ നിങ്ങളുടെ നഗരത്തിലും എന്ന് വലിയ വര്‍ണ്ണ അക്ഷരങ്ങളില്‍ എഴുതി വച്ചിട്ടുണ്ട്.
പന്തുകളിക്കാരന്റെ ഭാവത്തില്‍ അരനിക്കറുമിട്ടു നില്‍ക്കുന്ന മുതലാളി മറോഡോണയുടെ കണ്ണുവെട്ടിച്ച് പാപ്പനെ രൂക്ഷമായി നോക്കുന്നു. ഇറങ്ങിപോകാറായില്ലേടാ എന്നാണ് അതിന്റെ അര്‍ത്ഥം. മറോഡോണ പാപ്പന്റെ ദൌര്‍ബല്യമാണ്, അല്ലെങ്കില്‍ ആ ബോര്‍ഡില്‍ ചാണകം വാരി എറിഞ്ഞേനേ.
മറോഡോണയെ കാണുമ്പോഴൊക്കെ പാപ്പന് ഫുട്ബാള്‍ ഗ്രൌണ്ടിലെ ആരവങ്ങളാണ് ഓര്‍മ്മ വരുക. കുതിച്ചു വരുന്ന ഏതു പടക്കുതിരയേയും തളച്ചിടാനുള്ള കരുത്ത് പാപ്പന്റെ എല്ലിച്ച കാലുകള്‍ക്ക് ഒരു കാലത്തുണ്ടായിരുന്നു.
“ഞങ്ങളുടെ മറ്റു ഷോറൂമുകളില്‍ പോയി നോക്കിയിരുന്നെങ്കില്‍ നിങ്ങള്‍ ഒരിക്കലും ഇങ്ങനെ പറയുകില്ലായിരുന്നു. കാഴ്ചയില്‍ ഉപഭോക്താവിന്റെ മനസ്സിന് സന്തോഷം പകരുന്ന പ്രസന്നവാന്‍മാരായ ജീവനക്കാരെയാണ് ഇവിടെ ആവശ്യം. പ്രധാനമായും മധ്യകേരളത്തില്‍ നിന്നുള്ള വെളുത്ത സുന്ദരന്മാരെയും അഴകളവൊത്ത പെണ്മണികളെയുമാണ് ഞങ്ങള്‍ നിയമിക്കുക. ഇതോ..”
പാപ്പന്റെ വികൃതമായ മുഖത്തിനു ചുറ്റും അന്തരീക്ഷത്തില്‍ വിരല്‍ കൊണ്ടു വട്ടമിട്ടുകൊണ്ട് മാനേജര്‍ പറഞ്ഞു. സ്ഥലം ഒഴിഞ്ഞ് പോകുന്നതിനു പകരം ഒരു ജോലി എന്ന ആവശ്യത്തിനുള്ള മറുപടിയാണ്.
പാപ്പന്റെ കൂടെ വന്ന നേതാവ് തലയാട്ടി. ശരിയാണ്, വസൂരിപ്പാട് നിറഞ്ഞ മുഖവും, കറുത്തു നരച്ച രൂപവും ഇവിടെ ഒരു അധികപറ്റായിരിക്കും.
“ഭയ്യാ ഏക് ടീ..” പുല്‍ക്കൂടു വില്ക്കാനിരുന്നിരുന്ന ഹിന്ദിക്കാരന്‍ പയ്യന്റെ ശബ്ദം പാപ്പനെ ചിന്തയില്‍ നിന്നുണര്‍ത്തി.
എതിരാളിയുടെ കാലില്‍ നിന്നു റാഞ്ചിയ ബാള്‍ മറു വിംഗിലേക്ക് ഉയര്‍ത്തി അടിക്കുന്നത് പോലെ പോലെ അയാള്‍ മഗ്ഗില്‍ നിന്ന് കപ്പിലേക്ക് ചായ നീട്ടിയൊഴിച്ചു. ഉയര്‍ന്നു വന്ന് ഗോള്‍പോസ്റ്റിന് അടുത്തെത്തുമ്പോള്‍ എതിരാളികളെ ഇളിഭ്യരാക്കി ചരിഞ്ഞ് വലയില്‍ പതിക്കുന്ന ഗരിഞ്ചയുടെ കരിയില കിക്ക്…
പതഞ്ഞു നിറഞ്ഞ ചായ ഗ്ലാസ്സ് പയ്യനു നീട്ടുമ്പോള്‍ പാപ്പന്‍ ചില തീരുമാനങ്ങള്‍ എടുത്തിരുന്നു.
ആരുടേയും പറമ്പിലല്ല, അവന്റെ കൂടി നികുതി കൊണ്ടുണ്ടാക്കിയ റോഡരികിലാണ് ഈ ചായത്തട്ട്. വഴി നടക്കുന്നവര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നില്ല. ഇനി അല്‍പ്പം ബുദ്ധിമുട്ടുണ്ടായാല്‍ തന്നെ ഒരു കുടുംബം പുലരുന്ന കാര്യമാണ് എന്നോര്‍ത്ത് നാട്ടുകാര്‍ ക്ഷമിച്ചോളും. പാപ്പന്‍ ഇവിടം ഒഴിയില്ല, വരുന്നത് വരട്ടെ.
ചായകുടിച്ച് പയ്യന്‍ ചില്ലറ നീട്ടി. വേണ്ടെന്നു പാപ്പന്‍ പറഞ്ഞു. അവനു കച്ചവടമൊന്നും നടന്നിട്ടില്ല എന്നയാള്‍ക്കറിയാം.
പുറകിലെ കെട്ടിടത്തില്‍ നിന്നും ഡ്രില്ലിംഗിന്റെ അസഹ്യമായ ശബ്ദം. ജൂവല്ലറിയുടെ പണികള്‍ ധൃതിയില്‍ നടക്കുകയാണ്. ചെവി പൊത്തിക്കൊണ്ട് പാപ്പന്‍ തൊട്ടടുത്ത പള്ളി ഗോപുരത്തിലേക്കു നോക്കി. ക്രിസ്തു രണ്ടും കയ്യും വിരിച്ചു ചക്രവാളത്തിലേക്കു നോക്കി നില്‍ക്കുന്നു. ചെവി പൊത്താന്‍ പോലും കര്‍ത്താവിനു കയ്യൊഴിവില്ല! ഓര്‍ത്തപ്പോള്‍ പാപ്പനു തമാശ തോന്നി.
“കിഴവാ ഒന്നു തല താഴ്ത്തി നോക്ക്, ഞങ്ങളുടെ കഷ്ടപ്പാടുകള്‍ കാണ്. സ്വര്‍ഗ്ഗരാജ്യത്തില്‍ കയറാന്‍ കിഡ്നി പണയം വയ്ക്കുന്ന പണക്കാരെ മാത്രം നോക്കാതെ..” പെട്ടെന്നു വന്ന ആവേശത്തില്‍ അയാള്‍ ക്രിസ്തുവിനെ നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു.
“ക്യാ ഹെ ഭായി..” അടുത്തിരുന്ന ഹിന്ദിക്കാരനാണ്.. വഴിനടക്കുന്ന നാട്ടുകാര്‍ ഇതൊന്നും കേള്‍ക്കുന്നില്ല. അവര്‍ ക്രിസ്ത്മസ്സ് ഷോപ്പിംഗിന്റെ തിരക്കിലാണ്.
“നഹി.. നഹി..” അയാള്‍ അറിയാവുന്ന ഹിന്ദിയില്‍ മറുപടി പറഞ്ഞു.
പെമ്പറന്നോത്തി ഉണ്ടായിരുന്നെങ്കില്‍ ദൈവദൂഷ്യം പറഞ്ഞതിന് പാപ്പനെ വഴക്കു പറഞ്ഞ് കണ്ണു പൊട്ടിച്ചേനേ. അവളെ കുറിച്ച് ഓര്‍ത്തപ്പോള്‍ പാപ്പന്റെ കണ്ണു നനഞ്ഞു. മനസ്സു പശ്ചാത്താപ വിവശമായി.
“ഈ പാപിയോടു ക്ഷമിക്കണേ കര്‍ത്താവേ, വിഷമം കൊണ്ടു പറഞ്ഞു പോയതാണ്.” അയാള്‍ മനസ്സുകൊണ്ടു മാപ്പിരന്നു.
വൈകുന്നേരം പാപ്പന്‍ വീട്ടില്‍ ചെന്നത് ഹിന്ദിക്കാരന്‍ നല്കിയ പുല്‍ക്കൂടുമായാണ്.
“രഘ്ദോ ഭയ്യ, മേരി തരഹ് സേ ബേട്ടി കോ ദേദോ..” സ്നേഹപൂര്‍വ്വമായ ആ നിര്‍ബന്ധം നിരസിക്കാന്‍ കഴിഞ്ഞില്ല.
പുല്‍ക്കൂട് വരാന്തയില്‍ വച്ചു, മകള്‍ക്കു സന്തോഷമായി. അമ്മ മരിച്ചതില്‍ പിന്നെ വീട്ടിലാദ്യമായാണ് പുല്‍ക്കൂടൊരുക്കുന്നത്. അവള്‍ പഴയ തകരപ്പെട്ടിയില്‍ തപ്പി മരത്തില്‍ ഉണ്ടാക്കിയ ഉണ്ണി ഈശോയുടെ രൂപം അതിനുള്ളില്‍ വച്ചു. ഒരു മെഴുകുതിരി പുല്‍ക്കൂടിനു മുന്നില്‍ കത്തിച്ചു. അതിന്റെ മങ്ങിയ വെളിച്ചത്തില്‍ ഈശോ അനാഥനായി പുല്‍ക്കൂട്ടില്‍ കിടന്നു.
പാപ്പന്‍ വരാന്തയില്‍ ഇരുന്നു കാല്‍ തടവി. കാലിനുള്ളിലെ സ്റ്റീല്‍ റോഡിന്റെ ഉളച്ചില്‍. മലപ്പുറത്ത് സെവന്‍സ് കളിക്കാന്‍ പോയപ്പോള്‍ പറ്റിയ അപകടമാണ്.
“കഞ്ഞി എടുക്കാറായോ അപ്പാ?” മകള്‍ പുറത്തേക്കു വന്നു ചോദിച്ചു.
“ഇപ്പോ വേണ്ട കുറച്ചു കഴിയട്ടെ.” പാപ്പന്‍ കാലുഴിഞ്ഞുകൊണ്ടു പറഞ്ഞു.
അയാള്‍ ഭാര്യയുണ്ടായിരുന്ന കാലത്തെ ക്രിസ്ത്മസ്സിനെ പറ്റി ആലോചിക്കുകയായിരുന്നു. അവള്‍ പോയതിനു ശേഷം ക്രിസ്ത്മസ്സ് ആഘോഷിച്ചിട്ടില്ല. ഇനി അങ്ങനെ വേണ്ട. നാളെ രാവിലെ പോയി കുറച്ച് ഇറച്ചി വാങ്ങണം.
“നിനക്കിറച്ചി വയ്ക്കാനറിയാമോ..” പാപ്പന്‍ മകളോടു ചോദിച്ചു.
“എന്താ അപ്പാ?” അവള്‍ വീടിന് അകത്ത് ആയിരുന്നതു കൊണ്ട് ചോദ്യം ശരിക്കും കേട്ടിട്ടില്ല. ഒന്നുമില്ലെന്ന് അയാള്‍ പറഞ്ഞു.
ഇറച്ചി ഞാന്‍ തന്നെ വയ്ക്കും. തേങ്ങ വറുത്തരച്ച് എരിവു കൂട്ടി ഭാര്യയുണ്ടാക്കിയിരുന്ന അതേ കറി.. പൊന്തി വന്ന പഴയ നല്ല നാളെകളുടെ ഓര്‍മ്മകള്‍ അയാളുടെ മനസ്സ് ആര്‍ദ്രമായി.
മകള്‍ അകത്തുണ്ടായിരുന്ന ജോലി ഒതുക്കി പുറത്തേക്കു വന്നു. “എന്താ അപ്പാ പറഞ്ഞേ?”
“ഒന്നുമില്ല, നീ ഇവിടിരുന്ന് വല്ലതും സംസാരിക്ക്. അപ്പന്‍ കേള്‍ക്കട്ടെ.”
“ഞാനപ്പന് ഒരു കഥ വായിച്ചു തരട്ടേ?”
“കഥയോ?”
“ആ.. ക്രിസ്ത്മസ്സിനെ പറ്റിയുള്ള കഥ.. നല്ല രസമുള്ള കഥയാ”
“നീ എന്തു കുന്തം വേണമെങ്കിലും ചെയ്തോ” അയാള്‍ അനുമതി കൊടുത്തു.
അവള്‍ ഉത്സാഹത്തോടെ അകത്തേക്കോടി ചെന്ന് ഒരു പുസ്തകവുമെടുത്ത് വെളിയില്‍ വന്നു. താളുകള്‍ മറിച്ചു കഥ ഉച്ചത്തില്‍ വായിക്കാന്‍ തുടങ്ങി..
“ക്രിസ്ത്മസ്സിന്റെ തലേനാള്‍, വൈകുന്നേരമാകുന്നേ ഉള്ളൂ എങ്കിലും ആ കൊച്ചു റഷ്യന്‍ ഗ്രാമത്തിലെ കടകളിലും വീടുകളിലും വിളക്കുകള്‍ തെളിഞ്ഞു തുടങ്ങിയിരുന്നു. ശൈത്യകാലം ഏതാണ്ട് അവസാനിക്കാറായിരിക്കുന്നു. അടച്ചിട്ട വീടുകള്‍ക്കുള്ളില്‍ കുട്ടികള്‍ ഓടിക്കളിക്കുന്നു. അവിടെ നിന്ന് ചിരിയുടേയും കലപില സംസാരത്തിന്റെയും ശബ്ദങ്ങളാണ് പുറത്തു വരുന്നത്.
പാപ്പാ പാനോവ് എന്ന വൃദ്ധനായ ചെരുപ്പു കുത്തി തന്റെ കടയില്‍ നിന്നും പുറത്തിറങ്ങി ചുറ്റും ഒന്നും നോക്കി. എങ്ങും സന്തോഷത്തിന്റെ ശബ്ദം, തിളങ്ങുന്ന നക്ഷത്ര വിളക്കുകള്‍ . വീടുകളില്‍ നിന്നും ക്രിസ്ത്മസ്സ് പാചകത്തിന്റെ കൊതിയൂറുന്ന മണം അരിച്ചിറങ്ങുന്നു. അയാള്‍ ഭാര്യയും കുഞ്ഞുങ്ങളുമായി ചേര്‍ന്ന് ആഘോഷിച്ച കഴിഞ്ഞ ക്രിസ്ത്മസ് കാലം ഓര്‍ത്തു. ഇന്നവര്‍ കൂടെയില്ല … ”
മകള്‍ വായന നിര്‍ത്തി കണ്ണുകള്‍ തുടച്ചു. അവള്‍ അമ്മയെ ഓര്‍മ്മിക്കുന്നതാവും.
“നിര്‍ത്താതെ വായിക്ക് നല്ല കഥയാണ്.” പാപ്പന്‍ പറഞ്ഞു. അവള്‍ വായന തുടര്‍ന്നു.
പാപ്പാപാനോവിന്റെ സ്പെഷ്യല്‍ ക്രിസ്ത്മസ്സ് എന്ന ടോള്‍സ്റ്റോയി കഥയില്‍ അവര്‍ തങ്ങളുടെ കുടുംബത്തെ കാണുകയായിരുന്നു.
കഥയുടെ അവസാനമാണ് മകള്‍ ഇപ്പോള്‍ വായിക്കുന്നത്..
“ഞാന്‍ വിശക്കുന്നവനായി വന്നപ്പോള്‍ നീയെനിക്ക് ആഹാരം തന്നു, ഞാന്‍ നഗ്നനായി വന്നപ്പോള്‍ നീയെനിക്കു വസ്ത്രങ്ങള്‍ തന്നു. ഞാന്‍ തണുത്തുറഞ്ഞു നിന്നപ്പോള്‍ നീയെനിക്കു ചൂടു പകര്‍ന്നു. ഇന്നു നീ കണ്ടു സഹായിച്ച എല്ലാവരിലൂടെയും നിന്റയടുക്കല്‍ ഞാനാണ് വന്നത്..
പിന്നെ നീണ്ട നിശബ്ദത, ഘടികാരത്തിന്റെ ടിക് ടിക് ശബ്ദം മാത്രം.
വലുതായ സമാധാനവും സന്തോഷവും ആ മുറിയാകെ നിറഞ്ഞ് പാപ്പാ പാനോവിന്റെ ഹൃദയത്തിലേക്കൊഴുകി. അയാള്‍ക്ക് സന്തോഷം സഹിക്കാനാകാതെ ഉറക്കെ ചിരിക്കാനും ഉച്ചത്തില്‍ പാടാനും തോന്നി.
അദ്ദേഹം വന്നിരുന്നു.. അദ്ദേഹം വന്നിരുന്നു.. ആഹ്ലാദത്തിന്റെ തിര തള്ളലില്‍ അയാള്‍ക്ക് അതു മാത്രമാണ് പറയാന്‍ കഴിഞ്ഞത്.”
മകള്‍ കഥ അവസാനിപ്പിച്ചു.
പാപ്പന്‍ കുരിശു വരച്ചു. “രാജാക്കന്മാരുടെ രാജാവേ, സര്‍വ്വശക്താ, എന്നോടു പൊറുക്കണേ. കഥയിലെ ചെരുപ്പുകുത്തിയുടെ അടുത്തെന്ന പോലെ നീ എന്റെയടുക്കലും വരണേ.” അയാള്‍ നിശബ്ദമായി പ്രാര്‍ത്ഥിച്ചു.
അപ്പോള്‍ അങ്ങു നഗരത്തില്‍ കുറച്ചുപേര്‍ ക്രിസ്തുവിന്റെ പ്രതിമയുടെ മുന്നിലൂടെ പാപ്പന്റെ ചായത്തട്ട് ഒരു വണ്ടിയില്‍ കയറ്റിക്കൊണ്ടു പോയി. തന്നെക്കാള്‍ ശക്തരാണല്ലോ അവരെ അയച്ചതെന്നോര്‍ത്തപ്പോള്‍ ആ ഗോപുരത്തിന്റെ മുകളില്‍ കയറി നില്ക്കുന്നതില്‍ ക്രിസ്തുവിന് നാണക്കേടു തോന്നി.
by