ഒരു സീരിയല്‍ കഥയുടെ അവസാനം
“അതു കൊള്ളാം, അതു കൊള്ളാം, കാര്‍ന്നോത്തി നല്ല തമാശക്കാരി തന്നെ.” അമ്മച്ചി കുലുങ്ങികുലുങ്ങി ചിരിച്ചു.
“മനുഷ്യാ ചങ്കുവേദനയാണെന്ന് കാണിക്കുമ്പോ നെഞ്ചിന്റെ ഇടതുവശത്ത് അമര്‍ത്തണം.” കാര്‍ന്നോത്തി പറഞ്ഞ വാചകം അവരൊന്നുകൂടി ആവര്‍ത്തിച്ചു.. അവിടെ വീണ്ടും കൂട്ടച്ചിരിയായി.
വീട് വിശാലമായ പറമ്പിനുള്ളിലായതു കൊണ്ട് റോഡിലൂടെ പോകുന്നവര്‍ ബഹളമൊന്നും കേള്‍ക്കില്ല. കേട്ടിരുന്നെങ്കില്‍ ഈ വീട്ടിലെ വയസ്സിത്തള്ളക്ക് ഭ്രാന്ത് പിടിച്ചെന്നു കരുതും. അമ്മാതിരി ശബ്ദത്തിലാണ് അമ്മച്ചിയുടെ ചിരി.
ഉമ്മറത്തിരുന്ന് കുറച്ചു ചെറുപ്പക്കാരുമായി സഭ കൂടുയാണമ്മച്ചി. അരികത്ത് കാലിയായ ചായകപ്പുകള്‍ . കൂട്ടത്തില്‍ രസികനായ ചെറുപ്പക്കാരന്‍ കുങ്കുമസന്ധ്യയുടെ കഥ പറയുന്നു. ടിവി കേടായതു കാരണം അമ്മച്ചിക്കത് രണ്ടുമൂന്നാഴ്ച കാണാന്‍ പറ്റിയിട്ടില്ല.
“അനിക്കുട്ടാ നിനക്കെന്താ ഒരു വിഷമം പോലെ. വീട്ടിലിന്നും വഴക്കുണ്ടാക്കിയോ? ഇവന്റെ കള്ളകഥ കേട്ടിട്ടും നിന്റെ മുഖം തെളിയുന്നില്ലല്ലോ? ദേ ഈ പുതിയ കൊച്ചന്റെ മുഖവും അങ്ങനെ തന്നെ.” അനിയുടെ അടുത്തിരുന്ന ദുര്‍മ്മുഖനായ ചെറുപ്പക്കാരനെ ചൂണ്ടി അമ്മച്ചി പറഞ്ഞു.
അനി ഒന്നും മിണ്ടിയില്ല. ദുര്‍മ്മുഖന്‍ ചിരിക്കാനാഞ്ഞെങ്കിലും മുഖം കൂടുതല്‍ വികൃതമായാലോ എന്നോര്‍ത്ത് ശ്രമം ഉപേക്ഷിച്ചു.
“കള്ളകഥയോ? സത്യമായിട്ടും ഉള്ളതാണമ്മച്ചീ. കാര്‍ന്നോര്‍ക്ക് ഹാര്‍ട്ട്അറ്റാക്കാണെന്നു പറഞ്ഞ് പയ്യനെ നാട്ടിലേക്കു വിളിച്ചല്ലോ, കല്ല്യാണത്തിനു തിയതിയും നിശ്ചയിച്ചു. മകനെ എയര്‍പോര്‍ട്ടില്‍ വിളിക്കാന്‍ പോയപ്പോഴല്ലേ തമാശ, അവന്റെ ഒക്കത്തൊരു കുഞ്ഞ്, വശത്ത് ഒരു മദാമ്മ.”
തമാശക്കാഴ്ച നേരിട്ടു കണ്ട പോലെ രസികന്‍ ഉറക്കെ ചിരിച്ചു.
“ഹി..ഹി..ഹി.. കണ്ടതും കാര്‍ന്നോത്തിക്ക്..നെഞ്ചുവേദന വന്നു … അവരെ അവിടുന്ന് നേരെ … ഐസിയുവില്‍ കൊണ്ടുപോയി.. ”
അട്ടഹസിച്ചു ചിരിക്കുന്നതിനിടയില്‍ പലതായി മുറിച്ച് എപ്പിസോഡിന്റെ അവസാനവും പറഞ്ഞു.
ടിവിയില്‍ കാണുന്നതിലും തന്മയത്തോടെയാണ് രസികന്‍ കഥ പറയുന്നത്, പക്ഷേ മുമ്പേ പോലെ ആസ്വദിക്കാന്‍ അമ്മച്ചിക്ക് കഴിഞ്ഞില്ല. മുഖമിരുണ്ടു.
“ജോയിമോനങ്ങനത്തെ കുരുത്തക്കേടൊന്നും കാണിക്കില്ല. അവര്‍ ശബ്ദം താഴ്ത്തി പിറുപിറുത്തു.” പറഞ്ഞതബദ്ധമായെന്നു രസികനു മനസ്സിലായി.
“ഛെ..ഛെ.. സീരിയല് വേറെ ജീവിതം വേറെ, ആ കോന്തനെപോലാണോ അമ്മച്ചിയുടെ പുത്രന്‍ . അനിക്കുട്ടാ ജോയിച്ചനിന്നലെ വിളിച്ചപ്പോ നിന്നോടെന്താ പറഞ്ഞത്?”
രസികന്‍ ചോദിച്ചത് അനിക്കുട്ടന്‍ കേട്ടില്ല. അവന്‍ വേറെന്തോ ആലോചിച്ചുകൊണ്ടിരിക്കുകയാണ്. ദുര്‍മ്മുഖന്‍ അനിക്കുട്ടന്റെ കയ്യില്‍ തട്ടി.
“ആണോ അനിക്കുട്ടാ.. ജോയിച്ചന്‍ വിളിച്ചാരുന്നോ? എന്താന്നറിയില്ല എന്നെ വിളിച്ചിട്ടിപ്പോളൊരാഴ്ചയായി” അമ്മച്ചി താല്‍പ്പര്യത്തോടെ പറഞ്ഞു.
“എന്റടുത്ത് കുറച്ചു നേരമേ സംസാരിച്ചുള്ളൂ.. ഇവിടെ വിളിച്ചിട്ടാരുമെടുക്കാത്തതെന്താ.” അനിക്കുട്ടന്‍ .
“ഞാന്‍ പള്ളീപ്പോയപ്പഴായിരിക്കും.. പറഞ്ഞാട്ടേ.. അവനെന്നാ പറഞ്ഞു.”
“ഓ.. പ്രത്യേകിച്ചൊന്നുമില്ല.. സുഖവിവരമൊക്കെ ചോദിച്ചു, പിന്നെ ഇപ്പോ പുതിയ ഓഫീസിലായെന്നും പറഞ്ഞു..”
“അതു മാത്രമല്ലമ്മച്ചീ ഇവന്‍ പറയാത്തതാ, ഇവിടെ പെണ്ണു നോക്കുന്ന കാര്യമൊക്കെ അറിഞ്ഞപ്പോ ജോയിച്ചനു സന്തോഷമായിട്ടുണ്ട്. എല്ലാം തീരുമാനിച്ചിട്ട് അവനെ വിളിച്ചാ മതിയെന്നാ പറഞ്ഞിരിക്കുന്നെ.” രസികന്‍ ഇടയില്‍ കേറിപറഞ്ഞു.
ഇതെപ്പപറഞ്ഞു എന്ന മട്ടില്‍ അനികുട്ടന്‍ അമ്പരന്നു നോക്കി, രസികന്‍ കണ്ണിറുക്കി കാണിച്ചു. തള്ളക്ക് സന്തോഷമാകുന്ന കാര്യമല്ലേ, അനി തിരുത്താന്‍ പോയില്ല.
“ആ.. അതിനെയാ വളര്‍ത്തുഗുണമെന്നു പറയുന്നെ. എന്റെ ജോയിമോനും ഈ അനിയും ഒരേ പ്രായക്കാരല്ലേ. എന്നിട്ട് അവനിപ്പോ അമേരിക്കയിലും ഇവനിവിടെ വീട്ടുകാരുമായി വഴക്കുണ്ടാക്കിയും. പിന്നെ ഒന്നാലോചിക്കുമ്പോള്‍ ഇതാ ഭേദം, ഒരു സഹായത്തിന് അടുത്തുണ്ടല്ലോ.”
അനിയുടെ മുഖം വീണ്ടും ഇരുണ്ടു. അവന്‍ രാവിലെ വീട്ടുകാരുമായി ഉണ്ടായ വഴക്കിനെ കുറിച്ചാലോചിക്കുകയാവണം. അമ്മച്ചിക്കും വിഷമമായി.
“വിഷമിക്കാതെ, ജോയിച്ചനോടു ഞാന്‍ പറഞ്ഞിട്ടുണ്ട്, നീ പരീക്ഷ പാസ്സായിട്ട് എന്തേലും ചെയ്യാമെന്നാണ് ജോയി പറയുന്നത്.”
“പരീക്ഷ പാസ്സായാല്‍ പിന്നെ എനിക്ക് ഒരു മോന്റെയും സഹായം വേണ്ട.” മന്ത്രിക്കുന്ന മാതിരിയാണ് അവന്‍ പറഞ്ഞതെങ്കിലും അമ്മച്ചി അതു കേട്ടു. അതവരെ കൂടുതല്‍ സങ്കടപ്പെടുത്തി.
“ഇപ്പഴത്തെ പിള്ളാരെ മനസ്സിലാക്കാന്‍ പറ്റുന്നില്ലല്ലോ ദൈവമേ.” അവര്‍ മൌനമായി പ്രാര്‍ത്ഥിച്ചു.
ജോയിമോന്റൊപ്പം കളിച്ചും തല്ലുപിടിച്ചും അനി മിക്കവാറും സമയം ഈ വീട്ടിലായിരുന്നു. തല തിരിഞ്ഞവനാണെങ്കിലും അമ്മച്ചിയെ വലിയ കാര്യമാണ്. ഇതു തന്നെ നോക്കൂ, വരാം വരാം എന്നു പറഞ്ഞു സ്ഥിരം മെക്കാനിക്ക് അമ്മച്ചിയെ മൂന്നാഴ്ചയായി പറ്റിക്കുന്നു. ടിവി കേടായ കാര്യം അനിയോടു ഇന്നലെ ഒന്നു പറഞ്ഞതേയുള്ളൂ. ഇപ്പോള്‍ വന്നിരിക്കുന്നതില്‍ രസികന്‍ ടിവി മെക്കാനിക്കാണ്, ദുര്‍മ്മുഖന്‍ സഹായിയും.
പറഞ്ഞതമ്മച്ചിക്ക് സങ്കടമായെന്ന് അനിക്കും മനസ്സിലായി, മനപ്പൂര്‍വ്വമല്ല, അറിയാതെ പറഞ്ഞുപോയതാണ്.
“ഇരുണ്ടു തുടങ്ങുന്നു, കറന്റിതുവരെ വന്നില്ലല്ലോ അമ്മച്ചീ.” രസികനാണ്, അവനും ദുര്‍മ്മുഖനും പോകാന്‍ ധൃതിയുണ്ട്.
“നീ ഒന്ന് ക്ഷമിക്ക് കൊച്ചനേ, കറന്റു വരും, നിങ്ങളു വരുന്നതിനു തൊട്ടുമുമ്പാ പോയത്, ഞാനീ കപ്പൊക്കെ അകത്തു വച്ചിട്ടു വരാം.” അമ്മച്ചി ചായകപ്പുകളുമെടുത്ത് അനിയുടെ മുഖത്തു നോക്കാതെ അകത്തേക്കു നടന്നു. അവരുടെ വിഷമം മാറിയിട്ടില്ല.
പിറകേ ചെല്ലാന്‍ രസികന്‍ ആംഗ്യം കാണിച്ചു. അനി അമ്മച്ചിയുടെ പുറകേ നടന്നു. മാപ്പു പറയാനാവും.
പണ്ടു തൊട്ടേ ഇങ്ങനെയാണ്. വായില്‍ വരുന്നത് വിളിച്ചു പറയും, പിന്നെ മാപ്പപേക്ഷിച്ച് പിറകേ വരും. ഇന്നങ്ങനെ വിട്ടാലൊക്കില്ല, കണ്ണുപൊട്ടെ ശകാരിക്കുന്നുണ്ട്. അമ്മച്ചി അനി കൂടെയെത്താന്‍ കാത്തു നിന്നു.
അകത്തു നിന്നും വല്ലാത്ത ശബ്ദം, ഉമ്മറത്തിരുന്ന രസികനും ദുര്‍മ്മുഖനും വീടിനുള്ളിലേക്കു ചെന്നു. അകത്ത് കൂടുതല്‍ കട്ടിയുള്ള ഇരുട്ട്, മൊബൈല്‍ വെളിച്ചത്തില്‍ കാഴ്ച പതിയെ തെളിഞ്ഞു. അമ്മച്ചി അനക്കമില്ലാതെ തറയില്‍ കിടക്കുന്നു. സ്വന്തം കൈകളിലേക്കു പകപ്പോടെ നോക്കി അനി അരികില്‍.
അരണ്ട വെളിച്ചത്തില്‍ അമ്മച്ചിയുടെ ദേഹത്തുനിന്നും ഐഫോണിനും, ക്യാമറക്കും, ബൈക്കിനും വേണ്ടുന്ന വകകള്‍ അവര്‍ ഊരിയെടുത്തു.
പുറത്തിറങ്ങി പിറകുവശത്തെ മതിലിലേക്കു നടക്കുമ്പോള്‍ നല്ലവണ്ണം ഇരുട്ടിയിരുന്നു. ദുര്‍മ്മുഖന്‍ ഇടക്ക് നിന്നു,
“നിങ്ങള്‍ നടന്നോ, ഞാന്‍ വന്നേക്കാം.”
“എവിടെ പോവുകയാ? ഒരിടത്തും പോണ്ട, ഇപ്പം കൂടെ വരണം.” അനി ദുര്‍മ്മുഖനെ തടഞ്ഞു.
ദുര്‍മ്മുഖന്റെ വികൃതമായ ചിരി ഇരുട്ടായതിനാല്‍ അനി കണ്ടില്ല.
“അവനിപ്പോ വരുമെടാ..” രസികന്‍ അനിയെ വലിച്ചു കൊണ്ടു മുന്നോട്ടു നടന്നു, ദുര്‍മ്മുഖന്‍ തിരിച്ച് വീട്ടിലേക്കും.
കടല്‍തീരത്ത് തിരകളടിച്ചു കയറുന്ന ഭാഗത്ത് അവര്‍ ദുര്‍മ്മുഖനേയും കാത്തിരുന്നു. കൃത്യമായ ഇടവേളകളില്‍ ലൈറ്റ്ഹൌസില്‍ നിന്നുള്ള വെളിച്ചം അവരെ തഴുകി കടന്നു പൊയ്ക്കൊണ്ടിരുന്നു. തിരകള്‍ ഓരോന്നായി മുന്നോട്ടു കയറിവന്ന് അവരുടെ ദേഹം ഉപ്പു വെള്ളത്തില്‍ കുതിര്‍ത്തു.
കാത്തിരിപ്പിനൊടുവില്‍ ദുര്‍മ്മുഖന്‍ വന്നു. രസികന്റെ ചെവിയില്‍ വൃത്തികെട്ട ചിരിയോടെ അവന്‍ സ്വകാര്യം പറഞ്ഞു.
“ചത്തെങ്കിലും നല്ല ചൂടായിരുന്നു.” രസികന്‍ കുടുകുടെ ചിരിച്ചു കൊണ്ടു തലയാട്ടി.
ഇതൊന്നുമറിയാതെ അനി കടലിന്റെ ഇരുട്ടിലേക്കു നോക്കിയിരിക്കുന്നു. അവന്റെ ഹൃദയത്തില്‍ നിന്നും ചോര ഒലിക്കുകയാണ്. കാരണം, പോക്കറ്റില്‍ കിടന്നിരുന്ന സ്വര്‍ണ്ണ അരിമണിമാല ഒരു പാമ്പായി മാറി നെഞ്ചിനുള്ളിലേക്കിഴഞ്ഞുകയറി അവിടെ ആഞ്ഞാഞ്ഞു കൊത്തി മുറിവേല്‍പ്പിക്കുന്നു.
by