അയഥാര്‍ത്ഥ ലോകത്തിലെ ആവര്‍ത്തന കാഴ്ചകള്‍
നടുവിനു താഴെ ചലിക്കാനാകാതെ, അകന്നകന്നുപോകുന്ന ചുവരുകളെയും നോക്കി വീട്ടിലെ ഈ പഞ്ഞികിടക്കയില്‍ നാളുകളേറെയായി. ആശുപത്രിയില്‍ വച്ച് ഉറകൂടിക്കാനാകാത്ത തുടയെല്ലുകഷ്ണങ്ങളില്‍ സ്റ്റീല്‍ റാഡു കുത്തിയിറക്കി പ്ലാസ്റ്ററിന്റെ കൊക്കൂണില്‍ വേദന കടിച്ചമര്‍ത്തി തപം ചെയ്യുന്നു. ഒരു നാള്‍ ശലഭമായി ഉയരാമെന്ന പ്രതീക്ഷയില്‍.
ഓര്‍മ്മക്കു കറുത്ത ഇടവേളകള്‍.. മറവിയുടെ പഴുതുകളിലൂടെ ഇരുളും വെളിച്ചവും കലര്‍ന്ന ദൃശ്യങ്ങള്‍ ചിതറിവീണു.
എഞ്ചിനീയറിംഗ് കഴിഞ്ഞ് എടുത്താല്‍ പൊങ്ങാത്ത അരിയേഴ്സുമായി മോട്ടോര്‍ബൈക്കില്‍ പായുന്നതാണൊരു കാഴ്ച . പരീക്ഷ പാസ്സാകാത്തതിനു കാരണം ശനിയുടെ അപഹാരമാണെന്നു വീട്ടുകാര്‍ കരുതുന്നു. ജാതകം പരിശോധിച്ച് സമയം മോശമെന്നു ചൊല്ലിയ കണിയാനോ നല്ല കാലം. പരിഹാരപൂജയ്ക്കു നെടു നീളന്‍ ചാര്‍ത്തുകള്‍, മന്ത്രം തെറ്റാതോതാന്‍ കനത്തില്‍ ദക്ഷിണ.
പുരോഗമനകാരിയുടെ വേഷം മാറ്റി വച്ച് വീട്ടുകാര്‍ക്കൊപ്പം നിന്നു. അമ്പലങ്ങളില്‍ പോയി വഴിപാടുകഴിച്ചു. എന്റെ പാവം കുട്ടിയെ കാക്കണേ എന്നു ചൊല്ലി അമ്മ നെടുവീര്‍പ്പിടുമ്പോള്‍ ഹൃദയം കുറ്റബോധത്താല്‍ ശക്തിയില്‍ മിടിച്ചു.
പഠനം കഴിഞ്ഞു തിരിച്ചെത്തിയെങ്കിലും അച്ഛന്‍ പോക്കറ്റ് മണി നിര്‍ത്തിയിരുന്നില്ല. പകലിന്റെ ഇടവേളകളില്‍ നഗരത്തിലെ പ്രശസ്തമായ കഫെറ്റീരിയയില്‍ കൂട്ടുകാരുമായി ചേര്‍ന്നുല്ലാസം. വൈഫൈയുടേയും ലേഡി ഗാഗയുടെ സംഗീതത്തിന്റെയും അദൃശ്യ വളയങ്ങള്‍ക്കിടയില്‍ “വാട്ട്സ് അപ് ഡ്യൂഡ്സ്” എന്നട്ടഹസിച്ചു. വീതിയേറിയ രാജപാതയിലൂടെ മദം കയറി ബൈക്കില്‍ മത്സരിച്ചോടി.
എക്സാമിനു പണമടച്ചു ഹാള്‍ടിക്കറ്റ് വാങ്ങിയിരുന്നു. ഇടയ്ക്കൊക്കെ പുസ്തകമെടുത്തു താളുകള്‍ മറിച്ചു നോക്കി. ഭാഗ്യം സഹായിച്ചാല്‍ പകുതി പേപ്പറുകളെങ്കിലും ക്ലിയര്‍ ചെയ്യേണ്ടതാണ്.
പക്ഷേ ശനി കാത്തുനിന്നു വെളുത്തനായയായി പരീക്ഷക്കു കുറുകെ ചാടി. റേസിംഗിനിടയില്‍ നായയെ വെട്ടിയൊഴിഞ്ഞ് നിലതെറ്റി തെറിച്ചുവീണു. എല്ലുകള്‍ തരിയായി നുറുങ്ങി. ദേഹമാസകലം പ്ലാസ്റ്ററുമായി ആശുപത്രിയില്‍. പിന്നെ വീട്ടിലേക്ക്.
ഒറ്റയ്ക്കായി എന്നു പറയാന്‍ കഴിയില്ല. ശനിക്കും മറ്റു ഗ്രഹങ്ങള്‍ക്കും കോടിക്കണക്കിനു മൈലുകള്‍ താഴെ (അതോ മുകളിലോ) ഭൂമിയെ ചുറ്റുന്ന സാറ്റലൈറ്റുകളുടെ കടാക്ഷത്തിനു നന്ദി. 5 ഇഞ്ച് ടച്ച്സ്ക്രീന്‍ മൊബൈലിലൂടെ കൂട്ടുകാര്‍ “വാട്ട്സ് അപ്” എന്നു ഞോണ്ടിക്കൊണ്ടിരുന്നു. “ഗെറ്റ് വെല്‍ സൂണ്‍” ഗ്രീറ്റിംഗ് കാര്‍ഡുകള്‍ മെയില്‍ബോക്സ് നിറച്ചു.
“കാല്‍ ഞരമ്പിലൂടെ വേദന ഒരു പഴുതാര പോലെ ഇഴഞ്ഞുകയറുന്നു .. ”
പ്ലാസ്റ്ററിട്ട കാലിന്റെ ചിത്രം സഹിതം ഫേസ്ബുക്ക് അപ്ഡേറ്റ്. മിനിട്ടുകള്‍ക്കകം നൂറോളം ലൈക്ക്.
“പഴുതാര ഇഴഞ്ഞു തലയിലെത്തുമ്പോള്‍ തീര്‍ച്ചയായും പറയണം.. ”
ഒരു രസികന്റെ മറുപടി..
വാട്ട്.. പഷുതാര.. !
ദുബായിലുള്ള എന്‍ ആര്‍ ഐ കിലുക്കാംപെട്ടി ഇംഗ്ലീഷില്‍ കിലുങ്ങി.
പകല്‍ ഇന്റര്‍നെറ്റിലും ചുവരില്‍ പതിച്ച ചാനല്‍ പ്രോഗ്രാമുകളിലും അലഞ്ഞുനടന്നു. രാത്രിയില്‍ ഗുളിക ബോധം കെടുത്തി ഉറക്കി. സൂര്യന്‍ പലതവണ അസ്തമിച്ചുദിച്ചു. ഒരുപാതി കൂട്ടുകാര്‍ എപ്പൊഴോ പൊഴിഞ്ഞു പോയി. നല്ലവര്‍ ചുറ്റിനും നിന്നാശ്വസിപ്പിച്ചു. വലയം ചുരുങ്ങി ചുരുങ്ങി വന്നു.
ഏതോ രാത്രി ഒമ്പതുമണി… രാജാവും ജാരനെന്നു താത്രി പറഞ്ഞതായി എക്സ് ക്ലൂസ്സീവ് വാര്‍ത്ത വന്നു. ചാനലുകളും സോഷ്യല്‍ മീഡിയയും സ്മാര്‍ത്തവിചാരത്തിന്റെ നീലനാളങ്ങള്‍ കൊണ്ടു നിറഞ്ഞു. കൂട്ടുകാര്‍ ആരെയൊക്കെ ഭ്രഷ്ടുചൊല്ലണമെന്നു കൂട്ടവിചാരം നടത്താന്‍ പോയി.
മെയിലുകള്‍ക്കും മെസ്സേജുകള്‍ക്കും മറുപടി ഇല്ല. വിളിച്ചുനോക്കി.. എല്ലാവരും എല്ലായ്പൊഴും തിരക്കിലാണ്.
ദിവസങ്ങള്‍ സാക്ഷിവിസ്താരത്തിന്റെ വെള്ളപ്പൊക്കത്തില്‍ ഒഴുകി. ടിവിയില്‍ കോട്ടിട്ട സുന്ദരനും തട്ടമിട്ട സുന്ദരിയും ഇന്നലെകളിലെ വാര്‍ത്തകള്‍ ചവച്ചു തുപ്പി ചെവി വൃത്തികേടാക്കി. അറിയേണ്ട സത്യങ്ങളെ ഇല്ലാക്കാഴ്ചകള്‍ മറച്ചു. ഫേസ്ബുക്കില്‍ പാപം ചെയ്യാത്തവരെറിഞ്ഞ കല്ലുകള്‍ ഉരുണ്ടുകൂടി മലയായി ഉരുള്‍പൊട്ടല്‍ കാത്തുകിടന്നു.
കാലുകളില്‍ ആയിരം പഴുതാരകള്‍ ഒരുമിച്ചു പുളഞ്ഞു. തല സൂചികുത്തേറ്റു പിടഞ്ഞു. മായക്കാഴ്ചകള്‍ കണ്ണുമൂടി. മയക്കം വിടാതെ പേടിച്ചു വിയര്‍ത്തുകുളിക്കുമ്പോള്‍ അമ്മ അരുകിലിരുന്നു തഴുകി ആശ്വസിപ്പിച്ചു. ഗൌരവം സ്ഥിരം ഭാവമാക്കിയ അച്ഛന്‍ ആശങ്കയോടെ അരികില്‍ നില്ക്കുന്നത് കനംതൂങ്ങിയ കണ്‍പോളകള്‍ക്കിടയില്‍ മങ്ങി കാണാം.
പകലിലും വേദനയുടെ ഗാഢ മയക്കങ്ങള്‍. സ്വപ്നങ്ങളില്‍ ഡോക്ടറും നഴ്സും നടത്തുന്ന നീണ്ട പരിശോധനകള്‍, സ്കാനിങ്ങ് മെഷീനിന്റെ നേര്‍ത്ത മൂളല്‍, ആധിപൂണ്ട അച്ഛനും അമ്മയും. ഓര്‍മ്മയില്‍ കറുപ്പു കൂടുന്നു. മരണത്തിന്റെ വഴിയിലൂടെ ഇടറിയുള്ള യാത്ര..
ശരീരത്തിലേക്കു തള്ളിക്കയറുന്ന തണുത്ത കയ്പന്‍ ദ്രാവകത്തിനെതിരെ ശക്തിയായി കൈകാലടിച്ചു നീന്തി.. തലക്കുമീതെ എത്താദൂരത്തിലാണ് വെളിച്ചം. കൈകാലുകള്‍ തളരുന്നു.. അകവും പുറവും ഒരുപോലെ ഇരുള്‍ നിറയുന്നു. ചലനം നിലച്ച് കല്ലുപോലെ പതനങ്ങളിലേക്ക് മുങ്ങിത്താണു.. നീണ്ട നിശബ്ദത, കടുത്ത കറുപ്പു നിറം, ചുറ്റും സമാധാനം..
അടുത്ത പ്രഭാതം, അമ്മയുടെ തലോടലേറ്റു കണ്ണുതുറന്നു.. ഉറക്കം ആഴങ്ങളിലേക്കു വലിച്ചു താഴ്ത്തിയ കണ്ണുമായി കട്ടിലില്‍ ചടഞ്ഞിരിക്കുന്ന അമ്മക്കു സ്നേഹത്തില്‍ ചാലിച്ച പുഞ്ചിരി നല്‍കി.
വിരിമാറ്റി തുറന്നു വച്ച ജനാലയിലൂടെ ഇളംവെയില്‍ ഈ കാഴ്ച ഒളിഞ്ഞു കണ്ടു. മതില്‍ കാഴ്ച മറച്ച തൊടിയിലെ പാടത്തുനിന്നും ശലഭങ്ങള്‍ വെയില്‍ പറഞ്ഞത് നേരാണോ എന്നറിയാന്‍ തേനുണ്ണല്‍ നിര്‍ത്തി മുറ്റത്തേക്കു പറന്നു വന്നു.
മടിയില്‍ കുഞ്ഞായി ഒതുങ്ങികിടന്ന മകന്റെ തെളിഞ്ഞ കണ്ണിലേക്കും മനസ്സിലേക്കും മന്ദഹാസം തൂകി അമ്മ താരാട്ടിന്റെ ഈണത്തില്‍ വര്‍ത്തമാനങ്ങള്‍ പറഞ്ഞു.
അതുകേട്ട് എത്താപ്പുറത്തെ മേശപ്പുറത്തിരുന്ന് മൊബൈലും റിമോട്ടും സൈലന്റ് മോഡില്‍ ചിണുങ്ങി.
by