സ്കിസോഫ്രീനിയ

Dr. Rosen: You can’t reason your way out of this!
Nash: Why not? Why can’t I?
Dr. Rosen: Because your mind is where the problem is in the first place!
Quote from the Movie ‘A Beautiful Mind’ – (2001)

*** *** ***
എല്ലാരും അടുപ്പ് കെടുത്തി കാത്തിരിക്കുകയാണ്. ഇങ്ങറ്റം വന്ന് നിവേദ്യം തളിക്കാന്‍ ഇനിയും ഒത്തിരി നേരമെടുക്കും. സമയം പോക്കണമല്ലോ. മിച്ചമുണ്ടായിരുന്ന ഇത്തിരി മാവില്‍ അരളിയുരുട്ടി അടുപ്പില്‍ വച്ച് കൊതുമ്പുചീള് അകത്തേക്ക് തള്ളി ഊതി തീയാളിച്ച ശേഷം യുവതി അടുത്തിരുന്ന പരിചയക്കാരിയോട് കുശലം ചോദിച്ചു.
“അപ്പം മണ്ടക്കാട്ട് വരൂലേ ചേച്ചീ?”

വാതത്തിന്റെ ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങിയ കാല്‍മുട്ട് തുണിക്ക് മുകളിലൂടെ അമര്‍ത്തിയുഴിഞ്ഞ് കൊണ്ട് പരിചയക്കാരി മറുപടി പറഞ്ഞു.
“വരണമല്ലോ.. എന്നാലും അസുഖം സമ്മതിക്കുമോ എന്നൊരു ഭയം. ചെങ്ങന്നൂര് ദേവി തൃപ്പൂത്തായി കുളിച്ചുമാറിയതും തൊഴുത് , തിരുവരാണിക്കുളത്ത് ദേവിക്കൊപ്പം മഹാദേവന് ചമച്ച് വച്ച് നല്ല ഐശ്വര്യമായി തുടങ്ങിയതാണ്. തിരുവരാണിക്കുളം ഒന്ന് , ചക്കുളത്ത് രണ്ട്, കാഞ്ഞിരോട്ട് മൂന്ന് , പിന്നെ പാണക്കാവ്.. ആ, ഇതും കൂട്ടി ഇപ്പോള്‍ അഞ്ചാമത്തേതാ. കാക്കണേ ദേവീ.., മണ്ടക്കാട്ട് അമ്മയുടെ വലിയപടുക്കയ്ക്ക് അപ്പവും തെരളിയുമുണ്ടാക്കി വയ്ക്കാതെ നിര്‍ത്തിയാല്‍ ഈ പാപിക്ക് ഒരിക്കലും മനസ്സുഖം കിട്ടത്തില്ല.”

“സാറിനെങ്ങനെയുണ്ട്..” യുവതി വീണ്ടും ചോദിച്ചു.

“സാറിനെന്ത് കുഴപ്പം? എന്നും വിരുന്നുകാരല്ലേ. ബന്ധുക്കളും സുഹൃത്തുക്കളും എഴുത്തുകാരും അങ്ങനെ എന്നും ഓരോരുത്തര്‍. ചെലസമയം എനിക്ക് പോലും കുശുമ്പ് തോന്നിപ്പോകും.”
നീണ്ട ഒരു നെടുവീര്‍പ്പിന് ശേഷം അവര്‍ തുടര്‍ന്നു.
“ആരുമില്ലാത്തതിന്റെയും ഒറ്റയ്ക്കാകലിന്റെയും ദെണ്ണമൊക്കെ എന്തിനാണോ ദൈവം നമ്മള്‍ പെണ്ണുങ്ങള്‍ക്ക് മാത്രമിങ്ങനെ പകുത്തു വച്ചിരിക്കുന്നത്..”

“ഡോക്ടര്‍ എന്താ കഴിക്കാത്തത്?”
ഐസ്ക്യൂബിന് മുകളിലേക്ക് മദ്യം നുരഞ്ഞുകയറുന്ന ഗ്ലാസ്സ് എതിര്‍വശത്ത് സോഫയിലിരിക്കുന്ന ഊശാന്താടിക്കാന് നീക്കി വച്ചുകൊണ്ട് അയാള്‍ ചോദിച്ചു.
“ബ്രാന്‍ഡ് പിടിക്കാത്ത കൊണ്ടാണോ? പഴയത് പോലല്ല, ഇപ്പോള്‍ വലിയ പാടാണ്. കാര്‍ഡിയാക് അറസ്റ്റിന് ശേഷം ഉണ്ടായിരുന്നതെല്ലാം എടുത്ത് അവള്‍ ക്ലോസറ്റില്‍ കമഴ്ത്തിക്കളഞ്ഞു.  ഇത് തന്നെ ബുക്ക്ഷെല്‍ഫില്‍ അന്നാകരേനീനയുടെ പിറകില്‍ ഒളിച്ചു വച്ചിരുന്നതാ.”

“ഏയ്, എനിക്കങ്ങനെ പ്രത്യേകിച്ച്  ബ്രാന്‍ഡൊന്നുമില്ല ..”
നിഷേധാര്‍ത്ഥത്തില്‍ തോളുകള്‍ ഉയര്‍ത്തിക്കൊണ്ട് അദ്ദേഹം ഗ്ലാസ്സ് കയ്യിലെടുത്തു. അപ്പോഴാവണം അയാളുടെ ഭാര്യയെക്കുറിച്ചോര്‍ത്തത്,  ഗ്ലാസ്സ് തിരികെ വച്ച് ഡോക്ടര്‍ അടങ്ങിയ ശബ്ദത്തില്‍ അവരെക്കുറിച്ചന്വേഷിച്ചു.

“ഹ.. ഹ.. ഹ..” ഡോക്ടറുടെ പതുക്കം കണ്ടയാള്‍ക്ക് ചിരി പൊട്ടി. ചിരിച്ചു കൊണ്ട് തന്നെ സ്വീകരണ മുറിയുടെ അറ്റത്തേക്ക് നടന്ന് ജനല്‍‌ക്കര്‍ട്ടന്‍ നീക്കി കാട്ടി.  ഫ്ലാറ്റിന്റെ ഉന്നതികളില്‍ നിന്ന് നോക്കുമ്പോള്‍ അങ്ങ് താഴെ നിരത്തുകളില്‍ നിരന്നിരിക്കുന്ന ചെറു പൊട്ടുകളില്‍ നിന്ന്  ഒരായിരം കുഞ്ഞു കുഞ്ഞു മേഘ ശകലങ്ങള്‍ ഉരുവെടുക്കുന്ന അത്ഭുതക്കാഴ്ച.
“പേടിക്കാതെ ഡോക്ടര്‍, ആളിവിടില്ല. അവളിപ്പോള്‍ ഒരു ജൈവബിന്ദുവായി ദാ, ഈ മഹാസമുദ്രത്തിലെവിടെയോ ഒളിഞ്ഞിരിപ്പുണ്ട്..”
താഴെക്കാഴ്ചയില്‍ നിന്ന്  ഭാര്യയെ കണ്ടെത്താനാവണം, അയാള്‍ കുറച്ച്  നേരം കൂടി അവിടെ നിന്നു. കൂട്ടം തെറ്റി ഏകയായി ജനാലയ്ക്കരികിലൂടെ പറന്ന് പോയ ഒരു ദേശാടനക്കിളിക്ക്  ശേഷം കാഴ്ചകള്‍ക്കുമേല്‍ കര്‍ട്ടന്‍ വലിച്ചിട്ടുകൊണ്ട് തുടര്‍ന്നു.
“യൂറോപ്പിലെ ബേഡ് വാച്ചിംഗ്  കോംപറ്റീഷനെ കുറിച്ച് ഡോക്ടര്‍ കേട്ടിട്ടുണ്ടോ. അതിനെപ്പറ്റി ഒരു സിനിമ തന്നെ ഇറങ്ങിയിട്ടുണ്ട്. ‘ദി ബിഗ് ഇയര്‍’, താങ്കള്‍ കണ്ടുകാണും..”

“ഇല്ല, ഞാന്‍ ഇംഗ്ലീഷ് സിനിമകളൊന്നും കാണാറില്ല.” ഡോക്ടര്‍ പറഞ്ഞു.

“അത് കഷ്ടമായിപ്പോയി, ഇത് വളരെ രസമുള്ള മത്സരമാണ്.  നമ്മുടെ സാലിം അലിയും ഇന്ദുചൂഢനും ചെയ്തിരുന്നത്  പോലെ പക്ഷി നിരീക്ഷണം.  ഒരു വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ തരം കിളികളെ കാണുന്നത് ആരെന്ന് മത്സരം. മത്സരിക്കാന്‍ പ്രൊഫഷണല്‍സും അമച്വര്‍സും കാണും. വീടും നാടുമൊക്കെ മറന്ന് പക്ഷികളെത്തെരഞ്ഞ് ഭ്രാന്ത് പിടിച്ചപോലുള്ള പാച്ചില്‍.  മത്സരിക്കുന്നതില്‍ കാശുള്ള സായിപ്പും മദാമ്മയുമൊക്കെ ചെലപ്പോള്‍ നമ്മുടെ പൂവാറും കുമരകത്തും വരാറുണ്ട്..”

ഗ്ലാസ്സില്‍ നിന്ന് അരക്കവിള്‍ ദ്രാവകം വിഴുങ്ങി അയാള്‍ പുറംകൈകൊണ്ട് ചിറി തുടച്ചു.

“താഴെയുള്ളവരില്‍ കൂടുതലും ഇതു പോലെ ഏതോ മത്സരത്തിലാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.  ഇവിടത്തെ ആള് തന്നെ ഇപ്പോള്‍ ഏഴോ എട്ടോ എണ്ണം കഴിഞ്ഞു. ഇനിയും ഒരഞ്ചാറെണ്ണത്തിന് കൂടി പോയാല്‍ ഒരു പക്ഷേ ഇത്തവണത്തെ വിജയി എന്റെ ശ്രീമതി തന്നെ ആയിക്കൂടെന്നില്ല.  ഡോക്ടറിന്  ഇത്  തോന്നിയിട്ടില്ലേ”

എന്ത്  മറുപടി പറയാന്‍. ഡോക്ടര്‍ മിണ്ടാതെ സ്ക്രിബ്ലിംഗ് പാഡ് തുറന്നുവച്ച്  അയാളെ നോക്കിയിരുന്നു.

പ്രതികരണമുണ്ടാകാത്തതില്‍ അയാള്‍ക്ക്  നിരാശ തോന്നിയില്ല എന്ന് പറഞ്ഞുകൂടാ.  എങ്കിലും ഒന്നും പുറത്ത്  കാട്ടാതെ അയാള്‍ വിഷയം മാറ്റി.
“ഞാന്‍ വെറുതെ ഓരോന്നു പറഞ്ഞ് സമയം കളയുന്നു. കണ്ടോ, ഡോക്ടറിതുവരെ ഡ്രിങ്ക്സ്  തൊട്ടിട്ട് കൂടില്ല..”

“സാറ്  സംസാരിക്കുന്നത്  കേട്ടോണ്ടിരിക്കുന്നതാ എനിക്ക്  ഇഷ്ടം.. ഗ്ലാസ്സ്  അവിടിരിക്കട്ടെ, ഇനിയും സമയമുണ്ടല്ലോ”. തുറന്ന് വച്ച സ്ക്രിബ്ലിംഗ്  പാഡിലൂടെ പേനയുടെ മുന ഓടിച്ച് കൊണ്ട്  ഡോക്ടര്‍ പറഞ്ഞു.

“എന്തു സംസാരിക്കാന്‍, ഇപ്പോളെല്ലാം ആ ജനാലയിലൂടെ കണ്ട പോലെയാണ്.  മൊത്തം പുക,  ഒരു തെളിച്ചവുമില്ല.
അല്ല.. ഡോക്ടറോട്  സംസാരിക്കാന്‍ ഒരു കാര്യം ഉണ്ടല്ലോ.  രണ്ടുദിവസം മുന്നത്തെ പത്രം വായിച്ചിരുന്നോ?  ഒന്നാം പേജില്‍ ചിത്രസഹിതം വാര്‍ത്തയുണ്ടായിരുന്നു. ആകാശത്ത് നിന്ന് ഒരു തീഗോളം.
വായിച്ച് കഴിഞ്ഞപ്പോള്‍ തന്നെ എനിക്കൊന്ന് തോന്നി. ഇന്നലെ ആ എഴുത്തുകാരന്‍ വന്നപ്പോള്‍ പറയാം പറയാം പലവട്ടം ആഞ്ഞു. പക്ഷേ പറഞ്ഞില്ല. അവന്‍ എന്തോ സയന്‍സ് ഫിക്ഷനെഴുതുകയല്ലേ.
മറ്റുള്ളവരെപ്പറ്റി കുറ്റം പറയുകയാണെന്ന് ഡോക്ടര്‍ വിചാരിക്കരുത്. കണ്ട ഹോളിവുഡ് സിനിമയൊന്നും പകര്‍ത്തി വച്ചാല്‍ സയന്‍സ് ഫിക്ഷനാവില്ല. പുസ്തകം സ്വീകരിക്കപ്പെടണമെങ്കില്‍ അതിന് നമ്മുടെ മണ്ണിന്റെ മണം ഉണ്ടാവണം.. ഇവിടത്തെ ഇപ്പോഴത്തെ സാമൂഹ്യ പശ്ചാത്തലത്തില്‍ മനുഷ്യന്റെ ജീവിതം കാണണം, ചിത്രീകരിക്കണം. അല്ലാതെ കണ്ട വിക്കിപീഡിയയും പകര്‍ത്തി വച്ച്..”
ആവേശം കൊണ്ട് അയാള്‍ ചെറുതായി കിതച്ചു. കയ്യിലിരുന്ന ഗ്ലാസ്സില്‍ നിന്ന് അരക്കവിള്‍ കൂടി അകത്താക്കി നാവ് കൊണ്ട് ചുണ്ടുകള്‍ നനച്ചു.
“ദുഷ്ടത്തരം എന്നൊന്നും പറയരുത്. ഈ വാര്‍ത്ത വായിച്ചപ്പോള്‍ തോന്നിയൊരു ആശയമാണ്. ഞാനിതിനെയൊരു ശാസ്ത്ര നോവലായി വികസിപ്പിക്കാന്‍ പോവുകാ. എന്നിട്ട്  അവന്റെ ഉണക്കപുസ്തകം ഇറങ്ങുന്നതിന് മുമ്പ്  പബ്ലിഷ് ചെയ്യണം. ഡോക്ടര്‍ക്ക്  രവി ഡിസിയെ പരിചയമുണ്ടല്ലോ, അല്ലേ?”

ഡോക്ടര്‍ തലയാട്ടി.

“ഈ ഉല്‍ക്ക ഉല്‍ക്ക എന്ന് പറയുന്നത് രാത്രി മാത്രമല്ലല്ലോ വരുന്നത്. പകല്‍സമയം ഒരൂക്കന്‍ തീഗോളം, ഇന്നു തന്നായിക്കോട്ടെ, ഈ പൊങ്കാലയിടുന്നവരുടെ ഇടയില്‍ വന്ന്  വീഴുന്നു. ലക്ഷക്കണക്കിന് പൊങ്കാലയടുപ്പുകളില്‍ നിന്നുള്ള അര്‍ച്ചനകളുടേയും പ്രാര്‍ത്ഥനകളുടേയും അംശങ്ങള്‍ പേറിക്കൊണ്ട്  ഈ നഗരം ഒരു വലിയ പൊങ്കാലച്ചൂളായാകുന്നു.. അതിന് നടുവില്‍ ഒരുയര്‍ന്ന കെട്ടിടത്തില്‍ ഒറ്റപ്പെട്ട്  പോകുന്ന കുറെ മനുഷ്യര്‍.. എന്താ നല്ല ആശയമല്ലേ?”

അന്നേരം ഡോക്ടര്‍ തിടുക്കത്തില്‍ സ്ക്രിബ്ലിംഗ് പാഡില്‍ എന്തൊക്കെയോ കുറിക്കുകയായിരുന്നു. ധൃതിയിലുള്ള ചലനം കാരണം ടീപ്പോ കുലുങ്ങി. മദ്യത്തിന്റെ ചില തുള്ളികള്‍ തുളുമ്പി ചാടി ഗ്ലാസ്സിന്റെ അതിര്‍ത്തികള്‍ കടന്ന് പുറത്തേക്ക് വീണു.

“ശരിക്കും ഷോക്കിംഗ് അല്ലേ? ആദ്യത്തെ ഖണ്ഡിക മുതല്‍ വായനക്കാര്‍ നമ്മുടെ കയ്യിലിരിക്കും.. ഡോക്ടര്‍ക്ക്  എന്ത് തോന്നുന്നു?”  അയാള്‍ചോദിച്ചു.

പാവം ഡോക്ടര്‍, ഇതിനും എന്ത് മറുപടിയാണ് പറയുക..
“എനിക്കിതിലൊന്നും വലിയ ഗ്രാഹ്യമില്ല. ഞാന്‍ വെറുമൊരു ഡോക്ടറല്ലേ, എഴുത്തുകാരനോ സിനിമാക്കാരനോ അല്ലല്ലോ.”
അദ്ദേഹം പതിവ്  പോലെ ഒഴിഞ്ഞുമാറി.

“ഡോക്ടര്‍ക്കെപ്പോഴും ചികിത്സയുടെ കാര്യമേയുള്ളൂ. ആ കുറിക്കുന്നതൊക്കെ നിര്‍ത്തി ആദ്യം ഗ്ലാസ്സിലുള്ളത്  കഴിക്കൂ. നിങ്ങളുടെ മനശാസ്ത്രം കുറച്ചൊക്കെ ഞാനും വായിച്ചിട്ടുണ്ട്.  ഒന്ന്  റിലാക്സാകുന്നതിന്  അതില്‍ എതിരൊന്നും പറയുന്നില്ലല്ലോ.”

ഇനിയും കഴിക്കാതിരുന്നാല്‍ അയാള്‍ക്ക്  കോപം വന്നേക്കും. ഡോക്ടര്‍ തോല്‍വി സമ്മതിച്ച്  ഗ്ലാസ്സ് കയ്യിലെടുത്തു, അയാളുടേതുമായി മുട്ടിച്ച് പാനോപചാരം കഴിച്ചു. പിന്നെ അതില്‍ നിന്ന് സാവധാനം നൊട്ടിനുണഞ്ഞുകൊണ്ട്  ചോദിച്ചു.
“വേറെ എന്തൊക്കെയുണ്ട് വിശേഷം. കേസൊക്കെ എവിടെ വരെയായി. മക്കളാരെങ്കിലും വിളിക്കാറുണ്ടോ?”

“അവരുടെ കാര്യം സംസാരിക്കരുതെന്ന് ഡോക്ടറോട് ഞാന്‍ പറഞ്ഞിട്ടുള്ളതല്ലേ?” അയാളുടെ സ്വരം അല്പം ഉയര്‍ന്നു.

“അതെങ്ങനെ പറ്റും. എന്നെ അവരല്ലേ ഏര്‍പ്പാട് ചെയ്തിരിക്കുന്നത്.” ഡോക്ടര്‍ അക്ഷോഭ്യനായിരുന്നു.

“എനിക്കെന്തായാലും സംസാരിക്കാന്‍ താല്പര്യമില്ല. പകരം ഡോക്ടര്‍ക്ക് ഞാന്‍ മറ്റൊന്നു പറഞ്ഞുതരാം. ഇവിടെ രണ്ടു നിലകള്‍ താഴെ ഒരു ഫ്ലാറ്റുണ്ട്, 10C.
അവിടെയൊരു കുട്ടി, ഒരു കുസൃതിചെക്കന്‍. കണ്ണനെന്നാണ് വീട്ടില്‍ വിളിക്കുന്നത്, ഞങ്ങളും. ഇവിടെ വരാന്‍ വലിയ ഇഷ്ടമായിരുന്നു. കുറച്ച് ദിവസമായി ഇങ്ങോട്ടൊന്നും കാണുന്നില്ല. പോയന്വേഷിച്ചാലോ എന്ന് പലവട്ടം കരുതി, പക്ഷേ ഇവിടെയുള്ളവര്‍ ഞങ്ങളെപ്പറ്റി എന്തൊക്കെയാണ് പറയുന്നതെന്ന് ഡോക്ടര്‍ക്കറിയാമല്ലോ. അങ്ങോട്ടേക്ക് പോകാനൊരു മടി.
വരട്ടെ, എവിടെയെങ്കിലും വച്ച് കാണാതിരിക്കുമോ എന്ന് നോക്കിയിരിക്കെ കഴിഞ്ഞ ദിവസം ലിഫ്റ്റില്‍വച്ച് പിടി കിട്ടി. എന്നെ കണ്ടപ്പോള്‍ പേടിപോലെ. എന്താ വരാത്തതെന്ന്  ചോദിച്ചതിന് മിണ്ടാട്ടമില്ല. കൂടുതല്‍ ചോദിച്ചപ്പോള്‍ പേടികൊണ്ട് ഇപ്പോള്‍ നിലവിളിക്കുമെന്ന പോലെയായി. അവനെ കരയിക്കണ്ടെന്നോര്‍ത്ത്  ഞാന്‍ പിന്നെ മിണ്ടിയില്ല. അവനോ.. അവന്റെ ഫ്ലോറെത്തിയപ്പോള്‍ ലിഫ്റ്റില്‍ നിന്നിറങ്ങിയിട്ട്  വാതില്‍ അടയുന്നതിനിടയില്‍ക്കൂടെ പറയുവാ..
I wont come. Mother told me everything. You are insane..
ബുദ്ധി സ്ഥിരതയില്ലാത്തവന്‍, വട്ടന്‍, കിറുക്കന്‍.. പക്ഷേ അതിനില്ലാത്ത ഒരര്‍ത്ഥമാണ് എനിക്ക്  നന്നായി ചേരുമെന്ന് തോന്നുന്നത്  ഭൂതം, ഭൂതത്താന്‍, കരിമ്പൂതം…
ശരിയല്ലേ… സ്വന്തം മക്കളെ നഷ്ടപ്പെടുത്തിയിട്ട് 10C യിലേയും 13F ലേയും നങ്ങേലിമാരുടെ മക്കളെ പിടിച്ച് പറിക്കാന്‍ നില്‍ക്കുന്ന ഭുതം..”
അയാളുടെ ദേഹം വല്ലാതെ വിറച്ചു.
“അയ്യയ്യാ.. വരവമ്പിളിപൂങ്കുല മെയ്യിലണിഞ്ഞ കരിമ്പൂതം..”

കൃഷ്ണമണികള്‍ നിയന്ത്രണം വിട്ട്  മുകളിലേക്ക് മറിഞ്ഞുപോകുന്നത്  ഡോക്ടര്‍ക്ക് കാണാമായിരുന്നു.

“അയ്യയ്യാ.. അയ്യയ്യാ.. വരവമ്പിളിപൂങ്കുല മെയ്യിലണിഞ്ഞ കരിമ്പൂതം..”
വിറയ്ക്കുന്ന ചുണ്ടുകളാല്‍ പൂതപ്പാട്ടിന്റെ വരികള്‍ ചൊല്ലി ചൊല്ലി എണീറ്റു. കയ്യില്‍ നിന്ന് പിടിവിട്ട് വീണ ഗ്ലാസ്സ് നിലത്ത് പലതായി ചിതറിത്തെറിച്ചു.

ഇനി എന്താണ് സംഭവിക്കുക എന്ന് ഡോക്ടര്‍ക്കറിയാം. കുഴഞ്ഞ്  വീഴുന്നതിന് മുമ്പ് താങ്ങി സോഫയില്‍ കിടത്തി. ഷര്‍ട്ടിന്റെ കുടുക്കുകള്‍ അഴിച്ചിട്ട്  ഫാനിന്റെ സ്പീഡ് കൂട്ടി. തലയില്‍ തഴുകി റിലാക്സ്  റിലാക്സ്  എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു.

കുറെ നേരം കഴിഞ്ഞാണ്  അയാള്‍ക്ക്  ബോധം വന്നത്. സാവധാനം എണീറ്റിരിക്കുമ്പോഴും ഡോക്ടര്‍ അവിടെത്തന്നെയുണ്ടായിരുന്നു. നേരത്തേ നടന്ന സംഭവങ്ങളില്‍ അയാള്‍ക്ക്  വല്ലാത്ത നാണക്കേട് തോന്നി. ഡോക്ടറെ കാണാത്ത പോലെ വാതില്‍ക്കലേക്ക്  നോക്കി സോഫയില്‍ ചാരിയിരുന്നു. ഡോക്ടറും ഒന്നും ചോദിക്കാന്‍ പോയില്ല. കുറച്ച് കഴിഞ്ഞ്  അയാള്‍ എന്തോ പറയാന്‍ തുടങ്ങുമ്പോഴേക്കും ഡോര്‍ബെല്ല്  ശബ്ദിച്ചു.

“അവളാണെന്ന് തോന്നുന്നു” അയാള്‍ വാതില്‍ക്കലേക്ക്  നടന്നു.

ചൂടിലും പുകയിലും വിയര്‍ത്ത് കുളിച്ച്  കൈ നിറയെ പൊങ്കാല ഇനങ്ങളുമായി ഭാര്യ വീട്ടിലേക്ക്  കയറി. അടുക്കളയില്‍ സാധനങ്ങള്‍ വച്ച ശേഷം അലങ്കോലപ്പെട്ട്  കിടക്കുന്ന സ്വീകരണ മുറിയിലേക്ക് വന്നപ്പോള്‍ അവര്‍ക്ക്  ഭര്‍ത്താവിനോട് വല്ലാത്ത ദ്വേഷ്യം തോന്നി.
മദ്യഗ്ലാസ്സ്  പൊട്ടിച്ചിതറിക്കിടക്കുന്ന മാര്‍ബിള്‍ത്തറ ചൂണ്ടിക്കൊണ്ട് അവര്‍ കയര്‍ത്തു.
“കണ്ടോ എല്ലാം നശിപ്പിച്ചിട്ടിരിക്കുന്നു.. എന്നെക്കാണാതെ ഇതെവിടെ ഒളിച്ച്  വച്ചിരിക്കുകയായിരുന്നു.”

ഇവള്‍ എന്തിനാണ്  ഇത്രയും കയര്‍ക്കുന്നതെന്ന്  തോന്നിയെങ്കിലും കുപ്പിച്ചില്ലുകള്‍ പെറുക്കാന്‍ അവര്‍ക്കൊപ്പം അയാളും കൂടി. കഷ്ടപ്പെട്ട്  നിലത്ത്  കുത്തിയിരുന്ന് ചീളുകള്‍ പെറുക്കുന്നത്  കണ്ട്  അവര്‍ക്ക്  കോപം തെല്ല് കുറഞ്ഞെന്ന് തോന്നുന്നു.
“എന്നെ ഒറ്റക്കാക്കിയിട്ട് പോകാനുള്ള വഴിയൊക്കെ നോക്കുകയാണല്ലേ? ഇന്നാരാ വന്നത് വക്കീലോ എഴുത്തുകാരനോ..”

“ഡോക്ടര്‍..” അയാള്‍ മുഖമുയര്‍ത്താതെ പറഞ്ഞു.

കുപ്പിച്ചില്ലുകള്‍ മുഴുവന്‍ വാങ്ങി അകത്തെ വേസ്റ്റ് ബോക്സില്‍ ഇട്ട് തിരിച്ച് വന്നപ്പോഴാണ് മേശപ്പുറത്ത് തൊടാതെ വച്ചിരിക്കുന്ന ടാബ്ലറ്റുകള്‍ കണ്ടത്. അവര്‍ക്ക് വീണ്ടും ദ്വേഷ്യമായി.
“കണ്ടോ, മരുന്നൊന്നും കഴിക്കുന്നില്ല. ഡോക്ടറിനേയും വക്കീലിനേയും സഹിക്കാം വല്ല ചട്ടമ്പിയോ കൊലപാതകിയോ വന്നാലെന്തു ചെയ്യും. എന്നെക്കൊണ്ട് വയ്യാഞ്ഞിട്ടാ..” മുമ്പെന്നത്തെയോ വേദന ഇനിയും വിട്ട് പോകാത്തപോലെ അവര്‍ കഴുത്തിനു ചുറ്റും തടവി.

അയാള്‍ക്കവരോട്  അല്പം നീരസമായെന്ന് തോന്നുന്നു. എടുപിടീന്ന് ഗുളികകള്‍ വായിലിട്ട് ജാറുയര്‍ത്തി വെള്ളം വായിലേക്കൊഴിച്ച് കുടിച്ചു, ധൃതി കൊണ്ടാവണം കുറച്ചധികം കഴുത്തില്‍ വീണ് ദേഹത്തൂടെ ഒലിച്ചു.
ഛെ ആകെ നാണക്കേടായി.. കുറ്റം ചെയ്ത് നില്‍ക്കുന്ന കുട്ടികളെ പോലെ അയാള്‍ ഭാര്യയുടെ അടുത്ത ശകാരത്തിന് കാത്തു.
ഇതെല്ലാം കണ്ട്  അവരുടെ കോപം അലിഞ്ഞുപോയിരിക്കണം. അല്ലെങ്കിലും അവര്‍ അയാളോട് ശരിക്കും കോപിച്ചതല്ലല്ലോ.
താഴെ വീണ വെള്ളം അവിടെ കിടക്കട്ടെ, പിന്നെ തുടയ്ക്കാം. ക്ഷീണിച്ച മുഖത്തിന്റെ കോണില്‍ വിരിയാന്‍ തുടങ്ങുന്ന ഹാസവുമായി അവര്‍ സോഫയ്ക്കരികിലേക്ക് നടന്നു.
“മുട്ടിന് നല്ല വേദന, ഒന്നിരിക്കണം..”
ഒഴിഞ്ഞ് കിടക്കുന്ന് സോഫകള്‍ക്ക് അരികിലെത്തിയപ്പോഴാണ് അരൂപിയായ ഡോക്ടറുടെ കാര്യം ഓര്‍ത്തത്.
“എവിടെയാണ് നിങ്ങളുടെ ഡോക്ടര്‍ ഇരിക്കുന്നത്?”

അയാള്‍ ഇടതുവശത്തെ കാലി സോഫയിലേക്ക് തലയാട്ടി.

എതിരെയുള്ള സോഫയില്‍ പതിയെ അമര്‍ന്നുകൊണ്ട് അവര്‍ അയാളെ വിളിച്ചു.
“ഞാന്‍ വന്നല്ലോ.. ഡോക്ടറെ പറഞ്ഞയച്ച് കുറച്ചുനേരം നമുക്കൊറ്റയ്ക്ക് എന്തെങ്കിലും വിശേഷങ്ങള്‍ പറഞ്ഞിരുന്നാലോ..”

Facebooktwitterredditpinterestlinkedinmailby feather