കുട

ആകാശം കറുത്ത് തുടങ്ങുമ്പോള്‍ അവന്‍ പറമ്പില്‍ കൂട്ടുകാരൊത്ത് കളിക്കുകയായിരുന്നു. മാനം ഇരുണ്ടത് കൊണ്ട്  മാത്രം മഴപെയ്യണമെന്നില്ല. പടിഞ്ഞാറേക്ക് നോക്കി,  മേഘങ്ങള്‍ കറുത്ത് കറുത്ത് മുകളിലേക്ക് കയറി വരുന്നു. കണ്ടതും മഴ വരുന്നേ എന്നാര്‍ത്ത് വീട്ടിലേക്ക് ഒരോട്ടം.  അച്ഛന്‍ വരാന്തയിലിരുന്ന് പുസ്തകം വായിക്കുന്നു.‌‌

എന്തെടാ ബഹളം വയ്ക്കുന്നെ? സമാധാനമായിട്ട് വായിക്കാനും സമ്മതിക്കില്ലേ..

മഴ പെയ്യാന്‍ പോകുന്നു..

അതിന്?

അമ്മയ്ക്ക് കുട കൊണ്ട് കൊടുക്കണ്ടേ?

നിനക്ക് വെള്ളത്തില്‍ കളിക്കാനല്ലേ, വേണ്ട. അച്ഛന്‍ പുസ്തകത്തിലേക്ക് മുഖം താഴ്ത്തി.

എനിക്ക് വെള്ളത്തില്‍ കളിക്കാനല്ല..

വേണ്ടെന്ന് നിന്നോടല്ലേ പറഞ്ഞത്.

വേണ്ടെങ്കി വേണ്ട. അമ്മയ്ക്ക് വയ്യാതായി കിടക്കുമ്പോ അതെടുത്ത് താടാ ഇതെടുത്ത് താടാ എന്ന് പറഞ്ഞ് എന്നെ വിളിക്കാതിരുന്നാ മതി. അവന്‍ പിറുപിറുത്തു കൊണ്ട് പിന്തിരിഞ്ഞു.

നീയെന്താ പറഞ്ഞത്..

ഒന്നൂല്ല..

ഇവിടെ വാ.. കുട കൊണ്ടു കൊടുത്തോ.. പക്ഷേ പതുക്കെ പോകണം, വഴിയില്‍ കളിച്ചെന്നറിഞ്ഞാല്‍…

ശരി.. ശരി..
മഴയത്ത് ഒരു കുടയ്ക്ക് താഴെ അവനും, നനഞ്ഞകാറ്റും, ചിതറിതെറിക്കുന്ന നീര്‍ത്തുള്ളികളും.. ഓര്‍ത്തപ്പോള്‍ തന്നെ കുളിര് കോരി. ഓടി അകത്ത് കയറി സ്കൂളില്‍ കൊണ്ടുപോകുന്ന കുട എടുത്തു.  പിന്നെ അച്ഛന്റെ മുറിയിലേക്ക്.

എട.. എട.. എന്തിനാ അവിടെ കയറുന്നെ. അച്ഛന്‍ പിറകെ നിന്ന് വിളിച്ചു.

പുതിയ കുട എടുക്കാന്‍.

അതെന്തിന്? നിന്റെ കുട ഇല്ലേ?

അതു പഴയതല്ലേ, ചെറുതും. രണ്ടു പേര്‍ക്ക് എന്തായാലും പറ്റില്ല, നനയും.

അച്ഛനതത്ര ഇഷ്ടപ്പെട്ടില്ല.
ഇതൊരുമാതിരി.. എന്തൊക്കെയൊ ശബ്ദം താഴ്ത്തി പറഞ്ഞ്കൊണ്ട് അയാള്‍ മുന്നോട്ട് വന്നു.
നില്ക്ക്, അവിടെ ഇളക്കി മറിക്കാതെ.
അകത്തേക്ക് വന്ന് പ്ലാസ്റ്റിക്ക് കൂടിനകത്ത് അഴുക്കാകാതെ വച്ചിരുന്ന പുത്തന്‍ കുട എടുത്ത് മകന് കൊടുത്തു.
കളയാതെ സൂക്ഷിച്ച്‌ കൊണ്ടുപോയി അമ്മയ്ക്ക് കൊടുക്കണം. ഇപ്പോ തുറക്കണ്ട, നിനക്ക് കുട ഉണ്ടല്ലോ.

ഉണ്ട്..
പുറത്ത് അപ്പോഴേക്കും മഴ ചാറി തുടങ്ങിയിരുന്നു.. അവന്‍ സ്വന്തം കുട നിവര്‍ത്തി, കമ്പി പൊട്ടാറായ നരച്ച് വെളുത്ത ശീലക്കുട..

എടാ, കുട കളയരുത്..  ഇല്ലാത്ത കാശ് കൊടുത്ത് വാങ്ങിയതാണ്.. നിനക്ക് അതിന്റെ കഷ്ടപ്പാടറിയില്ല.. കളഞ്ഞിട്ട് വന്നാലുണ്ടല്ലോ..

ഓ.. എന്ന് പറഞ്ഞ് അവന്‍ ട്‌റുറൂം… എന്ന് വണ്ടിയോടിച്ച് പുറപ്പെട്ടു..

പതുക്കെ പോവാനാണ് പറഞ്ഞത്.. കുട മുറുകെ പിടിക്കണം.. അച്ഛന്‍  പിന്നീട് വിളിച്ച് പറഞ്ഞതൊന്നും അവന്റെ ചെവിയിലെത്തിയില്ല.

കുറച്ച് ദൂരം അങ്ങനെ പോയി, കാറ്റത്ത് അനുസരണയില്ലാതെ കുട അങ്ങോട്ടുമിങ്ങോട്ടും ആടാന്‍ തുടങ്ങിയപ്പോള്‍ ഓട്ടം നിര്‍ത്തി നടന്നു.  മണ്ണ് നനഞ്ഞതായി  തോന്നുമെങ്കിലും കാലടി പതിയുന്നിടത്ത് നിന്നെല്ലാം ഉണങ്ങിയ മണ്ണ് തല ഉയര്‍ത്തി നോക്കി. ചുറ്റും പുതുമഴയുടെ ഗന്ധം. നിലത്ത് വീഴുന്ന നീര്‍‌തുള്ളി ശകലങ്ങള്‍ ചിലത് മണ്ണിന്റെ മണവും പേറി അന്തരീക്ഷത്തില്‍ ആവിയായി നിറയുന്നതാണ്. മഴ കണ്ട് പേടിച്ചപോലെ സൂര്യന്‍ കാര്‍മേഘങ്ങള്‍ക്കിടയില്‍ ഒളിച്ച് തുടങ്ങുന്നു.

അച്ഛന്റെ കുട കക്ഷത്തിറുക്കി വച്ച്, മഴവീണ് ഞെട്ടിത്തരിക്കുന്ന വേലിചെമ്പരത്തികളേയും മണ്ണിലേക്ക് തലകുനിക്കുന്ന പുല്‍നാമ്പുകളേയും കണ്ട് കണ്ട് അവന്‍ നടന്നു. കവലയായപ്പോഴേക്കും മഴ ചെറുതായി കനത്തു വന്നു. വലിയ ചന്തക്ക് ഇനിയും ഏറെ വഴി നടക്കാനുണ്ട്.

ഡാ, ചെക്കാ..
കവലയില്‍ ചായക്കടയുടെ ഇറമ്പത്ത് നിന്ന് കടവൂരാന്‍  വിളിച്ചു. വെള്ളയും വെള്ളയും ധരിച്ച് ബീഡിപ്പുക മഴയത്തേക്കൂതി നില്ക്കുന്ന ആളെ ആദ്യം കണ്ടപ്പോള്‍ മനസ്സിലായില്ല. സാധാരണ ഒരൊറ്റ തോര്‍ത്തു മാത്രമുടുത്ത് പറമ്പില്‍  നില്ക്കുക്കുന്നതല്ലേ കാണാറ്.
ആള് നല്ല പത്രാസ്സിലാണല്ലോ എന്ന് മനസ്സിലോര്‍ത്ത് അവന്‍ അടുത്ത് ചെന്നു.
അയല്‍പക്കമാണെങ്കിലും അങ്ങേരുടെ പണിത്തിരക്കും ഇവന്റെ കളിക്കിറുക്കും കാരണം വലുതായൊന്നും ഇതുവരെ തമ്മില്‍ സംസാരിച്ചിട്ടില്ല.

എങ്ങോട്ടാ പോകുന്നെ..

എന്തിനാ അറിയുന്നേ..
കൊണ്ടും കൊടുത്തുമായിരുന്നു തുടക്കം..

മണുങ്ങൂസാ.. തര്‍ക്കുത്തരം പറയാതെ ചോദിച്ചതിന് മറുപടി പറ, എങ്ങോട്ടാ പോകുന്നെ?

ചന്തയില്‍.

നീ ആണോ ഇപ്പോള്‍ ചന്തയില്‍ പോകുന്നെ..

അല്ല, അമ്മക്ക് കുട കൊടുക്കാനാണ്, കണ്ടില്ലേ.  അവന്‍ കക്ഷത്ത് വച്ചിരിക്കുന്ന കുട കാണിച്ചു.

അതിങ്ങ് താ.  ഞാനും വരണുണ്ട്.

എന്തിനാ.. പറ്റില്ല, ഇതമ്മയ്ക്കുള്ള കുടയാണ്.

ഇങ്ങു താടാ, ചന്ത വരെ ഞാന്‍ പിടിച്ചൂന്ന് വച്ച് അതിനെന്ത് പറ്റാനാണ്.

നനയില്ലേ?..  അവന്റെ മറുപടി കേട്ട് അയാളും കടയിലിരുന്നവരുമൊക്കെ ചിരിച്ചു.

മണ്ടക്കഴുതേ, നനയാന്‍  തന്നെയല്ലേ കുട ഉണ്ടാക്കിയിരിക്കുന്നത്..
പിന്നെ ചോദ്യവും പറച്ചിലുമൊന്നും ഉണ്ടായിരുന്നില്ല. കടവൂരാന്‍ മഴയത്തേക്കിറങ്ങി അവന്റെ എതിര്‍പ്പ് വകവയ്ക്കാതെ കുട പിടിച്ചെടുത്തു നിവര്‍ത്തി.

ഹാ ഹാ കൊള്ളാമല്ലോ, നല്ല മാന്‍മാര്‍ക്ക് കുട.

അവന് ദ്വേഷ്യവും സങ്കടവുമൊക്കെ വന്നു. പുതിയ കുട പിടിച്ചിട്ട് പഴയത് കൊടുത്താ മതിയായിരുന്നു.
അച്ഛന്റെ കുടയാ, ചീത്തയാക്കരുത്. കേടായാല്‍ പുതിയത് വാങ്ങിത്തരേണ്ടി വരും.

അയാള്‍ അതൊന്നും കേള്‍ക്കാതെ പളാ പളാ തിളങ്ങുന്ന കുടയും പിടിച്ച് ഗമയില്‍ കാല് നീട്ടി നടന്നു. ചേമ്പിലയില്‍ വീണതുപോലെ വെള്ളം അയാളുടെ കുടയില്‍ തെറിച്ച് ഉരുണ്ടിറങ്ങി വീണു.

അവന്‍ പിറകേ ഓടിച്ചെന്നു പറഞ്ഞു.
പതുക്കെ പോണം, ഇത്രയ്ക് സ്പീഡാണെങ്കില്‍ പറ്റില്ല..

ഇവനാരെടാ എന്ന മട്ടില്‍ തിരിഞ്ഞുനോക്കിയെങ്കിലും അയാള്‍ വേഗം കുറച്ചു. മഴ അവരുടെ ചുറ്റും ചറുചറു പിറുപിറെ എന്ന് താളത്തില്‍ പെയ്തു.

കടവൂരാനെങ്ങോട്ടാ?

അശ്ശടാ, കടവൂരാനെന്നോ?
അയാള്‍ കയര്‍ത്തു..
എന്താടാ, എനിക്കും നിനക്കും ഒരേ പ്രായമാണോ. നരുന്ത് ചെക്കന്റെ വിളച്ചില്‍ കണ്ടില്ലേ. അപ്പൂപ്പാ എന്നു വിളിക്കെടാ. അല്ലെങ്കില്‍ വേണ്ട മാമനെന്നു വിളിക്കെടാ..

എത്രയോ കാലമായി കാണുന്നു. പക്ഷേ ഇന്നാണ് നേരില്‍ ഇത്രയും സംസാരിക്കുന്നത്. സാധുമനുഷ്യനെ പോലെ ഇരിക്കുന്നയാള്‍ക്ക് ഇങ്ങനെയൊക്കെ ദ്വേഷ്യപ്പെടാന്‍ പറ്റുമോ.. അവന്‍ വിരണ്ടു.

കുറച്ച് കഴിഞ്ഞ് ധൈര്യം സംഭരിച്ച് വീണ്ടും ചോദിച്ചു.
മാമന്‍ പറഞ്ഞില്ലല്ലോ, എങ്ങോട്ടാ പോകുന്നെ.

അയാള്‍ ഒരു നിമിഷം നടത്ത നിര്‍ത്തി അവനെ നോക്കി. നേരത്തെ കണ്ട കോപമൊക്കെ മുഖത്ത് നിന്നും പോയിരിക്കുന്നു. ഇപ്പോള്‍ കള്ളം ചെയ്യുന്ന കുട്ടിയുടെ ഭാവമാണ്. ഒരു രഹസ്യം പോലെ അയാള്‍ പറഞ്ഞു.
ഞാനേ ഈ നാട് വിട്ട് പോവുകാ..

നാട് വിട്ട് പോവുകയോ? അപ്പോ ചെല്ലമ്മയക്കനാരാ?

കണ്ടോ, എല്ലാവര്‍ക്കും അവളുടെ കാര്യമാണ്. മൂധേവി, അവള്‍ക്ക് ഞാന്‍ വച്ചിട്ടുണ്ട്.  ആണുങ്ങളെ മാനിക്കേണ്ടതെങ്ങനെയെന്ന് അവള്‍ക്കറിയാമോ.  ആ പറമ്പ് കണ്ട് കൊതിച്ചിട്ട് അവളെ സംബന്ധം ചെയ്തെന്നാണ് എന്തരവളുടെ വിചാരം. ത്ഫൂ.. എന്ത് വിചാരിച്ചു. ഞങ്ങള് ഒന്നാന്തരം പടനായന്മാരാണ്, അതവക്കറിഞ്ഞൂടാ..

അവന്‍ വീണ്ടും ഞെട്ടി. ചാറ്റല്‍ മഴയത്ത് പ്രതീക്ഷിക്കാതെ ഇടി വീഴുന്നമാതിരിയാണല്ലോ സംസാരം. ഇതിങ്ങനെ വിട്ടാല്‍ പറ്റില്ല. കുറച്ച് കഴിഞ്ഞ് വീണ്ടും ഒരു ചോദ്യം എടുത്തിട്ടു.
ശങ്കരന്‍ മാമനും മറ്റും വരുമ്പഴോ?

അവനും കണക്കല്ലയോ, അവളുടെ കുടുംബഗുണം മുഴുവനുണ്ട്. പേര്‍ഷ്യേന്ന് കൊണ്ട് വരുന്നതൊക്കെ അവന്‍ സംബന്ധം ചെയ്തിടത്തല്ലേ കൊണ്ടു കൊടുക്കുന്നെ.. പെണ്ണന്‍.
തന്തയെ കാണാന്‍ തോന്നുമ്പോള്‍ ഇനി കടവൂര് വരട്ടെ..

മഴയ്ക്കൊപ്പം തന്നെ കാറ്റും ശക്തിയാര്‍ജ്ജിച്ചു. അവന്റെ കയ്യിലുണ്ടായിരുന്ന കമ്പിയൊടിഞ്ഞ കുട കാറ്റിനൊപ്പം ഏന്തി വലിഞ്ഞ് പറന്നു പോകാന്‍ തയ്യാറെടുത്തു. അത് കണ്ട് അയാള്‍ അടുത്തേക്ക് വന്ന് അവനെ കുടയ്ക്കകത്താക്കി. പഴയ കുട ഒടിയാതെ സൂക്ഷിച്ച് മടക്കി അവന്റെ കയ്യില്‍ കൊടുത്തു. അവന്റെ തോളത്ത് കയ്യിട്ട് ചേര്‍ത്ത് പിടിച്ചാണ് ഇപ്പോള്‍ നടപ്പ്.

പെയ്യും.. പെയ്യും.. ഇങ്ങനെ പോയാല്‍ മഴ പെയ്ത് പെയ്ത് നാട് നശിക്കും. നിനക്കറിയാമോ? പെണ്ണുങ്ങള്‍ നെഗളിക്കുന്നിടത്തൊക്കെ ഇങ്ങനാ.

അപ്പോ, ആണുങ്ങള്‍ക്കൊന്നും പറ്റത്തില്ലേ.

മണ്ടത്തരം പറയാതെ വാടാ.. അയാളവന്റെ തോളില്‍ ചെറുതായി അടിച്ചു.
എന്തായാലും അവളനുഭവിക്കും.  നായരില്ലാത്തതിന്റെ കഷ്ടപ്പാട് പെണ്ണറിയാന്‍ കിടക്കുന്നതേ ഉള്ളൂ.

അപ്പോ മാമന്‍ ശരിക്കും നാട് വിട്ട് പോവുകയാണോ?

ഞാനിത് വരെ നിന്റെ കാതിലെന്താ, നാമം ചൊല്ലുകയായിരുന്നോ.  വേഗം നടക്കെടാ. പതിനൊന്നിരുപതിന്റെ വണ്ടി പിടിക്കേണ്ടതാ.

ചെല്ലമ്മയക്കന്റെ വീട്ടില്‍ നിന്നാണ് അവര്‍ പാല് വാങ്ങിക്കുന്നത്. നാലഞ്ച് പശുക്കളുണ്ട്. രാവിലെ എണീറ്റ് അതിനെയെല്ലാം കറക്കുന്നതും കുളിപ്പിക്കുന്നതും ഒക്കെ അയാളാണ്. അവന്‍ ഉറക്കമെണീക്കുമ്പോള്‍ ചെല്ലമ്മയക്കന്‍ പാലും കൊണ്ട് ആണിപിടിച്ച കാല് തറയില്‍ അധികം അമര്‍ത്താതെ ആടിയാടി വന്ന് അടുക്കളപ്പുറത്തെ പാതകത്തിലിരുന്ന് അവന്റെ അമ്മയോട് ഓരോന്ന് പറയും. മിക്കവാറും സംസാരിച്ചിരുന്ന് സമയം വൈകി ‘അയ്യോ അങ്ങേരിപ്പം തൊഴുത്തും കഴുകി എന്നെത്തിരക്കുന്നുണ്ടാകും’ എന്ന് പറഞ്ഞ് ധൃതിയില്‍ പോകയാണ് പതിവ്.
തൊഴുത്ത് കഴുകിക്കഴിഞ്ഞാല്‍ അയാള്‍ക്ക് കാപ്പികുടിക്കാനുള്ള നേരമാണ്. അത് കഴിഞ്ഞാല്‍ കൈക്കോട്ടുമെടുത്ത് പറമ്പിലേക്ക്. കിളയും നനയും പുതയിടലും ഒക്കെയായി പിന്നെ ആകെ ഒരു ബഹളം തന്നെ. ഇടയ്ക്ക് ആഹാരത്തിന് സമയമാവുമ്പോള്‍ ചെല്ലമ്മയക്കന്‍ വിളിക്കും. അന്നേരം പണി നിര്‍ത്തി കയ്യുംകാലും ഒന്ന് കഴുകിയെന്ന് കാട്ടി അകത്ത് കയറും. ആഹാരം കഴിഞ്ഞ് കുറച്ചിരുന്ന് വീണ്ടും പറമ്പിലോട്ട്.

അവന്റെ അമ്മ ചിലപ്പോഴൊക്കെ അച്ഛനെ ഇതു കാണിച്ച് പറയും.
ആണുങ്ങളെങ്ങനെയാ പണിയെടുക്കുന്നതെന്ന് നോക്ക്.  രാവിലെ തുടങ്ങുന്നതാണ്.  ഒരു വിളംബവുമില്ലാതെ സന്ധ്യ വരെ ചെയ്യും.  ഇവിടെ അവധിയായാലെന്താ അല്ലെങ്കിലെന്താ, ഒരു പുസ്തകവും നിവര്‍ത്തി എവിടെയെങ്കിലും തൂങ്ങിയും താങ്ങിയും ഇരുന്നോളും.  നാല് മൂട് തെങ്ങുള്ളതിന്റെ തടം കിളച്ച് ഇത്തിരി വളമിട്ടെങ്കില്‍ അതീന്ന് അരയ്ക്കാനുള്ളതെങ്കിലും കിട്ടിയേനേ.

കേള്‍ക്കുന്നതും അച്ഛന് ഹാലിളകും.
ആ കിളവനെ പോലെ അച്ചിവീട്ടില്‍ അടകിടക്കുന്ന ഏഴാംകൂലിയല്ല ഞാന്‍. മില്ലിലെ സൂപ്പര്‍വൈസറാണ്. നിനക്കേ സൌകര്യം കൂടിയതിന്റെ കുഴപ്പമാണ്. ഉള്ളത് വച്ച് കുടിച്ച് മിണ്ടാതെ പൊറുക്കാമെങ്കില്‍ മതി. എന്നെ ഭരിക്കാനൊന്നും വരണ്ട.
അച്ഛന്‍ ഇങ്ങനെ കലി തുള്ളാന്‍ തുടങ്ങിയാല്‍ പിന്നെ അമ്മയൊന്നും പറയാറില്ല.

മഴ വീണ്ടും കനത്തു. വഴിയില്‍ വെള്ളം പൊങ്ങിത്തുടങ്ങി. അയാള്‍ നിന്ന് മുണ്ട് മാടിക്കുത്തി. അവനെ പൂവ് പോലെ തൂക്കിയെടുത്ത് എളിയിലിരുത്തി.

മാമന്‍ ചെല്ലമ്മയക്കന്റടുത്ത് പിണങ്ങിയാണോ പോകുന്നെ?

ഞാനല്ല പിണങ്ങിയത്, അവളാ. ആ മൂശേട്ട വിചാരിക്കുന്നത് ഞാന്‍ ഗതിയൊന്നുമില്ലാത്തവനാണെന്നാ. എന്റെ മൂത്ത മൂന്ന് പെങ്ങന്മാര്, ചെറുപ്പത്തില്‍ നിലത്ത് വയ്ക്കാതെയാണ് എന്നെ വളര്‍ത്തിയത്.  എന്നിട്ടിപ്പോ ഈ മൂധേവി കാരണം എന്നെ കാണാന്‍ കൂടെ വരാതായി. അവരെ കാണാഞ്ഞിട്ട് കണ്ണ് കഴയ്ക്കുന്നു. പശു, പറമ്പ്, തേങ്ങ, മാങ്ങ എന്ന് പറഞ്ഞ് എന്നെയും പോകാന്‍ വിടത്തില്ല. പെങ്ങന്മാര്‍ക്ക് ഇപ്പോഴും എന്ത് സ്നേഹമാണെന്നറിയാമോ? ആങ്ങളേ എന്ന് വിളിക്കുന്നത് കേട്ടാല്‍ കാതില്‍ തേനൊഴുകുന്ന മാതിരിയാണ്.

പക്ഷേ ചെല്ലമ്മയക്കന്‍ അതല്ലല്ലോ പറഞ്ഞത്?

അവര്‍ അവന്റെ അമ്മയോട് പറഞ്ഞതിതാണ്..
എന്റെടിയേ നീ കാണുന്നതല്ലേ. എപ്പഴും പണി പണി എന്നൊരു വിചാരമേയുള്ളൂ. നൂലുകെട്ടിനോ പാലുകാച്ചിനോ പോകാന്‍ ഒരുങ്ങി നിക്കുമ്പോഴായിരിക്കും വശമില്ലാതെ ഒരു കാറ്റടിക്കുന്നെ.  ഉടനെ അയ്യോ വാഴയ്ക്ക് താങ്ങ് കെട്ടിയില്ല എന്ന് പറഞ്ഞ് ഉടുത്തിരിക്കുന്നതും പറിച്ച് കളഞ്ഞ് തോര്‍ത്തുമുണ്ടുടുത്ത് ഒരോട്ടമാണ്.  എവിടെ പോവാനിറങ്ങിയാലും ഇത് തന്നെ, ഓരോന്നോരോന്നു പറഞ്ഞ് മുടക്കും. ഏതെങ്കിലും ഒരു നല്ല കാര്യത്തിന് പോയിട്ട് എത്ര കാലമായെന്നറിയാമോ..

അതുകൊണ്ടെന്ത്, അക്കന് വച്ചുണ്ണാന്‍ വെളിയില്‍ നിന്നൊന്നും വേടിക്കണ്ടല്ലോ. അമ്മ സമാധാനിപ്പിച്ചു.

നീ പറഞ്ഞത് ശരി തന്നെ പെണ്ണേ, പണ്ടിവിടം ഒന്നു കാണണമായിരുന്നു. നറുന്ത് കൊച്ചിങ്ങ മാത്രം കായ്ക്കുന്ന പത്തിരുപത് മൂട് തെങ്ങും നടുവിലൊരു കൂരയുമായിട്ട് തരിശ് പിടിച്ച പറമ്പ്. ഇക്കാണുന്നതൊക്കെ അങ്ങേര്‍ നട്ടുനനച്ചുണ്ടാക്കിയതാ. കൂര പൊളിച്ച് കളഞ്ഞ് നല്ല വീട് വച്ചു, മോളെ അന്തസ്സായിട്ട് കെട്ടിച്ചു, മോനെ പേര്‍‍ഷ്യയില്‍ വിട്ടു. എല്ലാം ഈ പറമ്പില്‍ നിന്ന് കൊത്തികിളച്ചുണ്ടാക്കിയതാ.

നീയെന്താടാ ഇവിടെ നിക്കുന്നെ, മൂത്തവര് സംസാരിക്കുന്നത് കേട്ട് നിക്കാന്‍ പാടില്ല എന്നറിഞ്ഞ് കൂടെ? അവരവനെ സഭയില്‍ നിന്നോടിച്ചു. അവനോ, വാതിലിന് പുറത്തിറങ്ങി അകത്തേക്ക് ചെവി കൂര്‍പ്പിച്ചു.

എനിക്കൊരു കാര്യത്തിലേ പരാതിയുള്ളൂ.. നിനക്കറിയാമല്ലോ, പാവമാ.. പെങ്ങന്മാര് പൂവേ, മൊട്ടേ എന്നൊക്കെ പറഞ്ഞ് മയക്കി നാട്ടിലുള്ളതൊക്കെ വീതിച്ചെടുത്തു. അതു പോരാഞ്ഞ് ഇവിടുന്നും കൊണ്ട്പോവാനായിട്ട് കറങ്ങി കറങ്ങി വന്നപ്പോ ഞാന്‍ ഒരിക്കലിത്തിരി ഒച്ചയിട്ടു. ഇപ്പോ ആരും വരാറില്ല. അങ്ങേര്‍ക്കതിന്റെ നീരസവും പോയിട്ടില്ല.

സ്വന്തക്കാരെ വെറുപ്പിക്കാതെ നിര്‍ത്തരുതോ? നിങ്ങള് രണ്ടുപേരും കൂടി ഒരു ദിവസമങ്ങ് പോകാത്തതെന്ത്.. അമ്മ ചോദിച്ചു.

ഇതാണ് എനിക്ക് പിടിക്കാത്തത്, പുറത്ത് പോകാനിറങ്ങുമ്പോളുള്ള കാര്യം ഞാനിപ്പം പറഞ്ഞതല്ലേയുള്ളൂ. പിന്നെ ഈ വയ്യാത്ത കാലും വച്ച് എനിക്കെത്രടം വരെ പോകാന്‍ പറ്റും.. അച്ചച്ചോ, റേഡിയോയില്‍ പ്രഭാതഭേരിയല്ലേ കേക്കുന്നത്, അങ്ങേരിപ്പം എന്നെ തിരക്കുന്നുണ്ടാവും.

അവളങ്ങനെ പറഞ്ഞാരുന്നോ.. അയാള്‍ അത്ഭുതത്തോടെ ചോദിച്ചു. സത്യമായിരിക്കും നിനക്ക് കള്ളം പറയാനായുള്ള പ്രായമായിട്ടില്ലല്ലോ..
അവള് പറയുന്നതെല്ലാം സത്യമെന്നു വിചാരിക്കണ്ട.  മയക്കിയെടുത്തതൊന്നുമല്ല. പെങ്ങന്മാര്‍ക്ക് ഞാനായിട്ട് ഒപ്പിട്ട് കൊടുത്തതാണ്.

കുറച്ച് നേരം അവര്‍ ഒന്നും മിണ്ടാതെ നടന്നു.

ഹൊ.. എന്തൊരു മഴ.. ഇപ്പോ മുറ്റത്തൊക്കെ വെള്ളം കെട്ടിക്കാണും അല്ലേടാ..

ഉം.. സാധ്യതയുണ്ട്

ഉം.. ചാച്ച്യതയുണ്ട്.. വലിയ കാലാവസ്ഥക്കാരനല്ലേ. അയാള്‍ അവന്റെ ചെള്ളയില്‍ സ്നേഹത്തോടെ പിച്ചി.
ഞാനാണെങ്കില്‍ മുറ്റത്തെ വെള്ളം ഒഴുക്കാന്‍ തടം വയ്ക്കണമെന്നോര്‍ത്തതാ.. മറന്നുപോയി.

മാമന്‍ പോയാ പിന്നെ ഇതൊക്കെ ആര് നോക്കുമെന്നാ?

അവള് നോക്കട്ടെടാ.. ആണിക്കാലും പിടലി വേദനയും വച്ച് ഇതൊക്കെ നോക്കുമ്പോഴേ നമ്മള്‍ ആണുങ്ങടെ വെലയറിയൂ.

മഴ കുറെശ്ശെ തോര്‍ന്നു തുടങ്ങി.

വരണത് ഗോപാലനല്ലേ. ഗോപാലാ.. ഗോപാലാ..
സൈക്കിളില്‍ പാളത്തൊപ്പിയും വച്ച് കടന്നു പോയ ആള്‍ ഇറങ്ങി സൈക്കിളുരുട്ടി തിരിച്ച് വന്നു.

മാമനായിരുന്നോ..

മാമനല്ലെടാ നിന്റെ കാലന്‍.. അവന്റെ സ്നേഹം കണ്ടില്ലേ. പ്ലാവിന്റെ കവര മുറിക്കാനായിട്ട് എത്ര ദിവസമായി വിളിക്കുന്നു. ഇന്നത്തെ കാറ്റ് കണ്ടതല്ലേ, മിക്കവാറും കൂരപ്പുറത്ത് തന്നെ വീഴും.

ഇന്നൊരിടത്ത് തേങ്ങയിടലുണ്ട്, നാളെ വരാം മാമാ..

നാളെയൊന്നും ആക്കണ്ട. നല്ല കാറ്റും മഴയുമുള്ളതാ, അതെങ്ങാനും മറിഞ്ഞ് വീടിന് പുറത്ത് വീണാല്‍ പോകുന്നതേ എന്റെ കാശാ.. നടക്കെടാ, ഇപ്പോ തന്നെ പോകാം.

അയ്യോ മാമാ, ഇപ്പോഴത്തേക്ക് വിടണം.. ഉറപ്പായും രാവിലെ വരാം. അല്ല ഈ ഒക്കത്തിരിക്കുന്നതാര്,
കുടുകുടുകുടു ചക്കരേ.. അയാള്‍ അവനെ കളികാട്ടി.
ശങ്കരന്‍ വന്നായിരുന്നോ?

നീ വി‍ഷയമൊന്നും മാറ്റണ്ട, നാളെ കണ്ടില്ലെങ്കിലേ എന്റെ തനിക്കൊണം കാണും പറഞ്ഞേക്കാം.

ദേവിയാണെ സത്യം, നാളെ ഞാന്‍ എത്തിയിരിക്കും, മാമന്‍ സമാധാനമായിട്ട് പോ..

അയാള്‍ അവനെയും കൊണ്ട് വീണ്ടും നടന്നു. കടവൂരാന്റെ സ്ഥിരതയില്ലായ്മയില്‍ അവന് നിരാശ തോന്നി തുടങ്ങിയിരുന്നു. ഒരു നിമിഷം മുമ്പ് നാട് വിടുന്ന കാര്യം മറന്ന് അയാള്‍ ഗോപാലന്റെ കൂടെ പോകുമെന്ന് പോലും അവന്‍ കരുതി.
മാമന്‍ പോണ്ടെന്ന് വച്ചോ.. അങ്ങോരോട് നാളെ വരാന്‍ പറഞ്ഞതെന്തിനാ?.

അവന്‍ വന്ന് മുറിക്കട്ടെടാ, ആ ഭദ്രകാളി നോക്കിക്കോളും.. അല്ലെങ്കില്‍ നീയും കൂടെ പോയി നിന്നോ. നിനക്കൊക്കെ അവളെ വലിയ കാര്യമല്ലേ.

ഇനിയും പണിപറഞ്ഞാലോ എന്നോര്‍ത്ത് അവന്‍ പിന്നെയൊന്നും മിണ്ടാന്‍ പോയില്ല.

കുറച്ച് കൂടെ പോയപ്പോള്‍ മഴ തോര്‍ന്നു.. അയാള്‍ കുടമടക്കിയെടുത്തു, എങ്കിലും അവനെ ഒക്കത്ത് നിന്നിറക്കിയില്ല.. കുതിരപ്പുറത്തിരിക്കുന്നത് പോലെ താളത്തില്‍ ചാടി ചാടി അവന്‍ യാത്ര തുടര്‍ന്നു. ചന്തയെത്താറായപ്പോഴേക്കും അമ്മ എതിരെ വന്നു. അയാളുടെ എളിയിലിരുന്നതിന് അവനും വഴക്കും കിട്ടി.
താഴെയിറങ്ങെടാ.. അവനെന്താ കൊച്ചു കുട്ടിയാണോ, താഴെ ഇറക്കണ്ണാ..

പോട്ട് കൊച്ചേ ഇതൊക്കെയല്ലേ ഒരു സന്തോഷം.

അമ്മ അറിഞ്ഞോ? മാമന്‍ ഇവിടം വിട്ട് പോവുകാണ്.. താഴെ ഇറങ്ങുന്നതിനിടയില്‍ അവന്‍ പറഞ്ഞു.

പോടാ.. അണ്ണന്‍ എവിടെ പോകാനാണ്.

അല്ലമ്മാ, സത്യം. അല്ലെങ്കില്‍ ചോദിച്ച് നോക്ക്.

ഉള്ളതാണോ അണ്ണാ.. ചെല്ലമ്മയക്കനുമായിട്ട് പിണങ്ങിയോ.. അമ്മ ചോദിച്ചു.

ശ്ശൊ.. ഇവനെ പോലൊരു പുളുവന്‍. ഞാന്‍ മീന്‍ വേടിക്കാന്‍ വന്നതാ കൊച്ചേ.

എന്റടുത്ത് രാവിലെ പറഞ്ഞാ പോരായിരുന്നോ.  ഞാന്‍ വേടിച്ചോണ്ട് തരത്തില്ലേ. ഇപ്പോ സമയമെത്രയായി, എല്ലാത്തിനും നല്ല വിലയായിക്കാണും.

എന്നാലും ചന്തവരെ ഒന്നു പോയ് നോക്കട്ട്. നിങ്ങള് പൊയ്ക്കോ, ഞാന്‍ നടന്നേച്ച് വരാം.

അവര്‍ പിരിഞ്ഞ് കുറേ കഴിഞ്ഞപ്പോഴാണ് അവന് കുടയുടെ കാര്യം ഓര്‍മ്മ വന്നത്.

അമ്മാ അച്ഛന്റെ കുട മാമന്റടുത്താണ്..

സാരമില്ല തിരിച്ച് വരുമ്പം തരും.

പക്ഷേ മാമന്‍ നാട്  വിട്ട് പോവുകാ, തിരിച്ച് വരൂല. സത്യമായിട്ടും എന്നോട് പറഞ്ഞതാ.

പൊട്ടത്തരം പറയാതെ നടക്കെടാ.. അമ്മ അവനെ ശകാരിച്ചു.

അമ്മയിങ്ങനെയൊക്കെ പറഞ്ഞോ, കുട കളയാതെ വരണമെന്ന് അച്ഛന്‍ തീര്‍ച്ച പറഞ്ഞതാ..

അവനും അവന്റെ അച്ഛനും, മിണ്ടാതെ നടക്കണം. നിന്റെ അച്ഛന്‍ കാണിക്കുന്ന മാതിരി വട്ടൊക്കെ നീയും കാണിച്ചാലുണ്ടല്ലോ..

അമ്മയുടെ പിറകെ വഴിയരികില്‍ മഴയത്തുണ്ടായ ചെറുചാലുകളില്‍ ചാടി ചാടി നടക്കുമ്പോള്‍, കുട കാണാതായതിനെ പറ്റി അച്ഛനോട് എന്തു പറയും എന്ന ആലോചനയിലായിരുന്നു അവന്‍ എന്ന് പറഞ്ഞാല്‍ കള്ളമാവും. കാരണം വഴിയരികിലിരുന്ന് ഒരു പച്ചത്തവള പോക്രോം പോക്രോം എന്നു വിളിച്ചപ്പോള്‍ എല്ലാം മറന്ന് അവന്‍ അതിന്റെ പിറകേ പോയത് നമ്മള്‍ കണ്ടതല്ലേ.

Facebooktwitterredditpinterestlinkedinmailby feather

1 Comment on “കുട