ആനക്കാല്‍
സന്ധ്യാ സമയം,
കുപ്പിവിളക്കിനടുത്തിരുന്ന് സതിപ്പെണ്ണിന്റെ കയ്യില്‍ മൈലാഞ്ചി കുഴമ്പ് കൊണ്ട് സൂര്യനേയും ചന്ദ്രനേയും നക്ഷത്രങ്ങളേയും വരയ്ക്കുകയായിരുന്നു അമ്മൂമ്മ..
പെണ്ണ് കൈനീട്ടി കൊടുക്കുന്നുണ്ടെന്നേയുള്ളൂ. ഇഷ്ടമില്ലാത്ത കാര്യം നിര്‍ബന്ധിച്ച് ചെയ്യിക്കുന്നതിന്റെ ദ്വേഷ്യവും സങ്കടവുമൊക്കെ അവളുടെ മുഖത്തുണ്ട്.
“ഇനി എനിക്ക്.. ഇനി എനിക്ക് ” എന്ന് അടുത്തിരുന്ന അനിയന്‍ ചെക്കന്‍ തിടുക്കപ്പെട്ടു. അത് കേള്‍ക്കാതെ മൈലാഞ്ചി ചെറിയ ഉരുളയായി ഉരുട്ടി ശ്രദ്ധയോടെ പെണ്ണിന്റെ കയ്യില്‍ പതിപ്പിച്ച് കൊണ്ട് അമ്മൂമ്മ ആശ്വസിപ്പിച്ചു.
“തെണ്ണപ്പെടാതെ തങ്കം, നല്ല ആലോചനയാണ് വന്നിരിക്കുന്നത്. തറവാട്ട്കാരായത് കൊണ്ടല്ലേ നാട്ട്മുറക്ക് ആളെ വിട്ട് തന്നെ ചോദിച്ചത്. നിന്റെ അപ്പനും അത് തന്നെയാണ് തോന്നണത്. മാമന്റടുത്ത് ചോദിക്കാന്‍ പോയിരിക്കുവല്ലേ. എന്തെങ്കിലുമൊക്കെ പറഞ്ഞ് തട്ടികളയാതെ ഇത് നടത്തണമെന്ന് തന്നെയാണ് ഞാന്‍ പറയണത്.”
“വേണ്ടാ വേണ്ടാ എന്ന് എത്ര പ്രാവശ്യം പറയണം. അവനൊരു തെമ്മാടിയാ. എന്തിനാണെന്നെ തിടുക്കപ്പെട്ട് പറഞ്ഞയക്കുന്നത്. എനിക്ക് കല്യാണം വേണ്ട. ഇവിടെ ആര്‍ക്കുമൊരു ശല്യമാകാതെ ഞാന്‍ കഴിഞ്ഞോളാം.”
“അബദ്ധം പറയരുത്. ആയുസ്സ് മുഴുവന്‍ സരസമ്മയുടെ വഴക്കും കേട്ട് അവള്‍ക്ക് സേവയും ചെയ്തിരിക്കാനാണോ വിചാരം. ഇങ്ങോട്ട് വരാന്‍ ദൈവമായിട്ട് എന്നെ തോന്നിച്ചതാണ്. എത്രകാലം എനിക്കിവിടെ നില്‍ക്കാന്‍ പറ്റും. അവിടെ അപ്പൂപ്പനും തീരെ വയ്യ!
രണ്ടാനമ്മ പെരുംപാട് പെടുത്തുന്നെന്നു ചെട്ടിച്ചി പറഞ്ഞ് കേട്ടപ്പോള്‍ ഞാനെന്റെ പിള്ളയെ ഒന്നു പോയി കണ്ടിട്ട് വരാം എന്നും പറഞ്ഞ് ഇറങ്ങിയതാണ്. ഇവിടെ വന്നിട്ടിപ്പോ ദെവസമെത്ര കഴിഞ്ഞു.”
ഒരു നക്ഷത്രം കൂടി അവളുടെ കയ്യില്‍ അമ്മൂമ്മ പതിപ്പിച്ചു.
“നാട്ടില്‍ പറയണതെല്ലാം വിശ്വസിക്കാന്‍ നില്ക്കണ്ട. അല്പസ്വല്പം വെകിളിത്തരമില്ലാത്ത ആമ്പിള്ളേര്‍ ഇപ്പോ എവിടെ കാണും. കല്ല്യാണം കഴിയണ വരേ അതെല്ലാം നിക്കുവൊള്ളൂ. അപ്പന്‍ വന്നോട്ടെ, ഞാനും വീട് വരെ പോയി കല്ല്യാണത്തിന് നിന്റെ അപ്പൂപ്പനേയും കൊണ്ടു വരാം.
“കോട്ടാറിന് പോവുകയാണെങ്കില്‍ എന്നെയും കൊണ്ട് പോണം..” ചെക്കന്‍ പറഞ്ഞു.
“നിന്നെ കൊണ്ടുപോയാല്‍ പിന്നെ ഇവിടെ ആണായി ആരാ ഉള്ളത്. നീ ഇവിടെ തന്നെ നിന്നാല്‍ മതി..”
ങ്ഹൂ.. എന്ന് ചെക്കന്‍ കരഞ്ഞ് വാശിപിടിക്കാന്‍ തുടങ്ങി.
“അമ്മൂമ്മേ, കല്ല്യാണമൊന്നും വേണ്ടമ്മൂമ്മേ.. അച്ഛന്റടുത്ത് പറയണം. അല്ലാതെ ഇനിയും എന്നെ നിര്‍ബന്ധിക്കുകയാണെങ്കില്‍ ഞാന്‍ വല്ല…”
“ഡുകുംഡുകുംഡുകും..
നല്ല കാലം പൊറക്കത്, നല്ല കാലം പൊറക്കത്..”
പുറത്ത് ഇരുട്ടില്‍ തമരുകം കിലുക്കി വന്ന മലൈപണ്ടാരത്തിന്റെ ശബ്ദത്തില്‍ അവളുടെ വാക്കുകള്‍ മുങ്ങി..
കരച്ചില്‍ നിര്‍ത്തി കൊട്ടിനൊപ്പം തുള്ളിക്കൊണ്ട് ചെക്കന്‍ പുറത്തിറങ്ങി.
“ചെല്ലം.. രാപ്പാടിയാണ് വരണത്..”
മുറ്റത്ത് വയ്ക്കാന്‍ അമ്മൂമ്മ വിളക്ക് കൊളുത്തിയെടുത്തു. പിണങ്ങിയിരുന്ന സതിപ്പെണ്ണിനേയും നിര്‍ബന്ധിച്ചിറക്കി പനമ്പ് ചുവര് കഴിഞ്ഞ് മുറ്റത്തെ ചാണകം മെഴുകിയ തിട്ടയില്‍ മണ്ണെണ്ണ വിളക്ക് വച്ചതും പണ്ടാരം മുറ്റത്തെത്തിയിരുന്നു.
“ഡുകുംഡുകുംഡുകും..
കലൈയിലങ് കുമ്മാള് കട്ടാങ്കം കണ്ടികൈ കുണ്ടലം
വിലൈയിലങ് കുമ്മാണി മാടാത്താര്‍ വീലിമി ലാലയാര്‍
തലയിലങ് കുമ്പിറൈ താല്‍വടങ് സൂലം തമരുകം
അലൈയിലങ് കുമ്പുന ലേത്രവാര്‍ക്ക് കുമ്മാടി യാര്‍ക്കുമീ
ചുവന്ന് കൊഴുത്ത മുറുക്കാന്‍ വായുടെ വശങ്ങളില്‍ നിന്നും കട്ടിപിടിച്ച താടിരോമങ്ങളിലേക്ക് ഒലിപ്പിച്ച് ജഡപിടിച്ച മുടിയുമായി നില്ക്കുന്ന പണ്ടാരത്തിന്റെ രൌദ്രരൂപം അങ്ങോട്ടുമിങ്ങോട്ടും ആളിക്കത്തുന്ന മണ്ണെണ്ണ വിളക്കിന്റെ നിഴല്‍ കലര്‍ന്ന വെളിച്ചത്തില്‍ ഇരയെ ജീവനോടെ കടിച്ച് തിന്നുന്നതിനിടയില്‍ തല ഉയര്‍ത്തി നോക്കുന്ന വന്യ മൃഗത്തെ ഓര്‍മ്മിപ്പിച്ചു.
ചെക്കനും പെണ്ണും അമ്മൂമ്മയുടെ പിറകില്‍ പതുങ്ങി.
“ഡുകുംഡുകുംഡുകും..”
ശിവസ്തുതി കഴിഞ്ഞ് താഴ്ത്തിയ തമരുകം വീണ്ടും ഉയര്‍ത്തി കിലുക്കിക്കൊണ്ട് പണ്ടാരം ഭാഗ്യം പറയാന്‍ തുടങ്ങി.
“നല്ല കാലം പൊറക്കത്, നല്ല കാലം പൊറക്കത്..
ഇമയ മലൈ വാഴും ശിവ പകവാനോടെ അരുളിക്കൈയാലെ,
അരുമൈ സന്താനം പളനി വേല്മുരുകനോടെ കരുണൈയാലെ,
ഇന്ത മലൈപ്പണ്ടാരം രാസിമുത്തു സൊല്ലിറേന്‍
വീരം ഉരുവം കൊണ്ട കൊമ്പന്‍
തലൈനിമിര്‍ന്ത കാളൈ
മാനോടെ കനിവാളും മനതുക്കുടയവന്‍
അന്ത നന്ദി പകവാന്‍ താന്‍
ഇന്ത പൊണ്ണോടെ കണൈവന്‍.
കൈലാസത്തില്‍ തേവി വാഴും മാതിരി വാഴ്ക്കൈ
പൊണ്ണുക്ക് വിളക്കേന്തി കാത്തുകിട്ടിരുക്ക്..
നല്ല കാലം പൊറക്കത്, നല്ല കാലം പൊറക്കത്..”
അമ്മൂമ്മക്ക് സന്തോഷമായി..
സതിപ്പെണ്ണിന്റെ വരും കാല ഭര്‍ത്താവിനെപറ്റി നല്ലതാണ് പറയുന്നത്.
രാപ്പാടികള്‍ പറയുന്നത് പിഴയ്ക്കില്ല.. മന്ത്രം ചൊല്ലി പാമ്പിനേയും പേയിനേയും ഓട്ടുന്നവരാണ്. പകല്‍ സമയത്ത് പോലും മനുഷ്യര്‍ കയറാന്‍ ഭയപ്പെടുന്ന ശവക്കോട്ടകളിലും, പ്രേതങ്ങള്‍ വിഹരിക്കുന്ന കാവുകളിലും രാപ്പാര്‍ക്കുന്നവര്‍.
സതിപ്പെണ്ണിന് നല്ല ജീവിതം കിട്ടുന്നതിലും വലിയ സന്തോഷമെന്തുണ്ട്. അവള്‍ ഭര്‍ത്താവും കുട്ടികളുമായി നന്നായിരിക്കുന്നത് കണ്ടിട്ട് വേണം കണ്ണടയ്ക്കാന്‍.
ആലോചന നടക്കുന്ന സമയത്ത് തന്നെ രാപ്പാടി വന്നതൊരു നിമിത്തമാണ്. കല്ല്യാണം നടത്തുന്നതിന് ഇനി തടസ്സമൊന്നും കാണില്ല.
അമ്മൂമ്മ നെടുവീര്‍പ്പിട്ടു.
തല കുമ്പിട്ട് കൈനീട്ടിയ പണ്ടാരത്തിന് മുണ്ടിന്റെ കോന്തല അഴിച്ച് ചെമ്പ് നാണയം കൊടുത്തു.
“അയ്യാ ഇന്ത കൊളൈന്തക്ക് കൂടി ഏതാവത് ചെയ്യ മുടിയുമാ. കാളൈ മാതിരിയാച്ച്. ഇപ്പോതും പടുക്കയില്‍ സിറുനീര് കഴിക്കിറാന്‍.”
മകന്റെയൊപ്പം കന്യാകുമാരിക്കടുത്ത് കോട്ടാറില്‍ താമസിക്കുന്നതുകൊണ്ട് അതിര്‍ത്തി ഗ്രാമത്തിലുള്ളവരെക്കാള്‍ നന്നായി തമിഴ് പറയാന്‍ അമ്മൂമ്മയ്ക്കറിയാം.
“തള്ളക്ക് വെറുതെ ഇരുന്നാല്‍ എന്താ..”
താന്‍ ഇപ്പോഴും കിടക്കപ്പായ നനയ്ക്കുന്ന കാര്യം രാപ്പാടിയോട് പറഞ്ഞത് ചെക്കന് ഇഷ്ടപ്പെട്ടില്ല.
പണ്ടാരം ഭാണ്ഡത്തില്‍ നിന്ന് ഒരു കറുത്ത ചരടെടുത്ത് പതിഞ്ഞ ശബ്ദത്തില്‍ കറുകറും പിറുപിറും എന്നൊക്കെ ഓതി ചരടില്‍ ത്ഫൂ ത്ഫൂ എന്ന് തുപ്പി അവര്‍ക്ക് നീട്ടി..
“ഇന്ത കയറൈ ഇടുപ്പില്‍ കെട്ടിനാല്‍ പോതും.. ബാധയൊഴിന്ത് പേയൊഴിന്ത് എല്ലാ വ്യാധിയും ഒടുങ്കിടും.”
“ഡുകുംഡുകുംഡുകും..
നല്ലകാലം പൊറക്കുത്, നല്ല കാലം പൊറക്കുത്..
കലൈയിലങ് കുമ്മാള് കട്ടാങ്കം…”
അമ്മൂമ്മയുടെ കയ്യില്‍ നിന്ന് വീണ്ടും പണം വാങ്ങി, തമരുകം കിലുക്കി ശിവനെ സ്തുതിച്ച് പാടിക്കൊണ്ട് രാപ്പാടി ഇരുട്ടിലേക്ക് നടന്നു.
തള്ളയെ കൊഞ്ഞനം കുത്തിക്കാണിച്ച് പയ്യന്‍ അകത്തേക്ക് കയറി. അമ്മൂമ്മ സതിപ്പെണ്ണിന്റെ തല തഴുകിക്കൊണ്ട് പറഞ്ഞു.
“കേട്ടില്ലേ, ദൈവം നിനക്ക് നല്ലതേ വരുത്തുവുള്ളൂ.”
“പറ്റില്ലമ്മൂമ്മേ.. ആരു പറഞ്ഞാലും ഞാന്‍ സമ്മതിക്കില്ല.”
അവള്‍ അമ്മൂമ്മയുടെ തോളില്‍ തലവച്ച് വേണ്ടമ്മൂമ്മേ വേണ്ടമ്മൂമ്മേ എന്ന് വിതുമ്പി.
“ഇത് പുതുമയായല്ലോ. ഒരു ആലോചന വന്നതേയുള്ളൂ.. അപ്പഴത്തേക്കും കരഞ്ഞും പിഴിഞ്ഞും തുടങ്ങി. വെറുതെ നാട്ടുകാരെക്കൊണ്ട് ഓരോന്ന് പറയിക്കാന്‍..”
പണ്ടാരം പോയ വഴിയില്‍ നിന്ന് മുറ്റത്തേക്ക് കയറി വന്ന രണ്ടാനമ്മ സതിയെ വഴക്ക് പറഞ്ഞു. അവര്‍ അരി ഇടിപ്പിച്ച് വാങ്ങാന്‍ പോയതാണ്.
“എന്റെ പിള്ളയെ ഒന്നും പറയാതെ കേറിപ്പോ.
ഇവടെ അമ്മ മരിച്ചതില്‍ പിന്നെ കെട്ടൊന്നും വേണ്ട എന്നു പറഞ്ഞ ആമ്പിറന്നവനെ നീ എന്ത് കൊടുത്താ മയക്കിയെടുത്തതെന്ന് എല്ലാവര്‍ക്കുമറിയാം. പിള്ളേര് നില്‍ക്കുന്നു. എന്നെക്കൊണ്ടൊന്നും പറയിക്കണ്ട..”
തള്ളയുടെ നാക്കിന് കറിക്കത്തിയെക്കാള്‍ മൂര്‍ച്ചയാണ്. സരസമ്മ മിണ്ടാതെ അകത്ത് പോയി. അമ്മൂമ്മ വന്നതില്‍ പിന്നെ സതിയെക്കൊണ്ട് പണിയൊന്നും ചെയ്യിക്കാന്‍ പറ്റുന്നില്ല.
“വച്ച് വിളമ്പേണ്ട ജോലി വീട്ടുകാരിക്കാണ്, പെങ്കുട്ടിക്കല്ല.”
സതിയോട് എന്ത് പറഞ്ഞാലും തള്ള ഇങ്ങനെ ഏറ്റു പിടിക്കുന്ന കാരണം സരസമ്മക്ക് പിടിപ്പത് പണിയാണ്. തള്ള വരുന്നതിന് മുമ്പാണെങ്കില്‍ അരിയൊക്കെ സതിയെക്കൊണ്ട് തന്നെ ഇടിപ്പിക്കുമായിരുന്നു. വെറുതെ ഇങ്ങനെ കാശ് കളയുന്നതെന്തിന്.
അവരുടെ ഭര്‍ത്താവിന് തള്ളയോട് വലിയ കാര്യമാണ്. അങ്ങനല്ലായിരുന്നെങ്കില്‍ സരസമ്മ കാണിച്ചു കൊടുത്തേനേ..
“മുറ്റത്തങ്ങനെ നില്ക്കണ്ട. അപ്പൂറത്ത് കൂടി പോക്കു വരത്തുള്ളതാണ്..”
വട്ടി നിലത്ത് വച്ച് മുറിയിലെ വിളക്കെടുത്ത് അടുക്കളയിലേക്ക് പോകും വഴി അവര്‍ പറഞ്ഞു.
“ഓ.. എന്റെടിയേ.. മനക്കട്ടിയുള്ളവരെയുണ്ടല്ലോ ഒരു ബാധയും അടിക്കത്തില്ല.. എന്റെ ചെറുപ്പത്തില്‍..”
ബാധയുടെ കാര്യം കേട്ടപ്പോള്‍ സതിക്ക് പേടിയായി. കഥയും പറഞ്ഞ് അവിടെ നിന്നാല്‍ ശരിയാവില്ല. അവരുടെ കയ്യും പിടിച്ച് അവള്‍ അകത്തേക്ക് കേറി.
“നീ വിഷമിക്കണ്ടെടീ.. അവള്‍ക്ക് അരികുത്തിക്കാന്‍ പോയതിന്റെ ദ്വേഷ്യമാ. മുമ്പിതൊന്നും ചെയ്യണ്ടായിരുന്നല്ലോ..”
രണ്ടാനമ്മ വഴക്ക് പറഞ്ഞതിലായിരുന്നില്ല സതിക്ക് സങ്കടം.
“നോക്കമ്മൂമ്മേ എന്റെ അമ്മയുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ നിര്‍ബന്ധിക്കുമായിരുന്നോ.”
കരഞ്ഞുതുടങ്ങിയ സതിയുടെ മുഖം കണ്ടപ്പോള്‍ അവര്‍ക്കും മരിച്ച് പോയ മകളുടെ ഓര്‍മ്മ വന്നു.
എന്റെ തങ്കം.. എന്റെ തങ്കം.. എന്ന് പറഞ്ഞ് അവരും കരയാന്‍ തുടങ്ങി.
ങീ.. ങീ.. എന്നു ശബ്ദമുണ്ടാക്കി ചെക്കന്‍ കരയുന്ന പെണ്ണുങ്ങളെ കളിയാക്കി.
“പോടാ ചെക്കാ..” കണ്ണുതുടച്ച് കൊണ്ട് അവര്‍ അവനെ കളിയായ് തല്ലാനോങ്ങി. സരസമ്മയുടെ മോനാണെങ്കിലും അവര്‍ക്ക് അവനും ചെറുമോന്‍ തന്നെ. എപ്പഴും വഴക്കുണ്ടാക്കുമെങ്കിലും അവന് തിരിച്ചും അതെ. ഇവരല്ലാതെ അവന് വേറെ അമ്മൂമ്മമാരില്ലല്ലോ. തള്ള വന്നതില്‍ പിന്നെ അവരുടെ കൂടെയാണ് ഉറക്കം പോലും.
അടുക്കളയില്‍ പുകയെടുത്തതിന്റെ ചുമയും അലുമിനിയം കലം ശക്തിയായി നിലത്ത് വച്ച ശബ്ദവും.
“പോ പൂച്ചേ..” രണ്ടാനമ്മ ഇരുണ്ട കോണില്‍ നിന്ന് ഇല്ലാത്ത പൂച്ചയെ ആട്ടി പുറത്താക്കി.
“ഈ ചരടൊക്കെ കെട്ടിയത് കൊണ്ടൊരു കാര്യവുമില്ല.. വെറുതെയാ..”
“അങ്ങനൊന്നും പറയരുത്. ഫലം പോകും..” അമ്മൂമ്മ അവനെ അടുത്തേക്ക് പിടിച്ച് നിര്‍ത്തി ചരട് കെട്ടി.
“ഇനി ഇതില്‍ തൊടരുത് കേട്ടോ..”
അവര്‍ തിരിഞ്ഞതും ചെക്കന്‍ നിക്കറിനിടയിലൂടെ കയ്യിട്ട് ചരടില്‍ തെരുപ്പിടിച്ചു.
“ചരടേന്നു കയ്യെടുക്കടാ.. അതിന്റെ ശക്തി പോക്കാനായിട്ട്.. രാത്രി രാത്രി എണീറ്റ് നിന്റെ മൂത്രപ്പായ മാറ്റാന്‍ എനിക്ക് പറ്റത്തില്ല.”
ചെക്കന്‍ കയ്യെടുത്തു. എന്നിട്ട് വെല്ലുവിളി പോലെ പറഞ്ഞു.
“ഉണ്ടായിട്ട് വേണ്ടേ പോകാന്‍.. ഇതിന് ശക്തിയില്ല, ഇതു തന്നയാള്‍ക്കും ശക്തിയില്ല.”
“വടുകാ.. ശക്തിയില്ലെന്നോ.. വെറും കൈവീശി കാറ്റും പിശറും അടക്കുന്നവരാണ്. പേയും പിശാശും ബാധകളുമെല്ലാം ഇവര്‍ വരച്ചിടത്തേ നിക്കൂ.”
“ഓ.. പിന്നേ.. പുളു പറയാതെ..”
“പുളുവോ.. നിനക്കറിയാമോ, സാക്ഷാല്‍ യമധര്‍മ്മരാജാവിനെ പോലും അടക്കിയവരാണ് രാപ്പാടികള്‍.”
ചെക്കനും പെണ്ണും കാതോര്‍ത്തു. അമ്മൂമ്മ ഏതോ രസമുള്ള കഥയുടെ തുടക്കത്തിലാണ്. അകത്ത് സരസമ്മ മറ്റൊരു അലുമിനിയം പാത്രം കൂടി ചളുക്കി.
“എന്റെയൊക്കെ ചെറുപ്പത്തില്‍ നടന്ന കാര്യമാണ്..” അംഗവിക്ഷേപങ്ങളോടെ അമ്മൂമ്മ കഥ തുടങ്ങി.
“ശവപ്പറമ്പിലാണ് രാപ്പാടി താമസിക്കുന്നത്. നല്ല കിളരവും തണ്ടും തടിയുമൊക്കെയുള്ള ഒരു അമ്പോറ്റി ആനക്കാലന്‍ രാപ്പാടി.”
“അയ്യേ ആനക്കാലനോ..”
“ഉം ആനക്കാലനായാലെന്താ..
അല്ല, ഈ ആനക്കാലെങ്ങനെയാണ് ഉണ്ടാകുന്നതെന്ന് അറിയാമോ. കിടന്നുറങ്ങുമ്പോള്‍ ചേരപ്പാമ്പ് ഇഴഞ്ഞു വന്ന് കാലില്‍ ചുറ്റുന്നതാണ്. വലിയ വെഷമാണ്.. ചുറ്റ് മുറുകിയ ഇടമെല്ലാം വീര്‍ത്തു വരും. ആനയുടെ തൊലിപോലെ കറുക്കും.. വൃണം പൊട്ടിയൊലിക്കും.”
“ആണ്ടാള്‍ നഴ്സ് പറഞ്ഞല്ലോ കൊതുക് കടിച്ചിട്ടാണ് ആനക്കാല് വരുന്നതെന്ന്.” ചെക്കന്‍ ഇടപെട്ടു.
“ഹും.. ചമഞ്ഞ് നടക്കാനല്ലാണ്ട് ആ ആണ്ടാള്‍ക്കെന്തറിയാം? നീ ഇടയ്ക്ക് ഓരോന്ന് കൂവാതെ ഇത് കേള്‍ക്ക്.”
“ഒരു കറുത്തവാവിന്റെയന്ന് രാത്രി, അമ്മൂമ്മ തുടര്‍ന്നു. രാപ്പാടി അണയാത്ത ചെതയില്‍ നിന്ന് തീയെടുത്ത് അടുപ്പ് കത്തിച്ചു. പാത്രത്തില്‍ വെള്ളമൊഴിച്ച് അരിയിട്ട് വേവാനെക്കൊണ്ട് കാത്തിരിക്കുമ്പോഴാണ് യമരാജാവ് പോത്തിന്റെ പുറത്ത് വരുന്നത്.”
“എന്തിന്?”
“ചത്തവരുടെ ആത്മാക്കളെ കൊണ്ടു പോകാന്‍. പാതി രാത്രി ആരും കാണാതെ വന്ന് കാര്യം സാധിച്ച് പോകാമെന്ന് നിരീക്കുമ്പോഴാണ് ഒരുത്തന്‍ ആനക്കാലിലെ ഈച്ചയുമാട്ടി ശിവന് സ്തോത്രവും ചൊല്ലി കഞ്ഞി തെളപ്പിക്കുന്നത്.
നിസ്സാരനായ മനുഷ്യന്‍ ഇവനെ പേടിപ്പിച്ച് ഓടിക്കാം എന്നു വിചാരിച്ച് യമന്‍ ആദ്യം നായാി പിന്നെ കാട്ട്നരിയായി ഒടുക്കം കരിമ്പുലിയായും വന്നു..
രാപ്പാടി അതൊന്നും നോക്കാതെ, അലറിച്ച കേള്‍ക്കാതെ കഞ്ഞിക്ക് വേവ് നോക്കി പിന്നെയും കാലു നീട്ടിയിരുന്നു.
അത്രയ്ക്കായോ.. യമന് വല്ലാത്ത കോപം വന്നു. കാറ്റ് ആഞ്ഞടിഞ്ഞു, കൊടുങ്കാറ്റത്ത് മരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ആടിയൊലഞ്ഞു. കണ്ണിനെ ചിമ്മിയടപ്പിക്കണ മിന്നലുകള്‍, ഡും.. ഡും.. എന്ന് ഒച്ചത്തില്‍ ഇടി.
ഇതിന്റെയൊക്കെ ഇടയിലൂടെ മല പോലത്തെ പോത്തിന്റെ മൊകളില്‍ ഘ്രാ എന്നലറി തടിയന്‍ ഗദയും ചൊഴറ്റിക്കൊണ്ട് യമന്‍ രാപ്പാടിയുടെ മുമ്പി പ്രത്യക്ഷപ്പെട്ടു.”
“എന്നിട്ടോ..”
“അയാള്‍ക്കൊണ്ടോ കുലുക്കം.. പോത്തിന്റെ കാല് കൊണ്ട് കഞ്ഞി മറിയാതിരിക്കാന്‍ ഒരു ചുള്ളിക്കമ്പെടുത്ത് ബ്റ്‌റ്‌റ്.. ഛെ.. ഛെ.. എന്നാട്ടി പുറകില്‍ ഒരടി കൊടുത്തു.”
“ഹി.. ഹി..” ചെക്കന് ചിരിവന്നു
“പാക്കരന്റെ അച്ഛന്‍ കാളയെ തെളിക്കുന്നത് പോലെ.”
“പോത്ത് വിരണ്ട് ഒറ്റ ഓട്ടം. പുറത്തിരുന്നയാള്‍ തല കുത്തി താഴെ.
അത് വരെ കളിച്ചത് നിസ്സാരക്കാരനോടല്ലെന്ന് അപ്പോ യമന് മനസ്സിലായി.
രാപ്പാടിയുടെ മുന്നില്‍ കുമ്പിട്ട് വണങ്ങി.
ക്ഷമിക്കണം.. ഇവിടുന്ന് ദൈവാനുഗ്രഹം ഉള്ളയാളാണെന്ന് എനിക്ക് നേരത്തേ തിരിഞ്ഞില്ല. എന്തെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ പൊറുത്ത് മാപ്പാക്കണം.
അവിടത്തെ ആഗ്രഹമെന്താണ്, പറയണം. അതെന്തായാലും ഞാന്‍ വരം തരുന്നതാണ്.”
“ഉം.. നിര്‍ത്ത് അമ്മൂമ്മേ..” ചെക്കന്‍ കയ്യുര്‍ത്തി കാട്ടി.
“പുളുവാണെന്ന് ഞാന്‍ ആദ്യമേ പറഞ്ഞില്ലേ. ഇത് സാറ് പറഞ്ഞ് തന്ന കഥയാ. രാപ്പാടിയുടെയല്ല, ഏതോ ഭ്രാന്തന്റെ. ആനക്കാല്‍ അയാളുടെ ഒരു കാലില്‍ നിന്ന് മറ്റേക്കാലിലേക്ക് മാറ്റിയ കഥയല്ലേ.”
അടുക്കളയില്‍ നിന്നും ഒരു അടക്കിയ ചിരി പറന്നു വന്നു.
അമ്മൂമ്മക്ക് കലിയിളകി..
“പറഞ്ഞ നിന്റെ വാദ്ധ്യാര്‍ക്കാടാ ഭ്രാന്ത്. അയാള് പറഞ്ഞതും നീ വിശ്വസിച്ചോ? യമനെ അടക്കുന്നതൊക്കെ ഒരു കിറുക്കനെക്കൊണ്ട് പറ്റുന്നതാണോ? പൊയ്യല്ല, കണ്ടറിഞ്ഞ കാര്യമാണ് ഞാന്‍ പറഞ്ഞത്.”
ചെക്കന്‍ നിര്‍ത്താന്‍ ഭാവമില്ലായിരുന്നു.
“പുളു പറയുന്ന അമ്മൂമ്മ ..
ഇടതുകാലിലെ ആനക്കാല്‍ ..
വലതുകാലിലെ ആനക്കാല്‍ ..
പുളു പറയുന്ന അമ്മൂമ്മ ..”
താളത്തില്‍ ചൊല്ലിക്കൊണ്ട് അവന്‍ അവരുടെ ചുറ്റും വട്ടത്തില്‍ തുള്ളി.. അവന്റെ കാല് തട്ടി മറിയാതിരിക്കാന്‍ പെണ്ണ് വിളക്ക് മാറ്റി വച്ചു.
അമ്മൂമ്മക്ക് വല്ലാത്ത ദ്വേഷ്യം വന്നു.
“ശനിയന്‍, ശനിയന്‍.. നെന്റെ ഇടുപ്പില്‍ കെട്ടിയിരിക്കുന്ന ചരടുണ്ടല്ലോ ഭയങ്കര ശക്തിയുള്ളതാണ്. ഇങ്ങനെ തറുതല കാണിച്ചാ രാത്രി മാത്രമല്ല ചിലപ്പോ പകലും നെനക്ക് പെടുപ്പ് പോവൂല, ഓര്‍ത്തോ..”
മകന് കുഴപ്പമൊന്നും വരാതിരിക്കാന്‍ സരസമ്മ അടുക്കളയില്‍ നിന്ന് ഇടപെട്ടു.
“സഭ കഴിഞ്ഞെങ്കില്‍ വന്നു കഞ്ഞി കുടിക്കണം. നാളത്തേക്ക് വിഴുങ്ങാന്‍ രാവിലേ എണീറ്റ് വച്ചുണ്ടാക്കേണ്ടതാണ്..”
കഞ്ഞിയും കഴിച്ച് എല്ലാവരും കിടന്നുറങ്ങി..
ഓരോന്ന് ഓരോന്ന് ആലോചിച്ച് ആകുലപ്പെട്ട് കിടന്ന കാരണം വൈകിയാണ് അമ്മൂമ്മ ഉറങ്ങിയത്..
രാത്രി കുറെ കഴിഞ്ഞപ്പോള്‍ അവര്‍ക്ക് വീണ്ടും എണീക്കേണ്ടി വന്നു.
പായ നനച്ച ചെക്കനെ ചവിട്ടി നീക്കി, വിളക്ക് കത്തിച്ച്, നനഞ്ഞ തുണി മാറ്റി വീണ്ടും കിടക്കാനോരുങ്ങുമ്പോള്‍ പയ്യന്‍ എന്തോ പിറുപിറുക്കുന്നു.. അവര്‍ ചെവിയോര്‍ത്തു.
“ഇടതുകാല് വലതുകാല് ആനക്കാല് ഡുകുംഡുകും..”
കയ്യിലിരിക്കുന്ന വിളക്കിന്റെ വെളിച്ചത്തില്‍ അടുത്ത പായില്‍ കിടക്കുന്ന സതിപ്പെണ്ണിന്റെ വലിഞ്ഞ് മുറുകുന്ന മുഖം കണ്ടു. ദുസ്വപ്നം കാണുകയാണ്. അവളെ ഇങ്ങനെ സങ്കടപ്പെടുത്താന്‍ താനും കാരണമാവുന്നല്ലോ എന്നോര്‍ത്തപ്പോള്‍ അവര്‍ക്ക് വിഷമം വന്നു. എന്ത് ചെയ്താലാണ് അവളുടെ സങ്കടം മാറുക?
വിളക്കിന്റെ തിരി താഴ്ത്തിവച്ച് അമ്മൂമ്മ പെണ്ണിന്റെ അടുത്ത് കിടന്നു. ഉറക്കച്ചടവില്‍ എന്തൊക്കെയോ അവ്യക്തമായി ഉരുവിട്ട്, പേടിച്ചരണ്ട്, അടക്കിയ കരച്ചിലോടെ തിരിഞ്ഞ പെണ്ണിന്റെ കൈ അമ്മൂമ്മയുടെ പുറത്ത് വീണു.
അടിയിലായിപോയ കരങ്ങള്‍ പണിപ്പെട്ട് വലിച്ചെടുത്ത് അവര്‍ അവളുടെ തോളില്‍ താളത്തില്‍ തട്ടി വാവാവോ എന്ന് താരാട്ടിന്റെ ഈണം മൂളി..
by