ചമ്പാ പൂക്കള്‍
അറ്റന്‍ഡര്‍ തിരഞ്ഞു വരുമ്പോള്‍ വൃദ്ധന്‍ വരാന്തയില്‍ കൂട്ടിരിപ്പുകാര്‍ക്കുള്ള ബഞ്ചില്‍ കൂനിക്കൂടിയിരിക്കുകയായിരുന്നു. കാര്യം അറിയിച്ച് തിരികെ നടക്കുന്ന
തിനിടയില്‍ അയാള്‍ പലവട്ടം തിരിഞ്ഞു നോക്കി.
ഇതെന്തു മനുഷ്യന്‍..
വൃദ്ധന്റെ ചുണ്ടുകള്‍ വിറകൊള്ളുന്നത് അരണ്ടവെളിച്ചത്തില്‍ അയാള്‍ക്ക് കാണാന്‍ കഴിഞ്ഞിരുന്നില്ല.
കുറച്ച് നേരം കൂടി വൃദ്ധന്‍ അവിടെ ഇരുന്നു.
കരയരുത്.. അയാള്‍ ആത്മാവിനോട് പറഞ്ഞു.
ദുഃഖിച്ചിരുന്നാല്‍ ആരാണ് ജോലിയൊക്കെ തീര്‍ക്കുക?
ഇങ്ങനെയേ സംഭവിക്കുകയുള്ളൂ എന്ന് അറിയാമായിരുന്നതല്ലേ. എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് ഭാര്യയുമായി ആലോചിച്ച് തീരുമാനിച്ചിട്ടുണ്ട്.
പാഴാക്കാന്‍ സമയമില്ല, ഏറെ കാര്യങ്ങളുണ്ട് ചെയ്യാന്‍.
ബംഗാള്‍ ദേശക്കാരനായ ഷൊഹീദുള്‍ അന്ന് താമസിച്ചാണ് ഉറക്കമുണര്‍ന്നത്. കാലിലെ വേദനക്ക് ഇപ്പോള്‍ കുറവുണ്ട്. സിമന്റ് ബ്ലോക്ക് കൈവഴുതി വീണ് ബാന്‍ഡേജൊക്കെ കെട്ടി വച്ചിരിക്കുന്നു. ഭേദമായിട്ടേ പണിക്ക് പോകാന്‍ പറ്റൂ. അപകടമുണ്ടായ ഉടന്‍ കോണ്ട്രാക്ടര്‍ ധര്‍മ്മാശുപത്രിയില്‍ കൊണ്ടാക്കി. ഭാഗ്യത്തിന് പൊട്ടലൊന്നുമില്ല, മുറിഞ്ഞ് നീര് വച്ചിട്ടുണ്ടെന്നേയുള്ളൂ.
കൂടെ താമസിക്കുന്നവര്‍ ജോലിക്ക് പൊയ്ക്കഴിഞ്ഞു.
വാതില്‍ക്കലിരുന്ന് അവന്‍ മണ്‍നിരത്തിലേക്ക് നോക്കി. അവിടെ നിലത്ത് വീണ് കിടക്കുന്ന ചമ്പാ പൂക്കള്‍ ഇളം വെയിലില്‍ തിളങ്ങി. അവന്റെ നാട്ടില്‍ ഈ പൂക്കള്‍ക്ക് കുറച്ച് കൂടി നിറം ഉണ്ടാകും. സ്വര്‍ണ്ണ ചമ്പാ എന്നാണിതിനെ അവിടെ വിളിക്കുക.
പൂക്കളെ ചതച്ചു കൊണ്ട് ഒരു ഓട്ടോറിക്ഷാ വന്നു നിന്നു. എതിര്‍ വീട്ടിലെ വൃദ്ധന്‍ അതില്‍ നിന്നിറങ്ങി വാതില്‍ തുറന്ന് അകത്തേക്ക് പോയി.
കുറെ ദിവസമായല്ലോ കണ്ടിട്ട്.
എവിടെ ആയിരുന്നു ഇത്രയും നാളും? ഈ സമയത്ത് എവിടെ നിന്നു വരുന്നതാവും?
എവിടെ നിന്നായാലും തനിക്കെന്താണ്.. തല കുടഞ്ഞുകൊണ്ട് നിരത്തിലേക്ക് വീണ്ടും കണ്ണുകള്‍ പായിച്ചു.
ലക്ഷ്മണ്‍ സേട്ടിനുള്ള കടം നാട്ടില്‍ പണിയെടുത്ത് വീട്ടാന്‍ കഴിയില്ല എന്നായപ്പോഴാണ് മലയാള നാട്ടിലേക്ക് വണ്ടി കയറിയത്.
എന്തൊക്കെ കുറ്റമുണ്ടെങ്കിലും വീടും ഉള്ള കുറച്ച് സ്ഥലവും ആ കൊള്ളക്കാരന്റെ കയ്യില്‍ പോകാതെ കാത്തത് ഈ നാടാണ്. സേട്ട് പ്രമാണിയാണ്, സംസ്ഥാനം ഭരിക്കുന്ന കക്ഷിയുടെ നേതാവ്. നാട്ടില്‍ അയാള്‍ക്കെതിരെ സംസാരിക്കാന്‍ പോലും ആര്‍ക്കും കഴിയില്ല.
തീവണ്ടിയില്‍ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ യാത്ര ചെയ്ത് വന്നിട്ട് നാളുകളെത്ര ആയിരിക്കുന്നു.
ഇത്രയും കാലത്തിനിടയില്‍ എന്തെല്ലാം എന്തെല്ലാം സംഭവങ്ങള്‍, അവതാരങ്ങള്‍.
ദുര്‍ഗ്ഗാദേവി പ്രത്യക്ഷപ്പെട്ട് വംഗദേശത്തെ ചുവപ്പ് കോട്ട ഇടിച്ചു നിരത്തിയെന്നല്ലേ പറയുന്നത്. എന്നിട്ടെന്തായി, ഭാര്യയെ വിളിച്ചപ്പോള്‍ സേട്ട് ഇപ്പോള്‍ ദീദിയുടെ പാര്‍ട്ടിക്കാരനാണെന്ന് പറയുന്നത് കേട്ടു.
ഭാര്യയോട് ഈ അപകടത്തിന്റെ കാര്യമൊന്നും പറഞ്ഞിട്ടില്ല. അല്ലെങ്കില്‍ തന്നെ അവള്‍ വല്ലാത്ത വിഷമത്തിലാണ്.
കഴിഞ്ഞ ദിവസവും അവള്‍ ഓരോന്ന് പറഞ്ഞ് കരഞ്ഞു കൊണ്ടാണ് ഫോണ്‍ വച്ചത്.
വര്‍ഷത്തിലൊരിക്കല്‍ ദുര്‍ഗ്ഗാപൂജയുടെ സമയത്ത് മാത്രമല്ലേ വീട്ടില്‍ പോകുന്നത്. കുട്ടികള്‍ വളര്‍ന്ന് വരുന്നു, വയസ്സായ അച്ഛനും അമ്മയും. ഇതൊക്കെ ഒറ്റയ്ക്കൊക്കെ നോക്കി അവള്‍ക്ക് വയ്യാതായിട്ടുണ്ടാവും. കൂട്ടുകാരന്‍ അടുത്തില്ലാതെ എത്ര കാലമാണ്…
അതിനിടയില്‍ പണിസ്ഥലത്തെ തമാശ ഓര്‍മ്മ വന്നു.
ഇനി വിളിക്കുമ്പോള്‍ അത് പറയണം. അവിടെ മാളിക പണിയുന്ന ഉടമസ്ഥന്‍ അറബിനാട്ടില്‍ നിന്ന് രണ്ടും മൂന്നും കൊല്ലം കൂടുമ്പോഴാണ് വീട്ടുകാരുടെ അടുത്ത് വരുന്നത്!..
ഹൊ..
എന്തൊക്കെയാണീ ആലോചിച്ച് കൂട്ടുന്നത്.. ഇങ്ങനെ പതിവില്ലാത്തതാണല്ലോ. ഇനി കഴിച്ച മരുന്നിന്റെ ഡോസ് കൂടി റിയാക്ഷന്‍ വല്ലതുമാണോ?
ഇവിടെ ആലോചനയും കരുതലുമൊക്കെ ഹിന്ദിപണിക്കാര്‍ക്ക് അരുതാത്ത കാര്യങ്ങളാണ്.
നേര്‍ത്ത മുളയേണിയിലൂടെ രണ്ടുനില കെട്ടിടത്തിന് മുകളിലേക്ക് ഭാരം ചുമന്ന് കയറുമ്പോള്‍ അതിന്റെ ബലത്തെക്കുറിച്ച് ആശങ്കപ്പെടാന്‍ പാടില്ല. ചെയ്താല്‍ അടുത്ത ദിവസത്തേക്ക് വേറെ പണി സ്ഥലം നോക്കേണ്ടി വരും. തട്ട് പൊളിഞ്ഞ് താഴെ വീണ ബീഹാറി ഗൌസിന്റെ അസുഖം ഭേദമായോ എന്നു ചോദിച്ചാല്‍ കോണ്ട്രാക്ടറുടെ പുളിച്ച തെറിയാണ് കിട്ടുക, ചിലപ്പോള്‍ തല്ലും.
കുറച്ച് കഴിഞ്ഞു..
വൃദ്ധന്‍ ആവശ്യമുള്ള സാധനങ്ങള്‍ ഒരു സഞ്ചിയിലാക്കി വീടിന് പുറത്തിറങ്ങി. എതിര്‍ വശത്തെ വീട്ടില്‍ വച്ചുകെട്ടുമായിരിക്കുന്ന തൊഴിലാളി കയ്യുയര്‍ത്തി കാണിച്ചത് അയാള്‍ ശ്രദ്ധിച്ചില്ല. കണ്ണുകള്‍ നിരത്തില്‍ വീണ് കിടക്കുന്ന ചെമ്പക പൂക്കളിലേക്കായിരുന്നു. അയാള്‍ ഇങ്ങോട്ട് പുറപ്പെട്ട സ്ഥലത്തും ധാരാളം ചെമ്പകപൂക്കള്‍ കൊഴിഞ്ഞ് കിടപ്പുണ്ടായിരുന്നു. പൂക്കളെ കുറിച്ചുള്ള ഓര്‍മ്മകള്‍ അയാളുടെ മനസ്സിനുണ്ടായിരുന്ന ദാര്‍ഢ്യമൊക്കെ അലിയിച്ചു കളഞ്ഞു. പീള കെട്ടിയ കണ്ണുകള്‍ നിറച്ചു. അത് അയാളെ പ്രതിസന്ധികളെ നേരിടാന്‍ കഴിയാത്ത, അകവും പുറവും തളര്‍ന്ന ഒരു സാധാരണ വയസ്സനാക്കി.
ഒറ്റയ്ക്ക് ഇനി എങ്ങനെ ആവാനാണ്? വീഴാതെ പിടിച്ച് നില്ക്കാന്‍ ആരുടെയെങ്കിലും താങ്ങ് കിട്ടിയെങ്കില്‍.. അയാള്‍ ആശിച്ചു..
നടക്കാന്‍ തുടങ്ങുമ്പോള്‍ നേരത്തെ കയ്യുയര്‍ത്തി കാണിച്ച ഹിന്ദിക്കാരന്‍ സലാം ബാബുജി എന്ന് വിളിച്ച് പറഞ്ഞു.
ശക്തിയായി വീശിയടിച്ച കാറ്റ് കുറെ ചെമ്പകപൂക്കള്‍ കൂടി കൊഴിച്ചിട്ടു. കാറ്റടങ്ങുന്നത് വരെ അയാള്‍ കാത്തു നിന്നു. ആലോചനയുടെ ഒരു നീണ്ട നിര അയാളുടെ മനസ്സിലൂടെ കടന്നു പോകുന്നുണ്ടായിരുന്നു.
അതെ.. അത് നല്ല ഒരാശയമാണ്, ഒടുവില്‍ അയാള്‍ പിറുപിറുത്തു.
ഭായീ.. ഇവിടെ വരൂ..
വിറക്കുന്ന കൈകള്‍ കാട്ടി അയാള്‍ വിളിച്ചു.
ബിമാര്‍ ഹൈ.. ബാബുജി.. ഹിന്ദിക്കാരന്‍ ഉറക്കെ പറഞ്ഞു.
വൃദ്ധന് മനസ്സിലായില്ല. അയാള്‍ കൈകാട്ടി വീണ്ടും വിളിച്ചു.
ശല്യമായല്ലോ, സ്വയം വരുത്തിവച്ച വിന. അനാവശ്യമായി ചോദിച്ച് വാങ്ങിയതാണ്.
വയ്യാത്ത കാലും ഇഴച്ച് അവന്‍ വൃദ്ധന്റെ അടുത്തേക്ക് നടന്നു.
എന്തെങ്കിലും ജോലിക്കായിരിക്കും. ഒരു ഹിന്ദിക്കാരന്‍ നിരത്തിലേക്ക് നോക്കി വെറുതെ ആലോചിച്ചിരുന്നാല്‍ നിങ്ങള്‍ക്ക് സഹിക്കില്ലല്ലോ. ഇയാള്‍ എന്തു ചോദിച്ചാലും ഞാന്‍ പറ്റില്ല എന്നു തന്നെ പറയും. വിശ്രമിച്ച് സുഖമായാലേ എളുപ്പം പണിക്ക് പോകാന്‍ കഴിയൂ.
ബിമാര്‍ ഹൈ.. ബാബുജി.. ബഹുത്ത് ബിമാര്‍.. അവന്‍ കാലിലെ കെട്ട് ചൂണ്ടിക്കാണിച്ചു.
വൃദ്ധന് ഹിന്ദി ശരിക്ക് വശമില്ല. അവന്റെ കാലിന് വയ്യായ്കയാണെന്നു മനസ്സിലായി.
നടക്കാന്‍ കഴിയുന്നുണ്ടല്ലോ.. അത് മതി.
നിവര്‍ത്തിയുണ്ടെങ്കില്‍ നിന്നെ വിളിക്കില്ലായിരുന്നു. ഭാരിച്ച ജോലിയൊന്നുമില്ല. പക്ഷേ എന്റെ അവസ്ഥ ഒന്ന് നോക്കൂ. എന്നെക്കൊണ്ട് ഇനി ഒന്നും ചെയ്യാനാവില്ല. കൂടെ നിന്ന് ഒരു സഹോദരനെ പോലെ, വേണ്ട നിങ്ങളുടെ ഭാഷയില്‍ ഭായിയെ പോലെ എന്നെ സഹായിക്കണം.
ഇങ്ങനെ മിഴിച്ചു നില്‍ക്കുന്നത് എന്താണ്. പറഞ്ഞത് മനസ്സിലായില്ലേ?
എമര്‍ജന്‍സി, ഹോസ്പിറ്റല്‍ എന്നീ വാക്കുകള്‍ ഉപയോഗിച്ച് അയാള്‍ വിഷയത്തിന്റെ ഗൌരവം പറഞ്ഞു.
ഷൊഹീദുള്‍ സങ്കടത്തിലായി. അസുഖമാണെന്ന് പറഞ്ഞിട്ടും ഇയാള്‍ വിടാത്തതെന്താ? ദ്വേഷ്യത്തില്‍ രണ്ട് പറഞ്ഞ് കയറി പോവുകയാണ് വേണ്ടത്. പക്ഷെ, എന്നും കാണുന്ന ആളോട് എങ്ങനെ… പോരാഞ്ഞിട്ട് വയസ്സനും.
വൈകുന്നേരങ്ങളില്‍ അകത്തെ ജനാലയിലൂടെ അവന്‍ വൃദ്ധനെയും ഭാര്യയേയും നോക്കിയിരിക്കാറുണ്ട്..
വൃദ്ധന്‍ വരാന്തയിലെ കസേരയിലിരുന്ന് പത്രം വായിക്കുമ്പോള്‍ ഭാര്യ സ്റ്റീല്‍ കിണ്ണത്തിലൊഴിച്ച് കാപ്പി ആറ്റുകയായിരിക്കും. ഈ വയസ്സന്‍ കലപിലാന്ന് എന്തൊക്കെയോ പറയും. എന്താ ഇത്ര പറയാന്‍. പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നതായിരിക്കും, അല്ലെങ്കില്‍ പത്രത്തില്‍ വായിച്ച വാര്‍ത്തകളെപ്പറ്റി..
എന്തോ രസമുള്ളത് കേള്‍ക്കുന്ന മാതിരി വൃദ്ധ അതെല്ലാം തലയാട്ടി കേള്‍ക്കും, ചിരിക്കും.
ചിലപ്പോളൊക്കെ അവര്‍ വഴക്കിടാറുണ്ട്. ഭാര്യ അകത്തേക്ക് പോയി അവിടെ നിന്ന് കയര്‍ക്കുന്നത് കേള്‍ക്കാം. ദ്വേഷ്യം കൂടുമ്പോള്‍ പുറത്തേക്ക് പാഞ്ഞ് വന്ന് വൃദ്ധനെ ഉച്ചത്തില്‍ ശകാരിക്കും. മിക്കവാറും പിണക്കങ്ങള്‍ കുറച്ച് കഴിഞ്ഞ് തനിയെ അവസാനിക്കും.
ചിലപ്പോഴൊക്കെ കസേരയില്‍ നിന്നിറങ്ങി ഒരു കുമ്പിള്‍ പൂക്കളുമായി അകത്തേക്ക് പോയാണ് അയാള്‍ പിണക്കം തീര്‍ക്കുക.. അകത്തെന്താവും നടക്കുന്നത്? വൃദ്ധന്‍ മാപ്പ് പറയുന്നതാണോ? അതോ അവരെ പൂക്കള്‍ ചൂടിക്കയാണോ? ആവോ ആര്‍ക്കറിയാം..
ശേഷം, ഒന്നും സംഭവിക്കാത്തപോലെ രണ്ടുപേരും വരാന്തയില്‍ വന്നിരിക്കും. അയാള്‍ പെറുക്കിയെടുത്ത ചമ്പാപൂക്കള്‍ക്ക് സവിശേഷ സുഗന്ധം ഉണ്ടെന്ന പോലെ അവര്‍ ഓരോന്നായി എടുത്ത് മണത്തും..
അവരെ നോക്കിയിരുന്ന് അവന്‍ നാട്ടില്‍ വിട്ടുപോയതിനെ കുറിച്ചോര്‍ക്കും. അവിടെ ഗ്രാമത്തിലെ കുടിലില്‍ വിട്ടുപോന്ന ഭാര്യയെ കുട്ടികളെ വയസ്സായ അച്ഛനെ അമ്മയെ, അങ്ങനെ എല്ലാവരെയും..
കുട്ടികള്‍ സ്കൂളില്‍ നിന്ന് വന്ന് വല്ലതും കഴിച്ച് ഇപ്പോള്‍ മുറ്റത്ത് നിന്ന് കളിക്കുകയാവും..
വൈകുന്നേരങ്ങളില്‍ അച്ഛന് വലിവ് തുടങ്ങുന്നതാണ്. പുതിയ മരുന്ന് കഴിച്ചിട്ട് അസുഖം കുറവുണ്ടോയെന്ന് അറിഞ്ഞില്ലല്ലോ?
പദ്മ നദിയില്‍ വെള്ളം പൊങ്ങിയിട്ടുണ്ടാവും. ഇപ്പോള്‍ ഹില്‍സ മീനുകള്‍ വിലക്കുറവില്‍ കിട്ടുന്ന കാലമാണ്. നാട്ടിലുണ്ടായിരുന്നെങ്കില്‍ ചൂണ്ടയിടാമായിരുന്നു. അമ്മയുണ്ടാക്കുന്ന മീന്‍കറിക്ക് എന്ത് സ്വാദാണെന്നോ…
അങ്ങനെ ഓരോന്ന് ഓരോന്ന് ആലോചിക്കുമ്പോള്‍ ചിലപ്പോഴൊക്കെ കടുകരച്ച് വയ്ക്കുന്ന മീന്‍കറിയുടെ മണം അവന് എടുക്കാറുണ്ട്.
വൃദ്ധന്‍ എല്ലിച്ച കൈകള്‍ കൊണ്ട് അവനെ മുറുകെ പിടിച്ചു. ഒരു കൈ കൊണ്ട് പോക്കറ്റില്‍ നിന്നും നോട്ടുകള്‍ എടുത്ത് കാണിച്ചു.
ദയവ് ചെയ്ത് വരണം, ഇത് നോക്കൂ.. നിങ്ങള്‍ക്ക് കൂലി തരാനുള്ള മുഴുവന്‍ കാശും എന്റെ കയ്യിലുണ്ട്. നിങ്ങളുടെ സ്വന്തക്കാരാരെങ്കിലുമാണ് ഇങ്ങനെ അപേക്ഷിക്കുന്നതെങ്കില്‍ കൈവിടുമോ. ആരുമില്ലാത്ത ഒരു വൃദ്ധന്റെ അപേക്ഷയായ് ഇത് കരുതണം..
ബാബുജീ, കാശ് തന്നിട്ടെന്തു കാര്യം.. എനിക്ക് വയ്യാഞ്ഞിട്ടാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാവുന്നേയില്ലല്ലോ..
വൃദ്ധന്റെ വിതുമ്പുന്ന ചുണ്ടുകളും നിറഞ്ഞ കണ്ണുകളും കണ്ടപ്പോള്‍ മനസ്സ് തെല്ലലിഞ്ഞു. പാവം.. എന്തെങ്കിലും അപകടം പറ്റിക്കാണും. അല്ലാതെ ആരും ഇത്രയ്ക്ക് നിര്‍ബന്ധിക്കില്ല.
പക്ഷേ നോക്ക് ബാബുജീ, വയ്യാത്ത കാലുമായി വന്ന് ഞാന്‍ എന്തു ചെയ്യാനാണ്. എന്താണിത്? കാല് പിടിക്കാന്‍ പോവുകയാണോ? ദയവ് ചെയ്ത് എണീക്കൂ.. മനുഷ്യനെ ഇങ്ങനെ വിഷമിപ്പിക്കരുത്.
ഞാന്‍ വരാം… പക്ഷേ അതീ കാശിന് വേണ്ടിയല്ല…
കൈകള്‍ വിടുവിച്ച് അവന്‍ വസ്ത്രം മാറാന്‍ പോയി.
‘ഷ ഹ’ കാരങ്ങള്‍ ചേര്‍ത്ത് ഹിന്ദിക്കാരന്‍ പറഞ്ഞതൊന്നും വൃദ്ധന് മനസ്സിലായില്ല. വരാമെന്ന് സമ്മതിച്ചല്ലോ.. ഭാഗ്യം.. നേരം വൈകി, എത്രയും വേഗം ആശുപത്രിയില്‍ എത്തണം. അവിടെ എല്ലാം കാത്തു നില്ക്കുകയാവും.
മോര്‍ച്ചറിയുടെ മുറ്റത്തും ഒരു ചെമ്പകം പൂത്ത് പന്തലിച്ച് നിന്നിരുന്നു. ടെറസ്സില്‍ നിന്ന് വീണ് മരിച്ച മീജാന്റെ ശവം ഏറ്റുവാങ്ങിയ ദിവസമായിരുന്നു അവന്റെ മനസ്സില്‍. അന്ന് ഒരു ചാറ്റല്‍ മഴ കൂടി നനഞ്ഞ് പെയ്യുന്നുണ്ടായിരുന്നു.
പൂക്കള്‍ ചതഞ്ഞരഞ്ഞ് കിടന്ന മുറ്റത്ത് കൂടി വൃദ്ധന്‍ മോര്‍ച്ചറിയിലേക്ക് കയറി പോയി. ഒരു നടുക്കത്തോടെ അവന്‍ കാര്യങ്ങള്‍ അറിഞ്ഞു. വിശ്വസിക്കാന്‍ കഴിയുന്നില്ല.
അറിഞ്ഞില്ലല്ലോ ബാബുജി.. അറിഞ്ഞിരുന്നെങ്കില്‍ വിളിക്കാതെ തന്നെ ഞാന്‍ നിങ്ങളുടെ കൂടെ വരുമായിരുന്നു..
വല്ലാത്ത കുറ്റബോധം.. തിങ്ങി വന്ന വിഷമം അടക്കാന്‍ അവന്‍ പണിപ്പെട്ടു.
കണ്ണീര്‍ തുടച്ച് കൊണ്ട് വൃദ്ധന്‍ പുറത്തേക്കിറങ്ങി. ഷൊഹീദുളിന്റെ കാര്യം തന്നെ മറന്ന് മരച്ചുവട്ടില്‍ കണ്ണുകളും അടച്ചിരുന്നു.
വൃദ്ധനെ കാണും തോറും ഷൊഹീദുളിന് സങ്കടം കൂടി.
ഇനി നിരത്തിനെതിര്‍ വശത്തെ വരാന്തയില്‍ നിങ്ങള്‍ ഇതുപോലെ എപ്പോഴും ഒറ്റയ്ക്കാണല്ലോ ഇരിക്കുക.. അതൊട്ടും സന്തോഷമുള്ള കാഴ്ചയായിരിക്കില്ല. ബാബുജീ, അത് കാണാന്‍ ഞാനെന്റെ ജനാലകള്‍ ഒരിക്കലും തുറക്കാതിരിക്കാം..
വികാരങ്ങള്‍ അടക്കിക്കൊണ്ട് അവന്‍ വൃദ്ധന്റെ അടുക്കലേക്ക് നടന്നു..
ഒരു മരണമാണ് നടന്നിരിക്കുന്നത്, ബന്ധുക്കള്‍ അറിയണ്ടേ?
ബാബുജിയുടെ വിഷമം എനിക്ക് മനസ്സിലാകും. നിങ്ങളുടെ ജീവിതം ഒളിച്ചു കണ്ട് ഞാന്‍ കൊതിച്ചിട്ടുള്ളതല്ലേ..
പക്ഷെ ഈ മരത്തണലില്‍ ഇരുന്നാല്‍ ശരിയാവില്ല. എണീറ്റ് വരണം. ഒത്തിരി ജോലികളുണ്ട് തീര്‍ക്കാന്‍.
ചെമ്പകമരത്തിന്റെ ചുവട്ടില്‍ ഭാര്യയുടെ ശരീരത്തിന് കാത്തിരുന്ന വൃദ്ധന് അവന്‍ പറയുന്നതൊന്നും മനസ്സിലായില്ല. വൃദ്ധനെ മനസ്സിലാക്കിക്കാനായി അവന്‍ ലളിതമായി സാവധാനം പറഞ്ഞു. അറിയാവുന്ന ഇംഗ്ലീഷ് പദങ്ങളൊക്കെ പ്രയോഗിച്ചു.
റിലേഷന്‍, ഫോണ്‍ എന്നിങ്ങനെ കേട്ടപ്പോള്‍ പറയുന്നതെന്താവും എന്ന് അയാള്‍ക്ക് ഊഹിക്കാന്‍ കഴിഞ്ഞു.
എല്ലാവരും ഉണ്ട് കുഞ്ഞേ, മക്കളും പേരക്കുട്ടികളും വലിയ വലിയ ബന്ധുക്കളും ഒക്കെയുണ്ട്. പക്ഷേ ആര്‍ക്കും വരാന്‍ സമയം കാണില്ല. ഞങ്ങളെ കാണാന്‍ ആരെങ്കിലും വീട്ടില്‍ വരുന്നത് നീ കണ്ടിട്ടുണ്ടോ.
ഇങ്ങനെ കണ്ണും മിഴിച്ചിരിക്കാതെ. അതൊക്കെ നീണ്ട കഥകളാണ്. അതൊന്നും നിന്നെ പറഞ്ഞ് മനസ്സിലാക്കാനുള്ള ഭാഷയെനിക്കറിയില്ല. ഇടത്താനെ, വലത്താനെ എന്നൊക്കെ പറഞ്ഞ് നിങ്ങളെ പണിയെടുപ്പിക്കാനുള്ള ഭാഷയെ മലയാളികള്‍ക്കറിയാവൂ.
നിഷേധാര്‍ത്ഥത്തില്‍ അയാള്‍ കൈ വീശിക്കാണിച്ചു.
ശവശരീരം ട്രോളിയില്‍ പുറത്തെടുത്തു. കരഞ്ഞുതുടങ്ങിയ വൃദ്ധനെ മാറ്റി നിര്‍ത്തി അവന്‍ സ്ട്രെച്ചറിന്റെ ഒരു വശം പിടിച്ചു. അറ്റന്‍ഡര്‍മാരുടേയും ഡ്രൈവറുടേയും കൂടെ ശരീരം ആംബുലന്‍സിലേക്ക് കയറ്റി. കയറുമ്പോള്‍ വണ്ടിയുടെ പിറകിലെ പടിയില്‍ വയ്യാത്ത കാല്‍ തട്ടി നന്നായി വേദനിച്ചു. സ്ട്രെച്ചര്‍ ചരിഞ്ഞു. ആംബുലന്‍സ് ഡ്രൈവറും അറ്റന്‍ഡര്‍മാരും കൂടി അവനെ ഹിന്ദിയിലും മലയാളത്തിലും തെറി പറഞ്ഞു.
അതിന് ഭാഷാപ്രശ്നമൊന്നുമില്ലല്ലോ.
ആംബുലന്‍സ് പുറപ്പെട്ടു. ജഡത്തിനും വൃദ്ധനും വണ്ടിയില്‍ അവന്‍ കൂട്ടിരുന്നു.
വൃദ്ധയുടെ ശരീരം വെള്ളത്തുണിയില്‍ പൊതിഞ്ഞ് കിടത്തിയിരിക്കുന്നു. അവരുടെ പുറത്ത് വൃദ്ധന്‍ വാരിയിട്ട ചെമ്പക പൂക്കള്‍..
കൊച്ചു കുട്ടികളുടെ പോലെയുള്ള മുഖം, ഭര്‍ത്താവിന് കാപ്പി ആറ്റിക്കൊടുക്കുമ്പോഴുള്ള ഭാവം. വൃദ്ധന്‍ എന്തെങ്കിലും സംസാരിച്ച് തുടങ്ങിയാല്‍ ഇപ്പോള്‍ തലയാട്ടുമെന്ന് തോന്നും.
കൂടുതല്‍ നോക്കാന്‍ കഴിയാതെ അവന്‍ മുഖം തിരിച്ചു.
വൃദ്ധന്‍ ഈ ലോകത്തൊന്നുമല്ല. തല പുറകിലോട്ട് ചാച്ച് മോര്‍ച്ചറിക്കു മുന്നിലെ മരച്ചുവട്ടിലെ പോലെ കണ്ണുകളടച്ചിരിക്കുന്നു.
വണ്ടി എവിടേക്കാണ് പോകുന്നത്. അവനോട് ആരും അത് പറഞ്ഞിരുന്നില്ല.
വീട്ടിലേക്കായിരിക്കില്ല, ബന്ധുക്കള്‍ ഇല്ല എന്നല്ലേ കൈകാണിച്ചത്.
അയല്‍ക്കാരെയെങ്കിലും കാണിക്കണ്ടേ?
അല്ലാ.. ഞങ്ങള്‍ അയല്‍ക്കാര്‍ ഇതൊന്നും അറിഞ്ഞതേ ഇല്ലല്ലോ..
ഇനി നേരിട്ട് ശ്മശാനത്തിലേക്കായിരിക്കുമോ. എവിടെ ചെന്നാലും മഞ്ചലിറക്കണം.
പടിയില്‍ തട്ടിയിടത്ത് വല്ലാതെ വേദനിച്ചു. അവന്‍ കാലിലേക്ക് നോക്കി.. കെട്ടിന് മുകളില്‍ രക്തത്തിന്റെ ചുവപ്പ് രാശി പടര്‍ന്ന് കയറുന്നു.
കോണ്ട്രാക്ടറെക്കാള്‍ ഭയങ്കരനാണ് ഈ ഡ്രൈവര്‍. എടുക്കുമ്പോള്‍ മഞ്ചലെങ്ങാനും ചരിഞ്ഞാല്‍ ദ്വേഷ്യം വന്ന് തല്ലിയേക്കാനും മതി.
വേദനകളും ആലോചനകളും അവനെ തളര്‍ത്തി. തല കൈകളില്‍ താങ്ങി അവന്‍ കണ്ണടച്ചു. റോഡിലെ കുഴികളില്‍ കയറിയിറങ്ങി ആംബുലന്‍സ് മുന്നോട്ട്…
തുറന്നു വച്ച ജനാലകളിലൂടെ ആശ്വാസമായി മുടിയിഴകളെ തഴുകി ഒരു തണുത്ത കാറ്റ്. ചെമ്പക പൂക്കളുടെ മണം നേര്‍ത്തു നേര്‍ത്തു വന്നു. വണ്ടിക്കകത്ത് ഇപ്പോള്‍ കടുപ്പമുള്ള കാപ്പിയുടെ ഗന്ധമാണ്..
തീരെ വയ്യാണ്ടായല്ലേ കുഞ്ഞേ.. വിഷമിക്കണ്ട.. ഇറങ്ങുമ്പോള്‍ നീ മാറി നിന്നോളൂ. മഞ്ചല്‍ ചരിയാതെ ഞാന്‍ ബലത്തില്‍ പിടിച്ചോളാം…
മലയാളത്തില്‍ പറയുന്നത് ഇപ്പോള്‍ മനസ്സിലാവുന്നുണ്ട്. പക്ഷേ പറയുന്നയാളെ നോക്കുമ്പോള്‍ കരച്ചില്‍ അടക്കാനാകുന്നില്ല.
തേങ്ങി തേങ്ങി കരയുന്ന അവനെ കരയാതെ മോനെ എന്നു പറഞ്ഞ് സ്ട്രെച്ചറില്‍ നിന്ന് കൈ നീട്ടി അമ്മ തലോടി.