കുചേല വൃത്താന്തം അഥവാ കൊടുമുടികള്‍ നിര്‍ദ്ധാരണം ചെയ്യാന്‍ പുറപ്പെട്ട ഒരു മനുഷ്യന്‍

ഒരു അനുഭവ കഥ വായിച്ചതോര്‍ക്കുന്നു. അപകടത്തിനു ശേഷം ലോകത്തെ ജ്യാമിതീയ രൂപങ്ങളില്‍ മാത്രം കാണാന്‍ തുടങ്ങിയ ഒരാള്‍. ഇപ്പോള്‍ പ്രശസ്ത ഗണിതശാസ്ത്രജ്ഞരില്‍ ഒരാളാണത്രെ.
അങ്ങനെ കാണുകയാണെങ്കില്‍ എന്തു രസമായിരിക്കും. ഈ ബസ് ഒരു ചതുരപ്പെട്ടിയാണ്. മുമ്പില്‍ ഡ്രൈവറുടെ കയ്യില്‍ വൃത്താകൃതിയിലെ സ്റ്റിയറിംഗ്. ജനാലകള്‍ക്ക് സമചതുരത്തിന്റെ രൂപമാണ്. ഷട്ടര്‍ അല്പം താഴ്ത്തിയാല്‍ ദീര്‍ഘചതുരമാകും. അതാ അവിടെ ഒരു ജനാലയുടെ ക്ലിപ്പ് ഇളകി ഷട്ടറിന്റെ വശം താണു കിടന്ന് കുറെ രൂപങ്ങള്‍ ഉണ്ടാക്കുന്നു. അതില്‍ ആവേശകരമായത് മട്ടത്രികോണമാണ്.
കര്‍ണ്ണവര്‍ഗ്ഗം സമം ലംബവര്‍ഗ്ഗം അധികം പാദവര്‍ഗ്ഗം.

ത്രികോണത്തിന്റെ മൂന്നു വശങ്ങളുമായി ബന്ധപ്പെട്ട് എന്തെല്ലാം എന്തെല്ലാമാണ് കണ്ടു പിടിച്ചിരിക്കുന്നത്. പണ്ട് ഗ്രീസില്‍ ഇറോത്തോസ്തനീസ് എന്ന ചിന്തകന്‍ ഈ സമവാക്യം ഉപയോഗിച്ച് ഭീമാകാരമായ ഭൂമിയുടെ ചുറ്റളവ് പോലും കണ്ടു പിടിച്ചു.
ബസ്സിന്റെ ഒരറ്റത്ത് ചാഞ്ഞിരിക്കുന്ന നമ്മുടെ കഥാനായകന് ഏറ്റവും ഇഷ്ടപ്പെട്ടതും ത്രികോണമിതിയിലെ പ്രശ്നങ്ങളാണ്. സൈന്‍ തീറ്റയെ കോസ് തീറ്റയായും, സീക്ക് തീറ്റയെ കൊസീക്ക് തീറ്റയായും മാറ്റുന്ന അത്ഭുത വിദ്യകള്‍ സ്കൂള്‍ ക്ലാസ്സില്‍ അപ്പുസാറാണ് അയാളെ പരിചയപ്പെടുത്തിയത്. ക്ലാസ്സിലെ രണ്ടാമത്തെ നിരയിലെ ഇരിപ്പിടം വിട്ട് കാലങ്ങളെത്രയാവുന്നു. പക്ഷേ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനുള്ള കഴിവ് ഇനിയും വിട്ട് പോയിട്ടില്ല.

അയാളുടെ ജീവിത മന്ത്രം ഏതാണ്ടിങ്ങനെയാണ്.

എല്ലാ പ്രശ്നങ്ങള്‍ക്കും ഒരുത്തരമുണ്ട്. വഴി കണ്ടെത്തണമെന്നു മാത്രം. ആലോചിക്കണം, ഏകാഗ്രതയോടെ സമയമെടുത്ത് ആലോചിക്കണം. എന്നിട്ടും കിട്ടിയില്ലെങ്കിലോ? ചുറ്റും നോക്കണം, മീന്‍ചട്ടി തള്ളിയിട്ട് കൃത്യം രണ്ടു കഷ്ണങ്ങളാക്കി ഓടി മറയുന്ന കറുമ്പി പൂച്ചയായിരിക്കും ചിലപ്പോള്‍ ഉത്തരം നല്കുക.
മാവിന്റെ കൊമ്പത്തിരുന്ന കാകുന്ന കാക്ക, തെരുവിലോളിയിടുന്ന നായ, മടിയില്‍ കയറിയിരുന്ന് മുത്തം നല്കുന്ന കുഞ്ഞു മകള്‍, മേശക്കടുത്ത് വന്ന് എല്ലാവരും കേള്‍ക്കെ ശകാരിക്കുന്ന ഓഫീസ് മേധാവി അങ്ങനെ പലരും പലരും അപ്പുസാറിനെ പോലെ സൂചനകള്‍ തന്നു കൊണ്ടിരിക്കും. ഒന്നു വിട്ടു പോയാലും വിഷമിക്കണ്ട. അടുത്തത് പിറകെ നിങ്ങളെ തേടി വരുന്നുണ്ടാവും.
ചിലപ്പോള്‍ ഒരിക്കലും പരിഹരിക്കാനാവാത്ത പ്രശ്നം എന്നു തോന്നും. തെറ്റാണത്, അങ്ങനൊന്നില്ല, നാം കരുതുന്നതായിരിക്കില്ല ചിലപ്പോള്‍ ഉത്തരമായി കിട്ടുക. അങ്ങനെയാണെങ്കില്‍ കരുതിവച്ച ഉത്തരത്തിന്റെ കുഴപ്പമാണ്. ത്രികോണമിതി പോലെ തന്നെയാണ് ജീവിതവും, നിര്‍ദ്ധാരണം ചെയ്തൊരിക്കലും തെറ്റായ ഉത്തരത്തില്‍ എത്താന്‍ കഴിയില്ല.

അയാളുടെ സിദ്ധാന്തത്തെ പറ്റി ഭാര്യക്ക് നല്ല അഭിപ്രായമാണ്. കൂടിക്കുഴഞ്ഞ് കുരുങ്ങിക്കിടക്കുന്ന പ്രശ്നങ്ങള്‍ ക്ഷണനേരം കൊണ്ട് അഴിക്കാനുള്ള കഴിവിനെ അയാളുടെ കുടുംബം മനസ്സറിഞ്ഞ് ആരാധിച്ചു.

തകരാറുകള്‍ ഉണ്ടായിട്ടില്ല എന്നല്ല.. ഓഫീസില്‍ കൂട്ടുകാരന് ജാമ്യം നിന്നതിന് ശമ്പളത്തില്‍ നിന്ന് പിടിത്തം തുടങ്ങിയപ്പോള്‍ അയാള്‍ പറഞ്ഞു.

ഒന്നെനിക്ക് മനസ്സിലായി, മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് പരിഹരിക്കാന്‍ നോക്കുന്നത് അടുത്തവന്റെ ചോദ്യപേപ്പറിന് ഉത്തരം എഴുതുന്ന പോലെയാണ്. എത്ര നന്നായി ചെയ്താലും തെറ്റും.

നീയിങ്ങനെ കരുതലില്ലാതിരുന്നാല്‍ ശരിയാവില്ല എന്ന് ഗുണദോഷിക്കാന്‍ ഭാര്യയുടെ സഹോദരന്‍ വന്നു. അന്നു ഭാര്യ പറഞ്ഞത് അയാള്‍ക്ക് ഇപ്പോഴും രോമാഞ്ചമുണ്ടാക്കുന്നു..
എന്തെങ്കിലും ദോഷം വന്നിട്ടുണ്ടെങ്കില്‍ അത് മറ്റുള്ളവരെ സഹായിച്ചിട്ടാണ്. അതിനുള്ള ഫലം ഇവിടല്ല, മുകളിലെ കണക്കുപുസ്തകത്തിലാണ് എഴുതുന്നത്. പിന്നെ എത്ര മുട്ടുവന്നാലും എന്നെയും കുട്ടികളെയും കുറവില്ലാതെ നോക്കുമെന്നെനിക്കറിയാം..

കഥയ്ക്കിടയില്‍ ഒരു ചോദ്യം: സാര്‍, ഭാര്യയുടെ വിശ്വാസം താങ്കള്‍ക്ക് ചിലപ്പോഴെങ്കിലും ഒരു ഭാരമായി തോന്നിയിട്ടില്ലേ?

എന്തിന്! യുക്തിപൂര്‍വ്വം ഉത്തരങ്ങള്‍ കണ്ടുപിടിക്കാനുള്ള കഴിവിനെ അംഗീകരിക്കുന്നത് നല്ലതല്ല എന്ന് പറയുകയാണോ.
പ്രായമായി വരുന്നതിന്റെ പ്രശ്നങ്ങള്‍ ഉണ്ടാകാം. പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാണ്. ചോദ്യം ബോര്‍ഡില്‍ എഴുതി തീര്‍ക്കുന്നതിന് മുമ്പ് ഉത്തരവുമായി സാര്‍ എന്നു ചാടി എണീക്കുന്ന പോലെ പറ്റുന്നില്ല.
ഒരു സമയം ഒരൊറ്റ പ്രശ്നമല്ലല്ലോ. ഇപ്പോള്‍ തന്നെ മുമ്പില്‍ രണ്ടു വലിയ പ്രശ്നങ്ങളാണ്. എണ്ണിയാലൊടുങ്ങാത്ത അനുബന്ധങ്ങളും.

അസുഖം, കുറച്ച് ദിവസമായി ഈ ചുമ തുടങ്ങിയിട്ട്. സുരേഷ് ഡോക്ടറെ കണ്ടു. പക്ഷേ കൈപ്പുണ്യം നിറഞ്ഞ മരുന്നിനേയും തോല്പിച്ച് ഉള്ളില്‍ ചങ്കിന്റെ വലത് ഭാഗത്ത് കനല് നീറ്റുന്ന പോലെ വേദന.
എക്സ്റേ തിരിച്ചും മറിച്ചും നോക്കിയിട്ട് ഡോക്ടര്‍ പറഞ്ഞു.
സാധാരണ ചുമയാണെങ്കില്‍ ഇങ്ങനെ നീണ്ടു നില്ക്കേണ്ട കാര്യമില്ല, എന്തിനും ഒരു സ്പെഷ്യലിസ്റ്റിനെ കാണുന്നതാണ് നല്ലത്.

പള്‍മനോ.. പള്‍മറോ..
സ്പെഷ്യലൈസേഷന്റെ പേര് തൊണ്ടയില്‍ തടഞ്ഞുനിന്നതിന്റെ കിരുകിരുപ്പ് അയാളെ ചുമയിലേക്ക് തള്ളിയിട്ടു. ബസ്സിനുള്ളിലേക്ക് ആഞ്ഞു വീശുന്ന തണുത്ത കാറ്റുമായി ചേര്‍ന്ന് ചുമ കൊട്ടിക്കയറി. കലാശപ്പെരുക്കത്തിനൊടുവില്‍ രക്തത്തിന്റെ ദുസ്വാദ് കലര്‍ന്ന കഫം പുറത്തേക്ക് നീട്ടി തുപ്പി.

മകന്റെ പ്ലസ്ടു അഡ്മിഷന്‍. ശമ്പളത്തോട് ചേര്‍ന്ന ദിവസമായിരുന്നെങ്കില്‍ ആരോടും ചോദിക്കണ്ട. മാസം പകുതി കഴിഞ്ഞാല്‍ പിന്നെ അത് വയ്യല്ലോ.
ഇതിലും വലിയ പ്രതിസന്ധികള്‍ നിസ്സാരമായി തരണം ചെയ്തിട്ടുള്ളതാണ്. ഇപ്പോള്‍ അസുഖത്തിന്റേതാവണം, നെഞ്ചിന് അത്ര ഉറപ്പ് തോന്നുന്നില്ല.

ഈയിടെ യാഥൃശ്ചികമായാണ് നവാസിനെ കണ്ടത്. ആഡംബര കാര്‍ വഴിയില്‍ നിര്‍ത്തി ഇറങ്ങി വന്ന് കെട്ടിപ്പിടിച്ചു. അല്പം കൂനും കഷണ്ടിയുമുള്ള തന്നെ തിരിച്ചറിഞ്ഞുവെന്നത് വലിയ അത്ഭുതം തന്നെ.

ആ സുന്ദരനാരാണെന്ന് ആദ്യം അറിഞ്ഞില്ല.. മനസ്സിലായപ്പോള്‍ കോഴിക്കോടാ എന്നു വിളിച്ചു.
വട്ടപ്പേരാണ്, അവന്റെ വാപ്പ കോഴിക്കോടുനിന്ന് എണ്ണക്കച്ചവടത്തിന് വന്ന് നിക്കാഹ് കഴിച്ച് ഇവിടെ കൂടിയതാണ്. കവലയിലെ കടയില്‍ എണ്ണപ്പാട്ടകള്‍ക്ക് പിറകില്‍ ഒറ്റമുണ്ട് മാത്രമുടുത്ത് ഇരിക്കുന്ന തടിച്ച രൂപത്തെക്കുറിച്ച് ഇപ്പോള്‍ അവ്യക്തമായ ഓര്‍മ്മകളേയുള്ളൂ.

നവാസിനെ പറ്റി ഓര്‍ക്കാന്‍ കുറേ രസങ്ങളുണ്ട്.
ശനിയാഴ്ചകളിലെ അവസാനത്തെ ഇസിഎ പിരീഡില്‍ കമലഹാസന്റെ ഡപ്പാംകൂത്തും പാടി ചാടിമറിയുന്നത്.
അപ്പുസാറിന്റെ ക്ലാസ്സില്‍ പിറകിലെ ബഞ്ചിലിരുന്ന് നോട്ട്ബുക്കിലേക്കെത്തി നോക്കുന്നത്. അത്ഭുതം തന്നെ, അവന്റെ പരുപരുത്ത ശബ്ദവും തലകുത്തി മറിച്ചിലും അക്കാലത്ത് ആസ്വദിക്കാന്‍ പറ്റിയിരുന്നു.

കാറില്‍ കയറ്റി അവന്റെ വീട്ടില്‍ കൊണ്ട് പോയി. കൊട്ടാരം പോലൊരു ഭവനം. അതില്‍ ഹൂറിയെ പോലെ മൊഞ്ചത്തി ഭാര്യ. വിദേശത്തെ പണിയൊക്കെ നിര്‍ത്തി നാട്ടില്‍ കച്ചവടവുമായി കൂടാനുള്ള പദ്ധതിയാണ്.

സമയം കിട്ടുമ്പോള്‍ അഴിച്ചെടുക്കാന്‍ ഒരു പ്രശ്നം കൂടെയുണ്ട്. അറബി നാട്ടിലെ ചൂടില്‍ പോയി പണിയെടുക്കുന്നവരുടെ ദേഹം ഇത്രയും വെളുക്കുന്നതെങ്ങനെ? പ്രായം ഇത്ര കണ്ട് കുറയുന്നതെങ്ങനെ?

നഗരത്തിന്റെ തിരക്കിലേക്ക് ഇഴഞ്ഞുകയറിയ ബസ്സ് അയാളെ ആശുപത്രി മുറ്റത്ത് ഉപേക്ഷിച്ച് പോയി. കുറച്ച് നേരത്തെ പണിപ്പാടിനൊടുവില്‍ ആശുപത്രിയിലെ നെടുങ്കന്‍ ബോര്‍ഡില്‍ നിന്ന് നേരത്തെ തൊണ്ടയില്‍ തടഞ്ഞ വാക്ക് കണ്ടുപിടിച്ചു.
പള്‍മനോളജിസ്റ്റ്.. പള്‍മനോളജിസ്റ്റ്.. കുഴപ്പിക്കുന്ന വാക്ക് തന്നെ.

അകം മുഴുവന്‍ ശീതീകരിച്ചിരിക്കുകയാണ്. എന്തൊരു തിരക്ക്.
റിസപ്ഷനിലെ സുന്ദരി മുന്നൂറ് രൂപ വാങ്ങി.
ഹോ.. ഭയങ്കരം തന്നെ. സുരേഷ് ഡോക്ടറിന്റെ അടുത്താണെങ്കില്‍ ഒരാഴ്ച കഴിക്കാനുള്ള മരുന്നിനുള്‍പ്പടെ നൂറു രൂപക്ക് കാര്യം തീര്‍ന്നേനേ.

ആ കുട്ടിക്ക് എന്താ ഒരു പ്രത്യേകത? മനസ്സിലായി, കയ്യില്‍ പ്രത്യേകം ഞൊറി വച്ച പട്ട്തുണിയുടെ ബ്ലൌസ്സാണ്..
ഭാര്യ ഒരു കൊച്ച് പെണ്‍കുട്ടിയായി ഇങ്ങനത്തെ ബ്ലൌസ്സുമിട്ട് നില്ക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ വീട്ടിലുണ്ട്. ഇപ്പഴത്തെ ഫാഷനും ഇതാണോ?

ഫോണ്‍ മണിയടിച്ചു.. വീട്ടില്‍ നിന്നാണ്..
എടേ നീ വിശ്വസിക്കില്ല.. നിന്റെ കാര്യം ഞാനിപ്പോള്‍ ഓര്‍ത്തതേയുള്ളൂ..
കള്ളം പറയാതെ.. ആശുപത്രിയിലെത്തിയോ.. ഞാനും കൂടെ വരാമായിരുന്നു. തിരിച്ചു വരുമ്പോള്‍ മോള്‍ക്ക് നാലുവരി പുസ്തകം വാങ്ങിക്കണം. പിന്നെ നാളെ മോന്റെ സ്കൂളില്‍ പോകാന്‍ വരയന്‍ ഷര്‍ട്ട് തേച്ചാല്‍ മതിയല്ലോ.. അധികം താമസിക്കരുതേ..

പടികള്‍ ചവിട്ടിക്കയറി ഇരുപത്തെട്ടാം നമ്പര്‍ മുറിയുടെ മുന്നിലെത്തി. ചെറുതായി കിതക്കുന്നു. ഇവിടെ ലിഫ്റ്റുണ്ടായിരുന്നല്ലേ..

ഡോക്ടര്‍ ഓപ്പറേഷന്‍ തിയേറ്ററിലാണ്. വരാന്‍ വൈകും.
ഇരുമ്മുന്ന കഫവുമായി അയാളും കുറെ നെഞ്ചുരോഗികളും ആ മുറിക്ക് മുന്നിലിരുന്നു. ഡോക്ടര്‍ എത്തിയപ്പോള്‍ ഒത്തിരി വൈകി. ഓരോരുത്തരെ ആയി പേര് വിളിക്കുന്നു. വിശദമായ പരിശോധന.

പന്ത്രണ്ട് മണി കഴിഞ്ഞപ്പോഴാണ് രാവിലെ ഒന്നും കഴിച്ചില്ലല്ലോ എന്നോര്‍ത്തത്. ഭാര്യയെ ബുദ്ധിമുട്ടിക്കണ്ട എന്നു കരുതി വേണ്ട എന്നു നിര്‍ബന്ധം പറഞ്ഞതാണ്. തിരികെ നേരത്തെ പോകാമെന്നു കരുതിയാണ് രാവിലെ അഞ്ചരക്കിറങ്ങിയത്. ഇനി അത് നടക്കുമെന്നു തോന്നുന്നില്ല.

കാത്ത് കാത്തിരുന്ന് ഒടുവില്‍ ഡോക്ടര്‍ വിളിച്ചു. സ്റ്റെതസ്കോപ്പ് വച്ച് പരിശോധിച്ചു. എക്സ്റേ വാങ്ങി നോക്കി. ശ്വാസം എടുത്തു, കാറി, ചുമച്ചു, തുപ്പി.
തുടങ്ങിയിട്ട് കുറേ നാളായോ..
ഉവ്വെന്നു പറഞ്ഞപ്പോള്‍ തുണ്ടു കടലാസ്സില്‍ കുറിക്കാന്‍ തുടങ്ങി.
ഒരു സംശയമാണ്.. സ്കാന്‍ ചെയ്തു നോക്കണം. ഡോക്ടര്‍ സ്കാനിന്റെ കുറിപ്പടിയാണ് എഴുതിയത്.
റിസള്‍ട്ടുമായി വരൂ.. അതു വരെ ഈ മരുന്നുകള്‍ കഴിക്കണം.. അതിന് മറ്റൊരു കുറിപ്പടി.

സ്കാനിന്റെ കാര്യം പിന്നാവട്ടെ. മരുന്നു നാട്ടിലെ മെഡിക്കല്‍സില്‍ നിന്നും കടം വാങ്ങാം.

നവാസിനെ ഒന്നു വിളിക്കണം. അഡ്മിഷന്റെ കാര്യം അവനോട് സൂചിപ്പിച്ചിട്ടുള്ളതാണ്.
ചങ്ങാതീ ഇങ്ങനെയൊന്നും പറയരുത്. എടാ ഇത്ര രൂപ വേണം എന്നേ പറയാവൂ. നിനക്ക് തന്നില്ലെങ്കില്‍ പിന്നെ ഞാനാര്‍ക്കാ കൊടുക്കുക. സ്കൂളിപ്പടിച്ച ചങ്ങാതി എന്നു പിന്നെന്തിനാ പറയുന്നെ. നീ എന്റെ വെരി സ്പെഷ്യല്‍ ചങ്ങാതിയല്ലേ.. അപ്പുസാറിന്റെ അടികളില്‍ നിന്നെന്നെ രക്ഷിച്ച ചങ്ങാതി.

ഫോണ്‍ എടുത്ത് നമ്പര്‍ ഡയല്‍ ചെയ്തു.
ഹലോ.. ഉറക്കച്ചടവുള്ള ശബ്ദം.
കഷ്ടം ഉച്ചമയക്കത്തിലായിരിക്കും.. കുറച്ച് കഴിഞ്ഞ് വിളിച്ചാല്‍ മതിയായിരുന്നു.
നവാസെ ഉറക്കമാണെങ്കില്‍ ഞാന്‍ കുറച്ച് കഴിഞ്ഞ് വിളിക്കാം..
അതൊന്നും കുഴപ്പമില്ല.. നീയെപ്പഴാ വരുന്നെ.

ഞാന്‍ ഇവിടെ നഗരത്തിലാ. ഉടനെ തിരിക്കും, നേരെ അവിടെ വന്നാലോ എന്നാലോചിക്കുകയാ..
അതിനെന്താ.. വന്നോ.. ഞാനിവിടെത്തന്നെയുണ്ട്..

നല്ല വിശക്കുന്നുണ്ട്.. തൊണ്ടയില്‍ വല്ലാത്ത ഇരുമ്മലും. കഴിച്ചിട്ട് പോകാമെന്നു വച്ചാല്‍.. വേണ്ട.. മണി രണ്ടു കഴിഞ്ഞു.. ഇപ്പോ പുറപ്പെട്ടാലും കുട്ടികളുടെ സ്കൂള്‍ വിടുന്ന തിരക്കെല്ലാം കഴിഞ്ഞ് നാട്ടിലെത്തുമ്പോള്‍ വൈകുന്നേരമാകും.. കവലയില്‍ നിന്ന് പിന്നെയും നാലഞ്ച് കിലോമീറ്റര്‍ പോകണം. അടുത്തുള്ള മാടക്കടയില്‍ നിന്ന് ഒരു കട്ടന്‍ അകത്താക്കുമ്പോഴേക്കും ബസ്സ് വന്നു.

ചതുരപ്പെട്ടി.. വട്ടത്തിലുള്ള സ്റ്റിയറിംഗ്.. സമചതുരത്തിലുള്ള ജനാല.., ആലോചനക്ക് തെളിച്ചം കിട്ടാതെയായപ്പോള്‍ മയങ്ങാമെന്നു വിചാരിച്ചു.
എക്സ്റേയും കുറിപ്പടിയും ഉള്ള കവര്‍ നെഞ്ചോടമര്‍ത്തി പിടിച്ച് സീറ്റിന്റെ പിറകിലേക്ക് തലചാച്ചു.

ബസ് ഓടിയോടി റോഡുകള്‍ തീര്‍ത്തു.. പിന്നെ മണ്‍പാതയാണ്.. അവസാനം വഴി പോലുമില്ലാതെ ഓടി താഴെ ഗര്‍ത്തത്തിലേക്ക് മറിഞ്ഞ് വീണു. താഴെ നിന്ന് വീശുന്നത് തീക്കാറ്റാണ്. ജനലിലൂടെ എത്തി നോക്കുമ്പോള്‍ താഴെ നരകത്തീ.. വായുവില്‍ പുക നിറഞ്ഞു ശ്വാസം മുട്ടുന്നു..

ചുമയുമായിട്ടാണ് സ്വപ്നത്തില്‍ നിന്ന് ഉണര്‍ന്നത്. നീണ്ടു നില്ക്കുന്ന ചുമ.. നിര്‍ത്താതെ ചുമച്ച് ചുമച്ച് ശ്വാസം മുട്ടി.. അവസാനം ഒരു ഏങ്ങലില്‍ പിടിത്തം വിട്ടു.. ആര്‍ത്തിയോടെ ശ്വാസം അകത്തേക്ക് വലിച്ചു കേറ്റി.

അടുത്ത സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോള്‍ കഫം വെളിയിലേക്ക് തുപ്പി. ഇറങ്ങാനുള്ള സ്ഥലം അടുത്തു. നേരം ഇരുണ്ട് വരുന്നു. ഇന്നെന്താ പതിവിലും ബ്ലോക്കുണ്ടായിരുന്നോ..

ഇനി നടക്കാനുള്ള നേരമൊന്നുമില്ല. കവലയിലിറങ്ങിയാലുടന്‍ ഓട്ടോറിക്ഷ വിളിക്കണം
ഇതുവരെ ഇങ്ങനെ ചുമച്ചിട്ടില്ല. ശ്വാസം മുട്ടി ചത്തുപോകുമെന്നു പോലും തോന്നി..
നാളത്തെ അഡിമിഷന്‍ കഴിഞ്ഞ് പറ്റുമെങ്കില്‍ സ്കാനിംഗിന് പോണം. അതിന് വേണ്ടിയുള്ളതും ചോദിച്ചാല്‍ നവാസ് തരാതിരിക്കില്ല..

നെഞ്ച് ക്രാകി ഉരുണ്ടുകൂടുന്ന ചുമയെ അവഗണിക്കാന്‍ ശ്രമിച്ച് കൊണ്ട് അയാള്‍ ബസ്സിലിരുന്നു. തണുത്ത കാറ്റ് അകത്തേക്ക് ആഞ്ഞ് വീശി. ഇരുട്ട് കൂടി കൂടി വന്നു. അരണ്ട വെളിച്ചത്തില്‍ ബസ്സിന്റെ ജനാലയില്‍ തലചാച്ച്, കണ്ണടച്ച് ഒരു ദുര്‍ബ്ബല ജന്മം..

കണ്ടിട്ട് പാവം തോന്നുന്നല്ലേ? അപ്പുമാഷ് അയാളെ പഠിപ്പിക്കേണ്ടിയിരുന്നത് ഭാവി കണക്കുകൂട്ടുന്ന വിദ്യയായിരുന്നു. ഇന്നിപ്പോള്‍ കാണാന്‍ പോകുന്ന കൂട്ടുകാരന്‍ അവിടെ തന്നെയുണ്ടാകുമെന്ന് ആര്‍ക്കെങ്കിലും ഉറപ്പുണ്ടോ. ഒരു പക്ഷേ മനോഹരമായ സായാഹ്നത്തില്‍ ബീവിയുമായി ഒരു ഔട്ടിംഗ്. അല്ലെങ്കില്‍ പുതുതായി തുടങ്ങുന്ന ബിസിനസ്സുമായി ബന്ധപ്പെട്ട് മംഗലാപുരത്ത് നിന്ന് ഒരു ഫോണ്‍കോള്‍..
അതുമല്ലെങ്കില്‍ കാശ് കൊടുക്കാമെന്നത് വെറും ഒരു ഭംഗിവാക്കായിരുന്നെങ്കിലോ.. എല്ലാം മനുഷ്യന്റെ കാര്യമല്ലേ.

അങ്ങനെയാണെങ്കിലോ, ചുമക്ക് പിന്നാലെ മാത്രമല്ല തീക്കാറ്റടിക്കുക എന്ന് അയാളറിയുമായിരിക്കും. ഒറ്റയ്ക്ക് നരകത്തീയിലേക്ക് വീഴാം.. കൂടെ പുറത്ത് വരാനാവാത്ത വിഷമവൃത്തത്തിലേക്ക് സ്ഥലകാലങ്ങളും.. അങ്ങനെ ഉത്തരമില്ലാത്ത പ്രശ്നങ്ങള്‍ക്ക് മുന്നില്‍ സമയം നിലയ്ക്കും.. ഒടുവില്‍ നിശബ്ദത മാത്രം.. ആ നിശ്ചലതയുടെ അങ്ങേക്കരയില്‍ അയാള്‍ എന്ത് അത്ഭുതം പ്രവര്‍ത്തിക്കുമെന്ന് കാത്ത് ഒരു കുടുംബം മുഴുവന്‍ നില്‍ക്കും.
അത്തരമനുഭവങ്ങള്‍ അയാള്‍ക്കാദ്യമായിട്ടാവില്ല എന്നാശിക്കാം. അയാളെപ്പോലെയൊരു സാധാരണക്കാരന്‍ ഇതുപോലെ അനേകം അനേകം സന്ദര്‍ഭങ്ങള്‍ കടന്ന് വന്നതാവണമല്ലോ. കഥ ശുഭമായി തീരുമെന്ന് തന്നെ ആശിക്കാം. അയാളുടെ കയ്യില്‍ നമ്മളാരുമറിയാത്ത ഒരു പരിഹാരം ഒളിച്ച് വച്ചിട്ടുണ്ടാവുമെന്ന് പ്രതീക്ഷിക്കാം.

ഏതായാലും ഇതിന്റെ അവസാനം വരെ കൂട്ട് പോകാന്‍ ഞാനില്ല.. അയാളെയും കാത്തിരിക്കുന്ന വിധിയേയും ആ ഇരുണ്ട നിരത്തിലെ ബസ്സില്‍ തനിയെ വിട്ട് ഞാന്‍ പത്രത്തിലെ സുഡോക്കു പൂരിപ്പിക്കാന്‍ പോകുന്നു, നിങ്ങളോ?

Facebooktwitterredditpinterestlinkedinmailby feather