സംസാരിക്കുന്ന മൈന

അപ്പുവും ചന്തുവും നിഷയും ആമിനയുമൊക്കെ തൂക്കുപാത്രത്തില്‍ ഉച്ചക്കഞ്ഞി വാങ്ങിക്കൊണ്ടുവന്ന് സ്ഥിരമായി കഴിക്കാന്‍ ഇരിക്കുന്ന മരച്ചുവട്ടില്‍ വട്ടത്തിലിരുന്നു. ചന്തു വളരെ നാടകീയമായി കാക്കി നിക്കറിന്റെ പോക്കറ്റില്‍ നിന്നും പച്ച മാറിയിട്ടില്ലാത്ത ഒരു നീണ്ട വാളന്‍ പുളി പുറത്തെടുത്തു കാട്ടി.

കണ്ടോ, ഞാന്‍ വഴിക്കൊരിടത്തു നിന്നു കഞ്ഞീടൊപ്പം കഴിക്കാന്‍ പറിച്ചതാ.

എനിക്കും താ.. പുളിയെക്കുറിച്ചുള്ള ആലോചന തന്നെ വായിലൂറ്റിയ വെള്ളം വിഴുങ്ങിക്കൊണ്ട് അപ്പുവും മറ്റുള്ളവര്‍ക്കൊപ്പം കൈനീട്ടി.

എല്ലാവര്‍ക്കും തരാമെന്നേ ശ്ശൊ ധൃതി കാട്ടാതെ.. പച്ചപ്പുളി പല കഷണങ്ങളായി ഒടിച്ചു ചന്തു എല്ലാവര്‍ക്കും കൊടുത്തു.

ശൂ.. ഭയങ്കര പുളി, കുറച്ച് ഉപ്പുകൂടുണ്ടായിരുന്നെങ്കില്‍ നല്ല ജോര്‍ ആയേനേ.. പച്ചപ്പുളിയില്‍ ഒന്നു കടിച്ച് അതിന്റെ പുളി സഹിക്കാനാവാതെ മുഖവും ദേഹവും കൂച്ചിപ്പിടിച്ചുകൊണ്ടു ആമിന പറഞ്ഞു.

ഉപ്പു കൂട്ടിക്കഴിക്കാന്‍ ഏറ്റവും നല്ലത് പച്ചമാങ്ങയാ. എന്റെ വീട്ടിലുണ്ട്, നാളെ നമുക്ക് മാങ്ങയും കൂട്ടി കഞ്ഞി കഴിക്കാം. പുളി കടിച്ചു തിന്നുന്നതിനിടയില്‍ നിഷ പറഞ്ഞു.

നാളെ പുളിയും മാങ്ങയും എല്ലാം വേണം അപ്പു പറഞ്ഞു. അതെ.. എല്ലാവരും അത് തലയാട്ടി സമ്മതിച്ചു പിന്നെ പുളിയും കൂട്ടി കഞ്ഞി വാരി കഴിക്കാന്‍ തുടങ്ങി.

കഞ്ഞികുടി കഴിഞ്ഞ് കിണറ്റുകരയിലേക്ക് പാത്രം കഴുകാന്‍ പോകുമ്പോള്‍ അവരുടെ സംസാരമെങ്ങനെയോ ഓരോരുത്തരുടെയും വീട്ടിലെന്തൊക്കെയുണ്ട് എന്നതിനെപ്പറ്റിയായി.

നിഷയ്ക്ക് സ്വന്തമായുള്ളതു പെട്ടിനിറയെ ചായപെന്‍സിലുകളാണ്. അച്ഛന്‍ അവള്‍ക്കു പിറന്നാളിനു സമ്മാനമായി വാങ്ങിക്കൊടുത്തത്.

ചന്തുവിന്റെ വീട്ടില്‍ അച്ഛന്റെ വലിയ മുഴുവന്‍ സൈക്കിളുണ്ട്. സൈക്കിളിന് ഇടയിലൂടെ കാലിട്ട് ചവിട്ടി പോകാന്‍ ചന്തുവിനറിയാം.

അപ്പുവിന്റെ വീട്ടിലോ.. ആമിന ചോദിച്ചു.

അപ്പുവിന് വീട്ടില്‍ റേഡിയോ ആണുള്ളത്.

ഗ്രാമത്തില്‍ റേഡിയോ വളരെ അപൂര്‍വ്വമായ വസ്തുവാണ്. കവലയിലെ ചായക്കടയില്‍ മാത്രമേ ആമിന അതു കണ്ടിട്ടുള്ളൂ.

വീട്ടിലുള്ളത് നാലു ബാറ്ററി ഇടുന്ന വലിയ റേഡിയോ ആണ്. അമ്മയും അപ്പുവും അതില്‍ നാടകവും പാട്ടും കേള്‍ക്കും. അച്ഛനുണ്ടെങ്കില്‍ വാര്‍ത്തയും വയ്ക്കും.

അപ്പുവിനു റേഡിയോ വയ്ക്കാനറിയാമോ?

അറിയാമോന്നോ.. അമ്മ പറയുമ്പോള്‍ ഞാനല്ലേ അതു ഓണ്‍ ചെയ്യുന്നത്. ആകാശവാണി മാത്രമല്ല സിലോണ്‍ പിടിക്കാനും അപ്പുവിനറിയാം.

സിലോണോ?

ഉം.. സിലോണ്‍ സ്റ്റേഷനില്‍ നിന്നും വരുന്ന പാട്ടുകള്‍ ..

അപ്പു പറയുന്നത് പൂര്‍ണ്ണമായി മനസ്സിലായില്ലെങ്കിലും കുട്ടികള്‍ തലയാട്ടി.

ആമിനയ്ക്കോ?

ആമിനയ്ക്കെന്താ ഉള്ളത്.. ബാപ്പ പണ്ടേ മരിച്ചു പോയി. ഉമ്മ അസുഖക്കാരിയാണ്. സ്കൂളില്‍ പഠിപ്പിക്കുന്നതൊന്നും തലയില്‍ കേറാറേയില്ല. ഇതിനകം രണ്ടു മൂന്നു ക്ലാസ്സുകളില്‍ തോറ്റു. ആമിനയെ ഉമ്മ സ്കൂളില്‍ അയക്കുന്നത് തന്നെ ഉച്ചക്കഞ്ഞിയെ കരുതിയാണ്. അപ്പുവും നിഷയും ചന്തുവുമൊക്കെ ആമിനയുടെ പുതിയ കൊല്ലത്തെ കൂട്ടുകാരാണ്.

പറ ആമിനേടെ വീട്ടിലെന്താ ഉള്ളത്.

ഹെന്റെ വീട്ടിലൊരു സംസാരിക്കുന്ന മൈനയുണ്ട്.
സംസാരിക്കുന്ന മൈനയോ? പുളു പറയാതെ ആമിനാ. തത്തയല്ലേ സംസാരിക്കുന്നത്. ചന്തു പറഞ്ഞു.

പുളുവൊന്നുമല്ല. ഇതു മലേഷ്യന്‍ മൈനയാ. മാമ വന്നപ്പോള്‍ കൊണ്ടു വന്നതാ.

സത്യം? നിഷയ്ക്ക് വിശ്വാസം വന്നിട്ടില്ല.

ഉമ്മാണെ സത്യം. സ്കൂളീന്നു ഞാന്‍ വീട്ടില്‍ ചെന്നാലുടന്‍ മൈന ആമിന കുട്ടി വന്നല്ലോ എന്നു പറയും. പിന്നെ ആമിനേനോടു സ്കൂളിലെ കാര്യമൊക്കെ ചോദിക്കും.

ആമിനാ ഇതു കള്ളമല്ലേ പറയുന്നെ. മലേഷ്യയിലെ മൈന എങ്ങനെ മലയാളത്തില്‍ സംസാരിക്കും. അപ്പുവിനു സംശയമായി.

അത്.. അത്.. മലേഷ്യയില്‍ വച്ച് മാമ മലയാളം പഠിപ്പിച്ചതാ.

ഞങ്ങളും വരട്ടെ, മൈനേനെ ഒന്നു കാട്ടിത്തരുമോ..

അതിനിപ്പോള്‍ മൈന വീട്ടിലില്ലല്ലോ. മാമ ഒരാവശ്യത്തിനു കൊണ്ടു പോയിരിക്കുകയാ. രണ്ടു ദിവസം കഴിഞ്ഞു കൊണ്ടു വരും. ഞാന്‍ പറയുമ്പോ വന്നാമതി, എല്ലാവര്‍ക്കും കാണിച്ചുതരാം.

സ്കൂളു വിട്ടു വീട്ടില്‍ ചെന്നിട്ടും സംസാരിക്കുന്ന മൈനയുടെ കാര്യം അപ്പുവിന്റെ മനസ്സില്‍ നിന്നു പോയില്ല.

അമ്മയോടു പറഞ്ഞപ്പോള്‍ നിന്നെ പോലൊരു മണ്ടന്‍ എന്നും പറഞ്ഞു ചിരിച്ചു.

അല്ലമ്മേ ശരിക്കും ഉള്ളതാന്നാ.. ആമിനേടെ മാമ മലേഷ്യയില്‍ നിന്നു കൊണ്ടു വന്നതാ..

ശരി, ശരി, നീ മേലുകഴുകി വന്നു പഠിക്കാന്‍ നോക്ക്. അമ്മ വീണ്ടും ചിരിച്ചു കൊണ്ടു പറഞ്ഞു.

രാത്രി അച്ഛന്‍ വന്നപ്പോള്‍ അമ്മ വിവരം അച്ഛനോടും പറഞ്ഞ് രണ്ടുപേരും കൂടി ചിരിച്ചു.

നോക്കിക്കോ, ഒരു ദിവസം ആമിനേടെ കയ്യില്‍ നിന്നു ഞാനാ മൈനയെ വാങ്ങി വീട്ടില്‍ കൊണ്ടു വരും. എന്നെ കളിയാക്കി ചിരിച്ച നിങ്ങള്‍ രണ്ടു പേരും അന്ന് ശരിക്കും നാണം കെടും. അപ്പു മനസ്സില്‍ പറഞ്ഞു.

അന്നപ്പുവിന്റെ സ്വപ്നത്തില്‍ ഒരു കൂട്ടം സംസാരിക്കുന്ന മൈനകള്‍ എവിടെ നിന്നൊക്കെയോ പറന്ന് വന്ന് ചേക്കേറി.

കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഓണപ്പരീക്ഷയായി. പരീക്ഷ കഴിഞ്ഞ് അവധിക്ക് അപ്പുവിനെ അമ്മവീട്ടില്‍ കൊണ്ടാക്കി. അമ്മാവന്മാരുടെ കുട്ടികള്‍ക്കിടയില്‍ കൂട്ടുകാരിയുടെ സംസാരിക്കുന്ന മൈനയുടെ കാര്യം പറഞ്ഞ് അപ്പു താരമായി. അവരോടു അപ്പു പറഞ്ഞ കഥയില്‍ മൈനയ്ക്ക് ആമിനയെക്കാളുമിഷ്ടം അവനോടാണ്. അപ്പു ആമിനയുടെ വീട്ടില്‍ ചെന്നാലുടന്‍ മൈന അപ്പു വന്നു അപ്പു വന്നു എന്നു പറഞ്ഞു തുള്ളിച്ചാടും.

സ്കൂള്‍ തുറന്നു ദിവസങ്ങള്‍ കഴിഞ്ഞു. ആമിന സ്കൂളിലിതുവരെ വന്നിട്ടില്ല. അപ്പുവിനാണെങ്കില്‍ എങ്ങനെയും മൈനയെ കണ്ടേതീരൂ. ഒത്തിരി നിര്‍ബന്ധിച്ചതിനൊടുവില്‍ ചന്തുവും കൂടെ വരാമെന്നേറ്റു. സ്കൂളിനു കിഴക്കുള്ള പാടവും തെങ്ങുംപറമ്പും കഴിഞ്ഞു വീണ്ടും കുറെ ദൂരം പോകുമ്പോഴാണാമിനയുടെ വീട്. അച്ഛന്റെ കൂടെ സൈക്കിളില്‍ പോകുമ്പോള്‍ അവിടെ ഒരു വീടിനു മുമ്പില്‍ ആമിന നില്‍ക്കുന്നത് ചന്തു കണ്ടിട്ടുണ്ട്.

വെള്ളിയാഴ്ച ഉച്ചക്ക് കഞ്ഞികഴിക്കാന്‍ നില്ക്കാതെ അവര്‍ ആമിനയുടെ വീടു തേടി പുറപ്പെട്ടു. പാടം കഴിഞ്ഞ് തെങ്ങുംപറമ്പ് കഴിഞ്ഞ് കുറെ നടന്നു. ആമിനയുടെ വീടു മാത്രമെത്തിയില്ല. ചന്തുവിനു വഴി തെറ്റിയ മട്ടാണ്. ഒടുവില്‍ ഏതോ വിശേഷത്തിനു മുറ്റത്തു പന്തലിട്ടിരിക്കുന്ന ഒരു വീട്ടില്‍ കയറി വഴി ചോദിക്കാന്‍ അവര്‍ തീരുമാനിച്ചു.

പന്തലില്‍ ആരെയും കാണുന്നില്ല. ആരോടു ചോദിക്കുമെന്നു കരുതി നില്‍ക്കുമ്പോള്‍ പുറകില്‍ നിന്നു ചോദ്യം. എന്താണ് വേണ്ടത്?

തലയില്‍ തട്ടമൊക്കെ ഇട്ട തടിച്ച ഒരു ഉമ്മച്ചി സ്ത്രീ. ചന്തു അപ്പുവിന്റെ പിറകിലേക്കു മാറി നിന്നു.

ഇവിടെവിടെയാ ആമിനേടെ വീട്. അപ്പു ചോദിച്ചു

എന്തിനാ..

ഞങ്ങള്‍ ആമിനേടെ ക്ലാസ്സില്‍ പഠിക്കുന്നവരാ.

ങാഹാ.. ആമിനേന്റെ കൂടെ പഠിക്കുന്ന കുട്ട്യോളാ. പിള്ളേരേ ഇതു തന്നാ ആമിനേന്റെ വീട്. സൈനബാ.. എടീ സൈനബാ .. അവര്‍ അകത്തേക്കു നോക്കി ഉറക്കെ വിളിച്ചു

വീടിനകത്തു നിന്നു ഒരു പാവാടക്കാരി ഇറങ്ങി വന്നു.

എടീ ഇതു പുതുപെണ്ണിന്റെ ചങ്ങായിമാരാ, കൊണ്ട് പോയി ആമിനേനെ കാട്ടിക്കൊട്.

ചന്തു അപ്പുവിന്റെ ഷര്‍ട്ടില്‍ വലിച്ചു പോവണ്ട എന്നു ആംഗ്യം കാട്ടി.

അവന്‍ ഓടിക്കളഞ്ഞാലോ എന്നു കരുതി അപ്പു ചന്തുവിന്റെ കൈകളില്‍ മുറുകെ പിടിച്ചു ..

പാവാടക്കാരി അടുത്തേക്കു വന്നു. നിങ്ങളാമിനാത്താന്റെ ചങ്ങായിമാരാ..

അതെ.. ഞാനപ്പു ഇത് ചന്തു..

ഉം.. ഇത്ത നിങ്ങള് കൂട്ടുകാരുടെ കാര്യം പറഞ്ഞിട്ടുണ്ട്. വിശേഷമറിഞ്ഞു വന്നതാണല്ലേ. വാ.. ഇത്താന്റടുത്തു പോകാം.

സൈനബ അവരെ വീടിനകത്തേക്ക് കൊണ്ടുപോയ് ഒരു കൊച്ചു മുറിയില്‍ നിലത്തിരിക്കുന്ന സ്ത്രീയെ കാണിച്ചു കൊടുത്തു. കുട്ടികള്‍ക്കു അവരെ തിരിച്ചറിയാനായില്ല. അവരുടെ കളിക്കൂട്ടുകാരി സാരിയൊക്കെ ഉടുത്ത് ഒരു വലിയ പെണ്ണിനെപോലെ ഇരിക്കുന്നു.

അപ്പുവും ചന്തുവും വരുമെന്നു ഞാന്‍ കരുതിയില്ല. വിഷാദം മുറ്റിയ സ്വരത്തില്‍ ആമിന പറഞ്ഞു. സ്കൂളി പേപ്പറൊക്കെ കിട്ടിയോ? അപ്പു തന്നെയല്ലേ ഫസ്റ്റ്?

ഉം.. അപ്പു തലയാട്ടി.

പിന്നെ വേറെന്തൊക്കെയാണ് വിശേഷം?
ഒന്നുമില്ല എന്ന് അപ്പു ചുമലുകള്‍ കുലുക്കി. അവന് അവിടെ നിന്ന് രക്ഷപ്പെട്ടാല്‍ മതിയെന്നായിരുന്നു.

നീ ചോദിക്ക് നീ ചോദിക്ക് എന്ന് ചന്തു അവനോടു പതിയെ പറഞ്ഞു കൊണ്ടേയിരുന്നു. അപ്പു കേട്ട ഭാവം കാണിച്ചില്ല.

എന്താ ചന്തു കാര്യം. ആമിന ചോദിച്ചു.

നിന്റെ സംസാരിക്കുന്ന മൈനയില്ലേ അതിനെ കാണാനാ അപ്പു വന്നത്.

എന്റെ സംസാരിക്കുന്ന മൈനയോ അപ്പൂ? ആമിന ഒന്നു തേങ്ങി.. അതിനെ ഒരു കണ്ടന്‍പൂച്ച കടിച്ചു കൊന്നു.. ആമിനയുടെ മിഴികള്‍ നിറഞ്ഞു കണ്ണുനീര്‍ താഴേക്കൊഴുകി.

തിരികെ പോകുന്ന വഴി കുട്ടികളൊന്നും സംസാരിച്ചില്ല. രണ്ടുപേരുടേയും മനസ്സു നിറയെ എന്തിനോടൊക്കെയോ ഉള്ള ദ്വേഷ്യം തിളച്ചു പൊന്തുകയായിരുന്നു.

Facebooktwitterredditpinterestlinkedinmailby feather