നന്ദു
ഓടി ക്ഷീണിച്ചപ്പോള്‍ ക്ലാസ്സ് മുറിയില്‍ ഒളിച്ച് നിന്ന് നന്ദു ആര്‍ത്തിയോടെ ശ്വാസം വിഴുങ്ങി. സഹകള്ളന്‍മാര്‍ പോലീസുകാരെ കളിയാക്കിക്കൊണ്ട് കൊണ്ട് സ്കൂള്‍ മുറ്റത്ത് ഓടുന്നു. കളിയുടെ രസം കളഞ്ഞ് അധികസമയം ഒളിച്ചുനില്‍ക്കാന്‍ കഴിയില്ല. കിതപ്പടക്കി ക്ലാസ്സിന് പുറത്ത് കളിമുറ്റത്തേക്കോടി.
തൊട്ടേ…. മുറിക്ക് വെളിയില്‍ ഒളിച്ചിരുന്ന ഒരു കുട്ടി പോലീസ് പിടികൂടിയതാണ്. എതിരാളിയെ നന്ദു ദ്വേഷ്യത്തോടെ നോക്കി. മൊണ്ടിക്കാലന്‍ കുഞ്ഞുമോന്‍. ആദ്യമായാണെന്ന് തോന്നുന്നു അവന്‍ ആരെയെങ്കിലും പിടിക്കുന്നത്. വയ്യാത്ത കാലും വച്ച് അവന്‍ മണ്ടി വരുമ്പോഴേക്കും മറ്റുള്ളവര്‍ പിടിക്കാനാവാത്ത ദൂരെത്തേക്കോടുകയാണ് പതിവ്. അവന്‍ സന്തോഷം കൊണ്ട് കുടുകുടെ ചിരിക്കുന്നത് കണ്ട് നന്ദുവിന്റെ ദ്വേഷ്യവും ചിരിക്ക് വഴിമാറി. കൂട്ട ചിരിക്കൊടുവില്‍ അവന്‍ കുഞ്ഞുമോനെയും കൂട്ടി വരാന്തയിലിരുന്നു. സംഘത്തലവനെ പോലെ നിയമ ലംഘകരുടെ വേഷമണിഞ്ഞ കൂട്ടാളികള്‍ക്ക് പതുങ്ങിച്ചെല്ലുന്ന ശത്രുക്കളെ കുറിച്ച് മുന്നറിയിപ്പ് കൊടുത്തു.
ണിം. ണിം. ണിം .. ബെല്‍ മുഴങ്ങി..
കള്ളന്മാരും പോലീസുകാരും സ്ഥാനമാനങ്ങള്‍ മറന്ന് ഒരുമിച്ച് ക്ലാസ്സിലേക്കോടി. ചോറും കറിയും വച്ചോണ്ടിരുന്ന പെണ്‍കുട്ടികള്‍ പാവാടയില്‍ നിന്നും മണല്‍ കുടഞ്ഞ് കളഞ്ഞ് കലപില പറഞ്ഞുകൊണ്ട് നടന്ന് വന്നു. നന്ദു കുഞ്ഞുമോന് കൈകൊടുത്തെണീപ്പിച്ച് ക്ലാസ്സിലേക്ക് നീങ്ങി. ഇനിയത്തെ പിരീഡ് വല്‍സല ടീച്ചറിനാണ്.
അവന്‍ കളിക്കുന്നത് ടീച്ചര്‍ കണ്ടിട്ടില്ല. അറിഞ്ഞാല്‍ വഴക്ക് പറയും.
“ഓടരുതെന്നറിയില്ലേ, എവിടെയെങ്കിലും ഇരുന്ന് കളിക്കാനല്ലേ പറഞ്ഞത്, അനുസരണ ഇല്ലാത്ത കുട്ടിയാണോ” ഇങ്ങനെ തുടങ്ങും ടീച്ചര്‍.
നന്ദുവിന്റെ അമ്മയെ പോലെയാണ് ടീച്ചറും സംസാരിക്കുക. നന്ദുവിനോട് മിണ്ടുമ്പോള്‍ രണ്ട് പേരുടെയും കണ്ണുകള്‍ ഒരുപോലെ തിളങ്ങും. ഓര്‍ക്കുമ്പോള്‍ നല്ല തമാശ..
കഴിയുമ്പോഴെല്ലാം ടീച്ചറുടെ കണ്ണ് വെട്ടിച്ച് നന്ദു ഓടി കളിക്കും. ഒരിടത്ത് അടങ്ങിയിരുന്ന് കളിക്കാന്‍ നന്ദു പെണ്‍കുട്ടിയൊന്നുമല്ലല്ലോ..
ഈ സ്കൂളില്‍ നന്ദുവിനെ കഴിഞ്ഞകൊല്ലമാണ് ചേര്‍ത്തത്. അതിന് മുമ്പത്തെ വര്‍ഷം സ്കൂളില്‍ പോയിരുന്നില്ല. അസുഖം കൂടി ഓപ്പറേഷനൊക്കെ നടന്നത് ആ സമയത്തായിരുന്നു. ഇപ്പോള്‍ അവന് കുഴപ്പമൊന്നുമില്ല. എല്ലാമാസവും ഡോക്ടറെ കാണാന്‍ പോണമെന്നേയുള്ളൂ. അച്ഛന്റെ സ്കൂട്ടറില്‍ അമ്മയുടെ മടിയില്‍ ഇരുന്നാണ് യാത്രകള്‍. ഡോക്ടറങ്കിള്‍ കുഴല് വച്ച് പരിശോധിക്കും. ചിലപ്പോള്‍ മിഠായി തരും. പരിശോധന കഴിഞ്ഞാല്‍ നന്ദുവിനെ നഴ്സാന്റി കളിക്കാന്‍ കൊണ്ട് പോകും. അച്ഛനുമമ്മയും കുറെനേരം കൂടി ഡോക്ടറുമായി സംസാരിച്ചിട്ടേ വരൂ.
അച്ഛന് തിരക്കില്ലെങ്കില്‍ പിന്നീട് പാര്‍ക്കിലേക്ക് പോകും. പാര്‍ക്കില്‍ കുട്ടികള്‍ കളിക്കുന്നതും നോക്കി അമ്മ തരുന്ന കടലയും കഴിച്ച് നല്ല കുട്ടിയായി ഇരിക്കണം. എത്ര ചോദിച്ചാലും അമ്മ കളിക്കാന്‍ വിടില്ല. മിക്കവാറും പുറത്ത് നിന്ന് ആഹാരവും കഴിച്ച് വൈകിയാണ് വീട്ടിലെത്തുക.
ഡോക്ടറെ കാണാന്‍ പോകുന്ന വഴിയിലാണ് അവര്‍ മുമ്പ് താമസിച്ചിരുന്നത്. സ്വന്തം വീടായിരുന്നു. നന്ദുവിന് അസുഖം കൂടിയപ്പോള്‍ ചികിത്സയ്ക്കായി വിറ്റു. ഇന്നലെ പഴയ വീട് കണ്ടപ്പോള്‍ നന്ദൂന് സങ്കടം വന്നു. അവനും അമ്മയും കൂടി നട്ട് നനച്ച് വളര്‍ത്തിയിരുന്ന ചെടികളെല്ലാം പുതിയ കാര്‍ ഷെഡ്ഡുണ്ടാക്കാന്‍ പിഴുതു കളഞ്ഞിരിക്കുന്നു. ഏതോ പണിക്കാരന്‍ തന്റെ പരുത്ത കൈകള്‍ കൊണ്ട് പറിച്ചുകളഞ്ഞ ഓരോ ചെടിയും അവരെ താലോലിച്ച കുഞ്ഞി കൈകളെ ഓര്‍ത്ത് കരഞ്ഞിട്ടുണ്ടാവും. അച്ഛനും അമ്മയ്ക്കും നന്ദുവിനെക്കാളും വിഷമം വന്നിട്ടുണ്ട്, അവര്‍ നന്ദൂനെ അറിയിക്കാത്തതാണ്. ഡോക്ടറുടെ മുറിയില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ അമ്മ നന്ദു കാണാതെ കണ്ണ് തുടയ്ക്കുന്നുണ്ടായിരുന്നു.
സ്കൂള്‍ കഴിഞ്ഞു. നേരത്തേ വിടുമെന്ന് അറിയാത്തതിനാല്‍ അമ്മ വിളിക്കാന്‍ വന്നിട്ടില്ല. നന്ദുവിന് വീട്ടിലേക്കുള്ള വഴിയറിയാം. പോക്കുവെയിലും കൊണ്ട് കൂട്ടുകാരുമായി നടന്ന് വീടിനടുത്തെത്തിയപ്പോള്‍ ഒരു കിതപ്പ്. ഉച്ചക്ക് ഓടിയതിന്റേത് കൂടിയാണ്. പുറത്ത് മാവിന്‍ ചോട്ടില്‍ അച്ഛന്റെ സ്കൂട്ടര്‍ ഇരിക്കുന്നു. ഓഫീസില്‍ നിന്നും നേരത്തെ വന്നിട്ടുണ്ട്. അണച്ച് കൊണ്ട് വീട്ടിനകത്ത് ചെന്നാല്‍ അവര്‍ പേടിക്കും. ക്ഷീണം മാറ്റാന്‍ സിറ്റൌട്ടിലെ കസേരയില്‍ ഇരുന്നു. അകത്ത് അച്ഛന്‍ അമ്മയോട് സംസാരിക്കുന്നത് കേള്‍ക്കാം.
“നീ പേടിക്കാതെ. ഡോക്ടര്‍ ഒരു സംശയം പറഞ്ഞതല്ലേ. അടുത്താഴ്ച പരിശോധന കഴിഞ്ഞ് നോക്കൂ. ഒരു കുഴപ്പവും കാണില്ല.”
നന്ദുവിന്റെ സൂക്കേട് സംബന്ധിച്ചാവണം. നന്ദുവിനൊരു കുഴപ്പവുമില്ല എന്നിവര്‍ക്കറിഞ്ഞുകൂടെ.
അമ്മ തേങ്ങുന്ന ശബ്ദമാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ഈ അമ്മയ്ക്കെപ്പോഴും പേടിയാണ്. നന്ദു ഒന്ന് അമര്‍ത്തി ചുമച്ചാല്‍ തന്നെ അമ്മ ഓടിവരും.
“ഇനിയും അവന്റെ നെഞ്ച് കീറുന്നത് കാണാനെനിക്ക് വയ്യ… ഞാന്‍ ചത്ത് കളയും..” അമ്മയുടെ കരച്ചില്‍ കേട്ട് നന്ദുവിനും സങ്കടം വന്നു. ഓടിച്ചെന്ന് ഒരുമ്മ കൊടുത്ത് കരച്ചില്‍ മാറ്റാന്‍ തോന്നി. പക്ഷേ കിതപ്പ് മാറിയിട്ടില്ലല്ലോ.
“കഴിഞ്ഞ വട്ടം വീട് വിറ്റത് കൊണ്ട് ആശുപത്രിയിലെ ബില്ലടച്ചു. ഇനി വില്ക്കാന്‍ ഒന്നുമില്ലല്ലോ..” അമ്മയുടെ സങ്കടം തീരുന്നില്ല. കരച്ചില്‍ കേട്ട് നന്ദുവിന് ദേഹം തളരുന്നപോലെ.
“കരയാതെടോ.. ഒന്നും വേണ്ടി വരില്ല. അഥവാ ഓപ്പറേഷന്‍ ആണെങ്കില്‍ തന്നെ മൂന്ന് മാസം കഴിഞ്ഞാല്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് കിട്ടും. രണ്ട് കൊല്ലം കഴിഞ്ഞാണെങ്കില്‍ സര്‍ജറിക്ക് മുഴുവന്‍ തുകയും കിട്ടുമെന്ന് രമേശ് പറഞ്ഞതല്ലേ.” അച്ഛന്‍ അമ്മയെ ആശ്വസിപ്പിക്കുന്നു. നന്ദുവിനെ മാതിരി നല്ല ധൈര്യമുള്ള ആളാണ് അച്ഛന്‍.
രണ്ടുപേരുടെ വിഷമവും തീര്‍ക്കാനുള്ള വഴി നന്ദുവിനറിയാം. മെല്ലെ അകത്ത് ചെന്ന് ഠേ എന്ന് ശബ്ദമുണ്ടാക്കി പേടിപ്പിച്ചാല്‍ മതി. അമ്മയും അച്ഛനും ചിരിച്ച് കൊണ്ട് നന്ദുവിനെ കെട്ടിപ്പിടിക്കും. പക്ഷെ തളര്‍ച്ച കൂടി വരുന്ന പോലെ..
അച്ഛനും അമ്മയും സംസാരം നിര്‍ത്തിയെന്ന് തോന്നുന്നു. അകത്തുനിന്നും തേങ്ങലുകള്‍ മാത്രം കേള്‍ക്കാം. അമ്മയുടെ ഏങ്ങലിനൊപ്പം ചേര്‍ന്ന് കേള്‍ക്കുന്നത് എന്തായാലും അച്ഛന്റേതാവാന്‍ വഴിയില്ല.
മാവിനെയും കുഞ്ഞ് പൂന്തോട്ടത്തെയും തഴുകി സിറ്റൌട്ടിലേക്ക് വീശിയ കാറ്റില്‍ നന്ദുവിന്റെ കണ്ണുകള്‍ പതിയെ അടഞ്ഞു. അച്ഛനുമമ്മയും പുറത്തേക്ക് വന്ന് സ്നേഹത്തോടെ തന്നെ വാരിയെടുക്കുന്നതും കാത്ത് നന്ദു കസേരയില്‍ ഉറങ്ങാതെ കിടന്നു.
മകന്‍ പുറത്ത് മയങ്ങുന്നതറിയാതെ അമ്മ മുഖം കഴുകി സ്കൂളില്‍ പോകാന്‍ തയ്യാറെടുത്തു. അച്ഛന്‍ മകന്റെ ആയുസ്സുമായി മത്സരിക്കുന്ന പോളിസി രേഖയെടുത്ത് ചെറിയ അക്ഷരങ്ങളില്‍ കുറിച്ച വരികള്‍ക്കിടയിലൂടെ വായിക്കാന്‍ തുടങ്ങി.
by
Touching! Thanks.
Touching!