ഗൌരിയും മുതിര്‍ന്നവരും

ഗൌരീ.. ആ ജനാല തുറന്നു എന്തു കാണുവാ? തുറക്കരുതെന്ന് പറഞ്ഞതല്ലേ. വീടുമൊത്തം ഇനി പൊടി നിറയും. ഇതുപോലെ അനുസരണയില്ലാത്ത ഒരു കുട്ടി..

ഭാര്യ മകളോടു കയര്‍ക്കുന്നു.. ഇതിന് തുടര്‍ച്ച മിക്കവാറും എന്നോടായിരിക്കും.

ആഹാ.. ഇതു കണ്ട് ചുമ്മാ ഇരിക്കുവാണോ. ആ ജനാല എന്തിനാണ് അടച്ചിട്ടതെന്ന് അറിയില്ലേ? അവള്‍ അതു തുറക്കുമ്പോള്‍ ഒന്നു വിലക്കിയാലെന്താ? വീടു വൃത്തിയാക്കി വയ്ക്കാന്‍ ഞാന്‍ പെടുന്ന കഷ്ടം ഇവിടാര്‍ക്കും അറിയണ്ടല്ലോ?

പ്രതീക്ഷ തെറ്റിയിട്ടില്ല..
അടുപ്പില്‍ വച്ചതെന്തോ കരിയുന്ന മണമെടുത്തതിനാല്‍ ശകാരത്തിന്റെ ഒന്നാം ഘട്ടം തിടുക്കത്തില്‍ കഴിച്ച് ഭാര്യ അടുക്കളയിലേക്കോടി. പതിവുപോലെ ഒന്നും നടക്കാത്ത മട്ടില്‍ ഞായറാഴ്ച പതിപ്പില്‍ നേരത്തെ വായിച്ചു പകുതിയാക്കിയ ലേഖനത്തിലേക്കു ഞാന്‍ വീണ്ടും കണ്ണു താഴ്ത്തി..

അപ്പാ.. ഇങ്ങോട്ടു വാ അപ്പാ..

ഒന്നാം ക്ലാസ്സുകാരിയായ മകള്‍ അടക്കിയ സ്വരത്തില്‍ വിളിക്കുന്നു. ജനാലക്കു പുറത്തുള്ള ഏതോ കാഴ്ച കാണിക്കാനാണ്. വിനീത വിധേയനായ ഞാന്‍ അനുസരിക്കാതിരിക്കുന്നതെങ്ങനെ? പക്ഷേ എത്രയൊക്കെ ചെയ്താലും അമ്മക്കും മകള്‍ക്കും എനിക്ക് തീരെ അനുസരണയില്ല എന്ന അഭിപ്രായമാണുള്ളത്.

മകളുടെ അടുത്തു ചെന്നു ജനാലയിലൂടെ പുറത്തേക്കു നോക്കി.. പുതുതായി ഉയരുന്ന മൂന്നു നില വീടിന്റെ കോണ്‍ക്രീറ്റ് അസ്ഥികൂടം. ചൂടുകാറ്റത്തു ഭീഷണമായി ചാരനിറത്തില്‍ പറന്നുയരുന്ന സിമന്റുകലര്‍ന്ന പൊടി. കനത്ത തൂണുകളില്‍ താങ്ങി നിര്‍ത്തിയ മേല്‍ക്കൂരക്കു താഴെ കല്ലു്, മണ്ണ്, കമ്പി തുടങ്ങി ഒട്ടനവധി പണിസാധനങ്ങളുടെ കൂമ്പാരങ്ങള്‍. അവയ്ക്കിടയില്‍ അവിടവിടെ കൂനിയിരുന്ന് ചളുങ്ങിയ സ്റ്റീല്‍പാത്രങ്ങളില്‍ നിന്നു പ്രാതല്‍ അകത്താക്കുന്ന ഹിന്ദി തൊഴിലാളികള്‍. അവര്‍ അഴുക്കിലും പൊടിയിലും കലര്‍ന്ന് അവിടെ താമസിച്ച് പണിയെടുക്കുന്നവരാണ്. അവധി ആയതിനാല്‍ ഇന്നെല്ലാം പതിയെ ആണെന്നു തോന്നുന്നു. സാധാരണ ദിവസങ്ങളില്‍ കോണ്‍ട്രാക്ടറുടെ അലര്‍ച്ചക്കും ബഹളത്തിനുമനുസരിച്ച് ഇവര്‍ നൂല്‍പ്പാവകളെപ്പോലെ ചലിക്കുന്നതാണ് ഇന്നേരം കാണുക.

ഇതു കാണാനാണോ ഇവളെന്നെ വിളിച്ചത്.

എന്താ മോളേ? സ്വല്‍പ്പം നീരസത്തോടെ ഞാന്‍ ചോദിച്ചു.

അവിടെ നോക്കപ്പാ..

തൂണു ചാരിയിരുന്നു ആഹാരം കഴിക്കുന്ന ഒരാളെയാണ് മകള്‍ ചൂണ്ടുന്നത്. പ്രത്യേകിച്ചൊന്നും കാണാന്‍ കഴിയുന്നില്ല. കണ്ണട മൂക്കിലേക്കമര്‍ത്തി വച്ച് ശ്രദ്ധിച്ചു നോക്കി. തൂണിനുമപ്പുറം എന്തോ നില്‍ക്കുന്ന പോലെ. അല്പം നേരം കഴിഞ്ഞ് ഒളിച്ചുകളി മതിയാക്കി ഒരു കുഞ്ഞു ജീവി മറവില്‍ നിന്നും പുറത്തു വന്നു. രോമം നിറഞ്ഞ നീളന്‍ വാലുമാട്ടി കൂര്‍ത്ത മുഖവുമായി ചാരനിറത്തില്‍ ഒരു സുന്ദരന്‍ കീരി.

പണിക്കാരന്‍ നിലത്തിട്ട് കൊടുത്തതു കഴിച്ച് ഒരു പൂച്ചയെ പോലെ അവനെ തൊട്ടുരുമ്മി അത് സ്നേഹം പ്രകടിപ്പിച്ചു. പിന്നെ ഭക്ഷണം തേടി അടുത്ത ആളുടെ അടുത്തേക്ക് നീങ്ങി.

അതു കീരിയല്ലേ? ശബ്ദമുണ്ടാക്കാതെ പുറകില്‍ വന്നു നിന്ന ശ്രീമതി ആളെ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു.

കീരിയെന്നു വച്ചാല്‍..

കീരിയെന്നു വച്ചാല്‍ മങ്കൂസ്.. ഞാന്‍ ഗൌരിയുടെ സംശയം തീര്‍ത്തു.

പേരറിയാത്ത നാടുകളില്‍ നിന്ന് വന്ന് അഭയാര്‍ത്ഥികളായി താമസിക്കുന്ന പരദേശികള്‍. അവരുമായി ഭൂമിയുടെ യഥാര്‍ത്ഥ ഉടമസ്ഥര്‍ ഇതാ ഐക്യം സ്ഥാപിച്ചിരിക്കുന്നു. ഞങ്ങള്‍ ജനലഴികളിലൂടെ ആ അത്ഭുതക്കാഴ്ച കണ്ടു.

മൂന്നു പേര്‍ ജനലഴികളിലൂടെ നോക്കി നില്‍ക്കുന്നത് അവരും അറിഞ്ഞിരിക്കുന്നു. പണിക്കാരില്‍ പലരും ഞങ്ങളെ നോക്കി ചിരിച്ചു. ഞങ്ങളുടെ ശ്രദ്ധ ഇതാദ്യമായി അവരിലേക്കെത്തിച്ചത് അവരുടെ വളര്‍ത്തുമൃഗമാണെന്നു മനസ്സിലായപ്പോള്‍ പലരും കീരിയെ കയ്യിലെടുത്തും തോളില്‍ വച്ചും അതിന്റെ ഇണക്കം കാണിച്ചു തന്നു.  ഒടുവില്‍ ഒരാള്‍ തലയ്ക്ക് മീതെ ഉയര്‍ത്തിയ കൈകളില്‍ ഒരു ട്രോഫി പോലെ അതിനെ പിടിച്ചുകൊണ്ട്  താളത്തില്‍ ചുവടുകള്‍ വച്ചു.

അഭിനന്ദനം കലര്‍ന്ന പുഞ്ചിരി അവര്‍ക്ക് സമ്മാനിച്ച് ഞങ്ങള്‍ വേഗം പിന്‍വാങ്ങി. അധികം അടുക്കുന്നത് നന്നല്ല. എത്തരക്കാരാണെന്നു എങ്ങനെ അറിയും. ഭാര്യ വീണ്ടും അടുക്കളയിലേക്ക് പോയി.

കീരീനെ മനുഷ്യര്‍ക്കു വളര്‍ത്താമോ അപ്പാ..

ജനാലക്കലിരുന്ന് കാഴ്ച കണ്ടുകൊണ്ട് മകളുടെ ചോദ്യം.

ഉപയോഗിച്ച പ്രത്യയത്തില്‍ മാത്രമല്ല ചോദ്യത്തിലും എന്തോ പിശകുള്ളതു പോലെ. മനുഷ്യനെ മാത്രമേ അവള്‍ കണക്കിലെടുക്കുന്നുള്ളൂ. വളര്‍ത്തപ്പെടുന്ന കീരിയുടെ സമ്മതം ഇവിടെ ഒട്ടും പ്രസക്തമല്ല. ഭൂമിയില്‍ പ്രത്യക്ഷപ്പെട്ട കാലഗണന വച്ചു നോക്കിയാല്‍ ഒരു പക്ഷേ കീരിയാണ് മനുഷ്യനെ വളര്‍ത്തേണ്ടത്. ബഷീറിന്റെ ഭൂമിയുടെ അവകാശികള്‍ ഇവള്‍ക്കു തരം പോലെ വായിച്ചു കൊടുക്കണം. മനസ്സില്‍ തീര്‍ച്ചപ്പെടുത്തി ..

പറ അപ്പാ.. കീരിനെ മനുഷ്യര്‍ക്കു വളര്‍ത്താമോ..

വളര്‍ത്താം മോളെ..

പശ്ചാത്തലമായി കീരിയും പാമ്പും തമ്മിലുള്ള നിരന്തര വൈരത്തെപ്പറ്റിയും, പഞ്ചതന്ത്ര കഥകളില്‍  കൃഷിക്കാരന്റെ കുഞ്ഞിനെ പാമ്പില്‍ നിന്നു രക്ഷിച്ച കീരിയുടെ കഥയും പറഞ്ഞുകൊടുത്തു.  വെള്ളം നിറച്ച കുടം കീരിയുടെ തലയിലിട്ട് കൊലപ്പെടുത്തിയ കുഞ്ഞിന്റെ അമ്മയുടെ കാര്യം തല്‍ക്കാലം ഒഴിവാക്കി.

നമുക്കും കീരിനെ വളര്‍ത്താമോ..? മകളുടെ അടുത്ത ചോദ്യം

ചോദ്യം കണ്‍സെപ്ച്വലാണെന്നു തോന്നുമെങ്കിലും അപകടത്തിലേക്കുള്ള വാതിലാണ്. അടുക്കളവാതില്‍ ചാരി നിന്ന് സംഭാഷണം കേള്‍ക്കുന്ന ഭാര്യയെ സഹായഭ്യര്‍‌ത്ഥനയോടെ നോക്കി. വീട്ടില്‍ ഇത്തരം കയ്പന്‍ ജോലികള്‍ എല്ലായ്പ്പോഴും അവളാണല്ലോ ചെയ്യുക.

ഹും.. കീരിയെ വളര്‍ത്താന്‍.. ഇവിടെ ചെടിക്കു വെള്ളമൊഴിക്കാന്‍ പോലും ഒരു മനുഷ്യന്‍ സഹായത്തിനില്ല. പിന്നല്ലേ കീരിയെ വളര്‍ത്തുന്നത്. കൊച്ചേ കൊഞ്ചാതെ ജനാലയടച്ചിട്ട് വേഗം കുളിക്കാന്‍ വാ..

അടിയന്തിര രക്ഷാ പ്രവര്‍ത്തനം ഭാര്യ നല്ല ഭംഗിയായി നടത്തി. നല്ലപാതിയുടെ പ്രകടനത്തെ അത്ഭുതത്തോടെ നോക്കി നിശബ്ദമായി നന്ദി പറഞ്ഞു. ഈ സഹായം എന്നും ഉണ്ടായിരിക്കണം.

ഭൂമിയുടെ അവകാശികള്‍ ഗൌരിക്ക് വായിച്ചു കൊടുക്കാത്തത് നന്നായി എന്ന് തോന്നുന്നു.

നാളുകള്‍ പലതു കഴിഞ്ഞു..

ഇതിനിടയില്‍ ഒരു ദിവസം എന്നെയും നിര്‍ബന്ധിച്ചു കൂട്ടി ഗൌരി ഭായിമാരുടെ ചങ്ങാതിയായ കീരിയെ പരിചയപ്പെടാന്‍ പോയി. പിന്നെ പിന്നെ അവളുടെ വാരാന്ത്യങ്ങളില്‍ അയല്‍പക്കത്തെ കളിക്കൂട്ടവുമായുള്ള ഇടപെടലുകള്‍ സ്ഥിരമായി. പെണ്‍കുട്ടിയെ ഒറ്റക്കു വിടാനാവാത്ത കാലമായതിനാല്‍ അവളുടെ യാത്രകളെ എനിക്കും അനുഗമിക്കേണ്ടി വന്നു.

പണിതീരാത്ത വീടിനു മുറ്റത്തു പല പല ദേശക്കാര്‍ ചേര്‍ന്ന് ഭോലാ എന്ന ഹിന്ദി പേരുള്ള കീരിയെ കളിപ്പിച്ചു. തദ്ദേശ്ശവാസിയെന്ന നിലയില്‍ കീരിക്കു ഒരു മലയാളി പേരാണ് ഇതിലും നന്നായി ചേരുക എന്ന എന്റെ അഭിപ്രായം ഹിന്ദി വശമില്ലാത്തതിനാല്‍ ഇതുവരെ പ്രകടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. പണിക്കാരുടെ ഹിന്ദിയിലെ നിര്‍ദ്ദേശ്ശങ്ങള്‍ – തീപ്പെട്ടിക്കൂടെടുത്തുകൊണ്ടു വരുക, എറിഞ്ഞു കൊടുക്കുന്ന ആഹാര ശകലങ്ങള്‍ രണ്ടുകാലിലുയര്‍ന്നു നിന്നു വായുവില്‍ വച്ചു തന്നെ അകത്താക്കുക തുടങ്ങി പലതും പലതും ഭോല നിഷ്പ്രയാസം ചെയ്തു കാണിച്ച് ഗൌരിയെ സന്തോഷിപ്പിച്ചു. തിരികെ വീട്ടില്‍ വന്നാല്‍ ഗൌരി കേട്ടറിഞ്ഞ ആജ്ഞകളെല്ലാം എന്നോട് ആവര്‍ത്തിക്കും. നിസ്സാരനായ എനിക്കു കീരിയെ അനുകരിക്കാതെ വേറെ വഴിയില്ലല്ലോ!

സ്കൂള്‍ അവധി തുടങ്ങിയപ്പോള്‍ കുടുംബവുമായി ഒരു യാത്ര പോയി. മൂന്നാലു ദിവസം കഴിഞ്ഞു ഒരു രാത്രിയാണു തിരികെ വന്നത്. നീണ്ട ഡ്രൈവിന്റെ ക്ഷീണത്തില്‍ മയങ്ങിപ്പോയ എന്നെ രാവിലെ ഗൌരി കുലുക്കി ഉണര്‍ത്തി. ഉറക്കം മുറിഞ്ഞതില്‍ ഞാന്‍ കാണിച്ച നീരസമൊന്നും ഗൌരിയെ സ്പര്‍ശിച്ചതേയില്ല. അവള്‍ എന്തോ വലിയ ആശങ്കയിലാണെന്നു ആ ഉറക്കച്ചടവിനിടയിലും എനിക്ക് മനസ്സിലായി.

അപ്പാ വന്നു നോക്കപ്പാ, അവിടെ ആരെയും കാണുന്നില്ല..

എവിടെ?

അപ്പുറത്തെ പണിസ്ഥലത്തില്‍.

അവര്‍ പുറത്തെവിടെയെങ്കിലും പോയതായിരിക്കും..

അല്ലപ്പാ അവര്‍ അല്ലാതെ പോയതാ..

എങ്ങനെ അറിയാം..

സാധനങ്ങള്‍ ഒന്നും കാണുന്നില്ല..

കിടക്കയില്‍ നിന്നെണീറ്റ് അഴിയാറായ മുണ്ടും ശരിക്കുടുത്ത് തയ്യാറായ എന്നെ ഒരു കയ്യില്‍ പിടിച്ചു തൂങ്ങി  ഗൌരി പുറത്തേക്കു കൊണ്ടുവന്നു.

ശരിയാണ്, വീടു പണിയില്‍ അവരുടെ പങ്കു തീര്‍ത്ത് പണിക്കാര്‍ പോയിരിക്കുന്നു. ഇനി അവിടെ മിനുക്കു പണികള്‍ മാത്രമേ ബാക്കിയുള്ളൂ.
ഗൌരിക്കു ഭായിമാര്‍ പോയതിലും സങ്കടം ഭോലയെ കാണാത്തതാവും. ഭോലയെ അവര്‍ കൊണ്ടു പോയിട്ടുണ്ടാകുമോ? വഴിയില്ല, വേരുകള്‍ പറിഞ്ഞു പോകുമ്പോഴുള്ള ദുഖം അവര്‍ക്കറിയാവുന്നതല്ലേ?

ഞാന്‍ അവിടെ ഭോല ഉണ്ടോന്നു നോക്കട്ടെ..

കയ്യില്‍ നിന്നു പിടിവിട്ട് അവള്‍ അപ്പുറത്തേക്കു പോകാന്‍ തുടങ്ങി.

ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഗൌരിക്ക് ഭോലയെ കിട്ടിയാല്‍ എന്താകുമെന്ന് അപ്പോഴാണ് ഞാന്‍ ചിന്തിച്ചത്.  ഉത്തരങ്ങളും സാധ്യതകളും എല്ലാം ചേര്‍ന്നു ഒരു ചൂടുകാറ്റ് എന്റെ തലച്ചോറിനെ പൊള്ളിക്കാന്‍ തുടങ്ങി. ആ നിമിഷം പരദേശികളായ പണിക്കാര്‍ ഭോലയെ കൊണ്ടു പോയിരിക്കണേ എന്നു  ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. എന്നില്‍ നിന്നു ഊര്‍ന്നു പോകാന്‍ തുടങ്ങിയ കുഞ്ഞിക്കൈയില്‍ മുറുകെപിടിച്ചുകൊണ്ട് ഞാന്‍ വിലക്കി.

അവിടെ നില്‍ക്കു ഗൌരീ.. അങ്ങോട്ടൊന്നും പോകാതെ. കമ്പിയും ആണിയുമൊക്കെ കൊണ്ടു കാല്‍ മുറിയും.

എന്റെ ഭാവപ്പകര്‍ച്ച മനസ്സിലാക്കാതെ ഗൌരി നിഷ്ക്കളങ്കമായി പറഞ്ഞു..

അപ്പാ, അവിടെ ഭോല കാണുമപ്പാ..

ഭോലയൊക്കെ പിന്നെ ഗൌരി. രാവിലെ എന്തെല്ലാം പണിയുണ്ടെന്നറിയാമോ. ദേ അമ്മയും  വരുന്നുണ്ട്. നീ വാ.. മുറ്റത്തിങ്ങനെ നില്‍ക്കണ്ട.. നമുക്കകത്തു കയറാം..

വിതുമ്പാന്‍ തുടങ്ങുന്ന മകളുടെ മുഖത്തേക്കു നോക്കാന്‍ ധൈര്യമില്ലാതെ അവളുടെ കൈയ്യില്‍ ബലമായി വലിച്ചു കൊണ്ടു ഞാന്‍ വീട്ടിനകത്തേക്ക് ആഞ്ഞ് നടന്നു.

(ഈ കഥ പത്രം ദ്വൈവാരിക 2013 ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു)

Facebooktwitterredditpinterestlinkedinmailby feather