എംബ്ലം
മറ്റവന്‍മാരുടെ കൊടിയും പോസ്റ്ററുമൊക്കെ കണ്ടിട്ടെനിക്കു സഹിക്കുന്നില്ലെന്റെ രവി മാഷേ.. നമ്മുടെ പാര്‍ട്ടിക്കും ഒരു തകര്‍പ്പന്‍ എംബ്ലം ചെയ്യണം..
അപ്പോ കൈപ്പത്തിയോ? കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തയ്യാറായിക്കൊണ്ടിരിക്കുന്ന പാര്‍ട്ടി നോട്ടീസില്‍ നിറങ്ങള്‍ വാരിയൊഴിച്ചു കൊണ്ടു മാഷ് ചോദിച്ചു.
കൈപ്പത്തി നമ്മുടെ തെരഞ്ഞെടുപ്പു ചിഹ്നമല്ലേ
ങും.. കൈപ്പത്തിയല്ലാതൊരു ചിഹ്നം പാര്‍ട്ടിക്ക് എംബ്ലമായി വേണം.. അതിനിപ്പോ ഏതാ പറ്റിയത് ? മാഷ് കറങ്ങുന്ന കസാലയില്‍ തിരിഞ്ഞിരുന്നു താടി അമര്‍ത്തി ചൊറിഞ്ഞു.
മാഷേ എംബ്ലം കൈപ്പത്തിയായാലും കുഴപ്പമില്ല, പക്ഷേ ചെറുതായൊന്നു പരിഷ്കരിക്കണം. ഇപ്പോഴത്തെ ആ തടിച്ച കയ്യുണ്ടല്ലോ അതിനെയൊന്നു മെലിയിച്ചു നീട്ടി സുന്ദരമാക്കി കൈത്തണ്ടയില്‍ രണ്ടു സ്വര്‍ണ്ണ വളകളും ചാര്‍ത്തി …
വരുന്ന തിരഞ്ഞെടുപ്പില്‍ സീറ്റും സ്വപ്നം കണ്ടിരിക്കുന്ന നേതാവിന്റെ മനസ്സിലിരുപ്പ് മെല്ലെ പുറത്തു വന്നു..
ആശയം കൊള്ളാം. പൊന്‍വളയണിഞ്ഞ പെണ്‍ കൈ! പക്ഷേ ഈ വളകളെന്നു പറയുന്ന സംഗതി ഉണ്ടല്ലോ അതു പെണ്ണുങ്ങള്‍ പൊതുവെ ഇടം കയ്യിലാണ് അണിയുക .. ഇടം കൈ മൊത്തത്തിലൊരു കുഴപ്പം പിടിച്ച സംഗതിയാണ്. പിന്നാലെ എന്തൊക്കെ കേള്‍ക്കേണ്ടി വരുമെന്നാര്‍ക്കറിയാം..
ഖദര്‍വാല ആശയകുഴപ്പത്തിലായി ..
അതും പോരാഞ്ഞ് കയ്യാകുമ്പോള്‍ ഹസ്തരേഖകള്‍ വരച്ചു ചേര്‍ക്കണം.. നേതാവിന്റെ തലേ വര ശരിയല്ലെങ്കില്‍ ഏതെങ്കിലും മെമ്പര്‍ കണിയാന്‍ നമ്മള്‍ വരക്കുന്ന രേഖകളില്‍ കുഴപ്പം കാണുകയും ചെയ്യും അത് കേന്ദ്രത്തിലേക്കു ഫാക്സയക്കുകയും ചെയ്യും. നേതാവെന്തു പറയുന്നു?
അതു വേണ്ട മാഷേ, തല്‍ക്കാലത്തേക്കു പാര്‍ട്ടി എംബ്ലമില്ലാതെ പോകുന്നതാണ് നല്ലത്. മാഷിനോടു സലാം പറഞ്ഞു നേതാവു യാത്രയായി.
by