പിണക്കം, പനി, വിരുന്നുകാരന്‍

ജനാലയുടെ പുറത്തുള്ള മരക്കൊമ്പിലിരുന്ന് കുയില്‍ പതിവു പോലെ വിളിച്ചു. പക്ഷേ എഴുന്നേല്‍ക്കാന്‍ തോന്നുന്നില്ല, പനി പണിപറ്റിച്ചെന്നാണ് തോന്നില്ലത്. ഞായറാഴ്ച ആയതുകൊണ്ട് സമാധാനം, ഓഫീസില്‍ പോകണ്ടല്ലോ. ഒന്നു മൂരി നിവര്‍ത്തി വലത്തേക്കു ചരിഞ്ഞു കിടന്നു. അവിടം ഒഴിഞ്ഞു കിടക്കുകയാണ്, അജി നേരത്തേ എഴുന്നേറ്റ് നടക്കാന്‍ പോയതാവണം.

ഷീറ്റ് വലിച്ച് തലവഴി മൂടി കുറച്ച്നേരം കൂടെ ഉറങ്ങാന്‍ ശ്രമിച്ചു, കഴിയുന്നില്ല. എഴുന്നേറ്റ് കോട്ടുവാ വിട്ട് ഹാളിലേക്കു നടന്നു. അജി നടത്ത കഴിഞ്ഞ് തിരിച്ചെത്തി പത്രം വായിക്കുകയാണ്. അവനെ ശ്രദ്ധിക്കാതെ അവള്‍ ടീപ്പോയില്‍ കിടന്ന വാരാന്ത പതിപ്പുമെടുത്ത് സോഫയിലേക്കു ചാഞ്ഞു. അജി അത്ഭുതത്തോടെ നോക്കുന്നു. രാവിലെ തന്നെ ഇങ്ങനെ ഇരുന്നാലോ എന്നാണര്‍ത്ഥം. അനിത അറിഞ്ഞതായി ഭാവിച്ചില്ല, അവര്‍ പിണക്കത്തിലാണല്ലോ.

വായിച്ചു കഴിഞ്ഞ് പത്രം മടക്കി ടീപ്പോയിലിട്ട് എണീറ്റു. ഒട്ടും ബലമില്ലാത്തപോലെ, ശരീരത്തിന് നല്ല ചൂടും. അനിതയുടെ സാധാരണമല്ലാത്ത പ്രവര്‍ത്തികള്‍ അജി കാണുന്നുണ്ട്, എന്താ സുഖമില്ലേ എന്നു ചോദിക്കണം. പക്ഷേ എങ്ങനെ, അവര്‍ പിണക്കത്തിലാണല്ലോ.

ഒന്നു മിണ്ടാതെ അനിത കുളിമുറിയിലേക്കു കയറി. അജി രാവിലെ ചായ കിട്ടാത്തതിന്റെ വിഷമത്തില്‍. നടത്ത കഴിഞ്ഞു വന്നാലുടന്‍ ഒരു ചൂടു ചായ, അത്തരം പതിവുകളെല്ലാം തെറ്റുന്നു.

അനിത കുളിമുറിയില്‍ നിന്ന് പുറത്തിറങ്ങി അടുക്കളയിലെത്തി ഫ്രിഡ്ജ് തുറന്നു. അതു കാലിയാണ്, രാവിലെ ചായക്കുള്ള പാലു പോലുമില്ല. ഇന്നലെ വൈകിട്ട് അജിയുമായി സാധനങ്ങള്‍ വാങ്ങാന്‍ പോകണമെന്നു കരുതിയതാണ്. പക്ഷേ അതിന് മുമ്പേ രണ്ടു പേരും പിണങ്ങിയല്ലോ.

മൂന്നാലു ദിവസം പഴക്കമുള്ള ബ്രഡ്ഡ് ഉണ്ട്. അതെടുത്ത് ആവികയറ്റാന്‍ വച്ചു. പനിയല്ലേ, ഇന്നത്തേക്കു കഞ്ഞി മാത്രമാക്കാം.

ചായ കാത്തിരുന്ന് മടുത്ത് കിട്ടില്ലെന്നു ബോധ്യമായപ്പോള്‍ അജിയും കുളിമുറിയില്‍ കയറി. പല്ലൊക്കെ തേച്ച് വൃത്തിയായി പുറത്തു വന്നപ്പോള്‍ അനിത ബ്രഡ്ഡും ക്രീമും കഴിക്കുന്നു. അജിക്കുള്ളത് ഒരു പാത്രത്തില്‍ മാറ്റി വച്ചിട്ടുണ്ട്.

അജി കഴിക്കാന്‍ തയ്യാറായി ഇരുന്നപ്പൊഴേക്കും അനിത കഴിച്ചെണീറ്റു.

“എനിക്കു വയ്യ, പനിയാണ്, ഇന്ന് കഞ്ഞിയാണുണ്ടാക്കുന്നത്. കഴിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കു പുറത്തു പോയി കഴിക്കാം.” ആരോടിന്നെല്ലാത്ത പ്രസ്താവനയും പുറപ്പെടുവിച്ച് അവള്‍ അകത്തേക്കു നടന്നു. അജി ബുദ്ധിമുട്ടൊന്നും കാണിക്കാതെ ബ്രഡ്ഡ് ക്രീമും ചേര്‍ത്ത് അകത്താക്കി.

കഞ്ഞിക്കുള്ള അരി കുക്കറിലാക്കി അടുപ്പില്‍ വച്ചപ്പോഴേക്കും അനിതയ്ക്ക് വയ്യായ്മ കൂടി. ഒരു പാരസെറ്റമോളും വിഴുങ്ങി കട്ടിലില്‍ കണ്ണടച്ച് കിടന്നു. ശരീരത്തിന്റെ ഭാരം കുറഞ്ഞ് തൂവല്‍ പോലെ പറക്കുന്നു. അജി മുറിയുടെ വാതില്‍ക്കല്‍ വന്നു നില്‍ക്കുന്ന പോലെ, കണ്ണു തുറന്നു നോക്കി. അല്ല, കാറ്റത്തു കര്‍ട്ടന്‍ പറന്നതാണ്. മെല്ലെ മെല്ലെ ഒരു പനിമയക്കത്തിന്റെ പിടിയിലേക്ക് അമരുമ്പോഴേക്കും കുക്കറിന്റെ വിസിലും കോളിംഗ്ബെല്ലും ഒരുമിച്ചു ശബ്ദിച്ചു.

അനിത മുറിക്കു പുറത്തിറങ്ങി നോക്കി. അജി കതകു തുറക്കുന്നു. അവള്‍ നോക്കി നിന്നു. ആരാ വരുന്നതെന്നറിയണമല്ലോ..
നാശം.. അജിയുടെ കവി സുഹൃത്താണ്. ഇന്നിനി പാട്ടും കൂത്തുമായിരിക്കും.

ആഹ്, അനിത മാഡം എന്തൊക്കെയുണ്ട് വിശേഷം. എരപ്പക്കവിയുടെ കുശലാന്വേഷണം.

സുഖമാണെന്ന് ചിരിച്ചു കാണിച്ച് അടുക്കളയിലേക്കു നടന്നു. ശല്യമാണിയാള്‍ , ഊണു കഴിക്കാതെ പോകില്ല. ഉച്ചയ്ക്കത്തേക്ക് എന്തെങ്കിലും ചെയ്തേ മതിയാകൂ. തയ്യാറാക്കാന്‍ ഒന്നും ഒട്ടില്ല താനും.
പനിയും, വിരുന്നും, കാലിയായ അടുക്കളയും – ആകെ ഭ്രാന്ത് പിടിക്കുന്ന പോലെ. ചെറുതായി തലവേദന തുടങ്ങുന്നു. പെട്ടെന്ന് അപരിചിതമായ സ്ഥലത്ത് എത്തിപ്പെട്ട പോലെ. കാലി ഫ്രിഡ്ജ് കൊഞ്ഞനം കാണിക്കുന്നുണ്ടോ? ഇനി മിക്സിയും ഗ്രൈന്‍ഡറുമൊക്കെ തുടങ്ങുമായിരിക്കും.
സ്വന്തമായി ഡിസൈന്‍ ചെയ്ത അടുക്കളയാണ്, എന്നിട്ടിപ്പോള്‍ ..‍.
അവള്‍ക്കു വല്ലാത്ത വിഷമം വന്നു. അടുപ്പ് അണച്ച് വാതില്‍ തുറന്ന് അടുക്കള വരാന്തയിലേക്കിറങ്ങി.

വരാന്തയില്‍ സുഷുപ്തിയിലായിരുന്ന കുറിഞ്ഞി ശത്രുവിനെ കണ്ട് ചാടിയിറങ്ങി, ഓടി മുറ്റത്തിന്റെ അങ്ങേത്തലക്കലെത്തി. അടുത്തു നിന്ന മരത്തില്‍ പുറം ചേര്‍ത്തുവച്ച് അവള്‍ അനിതയെ നോക്കി ദയനീയമായി കരഞ്ഞു. സങ്കടത്തിലായിരുന്ന അനിതയ്ക്ക് കുറുഞ്ഞിയോടുള്ള ദ്വേഷ്യം കൂടിയതേയുള്ളൂ.
മ്യാവൂ.. കുറുഞ്ഞി വീണ്ടും കരഞ്ഞു.
എന്താ?.. അനിത അവളെ കോപത്തോടെ നോക്കി.
കുറുഞ്ഞി ചാരി നില്‍ക്കുന്ന മരം ഏതെന്നു കണ്ടപ്പോള്‍ ദ്വേഷ്യമൊക്കെ പോയി. പപ്പായ മരത്തിനു ചോട്ടിലാണ് അവള്‍ നില്ക്കുന്നത്. വിളഞ്ഞതു നോക്കി ഒന്നു കുത്തിയിട്ടു തരാത്തതിനു അജിയോടു കുറച്ചു ദിവസം മുമ്പ് ഒന്നു പിണങ്ങിയതാണ്.

വീട്ടിനകത്തെ ബഹളം അടുക്കളയിലൂടെ അരിച്ചിറങ്ങുന്നു, വിരുന്നുകാരന്‍ കെ ജി എസ്സിന്റെ കവിത ഉറക്കെ ചൊല്ലുകയാണ്

സാറിനെപ്പോലുള്ളവരുടെ
പല പോസിലുള്ള ഫോട്ടോകള്‍
വേണം സാര്‍ .
ചാഞ്ഞും ചെരിഞ്ഞും
നിന്നും നടന്നുമുള്ളവ ..

കൊള്ളാം കുറച്ചു കൂടുച്ചത്തില്‍‌ അജിയുടെ ചെകിടില്‍ തന്നെ പറയൂ .. അനിത പിറുപിറുത്തു.

അടുക്കളയില്‍ കിടന്ന തടി സ്റ്റൂളെടുത്ത് പപ്പായയുടെ ചോട്ടില്‍ വച്ചു. ഉണങ്ങിക്കിടന്ന ഒരു കമ്പുമായി വന്നപ്പോള്‍ കുറുഞ്ഞി അല്ലാ ഇതെന്തിനുള്ള പുറപ്പാടാ എന്ന് നോക്കുന്നു.
വീഴാതെ പിടിച്ചോളണേടീ എന്നു കുറുഞ്ഞിയോടു പറഞ്ഞ് സ്റ്റൂളില്‍ കയറി.

പപ്പായ കുത്തിയിടുന്നത് അത്ര എളുപ്പമുള്ള പണിയല്ല. ഒന്നു കുത്തി പൊക്കി വരുമ്പോഴേക്കും വടിയില്‍ നിന്ന് തെന്നി മാറി താഴേക്കു പോരും. കുറച്ചു പാടുപെട്ട് അനിത ഒന്ന് കുത്തി താഴെയിട്ടു, സംഗതി ബഹിരാകാശ ശാസ്ത്രമൊന്നുമല്ലല്ലോ.

പപ്പായ വീണ സന്തോഷത്തില്‍ നില്ക്കുമ്പോഴാണ് അടുത്ത വീട്ടില്‍ സരസ്വതി ചേച്ചി ഗേറ്റ് തുറക്കുന്നത് കണ്ടത്. സ്റ്റൂളില്‍ നിന്ന് നിലത്തേക്ക് ചാടിയിറങ്ങി. പാവാടയും നൈറ്റിയുമൊക്കെ കൂടി കൊരുത്തു തട്ടി മുട്ടുകുത്തി നിലത്തേക്കു വീണു. ആവൂ.. നല്ല വേദന. എണീറ്റു മുട്ടില്‍ പറ്റിയ മണ്ണും തട്ടി കളഞ്ഞ് വീടു ചുറ്റി മുറ്റത്തേക്കോടി. സരസ്വതി ചേച്ചി വീട് കഴിയുന്നതിനു മുമ്പ് പിടിക്കണം. മുറ്റത്തെത്തി മതിലിനു മുകളിലൂടെ നോക്കുമ്പോള്‍ അവര്‍ ഗേറ്റൊക്കെ പൂട്ടി വരുന്നതേയുള്ളൂ.

ചേച്ചി ചന്തയിലേക്കാണോ..
ആണ് കൊച്ചേ, എന്തെങ്കിലും വാങ്ങണോ?
ഒരു വിരുന്നുകാരനുണ്ട് ചേച്ചീ, കുറച്ചു മീന്‍ വാങ്ങി തരുമോ, കാശ് പിന്നെത്തരാം..

ശരി എന്നു പറഞ്ഞ് സരസ്വതി നടന്നു. അനിതക്ക് മുട്ടില്‍ നല്ല വേദന, വീഴ്ചയില്‍ മുറിഞ്ഞിട്ടുണ്ടോ എന്തോ. പതിയെ തിരിച്ചു നടന്നു. നേരത്തേ കുത്തിയിട്ട പപ്പായക്ക് കുറുഞ്ഞി കാവല്‍ നില്‍പ്പുണ്ട്.

മിടുക്കി.. അനിത സ്നേഹത്തോടെ പറഞ്ഞു.
ഇതെല്ലാം എന്റെ കടമയല്ലേ.. കുറുഞ്ഞി മ്യാവൂ എന്നു പറഞ്ഞു.

പപ്പായയും സ്റ്റൂളും അടുക്കളയില്‍ വച്ച് അനിത ഹാളിലേക്കു പോയി.

അജിയാണിപ്പോള്‍ കവിത ചൊല്ലുന്നത്

ശാന്തേ
കുളികഴിഞ്ഞീറന്‍ പകര്‍ന്ന് വാര്‍കൂന്തല്‍ കോറിവകഞ്ഞു
പുറകോട്ടു വാരിയിട്ടാ, വളക്കയ്യുകള്‍ മെല്ലെയിളക്കി,
ഉദാസീന ഭാവത്തിലാ കണ്ണിണയെഴുതി
ഇളകുമാ ചില്ലികള്‍ വീണ്ടും കറുപ്പിച്ച്
നെറ്റിയലഞ്ജനം ചാര്‍ത്തി
വിടരുന്ന പുഞ്ചിരിനാളം കൊളുത്തി..

അലമാര തുറന്ന് ലാപ് ടോപ്പും നെറ്റ് സെറ്ററും എടുത്ത് അടുക്കളയിലേക്ക് പോയി. ഇതെന്തു കഥ എന്നതിശയിച്ചു നോക്കുന്ന പുരുഷന്മാരെ കണ്ടമട്ട് കാണിച്ചില്ല. അജി തുടരുന്നു.

വരികെന്നരികത്തിരുന്ന്
സന്ധ്യാലക്ഷ്മീ കീര്‍ത്തനം പോലെ
ലളിത സുഭഗമായി എന്തെങ്കിലും നല്ല നാലഞ്ചു വാക്കുകള്‍ ഓതി നിറയുക…

ഹും.. ശാന്തക്ക് അടുക്കളയില്‍ വേറെ പണിയൊന്നുമില്ലല്ലോ.. അനിതക്ക് അജിയോടുള്ള ദ്വേഷ്യം കൂടി.

ലാപ് അടുക്കള സ്ലാബില്‍ വച്ച് തുറന്നു. നെറ്റ്സെറ്റര്‍ കുത്തി ഗൂഗിളില്‍ പപ്പായ തോരന്‍ എന്നു ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് തിരഞ്ഞു. ഭാഗ്യം യൂട്യൂബില്‍ വീഡിയോ ഉണ്ട്.

പപ്പായ കഴുകിയെടുത്തു തൊലി കളഞ്ഞു. വാതിലിലൊരാളനക്കം, കര്‍ട്ടനല്ല, എന്താണ് നടക്കുന്നതെന്നറിയാന്‍ കവി സമ്മേളനത്തിന് ഇടക്ക് നിന്ന് വന്നതാണ്.
സ്ലാബിനു പുറത്തേക്കു പപ്പായ വച്ച് കത്തി കൊണ്ട് ആഞ്ഞൊരു വെട്ട്. വെട്ടു ശരിക്കു കൊള്ളാതെ പപ്പായ തെന്നി നിലത്തേക്കു തെറിച്ചു വീണു. അജി പെട്ടെന്നു സ്ഥലം വിട്ടു, ഓടിക്കളഞ്ഞു എന്നു പറയുന്നതാവും ശരി.

പപ്പായ മുറിച്ച് കുരു കളഞ്ഞ് ചെറുതായി നുറുക്കി, താളിച്ച എണ്ണയില്‍ മൂപ്പിച്ച്, മസാലയും മിക്സിയില്‍ ചെറുതായരച്ച തേങ്ങയും ചേര്‍ത്തെടുത്തപ്പോള്‍ , കൊതിയൂറുന്ന വാസന. അനിതക്ക് തന്റെ കഴിവില്‍ മതിപ്പു തോന്നി.

അടുക്കള മതിലിനടുത്തു നിന്ന് സരസ്വതി ചേച്ചി വിളിക്കുന്നു. അവര്‍ അയല മീനാണ് വാങ്ങിച്ചു വന്നത്. അനിതക്ക് ഏറ്റവും ഇഷ്ടമുള്ള മീന്‍.

അടുക്കള വരാന്തയിലിരുന്ന് മീന്‍ ശരിയാക്കി. കുടലും വാലും ചിറകുമൊക്കെ കുറുഞ്ഞിക്ക് കൊടുത്തു, തന്നെ കുറെ സഹായിച്ചതല്ലേ. അയല കഷണങ്ങളാക്കി വശങ്ങളില്‍ വരഞ്ഞ് മസാല പുരട്ടി വച്ചു, അരപ്പ് നല്ലവണ്ണം പിടിക്കട്ടെ, എന്നാലേ തിന്നാന്‍ രുചിയുണ്ടാവൂ. ഫ്രിഡ്ജില്‍ അല്പം തൈരുണ്ടായിരുന്നതെടുത്ത് മോരു കറി ഉണ്ടാക്കി.

ഒടുവില്‍ മീന്‍ ഫ്രൈയിംഗ് പാനില്‍ വച്ച് പൊരിച്ചെടുത്തു കഴിഞ്ഞപ്പോഴേക്കും ഒരു സ്വര്‍ഗ്ഗീയ സമാധാനം. അസുഖത്തിന്റെ കാര്യം പോലും മറന്നു പോയിരിക്കുന്നു. പ്രതിഫലം പോരാ എന്ന മട്ടില്‍ താഴെ കുറുഞ്ഞി കാലിലുരുമ്മുന്നു. ഒരു കഷണം വരാന്തയില്‍ വച്ചു കൊടുത്ത് അവളെ അടുക്കളയ്ക്ക് പുറത്താക്കി കതകടച്ചു.

അനുസരണയുള്ള ഭാര്യയായി ഹാളിലേക്കു ചെന്നു ചോദിച്ചു. ഊണു കഴിക്കാറായോ?..

കഴിക്കാറായോ എന്നോ, മണം എടുത്തിട്ട് ഞങ്ങള്‍ക്കിവിടെ ഇരിക്കാന്‍ വയ്യ, വേഗമെടുത്താട്ടേ മാഡം. കവി കൈ കഴുകാന്‍ വാഷ്ബേസിനടുത്തേക്ക് നടന്നു. അജി അവളെ ഭീതി കലര്‍ന്ന ബഹുമാനത്തോടെയാണ് നോക്കുന്നത്. അവള്‍ക്ക് ചിരി വന്നു, അതു കണ്ട് അവനും. ചിരിയില്‍ അവരുടെ പിണക്കം അലിഞ്ഞ് അലിഞ്ഞ് ഇല്ലാതെയായി.

അജിക്കും കവിക്കും അനിത വിളമ്പി കൊടുത്തു.
കറിയെല്ലാം നന്നായിട്ടുണ്ട്, പ്രത്യേകിച്ചും കറുമൂസ തോരന്‍ – കോഴിക്കോട് നിന്നുള്ള വിരുന്നുകാരന്‍ പറഞ്ഞു. അജി തലയാട്ടി സമ്മതിച്ചു. പപ്പായക്ക് അങ്ങനെയുമൊരു പേരുണ്ടെന്ന് അവള്‍ ആദ്യമായി കേള്‍ക്കുകയായിരുന്നു.

കവി യാത്ര പറഞ്ഞിറങ്ങി. മേശ വൃത്തിയാക്കിയ ശേഷം അനിതയും കഴിക്കാനിരുന്നു. പാത്രത്തില്‍ ചോറും, തോരനും, മീനും ഒക്കെ വിളമ്പി വച്ചു. കൊള്ളാം പരസ്യത്തില്‍ പറയുന്ന മാതിരി താനൊരു മിടുക്കിയായ വീട്ടമ്മ തന്നെ.

കവിയെ പടികടത്തി തിരിച്ചെത്തിയ അജി പിണക്കം മാറിയ സന്തോഷത്തോടെ സ്നേഹപൂര്‍വ്വം അവളുടെ അടുത്തേക്കു ചെന്നു, നെറ്റിയിലും കഴുത്തിലും കൈവച്ച് പനിയെത്രയുണ്ടെന്നു നോക്കി.

ഒരു പിണക്കം കഴിഞ്ഞതേയുള്ളൂ, ഇനി സൂക്ഷിച്ച്, സ്നേഹത്തോടെയേ പെരുമാറാവൂ.. അവന്‍ മനസ്സില്‍ ഉറപ്പിച്ചിരുന്നു.

അവളോടുള്ള സ്നേഹമെല്ലാം മുഖത്തേക്ക് സന്നിവേശിപ്പിച്ച്, അവളുടെ കണ്ണുകളുടെ ആഴങ്ങളിലേക്ക് നോക്കി, തേനൂറുന്ന സ്വരത്തില്‍ പറഞ്ഞു.

നല്ല പനിയുണ്ട് അനിതേ, കുറച്ച് കഞ്ഞി മാത്രം കുടിച്ച് വിശ്രമിക്കുന്നതാവും നല്ലത്.

Facebooktwitterredditpinterestlinkedinmailby feather