പരമമായ സത്യം

“കോണ്‍ഗ്രസ്സനുകൂല സംഘടന എന്തിനാണ് ഇങ്ക്വിലാബ് വിളിക്കുന്നത്.”

“ഇങ്ക്വിലാബ് വിളിച്ചെന്നോ..” മാഷ് അല്പം അസ്വസ്ഥനായി.

“വിട്ടു കള മാഷേ ഇടതില്‍ നിന്നു ചാടി വന്നവര്‍ക്കു വിളി മാറി പോയതാകും..” ആക്രമിക്കാന്‍ ഒരു പഴുതു കിട്ടിയ സന്തോഷം പുറത്തു കാട്ടാതെ അബ്ദു നിസംഗഭാവത്തില്‍ അമ്പെയ്തു.

ഡൈ ചെയ്ത താടി അമര്‍ത്തി തടവി മാഷ് കണ്ണുകള്‍ കൂര്‍പ്പിച്ച് അബ്ദുവിനോടു ചോദിച്ചു..

“ഇങ്ക്വിലാബ് സിന്ദാബാദ് എന്നു പറഞ്ഞാലെന്താ അര്‍ത്ഥം..”

“വിപ്ലവം ജയിക്കട്ടെ..”

“വിപ്ലവം എന്നു പറഞ്ഞാല്‍..”

“മാറ്റം.”

“എന്റെ അബ്ദൂ, ആര്‍ക്കാണ് ഒരു മാറ്റം ഇഷ്ടമല്ലാത്തത്.. മാറ്റം പരമമായ സത്യമല്ലേ?”

അങ്കം തോറ്റ അബ്ദു കരമടക്കാന്‍ വന്നയാള്‍ തന്ന രസീതിന്റെ കോപ്പി തിരികെ നല്‍കി പറഞ്ഞു “കരമടക്കാന്‍ കോപ്പി പോരാ, അസ്സല്‍‌ തന്നെ വേണം”.

“അസ്സല്‍ കളഞ്ഞു പോയി..”

“എന്നാല്‍ കരമടക്കണ്ട..”

അബ്ദുവും ജയിച്ചു..

വന്നയാള്‍ നൂറു രൂപാനോട്ടു സഹിതം കോപ്പി വീണ്ടും നല്‍കി..

ഇപ്പോള്‍ വന്നയാളും ജയിക്കും..

അപ്പോള്‍ എന്താണ് പരമമായ സത്യം? മാറ്റമോ എല്ലാവരേയും ജയിപ്പിക്കുന്ന പണമോ..

Facebooktwitterredditpinterestlinkedinmailby feather