തന്തക്കാല്
പാറക്കല്ലുകള്‍ കൊണ്ടു കെട്ടിയ പഴയ കുരിശ്ശടിക്കുമുന്നില്‍ പുതുതായി നിരത്തിയ വെള്ളമണലില്‍ പോക്കുവെയില്‍ ചിന്നി ചിതറി വീണു പല പല ചിത്രങ്ങള്‍ വരച്ചു. ഇതൊന്നും ശ്രദ്ധിക്കാതെ ആ മണലില്‍ പുണ്യാളന്റെ പ്രതിമക്കുനേരെ കൈകൂപ്പി കണ്ണുകള്‍ പാതിയടച്ച് ഒരുകൂട്ടം സ്ത്രീകള്‍ ജപമാല ഉരുവിട്ടുകൊണ്ടിരുന്നു..
സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ, അവിടത്തെ രാജ്യം സ്വര്‍ഗ്ഗത്തിലെ പോലെ…
കൊന്തയുരുട്ടി പ്രാര്‍ത്ഥന ഏറ്റു ചൊല്ലുമ്പോഴും കൂട്ടത്തിലിരുന്നു സൂസന്‍ ഭര്‍ത്താവിന്റെ ചെയ്തികളോര്‍ത്തു ഉള്ളില്‍ കരയുകയായിരുന്നു.
അയാള്‍ , സൂസന്റെ ഭര്‍ത്താവ് ആന്റണി ഒരിക്കലും നല്ലയാളായിരുന്നില്ല. അയാളുടെ കാര്യം കഴിഞ്ഞേ മറ്റെന്തിനെക്കുറിച്ചും ആലോചനയുള്ളൂ. കഴിക്കാന്‍ എന്തെങ്കിലും വിളമ്പി കൊടുത്താല്‍ പോലും മറ്റുള്ളവരുടെ പാത്രത്തിലുള്ളതുമായി ഒത്തുനോക്കി കുറഞ്ഞുപോയെന്നു വഴക്കുണ്ടാക്കുന്ന ആളാണ്. കുട്ടികള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവുനോക്കി ഒരാള്‍ പ്രശ്നമുണ്ടാക്കുമെന്നു ഇന്നത്തെ കാലത്തു വിശ്വസിക്കാന്‍ കഴിയുമോ? ഇയാള്‍ അതും ചെയ്യും.
“ഈ വീട്ടിലെനിക്കൊരു വിലയുണ്ടോ? നിന്റെ അവിടുന്നാണോടീ ഇവിടെ ചെലവിനു കൊണ്ടു വരുന്നത്.” ഇങ്ങനെ തുടങ്ങും കണ്ണു പൊട്ടുന്ന ചീത്ത. വളരുന്ന പ്രായത്തിലുള്ള കുട്ടികള്‍ നല്ല ആഹാരം കഴിക്കേണ്ടതല്ലേ? ചോറില്‍ പുതച്ചു വച്ച് ഭര്‍ത്താവ് കാണാതെയാണ് ഇപ്പോള്‍ അവര്‍ക്കു വല്ലതും കൊടുക്കുന്നത്.
കാര്യങ്ങളിപ്പോള്‍ സഹിക്കാന്‍ പറ്റുന്നതിനുമപ്പുറമാണ്. പൊതുവെയുള്ള കന്നന്തിരിവുകള്‍ക്കു പുറമെ പുതുതായി സ്വല്പം നടപടി ദൂഷ്യങ്ങള്‍ ഉണ്ടോയെന്നും സംശയമുണ്ട്. അയല്‍ക്കാരി ത്രേസ്യയുടെ മൂത്തമോള്‍ പ്ലസ്ടുവിനു പഠിക്കുന്ന ആനികുട്ടി ആന്റീ എന്നും വിളിച്ചു സൂസന്റെ പിറകേ നിന്നു മാറില്ലായിരുന്നു. ഇപ്പോള്‍ വീട്ടിലേക്കു വരുന്നില്ലെന്നു മാത്രമല്ല സൂസന്റെ നേര്‍ക്കു ത്രേസ്യയുടെ ചില മുന വച്ച സംസാരങ്ങളും.
കുറെ ദിവസങ്ങള്‍ ഇതൊക്കെ ഉള്ളിലൊതുക്കി മനസ്സു പുകച്ചു. പിന്നെ രണ്ടും കല്‍പ്പിച്ചു ഭര്‍ത്താവിനോടു നേരിട്ടു ചോദിച്ചു.
“നിങ്ങള് ത്രേസ്യയുടെ മോളെ നുള്ളുക വല്ലതും ചെയ്തോ?”
അയാള്‍ ശരിക്കും ഒന്നു പകച്ചെന്നു സൂസനു മനസ്സിലായി.
“ഞാന്‍ .. ഞാനെന്തു ചെയ്യാനാ , ആനിയെനിക്കു മോളെ പോലെയല്ലേ.” എന്നു വിക്കി പറഞ്ഞു ചടപടാന്നു വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി.
കരയാനല്ലാതെ സൂസനെന്തു ചെയ്യാന്‍ . അതില്‍ പിന്നെ അച്ഛന്റടുത്ത് ഒറ്റക്കു പോകരുതെന്നു സൂസന്‍ സ്വന്തം മോളുടടുത്തും പറഞ്ഞു.
ഭര്‍ത്താവിനു നല്ല ബുദ്ധി തോന്നാനും തിന്മയുടെ പാതയില്‍ നിന്നു മാറി നടക്കാനുള്ള ശക്തി നല്‍കുന്നതിനുമാണ് വെള്ളായാഴ്ചകളിലെ ഈ പ്രാര്‍ത്ഥന. പേരറിയാവുന്ന ഒട്ടുമിക്ക പുണ്യാളന്മാര്‍ക്കും, ഉണ്ണിയീശോക്കും വിശുദ്ധ പിതാവിനു നേരിട്ടും പലവിധ കാഴ്ചകള്‍ നേര്‍ന്നു കഴിഞ്ഞിരിക്കുന്നു. എന്തു ഫലം. ചില നേരം ഭര്‍ത്താവിന്റെ മട്ടു കണ്ടാല്‍ പ്രാര്‍ത്ഥനകള്‍ ഫലിച്ചെന്നു തോന്നും. അല്പം കഴിഞ്ഞാല്‍ പൂച്ച വീണ്ടും ഉറിയുടെ താഴെ തന്നെ.
കിഴക്കേതിലെ ഗോമതിയാണെങ്കില്‍ നീ കീഴൂര് ചോദിച്ചു പറയാന്‍ പോയി നോക്കെന്നാണു പറയുന്നത്. ഇതുവരെ മറുപടി ഒന്നും പറഞ്ഞിട്ടില്ല. സത്യവേദക്കാര്‍ക്കു പറഞ്ഞിട്ടുള്ളതാണോ ഈ പ്രശ്നം വയ്പും മന്ത്രവാദവും?
ചേച്ചിമാരെ കെട്ടിച്ചതിലുള്ള കടം തീര്‍ക്കാനാണ് ജോലി കിട്ടിയ ഉടന്‍ ആന്റണി സൂസനെ കല്ല്യാണം കഴിച്ചത്. കെട്ടു കഴിഞ്ഞു വളര്‍ത്തി വലുതാക്കിയ അപ്പച്ചനേയും അമ്മച്ചിയേയും പിരിഞ്ഞ സങ്കടവുമായി ഭര്‍ത്താവിന്റെ വീട്ടില്‍ ചെല്ലുമ്പോള്‍ അമ്മായിഅമ്മ തട്ടാനുമായി കാത്തുനില്‍ക്കുന്നു. സ്വര്‍ണ്ണം തൂക്കി നോക്കാന്‍ . വാക്കു പറഞ്ഞതിലും കാല്‍മഞ്ചാടി പൊന്നു കുറഞ്ഞതിനു സൂസനും വീട്ടുകാരും കേട്ട പഴി, എന്റമ്മോ!. കല്ല്യാണത്തിനിട്ട പണ്ടമൊക്കെ അന്നു വൈകിട്ടു കൈവിട്ടതാണ്. പിന്നെ കണ്ടിട്ടില്ല. ഇളയ നാത്തൂനിട്ടിരിക്കുന്ന ഒരു മാല തന്റേതാണോ എന്നു സൂസനിന്നും സംശയമുണ്ട്.
മക്കളൊക്കെയായി അവര്‍ പള്ളിക്കൂടത്തില്‍ പോയി തുടങ്ങുമ്പോഴും താമസം ഭര്‍ത്താവിന്റെ കുടുംബ വീട്ടില്‍ തന്നെ ആയിരുന്നു. അവിടെ സൂസനു വീട്ടു ജോലി മാത്രമല്ല. പറമ്പിലെ തെങ്ങിനൊക്കെ വെള്ളം കോരണം, പശുവിനെ നോക്കണം, സമയാസമയം അമ്മായിക്കു ചൂടുവെള്ളം, കുഴമ്പ്, ലേഹ്യം തുടങ്ങി ഒരു നിമിഷം പോലും സ്വസ്ഥതയില്ല. ആഴ്ചാവസാനം ജോലിസ്ഥലത്തു നിന്നെത്തുന്ന ആന്റണിക്കു കുളിമുറിയില്‍ വെള്ളം വരെ നിറച്ചു കൊടുക്കണം. അങ്ങനെ അവസാനകാലം വരെ സൂസന്‍ കഷ്ടപ്പെട്ടു നോക്കിയ അമ്മായി മരിച്ചപ്പോള്‍ മകനെ പഠിപ്പിച്ച് ജോലിക്കാരനാക്കാനാണ് മറ്റുള്ളതെല്ലാം വിറ്റു തുലച്ചതെന്നും പറഞ്ഞു നാത്തൂന്‍മാര്‍ കുടുംബവീടും സ്ഥലവും തങ്ങളില്‍ വീതിച്ചെടുത്തു.
കെട്ടിയോന്റെ ജോലി സ്ഥലത്തിനടുത്ത് ഒരു ചെറിയ കൂര വാടകയ്ക്കെടുത്തു മാറിയതിനു ശേഷമാണ് സൂസന് നടുനീര്‍ക്കാനെങ്കിലും സമയം കിട്ടിതുടങ്ങിയത്. സ്വത്തും പണവുമില്ലെങ്കിലെന്താ. സമാധാനമല്ലേ വലുത്.
ഇതിനൊക്കെ ശേഷമാണ് ദഹനത്തിനു നല്ലതാണെന്നു പറഞ്ഞു ഭര്‍ത്താവു മദ്യ സേവ തുടങ്ങിയത്. ആണുങ്ങളായാല്‍ അല്പസ്വല്‍പ്പം കുടിക്കും. സൂസന്റെ അപ്പച്ചന്‍ ഒന്നാന്തരം കുടിയനായിരുന്നു. എന്നാലും അമ്മച്ചിയേയും പിള്ളാരേയും നല്ല സ്നേഹമായിരുന്നു. കുടിച്ചു വീട്ടില്‍ വന്നാല്‍ പിന്നെ പഞ്ചായത്തു മൊത്തം കേള്‍ക്കെ എന്തതിശയമേ.. എന്നു പള്ളിപ്പാട്ടുകള്‍ ഉറക്കെപാടുമെന്നതൊഴിച്ചാല്‍ വേറൊരു കുഴപ്പവുമില്ല.
ഇവിടെയും ആദ്യമൊക്കെ നല്ല ചിട്ടയിലായിരുന്നു. ദിവസവും ഊണിനു മുമ്പ് കുട്ടികള്‍ അറിയാതെ രഹസ്യമായി ഒരു ഗ്ലാസ്സ്. അച്ഛന്‍ എന്താ കുടിക്കുന്നതെന്നു ചോദിച്ച ഇളയവളോടു സൂക്കേടിനുള്ള മരുന്നു കഴിക്കുകയാണെന്നാണ് സൂസന്‍ പറഞ്ഞത്. കുടി തുടങ്ങിയതില്‍ പിന്നെ നൂലുപോലിരുന്ന ആളിത്തിരി കനത്തു. എങ്ങനെ വണ്ണം വയ്ക്കാതിരിക്കും തീവെള്ളം വിഴുങ്ങി നെഞ്ചു പൊള്ളണ്ടെന്നു കരുതി ദിവസവും രണ്ടു താറാമുട്ട വീതമാണു സൂസന്‍ കുരുമുളകിട്ടു വാട്ടി കൊടുത്തിരുന്നത്. പക്ഷേ മൂത്ത ചെക്കന് കാര്യങ്ങളൊക്കെ അറിയാം. അച്ഛന്‍ മരുന്നല്ല ചാരായമാണ് കുടിക്കുന്നതെന്നു അവന്‍ ഒരു ദിവസം അനിയത്തിയോടു പറയുകയും ചെയ്തു. സൂസനങ്ങു വിറഞ്ഞു വന്നു. ഇത്രയും പഠിപ്പൊക്കയുള്ള ഒരാള്‍ കുടിയനാണെന്നു വെളിയിലറിഞ്ഞാല്‍ മോശമല്ലേ? ഒരു വടിയെടുത്ത് ഇനി മേലാലിങ്ങനെ പറയുമോടാ എന്നും ചോദിച്ച് അവനു നല്ല തല്ലും വച്ചു കൊടുത്തു.
മാനത്തെ കുറിച്ചുള്ള കരുതല്‍ സൂസന് മാത്രം പോരല്ലോ. ഒരു നേരമായിരുന്ന സേവ പല നേരമായി. ചര്‍ദ്ദി, ബഹളം, വഴക്ക്. വീട്ടു ചെലവിന്റെ കാര്യമാണെങ്കില്‍ ങേഹേ.. തിരിഞ്ഞു നോട്ടമില്ല. എങ്ങാനും ചെലവിനു കാശ് ചോദിച്ചാല്‍ നിനക്കു ഞാന്‍ കഴിഞ്ഞയാഴ്ച തന്നതെന്തു ചെയ്തെടീ നിന്റെ വീട്ടില്‍ കൊണ്ടു കൊടുത്തോ എന്നു ബഹളം വയ്ക്കും. അഞ്ചാറു മുട്ടക്കോഴിയുള്ളതുകൊണ്ടു റേഷന്‍ വാങ്ങാം. പക്ഷേ വാടകക്കെന്തു ചെയ്യും. മൂന്നു മാസത്തേതു ഇപ്പോള്‍ തന്നെ കുടിശ്ശികയാണ്. ബോധമുള്ളപ്പോള്‍ സൂസന്‍ പലതവണ വാടക കൊടുക്കുന്ന കാര്യം പറഞ്ഞു നോക്കി.
കാശെല്ലാം ഞാന്‍ കൊടുക്കും. പണം ഇന്നു വരും നാളെ പോകും. ആന്റണിക്ക് പണമല്ല അഭിമാനമാണ് വലുത് എന്നൊക്കെ ഗീര്‍വാണമടിക്കുമെന്നല്ലാതെ വാടക കൊടുത്തിട്ടില്ല.
വീട്ടുടമസ്ഥന്റെ കാര്യവും ഇപ്പോളത്ര പന്തിയല്ല. ആന്റണി ഇല്ലാത്ത സമയം നോക്കിയാണ് വാടക ചോദിക്കാന്‍ വരുന്നത്. കെട്ടിയോനോടു നേരിട്ടു വാടക ചോദിക്കാന്‍ പറഞ്ഞാല്‍ കാശല്ലല്ലോ സൂസന്‍ സ്നേഹമല്ലേ വലുത് എന്ന ലൈനിലാണ് അപ്പൂപ്പന്‍ . വരാന്തയിലിരുന്നു സൂസന്റെ കയ്യില്‍ നിന്നു വെള്ളം വാങ്ങികുടിച്ച് കൊടുക്കുന്ന കയ്യിലും തൊട്ട് നാലു നാട്ടു കാര്യവും പറഞ്ഞിട്ടേ അയാള്‍ പോകൂ.
കൊന്തകഴിഞ്ഞു.. നേരം ഇരുട്ടിതുടങ്ങി. ആളുകള്‍ ഒന്നോന്നായി ഒഴിഞ്ഞു പോയി. ദൈവത്തിന്റെ കരുണ കൂടുതലായി വേണ്ട ചില സ്ത്രീകള്‍ അവിടവിടായി മുട്ടിലിരുന്നു ശബ്ദം താഴ്ത്തി സങ്കടങ്ങള്‍ പറഞ്ഞു കരയുന്നു. കുരിശ്ശടിയുടെ പലകോണുകളിലും നിന്നു തേങ്ങലുകളും നെടുവീര്‍പ്പുകളും. സൂസന്‍ കുരിശ്ശുവരച്ചു പെട്ടെന്നു വീട്ടിലേക്കു നടന്നു. അവിടെ നിന്നാല്‍ ഓരോരുത്തരായി വന്നു നിന്റെ കെട്ടിയോനിപ്പോ എങ്ങനെയുണ്ടെടീ എന്നു വിശേഷം ചോദിക്കും. അതൊന്നും വിസ്തരിക്കുന്നത് സൂസന് വലിയ ഇഷ്ടമുള്ള കാര്യമല്ല.
വീട്ടിലെത്തി പിള്ളേരെ പഠിക്കാന്‍ പറഞ്ഞ് സൂസനും വരാന്തയിലിരുന്നു. രാത്രി വല്ലാതിരുണ്ടു. ആന്റണി ഇന്നു പതിവിലും വൈകുന്നു. പിള്ളേര്‍ പുസ്തകവും മടിയില്‍ വച്ചു ഉറക്കം തൂങ്ങാന്‍ തുടങ്ങി. കുട്ടികളെ ആഹാരം കഴിപ്പിച്ചുകിടത്താമെന്നു കരുതി സൂസനൊന്നെണീറ്റ് ഊര നിവര്‍ത്തി.
“സൂസി ചേച്ചിയേ” മുറ്റത്തെ ഇരുട്ടില്‍ നിന്നു ഗോമതിയുടെ ഇളയ ചെക്കന്റെ വിളി
“ആന്റണിചേട്ടന്‍ തോട്ടിനടുത്ത് കിടക്കുന്നെന്നു അപ്പന്‍ പറയാന്‍ പറഞ്ഞു.”
കര്‍ത്താവേ എന്തെല്ലാം പരീക്ഷണങ്ങളാണ്.. സൂസന്‍ പിള്ളാരെ അടിച്ചുണര്‍ത്തി. മകളെ ഗോമതിയുടടുത്താക്കി ബാറ്ററി ടോര്‍ച്ചുമെടുത്തു ആ ഇരുട്ടത്ത് മകനുമായി ഇറങ്ങി. ആന്റണി തോട്ടുവക്കത്ത് സ്ട്രീറ്റലൈറ്റിനു താഴെ ചര്‍ദ്ദിലിലൊക്കെ ഉരണ്ടു പിരണ്ടു കിടന്ന് ഏതാണ്ടൊക്കെയോ പറയുന്നു. സഹിക്കാനാകാത്ത നാറ്റം.
ഉറക്കെ വിളിച്ചു നോക്കിയിട്ടൊന്നും ഒരു കാര്യമില്ല. ങെ ങെ എന്ന മൂളല്‍ മാത്രം. ഒടുവില്‍ സൂസനും മകനും ഒരുവിധത്തില്‍ ആന്റണിയെ വലിച്ചിഴച്ചു വീടിന്റെ വരാന്തയില്‍ കൊണ്ടു വന്നിട്ടു.
മോളു തിരിച്ചു വന്നതും ഈ കാഴ്ച കണ്ടു അച്ഛാ അച്ഛാ എന്നു പറഞ്ഞു കരച്ചില്‍ തുടങ്ങി.. മോനു മൊത്തത്തിലൊരു നിസംഗഭാവം. പാവം കുട്ടികള്‍, പഠിക്കുന്ന പ്രായത്തിലെന്തെല്ലാം കണ്ടാണ് വളരുന്നത്.
അന്നെല്ലാവരും പട്ടിണികിടന്നു. കുഞ്ഞുങ്ങള്‍ക്കൊപ്പം പായില്‍ കിടന്നെങ്കിലും സൂസനുറങ്ങാനായില്ല. ഇരുണ്ട ജീവിതത്തിലെന്നെങ്കിലും പ്രകാശത്തിന്റെ തുരുത്തു കാണാനാകുമോ എന്നാലോചിച്ചാലോചിച്ച് അങ്ങനെ അങ്ങനെ..
പിറ്റേന്നു രാവിലെ ഭര്‍ത്താവു ചായപോലും കുടിക്കാതെ തലയും അമര്‍ത്തിപ്പിടിച്ച് ഇറങ്ങിപ്പോയി. കുട്ടികളെ സ്കൂളിലയച്ച് ഗോമതിയുമായി സൂസന്‍ കീഴൂരേക്കും തിരിച്ചു. അവിടത്തെ കണിയാന്‍ നോക്കി ഫലം പറഞ്ഞാല്‍ അച്ചട്ടാണത്രെ. ബസ്സിലിരുന്നു ഗോമതി പലരുടെയും അനുഭവങ്ങള്‍ വിവരിച്ചു. കണിയാനെ കണ്ടു ചോദിച്ചു പരിഹാരം ചെയ്ത ശേഷമാണ് ജോലിയൊന്നുമില്ലാതിരുന്ന ഗോമതിയുടെ മൂത്തമകന്‍ ഗള്‍ഫില്‍ പോയതു പോലും..
എന്റെ ദൈവമേ.. ഈ പാപി ചെയ്യുന്ന തെറ്റുകുറ്റങ്ങള്‍ പൊറുക്കണമേ.. എല്ലാം നന്നാക്കി എന്റെ കുടുംബത്തെ രക്ഷിക്കണമേ.. സൂസന്‍ മനമുരുകി പ്രാര്‍ത്ഥിച്ചു.
കീഴൂരെത്തി. വീടിനു വെളിയിലെ തകര ഷെഡ്ഡില്‍ കത്തിച്ചു വച്ച നിലവിളക്കിനു അടുത്ത് പായയില്‍ യോഗാവസ്ഥയില്‍ ദേഹമാകെ ഭസ്മം പൂശിയ അര്‍ദ്ധനഗ്നനായ ദിവ്യന്‍ . കൊമ്പന്‍ മീശ, പാതി കഷണ്ടിയായ തല, രോമം നിറഞ്ഞ ദേഹം, വലിയ കുമ്പ. മുമ്പില്‍ കളം വരച്ച പലക, പഴയ പഞ്ചാംഗകെട്ടുകള്‍, മഷിനോട്ടത്തിനുള്ള വെറ്റില, കവടി നിറച്ച ചെറിയ വെല്‍വറ്റു സഞ്ചി. കാര്യക്കാരന്‍ പറഞ്ഞപ്രകാരം കൈകൂപ്പി തൊഴുത് സൂസനും ഗോമതിയും മുന്നിലിരുന്നു.
ദിവ്യന്‍ കണ്ണു തുറന്നു പുരികക്കൊടി വിറപ്പിച്ചപ്പോള്‍ ഗോമതി ഭയഭക്തിബഹുമാനങ്ങളോടെ കാര്യം പറഞ്ഞു. എല്ലാം കേട്ട് കണിയാനൊന്നു അമര്‍ത്തി മൂളി.. സഞ്ചിയില്‍ നിന്നും കവടികള്‍ ശ്രദ്ധയോടെടുത്തു പലകയില്‍ നിരത്തി വച്ചു. പിത്തള പാത്രത്തിനകത്തു നിന്നു വരുന്ന പോലത്തെ ശബ്ദത്തില്‍ സൂസനോടു ചോദിച്ചു.
നിന്റെ ഭര്‍ത്താവിന്റെ നാളേതാ? സൂസനതറിയില്ല..
ജനിച്ച തിയതി? അതുമറിയില്ല..
നിന്റെതോ? കൃത്യമായി ഓര്‍മ്മയില്ല.
കണിയാന്‍ ദ്വേഷ്യത്തില്‍ മുരണ്ടു. കുറച്ചുനേരം നിശബ്ദത. സൂസന്‍ ഗോമതിയെയും കണിയാനെയും ദയനീയമായി നോക്കി.
ഉം.. ആരാധിക്കുന്ന ദൈവത്തെ നന്നായി മനസ്സില്‍ ധ്യാനിച്ചു അന്‍പതിനും എണ്‍പതിനും ഇടക്കൊരു സംഖ്യ പറയൂ..
സൂസന്‍ കണ്ണടച്ചാലോചിച്ചു. കുരിശ്ശടിയില്‍ കത്തിക്കുന്ന വലിയ പാക്കറ്റ് മുയലു മാര്‍ക്കു മെഴുകുതിരിയുടെ വിലയാണ് ഓര്‍മ്മ വന്നത്.
അറുപത്തഞ്ച്..
ആറഞ്ച് മുപ്പത് അതില്‍ നിന്നും പതിനൊന്നു പോയാല്‍ .. അയാള്‍ കണക്കു കൂട്ടലില്‍ മുഴുകി.. കവടികള്‍ കമിഴ്ത്തിവച്ച കയ്ക്കുള്ളിലാക്കി പലകയിട്ടുലുരുട്ടി പല ഭാഗങ്ങളാക്കി പകുത്തു വച്ചു..
മൂത്തകുട്ടി? പലകയില്‍ നിന്നു കണ്ണെടുക്കാതെയുള്ള ചോദ്യം.
പെങ്കുഞ്ഞ്.. ജനിച്ച് ആറാം മാസത്തില്‍ ജ്വരം വന്നു മരിച്ചു പോയി..
പറയണ്ട.. അതെല്ലാം എനിക്കിവിടെ കാണാം.. കളം വരച്ച പലക ചൂണ്ടി കാണിച്ചു കണിയാന്‍ പറഞ്ഞു..
അത്ഭുതം കണ്ടോ.. ഞാന്‍ നേരത്തേ പറഞ്ഞതല്ലേ എന്ന മട്ടില്‍ ഗോമതി സൂസനെ നോക്കി. ശരി തന്നെ സൂസന്‍ തലയാട്ടി..
രണ്ടാമത്തേതോ? ആണ്‍കുട്ടി അതിനുമിളയത് പെണ്ണ് ..
മൂത്തവന്റെ ജനനത്തിയതിയും സമയവും? സൂസന്‍ മറുപടി പറഞ്ഞു..
പഞ്ചാംഗത്തില്‍ നോക്കി നാളു കണ്ട് കണിയാന്‍ അതു പലകയിലുരുട്ടി കവടികള്‍ ഭാഗിച്ച് ശിഷ്ടം എണ്ണി നോക്കി.
ഇളയകുട്ടിയുടേതോ? സൂസന്റെ ഉത്തരം കണിയാന്‍ പഞ്ചാംഗത്തിലൂടെ വീണ്ടും ആ പലകയിലിട്ടുരുട്ടി.. വീതിച്ചു മിച്ചമെണ്ണി ശരിയല്ല എന്ന മട്ടില്‍ തലയാട്ടി.. ഉരുട്ടലും വീതിക്കലും എണ്ണലും തുടര്‍ന്നു.. ഗോമതിയും സൂസിയും ആകാംഷയോടെ കവടിയുരുളുന്ന പലകയേയും കണിയാനേയും മാറി മാറി നോക്കി.
മോളുടെ ഗ്രഹനിലയില്‍ ചില പ്രശ്നങ്ങളുണ്ട്.. ആയില്യം നാള്.. ജനിച്ചതു തന്നെ തന്തക്കാലുമായാണ്.. ഇനിയും രണ്ടു കൊല്ലം അച്ഛനു കഷ്ടകാലമാണ്. എന്തും സംഭവിക്കാം. പതിമൂന്നു വയസ്സു കഴിഞ്ഞാല്‍ പിന്നെ കുഴപ്പമില്ല. കുടുംബത്തിനു വച്ചടി കേറ്റമാണ്.. അയാള്‍ പറഞ്ഞു നിര്‍ത്തി..
പരിഹാരമെന്തെങ്കിലും? ഗോമതിയാണ് ചോദിച്ചത്.
സര്‍പ്പക്കാവിലെണ്ണ കൊടുക്കണം.. നിങ്ങള്‍ക്കു പറ്റുമോ? ഇല്ലെങ്കിലും കുഴപ്പമില്ല.. പരിഹാരമുണ്ട്, എല്ലാ വെള്ളിയാഴ്ചയും സെന്റ് ജോര്‍ജ്ജിന്റെ പള്ളിയില്‍ മെഴുകുതിരി കത്തിച്ചാല്‍ മതി..
മറ്റു പരിഹാരങ്ങളെപ്പറ്റിയൊന്നും ഇന്നു ചൊവ്വാഴ്ച നോക്കാന്‍ പറ്റില്ല. വ്യാഴാഴ്ച പത്തു മണിക്കെത്തിയാല്‍ വിശദമായി നോക്കാം..
മുട്ട കൊടുക്കാമെന്നു പറഞ്ഞു കടയില്‍ നിന്നു മുന്‍കൂര്‍ വാങ്ങിയ പണം ദക്ഷിണ കൊടുത്ത് സൂസനും ഗോമതിയും ഒന്നു കൂടി തൊഴുതു വിടവാങ്ങി..
കുട്ടികള്‍ സ്കൂളു വിട്ടു വരുന്നതിനു മുമ്പേ സൂസന്‍ വീട്ടിലെത്തി. അന്നു വഴിനീളെ കരഞ്ഞു കൊണ്ടാണ് മകള്‍ വീട്ടിലേക്കു വന്നത് തന്നെ. വരുന്ന വഴി തെന്നി വീണു കാലും കയ്യും മുറിഞ്ഞിരിക്കുന്നു. കോപം കയറി സൂസനവളുടെ കാലില്‍ തന്നെ രണ്ടടി കൊടുത്തു. അടികൊണ്ട കുഞ്ഞ് പിണങ്ങി വീടിനപ്പുറത്തു പോയി കരഞ്ഞു കൊണ്ടേയിരുന്നു.
കുറച്ചു കഴിഞ്ഞാലോചിച്ചപ്പോള്‍ ചെയ്തതു ശരിയായില്ല എന്നു സൂസനു തന്നെ തോന്നി. ജനിച്ച സമയത്തിന്റെ കുഴപ്പത്തിനു പാവം കൊച്ചെന്തു പിഴച്ചു!
അടുത്തോട്ടു വിളിച്ചപ്പോള്‍ ങൂഹൂ എന്നു തലയാട്ടി അവള്‍ കരച്ചിലുറക്കെയാക്കി. അമ്മയുടെ പൊന്നല്ലേ.. ചക്കരയല്ലേ.. സൂക്ഷിച്ചു നടക്കാത്തതിനല്ലേ അമ്മ തല്ലിയേ.. എന്നൊക്കെ പറഞ്ഞു സമാധാനിപ്പിച്ച് മുറിവില്‍ മരുന്നും വച്ച് കഴിഞ്ഞപ്പോള്‍ കുഞ്ഞ് കരച്ചിലൊക്കെ നിര്‍ത്തി അമ്മയുടെ മടിയില്‍ തലവച്ചു വരാന്തയില്‍ തന്നെ കിടന്നു.
കുഞ്ഞു ജനിച്ച സമയത്ത് ആകാശത്തുദിച്ച നക്ഷത്രം കാരണം കുടുംബത്തിനുണ്ടാകുന്ന കഷ്ടപ്പാടുകളോര്‍ത്തു മകളുടെ തലയില്‍ തഴുകികൊണ്ട് സൂസന്‍ സകല വിശുദ്ധന്മാരോടുമുള്ള പാപ പരിഹാര പ്രാര്‍ത്ഥനയില്‍ മുഴുകി.
by