പൊതി കടല

മേഴത്തോളഗ്നിഹോത്രീ രജകനുളിയനൂർ
ത്തച്ചനും പിന്നെ വള്ളോൻ
വായില്ലാക്കുന്നിലപ്പൻ വടുതല മരുവും
നായർ കാരയ്ക്കൽ മാതാ
ചെമ്മേ കേളുപ്പുകൂറ്റൻ പെരിയ തിരുവര –
ങ്കത്തെഴും പാണനാരും
നേരേ നാരായണ ഭ്രാന്തനുമുടനകവൂർ-
ചാത്തനും പാക്കനാരും

***

പാക്കനാര്‍ പറഞ്ഞു,
“നീ കളഞ്ഞ പൊതിയിലുള്ള കടലമണികളുടെ നൂറ് മടങ്ങ് ചത്ത അട്ടകള്‍ പരലോകത്ത് ഒരു കൂനയായി നിനക്ക് മാറ്റിവച്ചിട്ടുണ്ട്”.

കുടുംബക്കാര്‍ക്ക് പാക്കനാര്‍ വലിയച്ഛനാണ്. വലിയച്ഛനോട് പറഞ്ഞിട്ടേ എന്തും ചെയ്യാറുള്ളൂ. കുടുംബത്ത് എന്തെങ്കിലും വിശേഷമുള്ള ദിവസം കാരണവന്മാര്‍ ചോദിക്കും,
വലിയച്ഛനുള്ള ഇല വച്ചോ?

പാറുവമ്മായിയുടെ ശവം കുളത്തില്‍ പൊങ്ങിയ അന്ന് രാത്രി മുഴുവന്‍ അമ്മാവന്‍ റാക്കും മോന്തി വലിയച്ഛനെ തെറി വിളിക്കുകയായിരുന്നു. പുലരിയായപ്പോഴേക്കും അമ്മാവന്‍ പറയുന്നത് ആര്‍ക്കും തിരിയാതായി.
വലിയച്ഛന്‍ നാവ് പിഴുതെടുത്തതാ.. ബന്ധുക്കള്‍ അടക്കം പറയുന്നത് അന്നത്തെ ചെറുതിന് ശരിക്കും കേള്‍ക്കാമായിരുന്നു.

ആ ഉഗ്ര പ്രതാപിയായ വലിയച്ഛനാണ് പറയുന്നത് പരലോകത്ത് ഒരു കൂന അട്ടകള്‍ മാറ്റി വച്ചിട്ടുണ്ട്.

ചെറിയ കാര്യത്തിന് ഈ വലിയ ശിക്ഷയോ? എന്ത് തെറ്റാ ചെയ്തത്, ഒരു പൊതി കടല ചുരുട്ടി കളഞ്ഞതോ.

കടല വിതച്ച കര്‍ഷകന്‍, വെള്ളം കോരി നനച്ച സ്ത്രീ തുടങ്ങി കടല വറുക്കാന്‍ മണല് തേടിപ്പോയ കുട്ടിയെ വരെ നിരത്തി നിര്‍ത്തി കാട്ടിയാല്‍ വലിയ സംഭവം തന്നെ. പക്ഷേ ഇത്ര വലിയ ശിക്ഷയ്ക്ക് ഇതൊന്നും കാരണമേ അല്ല.

വലിയച്ഛന്‍ പണ്ട് മുറം വിറ്റ് നടന്നതായി കേട്ടിട്ടുണ്ട്. അതു കൊണ്ടാണോ കടലക്കാരനോട് ഇത്രയ്ക്ക് സ്നേഹം.

കളഞ്ഞെന്ന് പറയുന്ന ആ പൊതി തനിയെ ചോദിക്കാതെ കയ്യില്‍ വന്നതാണ്. ഫയലില്‍ കുടുങ്ങിക്കളഞ്ഞ ഒരാഴ്ചയുടെ മുരടിപ്പ് മാറ്റാന്‍ കടപ്പുറത്ത് ആള്‍ത്തിരക്കിനിടയിലൂടെ നടക്കുമ്പോള്‍ എവിടെ നിന്നോ, സാറേ എന്ന് നീട്ടി വിളിച്ച് പ്രത്യക്ഷപ്പെട്ട് ശിവാനന്ദന്‍ കൊടുത്തത്.

വേണ്ട ശിവാനന്ദാ ഞാന്‍ കടല തിന്നാറില്ല എന്ന് സ്നേഹപൂര്‍വ്വം നിരസിച്ചു. സമ്മതിച്ചിട്ട് വേണ്ടേ. എന്റെ സന്തോഷത്തിന് സാറിത് വാങ്ങണം എന്ന് നിര്‍ബന്ധപൂര്‍വ്വം ഏല്‍പ്പിച്ചു.

ആ സ്നേഹത്തിന് ഒരു കാരണമുണ്ട്.
ഓഫീസില്‍ ശിവാനന്ദനോട് സംസാരിക്കുന്ന ചുരുക്കം പേരേയുള്ളൂ. കൈകാര്യം ചെയ്യുന്ന സീറ്റിന്റെ പ്രത്യേകത കൂടി ആവണം, അതിലേറ്റവും സംസാരിക്കുന്നത് അയാളാണ്.

അവിടെ എല്ലാവര്‍ക്കും മുന്നേ ശിവാനന്ദന്‍ എത്തും. ഉച്ചയാകുമ്പോഴേക്കും പണിയൊക്കെ തീര്‍ക്കും. ഉച്ചയ്ക്ക് ശേഷം കടല വില്‍ക്കാന്‍ പോകേണ്ടതല്ലേ.

ചില ദിവസങ്ങളില്‍ കെട്ടിടത്തിന്റെ അക്കണ്ട നിലയൊക്കെ ചവിട്ടി കയറി ശിവാനന്ദന്‍ അയാളെ കാണാനെത്തും. ഒരു വല്ലാത്ത വരവാണത്.
നനഞ്ഞ് വിയര്‍ത്ത്, ഉടുപ്പിന്റെ മേല്‍പാതിയില്‍ ബട്ടണില്ലാതെ..
ഉടുത്തിരിക്കുന്ന മഞ്ഞിച്ച മുണ്ട് ഒരു കാലത്ത് വെളുത്തിരുന്നതാവാം. അത് കോന്തലകള്‍ ഏറ്റിയും ഇറക്കിയും പ്രത്യേക രീതിയിലാണ് ഉടുക്കുക. അയാളുടെ ചപ്രതലമുടിയാവട്ടെ ഇതുവരെ ചീര്‍പ്പ് കണ്ടിട്ടില്ല എന്ന് തോന്നും.

സാറേ, കഴുകാനുള്ള ഹാര്‍പിക് തീരാറായി, ഡെറ്റോളും ഈ ആഴ്ച കൂടേ ഉള്ളൂ, പിന്നെയൊരു ഈര്‍ക്കില്‍ ചൂലു കൂടി വേണം.
നെറ്റിയിലേക്ക് ഒലിച്ചിറങ്ങുന്ന വിയര്‍പ്പ് കൈപ്പത്തി കൊണ്ട് വടിച്ച് കളഞ്ഞ് ശിവാനന്ദന്‍ പറയും.

ജോലി കുറവുള്ള ദിവസങ്ങളില്‍ വല്ലപ്പോഴും അയാള്‍ ഓരോന്ന് ചോദിക്കും. കേള്‍ക്കാന്‍ കാത്തിരുന്ന മട്ടില്‍ മേശമേല്‍ ചാഞ്ഞ് നിന്ന് ശിവാനന്ദന്‍ വയ്യാത്ത മകന്റെ കാര്യവും ഭാര്യയുടെ മാറാത്ത നെഞ്ച് വേദനയുടെ കാര്യവും പറയും.
മകന്റെ പേരെന്തായിരുന്നു, സന്തോഷോ സുരേഷോ? എന്തോ, ഓര്‍മ്മ കിട്ടുന്നില്ല.

ചിലദിവസങ്ങളില്‍ ചുറ്റും നോക്കി, ശബ്ദം താഴ്ത്തി ശിവാനന്ദന്‍ ചോദിക്കും
കൂലി കൂട്ടുന്ന കാര്യം എഴുതാമെന്ന് പറഞ്ഞിട്ടെന്തായി?
ധൃതി കൂട്ടാതെ ശിവാനന്ദാ, എന്റെതിരക്കൊന്നു കഴിഞ്ഞോട്ടെ..
അയാള്‍ സമാധാനിപ്പിച്ച് വിടും.

ശിവാനന്ദനെ കടല്‍തീരത്ത് അയാള്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല. പൊതിയില്‍ തെരുപിടിപ്പിച്ച് കൊണ്ട് അന്നും വിശേഷങ്ങള്‍ ചോദിച്ചു.
ശിവാനന്ദന്‍ എന്തൊക്കെയോ നിര്‍ത്താതെ പറയുമ്പോഴും അയാള്‍ ചുറ്റും നടക്കുന്നവരെ ശ്രദ്ധിക്കുകയായിരുന്നു. വീശിയടിക്കുന്ന കടല്‍ക്കാറ്റ് തീരത്തിന്റെഅങ്ങേതലയ്ക്കല്‍ നിന്നും ഇങ്ങേ തലയ്ക്കല്‍ നിന്നും ശബ്ദങ്ങള്‍ പേറി ശിവാനന്ദന്റേതിനൊപ്പം വച്ചു.
ഒരു തലയ്ക്കല്‍ തെരു ഗാനമേളയാണ്.
തുളസീ.., തുളസീ.. എന്ന ബാബുരാജിന്റെ ഗാനത്തോട് ഗായകന്‍ ആവുന്നത്ര ദ്രോഹം ചെയ്യുന്നുണ്ട്.
മറുതലയ്ക്കല്‍ കുരിശിലേറിയ പുത്രന്‍ എല്ലാവരേയും രക്ഷിക്കും എന്ന പരസ്യവും.

ശിവാനന്ദന്‍ പറഞ്ഞതിലെന്തൊക്കെയോ മനസ്സിലായി. കച്ചവടം ഇവിടേക്ക് മാറ്റിയിട്ട് കുറച്ച് ദിവസങ്ങളേ ആകുന്നുള്ളൂ. പഴയസ്ഥലത്ത് എന്തൊക്കെയോ പ്രശ്നങ്ങള്‍.
കാറ്റ് പിന്നെയും പിന്നെയും വീശി. ശിവാനന്ദന് നിര്‍ത്താനുള്ള ഭാവമില്ലായിരുന്നു. പഴയ സ്ഥലത്തുണ്ടായ പ്രശ്നത്തെപ്പറ്റിയും വീടിനെപ്പറ്റിയും അയാള്‍ സംസാരിച്ച് കൊണ്ടേയിരുന്നു.

സംസാരിച്ച്  നിന്ന്  നിങ്ങളുടെ കച്ചവടം മുടക്കണ്ട…
തെല്ല് നിര്‍ബന്ധിച്ച് തന്നെ ശിവാനന്ദനെ പറഞ്ഞയച്ചു.

കടലേ കപ്പലണ്ടി കടലേ.. ഈണത്തില്‍ വിളിച്ച് ശിവാനന്ദന്‍ നടന്ന് നീങ്ങുന്നത് കുറച്ച് നേരം നോക്കി നിന്നു.
ശിവാനന്ദന്‍ ആള്‍ക്കൂട്ടത്തിനിടയില്‍ മറഞ്ഞു. അയാള്‍ കയ്യിലിരുന്ന പൊതി മെല്ലെ ചുരുട്ടി അടുത്തുള്ള വീപ്പയിലേക്കിട്ടു.

മെല്ലെയാണിട്ടത്, ആരെയും പ്രകോപിപ്പിക്കാനുദ്ദേശ്ശം ഉണ്ടായിരുന്നില്ല.
പക്ഷേ ചവറുകൂനയ്ക്കടുത്ത് കിടന്ന ഒരു ചാവാലി പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ എണീറ്റ്, ചെറുവട്ടം കറങ്ങി, ചെവി വട്ടം പിടിച്ച് ആരോ പറഞ്ഞപോലെ ഓടിവന്ന് അയാളുടെ കാലുകളില്‍ ഒന്നു കവ്വി.
പിന്നെ മോങ്ങിക്കൊണ്ട് തീരത്തിന്റെ അങ്ങേ അറ്റത്തേക്ക് പാഞ്ഞ് പോയി.

എന്റെ വലിയച്ഛാ.. അല്പം ഉറക്കെ വിളിച്ചുപോയി.

ആരൊക്കെയോ ഓടിക്കൂടി.

കട്ടിയുള്ള പാന്റ്സായത് കൊള്ളാം, കാലില്‍ പല്ല് കൊണ്ടിട്ടില്ല …
അതു നോക്കണ്ട, ചെറിയ പോറല്‍ മതി. ആശുപത്രിയില്‍ പോയി കുത്തിവയ്ക്കണം…
ഇവിടെ മനുഷ്യന്റെ ജീവനെക്കാളും വില നായ്ക്കള്‍ക്കല്ലേ. ഇതിനൊയൊക്കെ വെടിവച്ച് കൊല്ലണം…
ഒരാള്‍ വല്ലാത്ത ദ്വേഷ്യത്തിലാണ്.

അത് പേയില്ലാത്തതാ, അക്കാണുന്ന വീട്ടില്‍ വളര്‍ത്തുന്നത്… ഒരു വയസ്സന്‍ പ്രദേശവാസി.
എന്നാല്‍ കടിക്കാമെന്നാണോ? കോപക്കാരന്‍ അയാളുടെ നേര്‍ക്ക് തിരിഞ്ഞു.

കുഴപ്പമില്ല..
അയാള്‍ ചുറ്റും കൂടിയവരുടെ മുഖത്ത് നോക്കാതെ മെല്ലെ കടലിനടുത്തേക്ക് നടന്നു.
എന്നും തീരത്തിനോട് കൊച്ച് വര്‍ത്തമാനം പറയാന്‍ എത്തുന്ന തിരകള്‍ ഇന്ന് ദ്വേഷ്യത്തിലാണ്. അവളെ തിരക്കൈകള്‍ കൊണ്ടാഞ്ഞടിച്ച് വിരലുകളില്‍ മണല്‍തരികള്‍ കൊരുത്ത് കൊണ്ട് പോകുന്നു.
ദൂരെ ഏതോ ശിവാനന്ദന്‍ കടലേ കപ്പലണ്ടി എന്ന് ഈണത്തില്‍ വിളിക്കുന്നു..

അന്നു രാത്രിയില്‍ ഏപ്രിലിന്റെ ഉഷ്ണപ്പുഴുക്കത്തില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിനിടയില്‍ അയാള്‍ ഒരു സ്വപ്നം കണ്ടു.

വേണ്ട സാര്‍ വേണ്ട സാര്‍ എന്ന് ശിവാനന്ദന്‍ പറയുന്നത് ശ്രദ്ധിക്കാതെ അയാള്‍ പൊതികള്‍ തുറന്ന് കടല വാരി വാരി തിന്നുന്നു.

അന്നേരം വലിയച്ഛന്‍ വലിയമ്മയോട് പറയുകയാണ്.
“ഇങ്ങനെ കടലമണികള്‍ തിന്നുന്തോറും അട്ടക്കൂമ്പാരം തനിയെ കുറഞ്ഞു കുറഞ്ഞു വന്നു..”

Facebooktwitterredditpinterestlinkedinmailby feather