കുമ്പസ്സാരം (തര്‍ജ്ജമ)
Translation of the Story “A Confession” from the book “The Little World of Don Camillo”
(Author: Giovanni Guareschi – ജിയോവന്നി ഗരേഷി)
(English Translation – Una Vincenzo Troubridge – യുനാ വിന്‍സെന്‍സോ ട്രൂബ്രിഡ്ജ്)
ജന്മനാ തന്നെ, ഒരു കള്ളനെ കള്ളനെന്ന് തന്നെ വിളിക്കുന്ന സ്വഭാവക്കാരനാണ് ഡോണ്‍ കാമിലോ. ചെറുപ്പക്കാരായ ചില ഭുവുടമകള്‍ ഇടവകയിലെ പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയതുമായി ബന്ധപ്പെട്ട സംഭവത്തോടെ ആ പ്രകൃതം നാട്ടുകാര്‍ക്ക് പൂര്‍ണ്ണമായും ബോധ്യപ്പെട്ടു. പതിവ് കുര്‍ബ്ബാന പ്രസംഗത്തിനിടയില്‍ സൗമ്യമായി ദൈവകാര്യങ്ങളും പൊതുകാര്യങ്ങളും പറയുന്നതിനിടയിലാണ് വിശ്വാസികളുടെ മുന്‍നിരയില്‍ പ്രതികള്‍ യോഗ്യന്മാരായി നിലയുറപ്പിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പുരോഹിതനെന്ന നിയന്ത്രണങ്ങളൊക്കെ കാറ്റില്‍ പറത്തി, അള്‍ത്താരയ്ക്ക് മുകളിലുള്ള ക്രൂശിത രൂപത്തിന്റെ വിശുദ്ധ കര്‍ണ്ണങ്ങള്‍ മലിനപ്പെടാതിരിക്കാന്‍ ഒരു തുണി വലിച്ച് മൂടി, കൈകള്‍ ഇടുപ്പില്‍ ഊന്നി, നെഞ്ച് വിരിച്ച് അദ്ദേഹം പ്രസംഗം തുടര്‍ന്നു. ആ ഭീമാകാരന്റെ അധരങ്ങളില്‍ നിന്ന് കനത്ത ശബ്ദത്തില്‍ പുറപ്പെട്ട വിട്ടുവീഴ്ചയില്ലാത്ത ഭാഷയുടെ മുഴക്കത്തില്‍ ആ ചെറു ദേവാലയത്തിന്റെ കൂരകള്‍ വിറങ്ങലിക്കൊണ്ടു.
അതുപോലെ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പ്രദേശത്തെ ഇടതന്മാരെ പറ്റിയുള്ള അഭിപ്രായം മറച്ച് വയ്കാനും കാമിലോ തുനിഞ്ഞില്ല. തുടര്‍ന്ന് ഒരു സന്ധ്യാനേരം, കാമിലോ വീട്ടിലേക്ക് സൈക്കിളില്‍ പോകുമ്പോള്‍ തല വഴി പുതപ്പ് മൂടിയ ഒരാള്‍ വഴിയരികിലെ പൊന്തക്കാട്ടില്‍ നിന്ന് ഓടിവന്ന് കനത്ത വടികൊണ്ട് കാമിലോയെ തലങ്ങും വിലങ്ങും തല്ലി. സൈക്കിളിന്റെ ഹാന്‍ഡില്‍ ബാറില്‍ എഴുപത് മുട്ടകള്‍ വലിയ പൊതി കെട്ടിവച്ചിരുന്ന കാരണം കാമിലോയ്ക്ക് നിസ്സഹായകനായി നില്ക്കാന് മാത്രമേ കഴിഞ്ഞുള്ളൂ. തല്ലിന് ശേഷം മര്ദ്ദകന് പൊന്തക്കാട്ടിലെ ഇരുട്ടിലേക്ക് തന്നെ ഓടി ഭൂമി വിഴുങ്ങിയെന്നോണം അപ്രത്യക്ഷനായി.
അഭിപ്രായങ്ങളാരായുന്നതിന് ഡോണ്കാമിലോയ്ക്ക് സ്വന്തം ഉപദേശകനുണ്ട്. മേടയിലെത്തി മുട്ടകള്‍ ഭദ്രമായി വച്ച ശേഷം അയാള്‍ ഇങ്ങനെ കുഴഞ്ഞ് മറിഞ്ഞ പ്രശ്നങ്ങള്‍ വരുമ്പോള്‍ സാധാരണ ചെയ്യുന്നതുപോലെ ദൈവവുമായി ചര്‍ച്ച നടത്തുന്നതിന് പള്ളിയിലേക്ക് പുറപ്പെട്ടു.
ഞാനെന്ത് ചെയ്യണം. കാമിലോ ആരാഞ്ഞു.
അല്പം മുറിവെണ്ണ വെള്ളത്തില്‍ കലക്കി മുതുകില്‍ പുരട്ടുക, നാവ് അടക്കി വയ്ക്കുക. അള്‍ത്താരയ്ക് മുകളില്‍ നിന്ന് കര്‍ത്താവ് മൊഴിഞ്ഞു.
നമ്മളോട് തിന്മ ചെയ്യുന്നവരോട് നമ്മള് പൊറുക്കണം, അതാണ് നിയമം,
വളരെ ശരിയാണ് കര്‍ത്താവെ, ഡോണ്‍ കാമിലോ സമ്മതിച്ചു.
പക്ഷേ നമ്മളിപ്പോള്‍ തിന്മയെ പറ്റിയല്ല, ഇരുട്ടടിയെ പറ്റിയാണ് സംസാരിക്കുന്നത്.
നീ എന്താണ് ഉദ്ദേശ്ശിക്കുന്നത്? ശരീരത്തിനേല്‍ക്കുന്ന മുറിവുകള്‍ ആത്മാവിനെ ലക്ഷ്യംവയ്ക്കുന്നവയെക്കാള് വേദനാകരം എന്നാണോ?
ആ പറഞ്ഞത് മനസ്സിലായി. പക്ഷേ അങ്ങൊരു കാര്യം കൂടി പരിഗണിക്കണം. കര്‍ത്താവിന്റെ പുരോഹിതനായ എന്നെ മര്‍ദ്ദിച്ചതിലൂടെ അങ്ങയേയും മുറിവേല്പിച്ചിരിക്കുകയാണ്. എന്നെക്കാളുപരി അവിടുത്തെ കാര്യമോര്‍ത്താണ് എനിക്ക് ഉല്‍ക്കണ്ഠ.
ദൈവത്തിന് നിന്നെക്കാള്‍ ശ്രേഷ്ടനായ പുരോഹിതനല്ലേ ഞാന്‍? എന്നെ ക്രൂശില്‍ തറച്ചവരോടെന്താ, ഞാന്‍ പൊറുത്തില്ലേ?
അങ്ങയോട് തര്‍ക്കിച്ചിട്ട് ഒരു കാര്യവുമില്ല. ഡോണ്‍ കാമിലോ ഹതാശനായി. അങ്ങെപ്പോഴും ശരിയുടെ പക്ഷത്താണ്. അവിടുത്തെ ഇഷ്ടം നിറവേറട്ടെ. നമുക്ക് എല്ലാം പൊറുക്കാം.
അപ്പോഴും ഒരു കാര്യം ഓര്‍ക്കണം. അക്രമികളെ ഇങ്ങനെ നിശബ്ദമായി പ്രോത്സാഹിപ്പിച്ചാല്‍ നാളെ അവര്‍ എന്റെ തലയാവും തല്ലിക്കീറുക. അന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം അങ്ങേയ്ക്കായിരിക്കും. പഴയ നിയമത്തില്‍ നിന്ന് എത്രവേണമെങ്കിലും ഉദാഹരണങ്ങള്‍ ഞാന്‍ കാട്ടിത്തരാം ..
ഡോണ്‍ കാമിലോ, നീയെന്നെ പഴയ നിയമം ബൈബിള്‍ പഠിപ്പിക്കാന്‍ പോവുകയാണോ? ഇക്കാര്യത്തില്‍ ഞാന്‍ പൂര്‍ണ്ണ ഉത്തരവാദിത്തം ഏല്ക്കുന്നു. കൂടാതെ ഉള്ളത് പറയുകയാണെങ്കില്‍ ഈ തല്ല് നിനക്ക് വലിയ ദ്രോഹമൊന്നുമല്ല. കൂടാതെ എന്റെ വിശുദ്ധ ഭവനത്തില്‍ രാഷ്ട്രീയം കൊണ്ട് വരരുത് എന്ന പാഠം ഇത് നിന്നെ പഠിപ്പിച്ചും കാണും.
ഡോണ്‍ കാമിലോ എല്ലാം മറന്നു. എങ്കിലും ആരാവുമിത് ചെയ്തതെന്ന ആകാംഷ, തൊണ്ടയില്‍ കുടുങ്ങിയ മീന്മുള്ള് പോലെ അയാളെ അലട്ടിക്കൊണ്ടേയിരുന്നു.
ദിവസങ്ങള്‍ കടന്ന് പോയി. ഒരിക്കല്‍ ഒരു സായാഹ്നം കുമ്പസ്സാരക്കൂട്ടിലിരുന്ന് കാമിലോ പ്രാദേശിക തീവ്ര കമ്മ്യൂണിസ്റ്റ് നേതാവ് പെപ്പോണി കടന്ന് വരുന്നത് അഴികള്‍ക്കിടയിലൂടെ കണ്ടു.
പെപ്പോണി കുമ്പസ്സാരത്തിന് വരികയെന്നത് അത്ഭുതകരമാണ്, ഡോണ്‍ കാമിലോയ്ക്ക് സന്തോഷമായി.
സഹോദരാ, ദൈവം നിന്നോട് കൂടി. അവിടുത്തെ അനുഗ്രഹം മറ്റേത് മനുഷ്യനെക്കാളും നിനക്കാവശ്യമുണ്ട്. കുമ്പസ്സാരിച്ചിട്ട് ഇപ്പോള്‍ കുറെ നാളായിക്കാണുമല്ലോ?
1918 ന് ശേഷം ഇതുവരെയില്ല. പെപ്പോണി പറഞ്ഞു.
ഭ്രാന്തന് ആശയങ്ങള്‍ നിറഞ്ഞ ഈ തലയും വച്ച് കഴിഞ്ഞ ഇരുപത്തെട്ട് വര്‍ഷം. ഹൊ, നീ ഒരുപാട് പാപങ്ങള്‍ ചെയ്തിരിക്കുമല്ലോ.
സംശയമില്ല, കുറച്ചധികം തന്നെയുണ്ട്. പെപ്പോണി ദീര്‍ഘശ്വാസമെടുത്തു.
ഏതുപോലെ?
രണ്ട് മാസം മുമ്പ് അങ്ങയെ തല്ലി ശരിയാക്കിയത് പോലെ.
അത് ഗുരുതരമായ പാപം തന്നെയാണ്. ഡോണ്‍ കാമിലോ പറഞ്ഞു. ദൈവത്തിന്റെ പുരോഹിതനെ ശാരീരികമായി ഉപദ്രവിക്കുന്നത് വഴി നീ ദൈവത്തെ തന്നെയാണ് അക്രമിച്ചിരിക്കുന്നത്
അതില്‍ ഞാന്‍ പശ്ചാത്തപിക്കുന്നു. പെപ്പോണിയുടെ ഉറക്കെ പറഞ്ഞു. കൂടാതെ ഞാന്‍ ദൈവത്തിന്റെ പുരോഹിതനെയല്ല മറിച്ച് രാഷ്ട്രീയ എതിരാളിയെയാണ് തല്ലിയത്. ഒരു ദുര്‍ബ്ബല നിമിഷത്തില്‍ അങ്ങനെ സംഭവിച്ച് പോയി.
ഇതും ആ ശപിക്കപ്പെട്ട പാര്‍ട്ടിയിലെ അംഗത്വവുമല്ലാതെ നിന്റെ മനസാക്ഷി പ്രകാരം മറ്റെന്തൊക്കെ പാപം ചെയ്തിട്ടുണ്ട്?
പെപ്പോണി പാപങ്ങളുടെ ഭണ്ഡാരക്കെട്ടഴിച്ചു.
മൊത്തത്തില്‍ ഗുരുതര പാപങ്ങളൊന്നുമല്ലാത്തതിനാല് പത്രോസിനും മറിയത്തിനുമുള്ള പ്രാര്‍ത്ഥനകള്‍ ചൊല്ലാന്‍ പറഞ്ഞ് കാമിലോ അയാളെ വിട്ടയച്ചു. പെപ്പോണി അള്‍ത്താര അഴികള്ക്കുമുന്നില് മുട്ടുകുത്തി പാപപരിഹാരം ചെയ്യുമ്പോള്‍ കാമിലോ അകത്ത് ക്രൂശിത രൂപത്തിന് മുന്നില്‍ ചെന്ന് വണങ്ങി.
ദൈവമേ, അയാള്‍ പറഞ്ഞു. എന്നോട് ക്ഷമിക്കണം. ഞാനിവനെ അങ്ങേയ്ക്ക് വേണ്ടി തല്ലി ശരിപ്പെടുത്താന്‍ പോകുകയാണ്.
നീ ഒന്നും ചെയ്യാന്‍ പോകുന്നില്ല. ഞാനവനോട് ക്ഷമിച്ചത് പോലെ നീയും ക്ഷമിക്കണം. എല്ലാ വസ്തുതകളും പരിഗണിക്കുമ്പോള്‍ അയാള്‍ ഒരു മോശം ആത്മാവാണെന്ന് എനിക്ക് തോന്നുന്നില്ല.
കര്‍ത്താവേ, ഈ ചുവപ്പന്മാരെ ഒരിക്കലും വിശ്വസിക്കരുത്! ഇവരുടെ ജീവിതമാകെ അസത്യമാണ്. അയാളെയൊന്ന് നോക്കൂ. ബറാബാസിന്റെ അവതാരമല്ലേ അത്!
എനിക്കങ്ങനെ തോന്നുന്നില്ല ഡോണ്‍ കാമിലോ; നിന്റെ ഹൃദയമാകെ വിഷം നിറഞ്ഞിരിക്കുകയാണ്.
ദൈവമേ, ഞാനെന്നെങ്കിലും അവിടുത്തെ ഹിതം നിറവേറ്റിയിട്ടുണ്ടെങ്കില്‍ ഈ ചെറിയ ആഗ്രഹം ഒന്നനുവദിക്കൂ. കുറഞ്ഞത് ഈ തടിച്ച മെഴുകുതിരിയെങ്കിലും അയാളുടെ തോളത്ത് പ്രയോഗിക്കട്ടേ. പ്രിയപ്പെട്ട കര്‍ത്താവേ വെറും ഒരു മെഴുകുതിരിയുടെ കാര്യം മാത്രമല്ലേ.
പറ്റില്ല, കര്‍ത്താവ് മൊഴിഞ്ഞു. നിന്റെ കരങ്ങള്‍ അനുഗ്രഹിക്കാനുള്ളതാണ്, മര്ദ്ദിക്കാനുള്ളതല്ല.
ഡോണ്‍ കാമിലോ നെടുവീര്‍പ്പിട്ടു.
അയാള്‍ നമസ്കരിച്ച ശേഷം അള്‍ത്താരയ്ക്ക് വെളിയിലേക്ക് വന്നു. പുറത്തിറങ്ങി വീണ്ടും കുരിശ് വരയ്ക്കാന്‍ തിരിയുമ്പോള്‍ അയാള്‍ മുട്ടുകുത്തി പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുന്ന പെപ്പോണിയുടെ കൃത്യം പിറക് വശത്ത് എത്തിയിരുന്നു.
കര്‍ത്താവേ, ഡോണ്‍ കാമിലോ ക്രൂശിതനെ കൈകൂപ്പി തേങ്ങി. എന്റെ കരങ്ങള്‍ അനുഗ്രഹിക്കാനുള്ളവയാണ്, പക്ഷേ എന്റെ കാലുകളോ.
അപ്പറഞ്ഞതില്‍ കുറച്ച് കാര്യമുണ്ട്. അള്‍ത്താരയ്ക്ക് മുകളില്‍ നിന്ന് കര്‍ത്താവ് പറഞ്ഞു. പക്ഷേ ഒരു കാര്യമോര്ത്തോളൂ കാമിലോ, ഒന്നേ ഒന്ന്.
ചവിട്ട് ഒരു മിന്നല്പിണര് പോലെയാണ് പെപ്പോണിയില് പതിച്ചത്. അയാള്‍ അത് കണ്ണിമ പോലും ചിമ്മാതെ ഏറ്റ് വാങ്ങി എണീറ്റ് ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു.
ഇക്കഴിഞ്ഞ പത്ത് മിനിട്ടും ഞാനിതിന് കാത്തിരിക്കുകയായിരുന്നു. അയാള്‍ പറഞ്ഞു. ഇപ്പോള്‍ നല്ല മെച്ചം തോന്നുന്നു.
എനിക്കും, ഡോണ്‍ കാമിലോ ഉദ്ഘോഷിച്ചു. അയാളുടെ മനസ്സപ്പോള്‍ മെയ് മാസപുലരി പോലെ തെളിഞ്ഞ് പ്രകാശപൂരിതമായിരുന്നു.
കര്‍ത്താവ് ഒന്നും തന്നെ പറഞ്ഞില്ല. പക്ഷേ അദ്ദേഹവും സന്തോഷവാനാണെന്ന് കാണുന്നതിന് അത്ര പ്രയാസമില്ലായിരുന്നു.
by