രണ്ടു കൂട്ടുകാരികള്‍

“എടീ മേരി, ഇന്നലെ എന്തായിരുന്നു ഇടപാട്? നമ്മളെ കണ്ടില്ലല്ല്.” വശത്തുകിടന്ന മീനിന്റെ അവശിഷ്ടങ്ങളിലേക്ക് മുറുക്കാന്‍ നീട്ടി തുപ്പിക്കൊണ്ട് സോളമന്‍ ചോദിച്ചു.

തലേന്നത്തെ കച്ചവടത്തിന് മേരി പണം വാങ്ങാത്തതിന്റെ കെറുവാണ് അയാള്‍ പറഞ്ഞ് തീര്‍ക്കുന്നത്. ചന്തയിലെ മീന്‍ കച്ചവടക്കാരികള്‍ അയാളുടെ പക്കല്‍ നിന്നാണ് കാശ് കടം വാങ്ങുന്നത്. അതിരാവിലെ അവര്‍ ചന്തയില്‍ എത്തു മുമ്പെ സോളമന്‍ ശിങ്കിടിമാര്‍ക്കൊപ്പം അവിടെ ഹാജരായിരിക്കും. ലോറികളില്‍ നിറയെ മീനുമായി മൊത്തക്കച്ചവടക്കാരായ മാപ്പിളമാരും അതിനോടൊപ്പം ചന്തയിലെത്തിയിട്ടുണ്ടാകും.സോളമന്‍ കച്ചവടക്കാരികള്‍ക്ക് പണം കടം കൊടുക്കും എന്നുപറയുന്നത് ഒരു സങ്കല്‍പ്പമാണ്. കമ്മോഡിറ്റി എക്സ്ചേഞ്ചും കറന്‍സി ട്രേഡിംഗും ഒക്കെ നിലവില്‍ വരുന്നതിനും മുമ്പ് ഈ സങ്കല്‍പ്പ കച്ചവടം ചന്തയില്‍ നടന്നുവരുന്നു. സോളമന്‍ ആ പാരമ്പര്യത്തിലെ ഇങ്ങേയറ്റത്തെ കണ്ണിയാണ്.

സങ്കല്പകച്ചവടം ചുരുക്കത്തില്‍ ഇങ്ങനെയാണ്. കച്ചവടക്കാരികള്‍ നേരെ മാപ്പിളമാരുടെ അടുത്തു മീനെടുക്കാന്‍ പോകും. വിലപറഞ്ഞുറപ്പിച്ചുകഴിഞ്ഞാല്‍ കഴിഞ്ഞാല്‍ പണമുള്ള ചുരുക്കം ചിലര്‍ മുഴുവന്‍ കാശും നല്കി ചരക്കെടുക്കും. അല്ലാത്തവര്‍ സോളമനെയോ അയാളുടെ കണക്കപ്പിള്ളയെയോ നോക്കി തുക വിളിച്ചുപറയും. കണക്കപ്പിള്ള പുസ്തകത്തില്‍ കച്ചവടക്കാരിയുടെ പേരിനുനേരെ തുക എഴുതി ശരി എന്നു മാപ്പിളമാര്‍ക്കു ആംഗ്യം നല്‍കുന്നതോടെ കച്ചവടത്തിന്റെ ഒരു ഘട്ടം പൂര്‍ത്തിയാകും.

കടത്തിനു ചരക്കെടുത്ത സ്ത്രീകള്‍ അവര്‍ വാങ്ങിയെന്നു പറയപ്പെടുന്ന ഓരോ ആയിരത്തിനുമൊപ്പം നൂറു രൂപ കൂടി ചേര്‍ത്തു വൈകുന്നേരം സോളമനു നല്‍കണം. മൊത്തക്കച്ചവടക്കാര്‍ക്കുള്ളതു പിരിഞ്ഞുകിട്ടിയ തുകയില്‍ നിന്നും സോളമന്‍ പിറ്റേന്നു നല്കും. ഫലത്തില്‍ ഒരുരൂപപോലും മുടക്കുമുതലില്ലാത്ത വളരെ ലാഭകരമായ കച്ചവടം.

പണം തിരികെ നല്കുന്നതില്‍ ആരും വീഴ്ച വരുത്താറില്ല. അഥവാ എന്തെങ്കിലും വീഴ്ചവന്നാല്‍ സ്വതേ കറുത്ത് ഭീകരമായ സോളമന്റെ മുഖം കോപം കൊണ്ടു കൂടുതല്‍ ഇരുളും. വാതുറന്ന് മുറുക്കാനും തെറിപ്പിച്ച് പുലഭ്യം കൂടി പറയാന്‍ തുടങ്ങിയാല്‍ ഒരന്തവും കാണില്ല. ആവശ്യമെങ്കില്‍ ചെറിയതോതിലുള്ള കയ്യാങ്കളിക്കു പോലും അയാള്‍ മടിക്കാറില്ല. ഏറിയാല്‍ നാല്‍പ്പതു വയസ്സേ പ്രായം വരുകയുള്ളൂ. എങ്കിലും തന്റെ അധികാരവും അപ്രമാദിത്തവും ഉറപ്പിച്ചെടുക്കാന്‍ ഏവരെയും പേരിനൊപ്പം എടീ, എടാ എന്നു ചേര്‍ത്താണ് വിളിക്കുന്നത്.

ചരക്കൊക്കെ എടുത്ത് സ്ത്രീകള്‍ തയ്യാറാകുമ്പോഴേക്കും നേരം പരപരാ വെളുത്തിട്ടുണ്ടാവും. ചുമടെടുക്കാന്‍ വയ്യാത്തവര്‍ മാര്‍ക്കറ്റില്‍ തന്നെ പലയിടങ്ങളിലായി കച്ചവടത്തിനിരിക്കും. കരുത്തുള്ളവര്‍ ചതഞ്ഞുചുളുങ്ങിയ അലുമിനിയം ചരുവങ്ങളില്‍ മീന്‍ നിറച്ചു ചന്തയില്‍ നിന്നിറങ്ങും. മുഴുവന്‍ വില്‍ക്കുന്നതുവരെ പട്ടണത്തിലെ ഇടറോഡുകളിലൂടെ തലയില്‍ ചരുവവുമായി ഉറക്കെ വിളിച്ചു കൂവി നടക്കും. ആവശ്യക്കാര്‍ക്ക് ചന്തയിലേതില്‍ നിന്നും വില അല്പം ഉയര്‍ത്തി വില്‍ക്കും. വില്പനക്കാരിക്ക് കൂടുതല്‍ ലാഭവും വാങ്ങിക്കുന്നവര്‍ക്ക് നടക്കാതെ കഴിഞ്ഞതിന്റെ സന്തോഷവും. കച്ചവടം മോശമാകുന്ന ദിവസങ്ങളില്‍ രണ്ടുകൂട്ടരും നഷ്ടം സഹിച്ചും മീന്‍ വിറ്റൊഴിയാറുണ്ട്.

നമ്മുടെ മേരി മെലിഞ്ഞുകൂനി ചട്ടയും കൈലിമുണ്ടും ധരിച്ചുനടക്കുന്ന ഒരു വയസ്സിത്തള്ളയാണ്. മകനു മാര്‍ബിളിന്റെ പണിയാണ്. അവന്‍ വീട്ടില്‍ ചിലവിനൊന്നും കൊടുക്കാറില്ല. മെനഞ്ഞാന്ന് രാത്രി ജോലികഴിഞ്ഞ് വന്ന മകനുമായി മേരി ഒരുമൂച്ച് വഴക്കിട്ടു, കരഞ്ഞ് നെഞ്ചത്തടിച്ചു. പിറ്റേന്നു രാവിലെ കുറച്ച് നോട്ടുകള്‍ചുരുട്ടി മേരിക്കു നേരെ വലിച്ചെറിഞ്ഞിട്ടാണ് അവന്‍ പണിക്ക് പോയത്. പുണ്യാളനോട് സ്ഥിരം മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നതുകൊണ്ടാണ് അവന്റെ മനസ്സുമാറിയതെന്നു മേരി കരുതുന്നു. കുരിശ്ശടിയില്‍ പോയി പുണ്യാളനെ നന്ദിയും അറിയിച്ചാണു രാവിലെ ചന്തയില്‍ വന്നത്.

മകന്‍ എറിഞ്ഞിട്ട കാശിന്റെ പത്രാസ്സില്‍ രൊക്കം കാശിനാണ് ഇന്നലെ ചരക്കെടുത്തത്.

സ്ഥിരം ഇടപാടുകാരി കടം വാങ്ങല്‍ നിര്‍ത്തിയത് സ്വാഭാവികമായും രസിക്കാത്ത സോളമന്‍ രാവിലെ ചോദ്യം ചെയ്യാനെത്തിയതാണ്.

“എന്ത് പറയാനാ മുതലാളി.. മക്കള് കാശും തന്ന് ഇനി അമ്മ കടം വാങ്ങി കച്ചവടം ചെയ്യണ്ടാന്ന് പറഞ്ഞാ നമുക്ക് എന്ത് ചെയ്യാനൊക്കും. പിള്ളാരാണെങ്കിലും വളര്‍ന്നാ അവര് പറയണത് നമ്മള് കേക്കണ്ടേ.. അല്ലേടീ ത്രേസ്യേ..” മേരി ഉത്സാഹം ഉദാസീനത കൊണ്ട് മറച്ചു. തന്റെ സഹായത്തിന് തൊട്ടടുത്തിരുന്നു മീന്‍ വില്‍ക്കുന്ന ത്രേസ്യയെ കൂട്ട്പിടിച്ചു.

“തന്നെ.. തന്നെ.. എന്നും ഇങ്ങനെ കണ്ടാ മതി..” തന്റെ മകന്‍ പണിക്ക് പോകാതെ നടക്കുന്നതിനെ കളിയാക്കിയാണ് പറഞ്ഞതെന്നു തോന്നിയെങ്കിലും പൊതുശത്രുവിന് മുന്നില്‍ ത്രേസ്യ മേരിയെ പിന്തുണച്ചു. മേരിയുടെ കളികൂട്ടുകാരിയാണ് ത്രേസ്യ. മേരിയെപ്പോലെതന്നെ ചട്ടയും മുണ്ടുമാണ് വേഷം. അല്പം തടിച്ച ശരീരപ്രകൃതം. കാലില്‍ വാതം കൂടി ഞരമ്പുകള്‍ പൊട്ടിപ്പഴുത്തതിനാല്‍ ഞൊണ്ടിയാണ് നടപ്പ്. നാട്ടിലെ മുഴുവന്‍ വര്‍ത്തമാനങ്ങളും ത്രേസ്യയുടെ പക്കലെത്തും. ആകാശവാണിയെന്നാണ് ത്രേസ്യ രഹസ്യമായി അറിയപ്പെടുന്നത്.

“അപ്പ നീ പണക്കാരിയായി.. ഇങ്ങനെയാണെങ്കി എന്റെ കാര്യം കഷ്ടത്തിലാകുമല്ലോടി..” ഇതു സോളമന്‍ ചുമ്മാ പറയുന്നതാണ്. മേരിയെ പോലെ പലരും മുമ്പ് പോയിട്ടുണ്ട്. പോയവര്‍ കുറച്ചു കഴിഞ്ഞാല്‍ പ്രാരാബ്ദം പറഞ്ഞ് കരഞ്ഞുകൊണ്ട് വീണ്ടും വരും. ഒരിക്കല്‍ പോയി തിരിച്ചു വരുന്നവരെ വളരെ കഷ്ടപ്പെടുത്തിയിട്ടുമാത്രമേ സോളമന്‍ സഹായിക്കൂ. കടം വാങ്ങുന്നവരുടെ എണ്ണം കൂടുന്നതല്ലാതെ ഇതുവരെ കുറഞ്ഞിട്ടില്ല.
മേരിയുടെ അടുക്കല്‍ നിന്നും സോളമന്‍ മാര്‍ക്കറ്റിലെ മറ്റ് കടകള്‍ക്ക് നേരെ നീങ്ങി. മീന്‍വില്‍ക്കുന്നവര്‍ മാത്രമല്ല സോളമന്റെ ഇടപാടുകാര്‍. പച്ചക്കറിക്കടക്കാരും പലവ്യഞ്ജന കടക്കാരുമൊക്കെ ഇയാളുടെ പക്കല്‍ നിന്നും പണം വാങ്ങാറുണ്ട്. എല്ലാം പതിനഞ്ചുരൂപ പലിശക്ക് മുകളില്‍.

സോളമന്‍ സ്വന്തം പണം മാത്രമല്ല ഇത്തരത്തില്‍ വിതരണം ചെയ്യുന്നത്. ബാങ്കുപലിശയുടെ ഇരട്ടി കൊടുക്കണമെന്ന വ്യവസ്ഥയില്‍ സ്ഥലത്തെ മാന്യന്‍മാര്‍ ഏല്പിക്കുന്നതും കൂട്ടത്തിലുണ്ട്. കോണ്‍സ്റ്റബിള്‍മാര്‍ തുടങ്ങി സ്ഥലം എം.എല്‍.എ. വരെയുള്ളവരുടെ പണം ഇത്തരത്തില്‍ അയാളുടെ പക്കലുണ്ട്.

സോളമന്‍ പോയി അല്പം കഴിഞ്ഞ് ത്രേസ്യയുടെ സ്ഥിരം ഇടപാടുകാരിക്ക് മേരി മീന്‍ വിലകുറച്ച് കൊടുത്തെന്ന് പറഞ്ഞ് അവര്‍ തമ്മില്‍ പൊരിഞ്ഞ വഴക്കു നടന്നു. കുറച്ച് മുമ്പ് മേരി മുള്ളുവച്ച വര്‍ത്തമാനം പറഞ്ഞതിന്റെ ദ്വേഷ്യം ത്രേസ്യാമ്മ തീര്‍ത്തതാണ്. ചന്തയില്‍ കച്ചവടക്കാരികളായ സ്ത്രീകള്‍ തമ്മില്‍ ഇത്തരം വഴക്കുകള്‍ സാധാരണമാണ്. ദുരിതപൂര്‍ണ്ണമായ സ്വന്തം ജീവിതത്തോടുള്ള പ്രതിഷേധമാകാം അവര്‍ നിസ്സാരകാര്യങ്ങള്‍ക്ക് തങ്ങളില്‍ പോരടിച്ചു തീര്‍ക്കുന്നത്. ഏതാനും ചില മണിക്കൂറുകള്‍ മാത്രം നീളുന്നതാണ് ഇത്തരം വഴക്കുകളും പിണക്കങ്ങളും. പക്ഷേ മേരിയുടെയും ത്രേസ്യയുടെയും ഇന്നത്തെ പിണക്കം തീരാന്‍ അവര്‍ ഉച്ചക്കുശേഷം തിരിച്ചു പോകുന്ന ബസ്സിലെ സുകുമാരപിള്ള എന്ന യുവ കണ്ടക്ടര്‍ക്ക് ഇടപെടേണ്ടി വന്നു.

മേരി കച്ചവടം കഴിഞ്ഞ് മീന്‍പാത്രമൊക്കെ കഴുകി അന്നത്തേക്കുള്ള അരിയും പലവ്യഞ്ജനവും, കുടുംബസ്നേഹിയായ മകന് സ്പെഷ്യലായി ചില ആഹാരസാധനങ്ങളും വാങ്ങി ത്രേസ്യ വരുന്നതും കാത്ത് ബസ്റ്റോപ്പില്‍ ഇരുന്നു. കച്ചവടം മോശമായിരുന്നെങ്കിലും സോളമനുള്ള വിഹിതം കൊടുക്കേണ്ടാത്തതിനാല്‍ ഇന്നു പതിവിലും മെച്ചമാണ്.

കിട്ടിയതിന്റെ ഭൂരിഭാഗവും കണക്കു തീര്‍ത്ത് സോളമനു കൊടുത്ത് വയ്യാത്ത കാലും വലിച്ച് ത്രേസ്യ ബസ്റ്റോപ്പിലേക്കുവന്നു. തന്നെ നോക്കി ചിരിച്ച മേരിയെ അവര്‍ കണ്ട മട്ട് കാണിച്ചില്ല.

“അവക്കത്ര പവറാണെങ്കി ഞാനെന്തിനാ കുറയ്ക്കുന്നെ” എന്ന മട്ടില്‍ മേരിയും തിരിഞ്ഞിരുന്നു. ട്രാന്‍സ്പോര്‍ട്ട് ബസ്സ് ആടിയുലഞ്ഞ് വന്ന് നിന്നു. മേരിയും ത്രേസ്യയും ബസ്സില്‍ കേറി വെവ്വേറെ സീറ്റുകളിലിരുന്നു. ബസ്സ് ഏതാനും സ്റ്റോപ്പ് കഴിഞ്ഞപ്പോഴേക്കും ഒറ്റക്കിരുന്നു മടുത്ത കൂട്ടുകാരികള്‍ പരസ്പരമുള്ള പിണക്കം എങ്ങനെ അവസാനിപ്പിക്കാം എന്ന ചിന്തയിലായി.

ഇരുവര്‍ക്കും ഇടയില്‍ നടക്കുന്ന രസതന്ത്രം അറിയാതെ നേരത്തെ സൂചിപ്പിച്ച സുകുമാരപിള്ള കണ്ടക്ടര്‍ ശരിക്കും കുടുക്കില്‍ പെട്ടു. ടിക്കറ്റിന് ചില്ലറയില്ലെന്ന് പറഞ്ഞ മേരിയെ അദ്ദേഹം കണ്ടക്ടര്‍മാര്‍ക്ക് തികച്ചും അവകാശപ്പെട്ട രീതിയില്‍ ശകാരിക്കാന്‍ തുടങ്ങി. പക്ഷേ കൂട്ടുകാരിയെ അനാവശ്യമായി വഴക്കുപറയുന്നത് ത്രേസ്യക്കു സഹിച്ചില്ല.

“ഇത് നല്ല കൂത്ത്.. എടാ നിന്റെ കയ്യിലുള്ളത് ചില്ലറയല്ലേ” ത്രേസ്യ കണ്ടക്ടറോടു കയര്‍ത്തു. ത്രേസ്യക്കു തന്നോടുള്ള പിണക്കം തീര്‍ന്നതില്‍ സന്തോഷവതിയായ മേരി ത്രേസ്യക്കൊപ്പം കൂടി കണ്ടക്ടര്‍മാരെന്ന വര്‍ഗ്ഗത്തെ തന്നെ ശകാരിക്കാന്‍ തുടങ്ങി. ആദ്യം ചെറുത്ത് നിന്നെങ്കിലും നാടന്‍ ശൈലിയില്‍ ചമല്‍ക്കാരങ്ങളുടെ സഹായത്തോടെയുള്ള കൂട്ടായ ആക്രമണത്തെ പ്രതിരോധിക്കാന്‍ പച്ചപരിഷ്കാരിയായ ആ പാവം യുവാവിന് കഴിഞ്ഞില്ല. മറ്റു യാത്രക്കാരാകട്ടെ കണ്ടക്ടര്‍ക്കു കിട്ടുന്ന ശകാരങ്ങളില്‍ ഉള്ളുകൊണ്ടു സന്തോഷിച്ച് വഴക്കു സാകൂതം നോക്കി കണ്ടു. തുടക്കത്തില്‍ തന്നെ യുദ്ധം തോല്‍ക്കേണ്ടിവന്ന കണ്ടക്ടര്‍ തളര്‍ന്നു പിറകിലേക്കുമാറി.

കൂട്ടുകാരികള്‍ ഇരിപ്പ് ഒരുമിച്ചാക്കി. ത്രേസ്യയുടെ കച്ചവടം മോശമായിരുന്നെന്നറിഞ്ഞപ്പോള്‍ മേരിക്കും വിഷമമായി. കുറച്ച് നോട്ടുകള്‍ ത്രേസ്യയെ നിര്‍ബന്ധമായി പിടിച്ചേല്‍പ്പിച്ചു. ത്രേസ്യക്ക് കൂട്ടുകാരിയോടുള്ള സ്നേഹം അനേകം മടങ്ങു കൂടി. താന്‍ കേട്ട വാര്‍ത്തകളെല്ലാം തന്റെ കൂടി സംഭാവനകള്‍ ചേര്‍ത്ത് മേരിയെ പറഞ്ഞുകേള്‍പ്പിക്കാന്‍ തുടങ്ങി.

പട്ടണത്തിലുള്ള കുടുംബത്തിന്റെ കഥ അതിലൊന്നായിരുന്നു. ത്രേസ്യ ആ ചെറുപ്പക്കാരന്‍ സോളമന്റെ അടുത്തു പണം വാങ്ങാന്‍ വരുന്നത് കണ്ടിട്ടുണ്ട്. അയാള്‍ ഒരു കോണ്‍ട്രാക്ടറാണത്രെ . സര്‍ക്കാരിനു വേണ്ടി വലിയ ഏതോ പണി ചെയ്യുകയായിരുന്നു. ഏതാണ്ടു പൂര്‍ത്തിയാകാറായപ്പോള്‍ കോണ്‍ട്രാക്ട് നല്‍കിയതില്‍ അഴിമതിയാണെന്ന് വാര്‍ത്ത വന്നു. തുടര്‍ന്ന് കേസ്സായി സമരമായി, ഒടുവില്‍ ആ കോണ്‍ട്രാക്ട് തന്നെ റദ്ദാക്കി.

സോളമനെ പോലെയുള്ള മറ്റു പലരില്‍ നിന്നും അയാള്‍ കാശു വാങ്ങിയിട്ടുണ്ടാവണം. കടം കൂടി നിവര്‍ത്തിയില്ലാതെ നഴ്സറിയില്‍ പഠിക്കുന്ന മകള്‍ക്ക് വിഷം കലര്‍ത്തിയ ചോറ് നല്‍കി, ഭാര്യയും ഭര്‍ത്താവും ഫാനില്‍ തൂങ്ങിമരിച്ചു.

“അയ്യോ ആ കൊച്ചുമോള് എന്ത് പിഴച്ചു.” മേരിക്കു ശരിക്കും സങ്കടം വന്നു.
“അവന് പോലീസില്‍ പോയാ പോരായിരുന്നോ.”

“പഷ്ട്, സോളമന്‍ എസ്.ഐ യുടെ കാശുള്‍പ്പടെയാണ് കടം കൊടുത്തിരിക്കുന്നത്. ഇന്‍സ്പെക്ടറോട് പറഞ്ഞ് അവനെ സ്റ്റേഷനില്‍ വിളിപ്പിച്ച് പലിശ സമയത്തിന് കൊടുക്കാത്തതിനു വിരട്ടുകയും ചെയ്തിട്ടുണ്ട്.”

“ഇവന്മാരുടെയെല്ലാം തലയില്‍ ഇടിത്തീവീഴും.. ഇവനൊക്കെ കിടന്നാ സമാധാനമായിട്ട് ഒറങ്ങാനൊക്കുമോ..” മേരി ശപിച്ചു.

“എന്നാലും അവനൊരു പോഴനാ.. ആണുങ്ങളായ ഇങ്ങനെ പേടിക്കാവോ? കാശില്ലെങ്കി ഇല്ലെന്ന് പറയണം. ചാകേണ്ട കാര്യമില്ലായിരുന്നു. സ്വയം ചാകുക മാത്രമാണോ കുഞ്ഞിനെ കൊല്ലുക കൂടി ചെയ്തല്ല്..” ചത്തവന്റെ ഭീരുത്വത്തെക്കുറിച്ചു പറയവേ മേരിയുടെ സ്വരത്തില്‍ വെറുപ്പു നിറഞ്ഞു.

ത്രേസ്യക്കിറങ്ങാനുള്ള സ്റ്റോപ്പ് ആയി. കൂട്ടുകാരിക്ക് യാത്ര പറഞ്ഞ് അവള്‍ ബസ്സില്‍ നിന്നിറങ്ങി ഇടവഴിയുടെ മറവിലേക്കു ഞൊണ്ടിയകന്നു. മേരി ജനാലയിലൂടെ പുറത്തേക്കുനോക്കി തന്റെ സ്ഥലം ആകുന്നതും കാത്തിരുന്നു.

അന്നുരാത്രി ആ കൂട്ടുകാരികളുടെ ജീവിതത്തില്‍ പ്രധാനപ്പെട്ട ചിലതു സംഭവിച്ചു.

മേരിയുടെ മകന്‍ കുടിക്കാന്‍ കാശില്ലാത്തതിനാല്‍ അമ്മയുമായി വഴക്കുണ്ടാക്കി. ഒടുവില്‍ കലിമൂത്ത് അമ്മയെ മൂലയിലേക്ക് തള്ളിയിട്ട് മുഴുവന്‍ കാശും കവര്‍ന്നെടുത്ത് പുറത്തേക്കിറങ്ങി. വീഴ്ചയില്‍ പരുക്കു പറ്റിയ കാലും തടവി ആ അമ്മ ഇനി എന്തെന്നാലോചിച്ചു കരഞ്ഞു. കൂട്ടത്തില്‍ മകനു നല്ല ബുദ്ധി തോന്നാന്‍ അറിയാവുന്ന വിശുദ്ധര്‍ക്കെല്ലാം നേര്‍ച്ചനേര്‍ന്നു.

അതേസമയം ത്രേസ്യയുടെ വീട്ടില്‍ മകന്‍ ആദ്യമായി മണല്‍ ലോറിക്ക് എസ്കോര്‍ട്ട് പോയി കൈ നിറയെ പണവുമായി പാതിരാത്രി വീട്ടില്‍ വന്നു. വസ്ത്രവും മാറി പുറത്തു കാത്തുനിന്ന കൂട്ടുകാര്‍ക്കൊപ്പം ആ രാത്രി ആഘോഷിക്കാനായി പോകുന്നതിനുമുമ്പ് അവന്‍ കുറച്ചു പണം അമ്മയെ ഏല്പിച്ചു. മകനു മാനസാന്തരം വന്നെന്നു കണ്ട അമ്മ സന്തോഷത്തോടെ നല്ലൊരു നാളെയും സ്വപ്നം കണ്ട് ഉറങ്ങാന്‍ കിടന്നു.

Facebooktwitterredditpinterestlinkedinmailby feather