ഗതാഗതകുരുക്കിനിടയിലെ ശലഭങ്ങള്‍

പേരകുട്ടികള്‍ക്കു സ്കൂളില്‍ കൊണ്ടുപോകാനുള്ള ആഹാരം പാത്രത്തിലാക്കുകയാണ് അമ്മ. അടുത്തമുറിയില്‍ മരുമകള്‍ കുട്ടികളെ ഒരുക്കുന്നതിനിടെ അനാവശ്യമായി കയര്‍ക്കുന്നത് വല്ലാതെ അലോസരപ്പെടുത്തുന്നു. രാവിലെ ഭര്‍ത്താവുമായി സ്കൈപ്പിലെ സംസാരം കഴിഞ്ഞതില്‍ പിന്നെ അവള്‍ വല്ലാത്ത ക്ഷോഭത്തിലാണ്. പുതുതലമുറയുടെ ഉത്തരാധുനിക സംഘര്‍ഷങ്ങള്‍ നാട്ടറിവിന്റെ പച്ചമരുന്ന് കൊണ്ടു തീര്‍ക്കാന്‍ കഴിയില്ല എന്നറിയാവുന്നതിനാല്‍ ഒന്നും കണ്ടില്ല എന്നു നടിക്കാം.

അതിര്‍ത്തിയിലെ വെടിയൊച്ചകള്‍ക്കിടയില്‍ നിന്നും വല്ലപ്പോഴും പോസ്റ്റു ചെയ്യുന്ന കത്തുകള്‍ക്കായി കാത്തിരുന്ന പഴയകാലം. ഓരോകത്തും കട്ടിലിനടിയില്‍ തകരപ്പെട്ടിയില്‍ വയ്ക്കുന്നതിനു മുമ്പു നൂറു തവണ വായിക്കും. ഒറ്റയ്ക്കാണെന്നു തോന്നുന്ന സമയങ്ങളില്‍ പെട്ടിയില്‍നിന്നെടുത്ത കത്തുകളിലൂടെ അടുക്കുതെറ്റാതെ കടന്നുപോകും. അന്ന് ഇന്‍ലന്‍ഡിലെ മഷി പടര്‍ന്നു തുടങ്ങിയ അക്ഷരങ്ങള്‍ നല്‍കുന്ന സാന്ത്വനം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഇന്നോ, അകലങ്ങള്‍ മറന്ന് കടലും മലയും മരുഭൂമിയും തീര്‍ക്കുന്ന തടസ്സങ്ങള്‍ മറികടന്ന് കുട്ടികള്‍ നേരില്‍ കാണുന്നു. ചലിക്കുന്ന ദൃശ്യങ്ങളിലൂടെ മക്കളുടെ കുസൃതികള്‍ കൈമാറുന്നു. നിസ്സാരകാര്യങ്ങള്‍ക്ക് പോലും പിണക്കവും പരിഭവവും. ഹൃദയത്തില്‍ അലിവും സ്നേഹവും നിറയ്ക്കാന്‍ വിദൂരത്തില്‍ നിന്നെത്തുന്ന കത്തുകള്‍ തന്നെ വേണമായിരിക്കുമോ?

മക്കളെ സ്കൂളിലേക്കു തയ്യാറാക്കുന്ന മരുമകള്‍ക്കു മുന്നില്‍ പുതിയകാലത്തിന്റെ പ്രതിസന്ധികളാണ്. കമ്പനിയിലെ പെര്‍ഫോമന്‍സ് അപ്രൈസല്‍‍, കുട്ടികള്‍ക്കു പരീക്ഷയ്ക്കു കിട്ടുന്ന മാര്‍ക്ക് തുടങ്ങി സാധനങ്ങളുടെ വിലക്കയറ്റം വരെ അവളെ വലയ്ക്കുന്നു. ഭര്‍ത്താവിന്റെ ഓണ്‍ലൈന്‍ ഡിക്ടേഷനുകള്‍ ചിലപ്പോള്‍ അവളെ കുപിതയാക്കാറുണ്ടെന്നതു വാസ്തവം.

ഇന്നു വിഷയം വ്യത്യസ്തമാണ്. അവധി ആഘോഷിക്കാന്‍ അടുത്തമാസം എത്താനിരുന്ന ഭര്‍ത്താവ് യാത്ര മാറ്റിവച്ചിരിക്കുന്നു. മരുഭൂമിയില്‍ വീശിയടിച്ച മുല്ലപ്പൂ ഗന്ധമുള്ള കൊടുങ്കാറ്റിനെ തുടര്‍ന്ന് ഇരുണ്ട തൊലിയുള്ള വിദേശികള്‍ക്കു കഷ്ടകാലമാണ്. തൊഴിലില്ലാപ്പട സ്വാതന്ത്ര്യം തേടി നഗരചത്വരങ്ങളിലേക്കു പുറപ്പെടും മുമ്പ് അവരെ തടയാനുള്ള അധികാരികളുടെ ശ്രമം.

സങ്കീര്‍ണ്ണമായ പുതിയ തൊഴില്‍ നിയമം ഓടിച്ചുവായിച്ചതില്‍ പ്രതീക്ഷക്കു വക കാണുന്നില്ലെന്നു ഭര്‍ത്താവു പറയുന്നു. ഒരു തീരുമാനമായ ശേഷം നാട്ടിലേക്കു പുറപ്പെടാമത്രെ.

എല്ലാമുപേക്ഷിച്ച് നാട്ടിലേക്കു മടങ്ങേണ്ടി വന്നാല്‍ ജീവിതം അവതാളത്തിലാകും. ഇവിടെയെന്തു ജോലി കിട്ടാന്‍? കമ്പനിയില്‍ നിന്നു ലഭിക്കുന്ന തന്റെ ശമ്പളം മാത്രം കൊണ്ടെന്താകാന്‍ ?

കുട്ടികളെ ആക്ടീവയുടെ മുമ്പിലും പിമ്പിലും ഇരുത്തി സ്കൂളിലേക്കിറങ്ങി. പിറകില്‍ ഇരിക്കുന്ന മൂത്തവനോടു മുറുകെ പിടിക്കണേ എന്നോര്‍മ്മിപ്പിച്ചു. പെയ്യാനൊരുങ്ങിയിരിക്കുന്ന മഴക്കാറുകള്‍ക്കിടയിലൂടെ നനയാതെ സ്കൂളെത്തി. ബാഗെടുക്കാതെ ഇറങ്ങിയോടുന്ന മകളെ പിടിച്ചുനിര്‍ത്തി തോളില്‍ ബാഗണിയിച്ചു. രണ്ടുപേരെയും ഉമ്മ നല്‍കി പറഞ്ഞയച്ചു.

കമ്പനി സ്കൂളില്‍ നിന്നു വളരെ ദൂരെയല്ല. പക്ഷെ ജംഗ്ഷനില്‍ നല്ല തിരക്ക്. കുട്ടികളെ നിറച്ച് ധാരാളം മഞ്ഞ ബസ്സുകള്‍ നിരന്നു കിടക്കുന്നു. താമസവും കാത്തുനില്പും കുട്ടികളെ തെല്ലും സ്പര്‍ശിക്കുന്നില്ല. തമാശയും കളിചിരിയും പാട്ടുമൊക്കയായി അവര്‍ യാത്ര ആസ്വദിക്കുകയാണ്.

നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്കടുത്തേക്ക് ചിലര്‍ സണ്‍സ്ക്രീനുകളും കളിപ്പാട്ടങ്ങളുമായി ഓടിഅടുക്കുന്നു. അന്യദേശക്കാരായ കച്ചവടക്കാരാണ്. വേനല്‍ മാറി മഴ വന്നിട്ടും അവര്‍ കാറുകളുടെ ഗ്ലാസ്സില്‍ പതിപ്പിക്കുന്ന സണ്‍സ്ക്രീനുകളുടെ കച്ചവടം നിര്‍ത്തിയിട്ടില്ല. കൂട്ടത്തില്‍ പൊക്കം കുറഞ്ഞ ഒരു ചെറുപ്പക്കാരന്‍ അഴുക്കുപിടിച്ച കുര്‍ത്തയുമണിഞ്ഞ് പിരിച്ചുവച്ച കൊമ്പന്‍മീശയുമായി ഓടി നടക്കുന്നു. ക്രിക്കറ്റ് കളിക്കാരന്‍ ശിഖര്‍ധവാനെ ഓര്‍മ്മിപ്പിക്കുന്ന മുഖം. ഒരുപക്ഷെ ധവാന്റെ നാട്ടില്‍നിന്നുതന്നെ വന്നതായിരിക്കും.

തണുത്ത കനംകൂടിയ കാറ്റ് കാറിനകത്തേക്കു കടക്കുമോ എന്ന ഭയത്തില്‍ ഗ്ലാസ്സുപോലും താഴ്ത്താതെ ഉടമസ്ഥര്‍ സാധനങ്ങള്‍ വേണ്ടെന്നു കൈവീശി. പൊക്കം കൂടിയ ഒരു സുന്ദരിപ്പെണ്‍കുട്ടി ഇടുപ്പില്‍ കളിപ്പാട്ടങ്ങള്‍ നിറച്ച വട്ടിയുമായി ധവാനു തൊട്ടു പിറകെയുണ്ട്. പിഞ്ഞി തുടങ്ങിയ ഗാഗ്രാചോളിയും അഴുക്കുപറ്റിയ ശിരോവസ്ത്രവും അവളുടെ ചെറുപ്പത്തിന്റെ പ്രകാശം കൂട്ടുന്നതേയുള്ളൂ. വാഹനങ്ങള്‍ക്കിടയിലുള്ള നേരം അവര്‍ നേരമ്പോക്കുകള്‍ കൈമാറി ആസ്വദിക്കുന്നു. കമിതാക്കളാകും.. അല്ലെങ്കില്‍ ദമ്പതികള്‍. നാട്ടിലെക്കാള്‍ അന്തസ്സായി ഇവിടെ ജീവിക്കാമെന്നു കണ്ട ധവാന്‍ നാട്ടില്‍ നിന്നു നവവധുവിനെ കൊണ്ടുവന്നതാവാം.

അവളുടെ ആകാംഷ മറ്റെന്തിനെങ്കിലും വഴിമാറും മുമ്പ് തടസ്സമൊഴിഞ്ഞ് വാഹനങ്ങള്‍ നീങ്ങിതുടങ്ങി. കുറച്ചുമുന്നെ ചെന്നു അവള്‍ തിരിഞ്ഞുനോക്കി. ധവാനും ഭാര്യയും പാതയ്ക്കുനടുവിലെ തിട്ടയില്‍ അടുത്ത ഗതാഗതകുരുക്കും കാത്തുനില്‍ക്കുന്നു…

Facebooktwitterredditpinterestlinkedinmailby feather