സര്‍പ്പപാപങ്ങള്‍

കോണ്‍വെന്റിന്റെ കൂറ്റന്‍ മതില്‍ക്കെട്ടിനകത്തേക്ക് പടര്‍ന്ന് നിന്നിരുന്ന വടവൃക്ഷത്തിന്റെ ശാഖകളിലൂടെയാണ് അവളുടെ സ്വപ്നങ്ങളിലേക്ക് ഉരഗങ്ങള്‍ ഇഴഞ്ഞ് കയറിയത്. സ്വപ്നങ്ങളുടെ തമ്പുരാന്റെ വലിയ പറ്റ് പുസ്തകത്തില്‍ അതിന് മുമ്പ് അവള്‍ പാമ്പുകളെ കിനാവ് കണ്ടതായി എഴുതിയിട്ടില്ല. ജീവിതത്തിന്റെ ആരംഭം മുതല്‍ അവ നിഴല് പോലെ കൂടെയുണ്ടായിരുന്നിട്ട് പോലും.
അമ്മയുടെ വയറ്റില്‍ അവള്‍ ഉരുവായ കാലം മുതലാണ് തുടക്കം. കടലില്‍ മീന്‍ പിടിക്കാന്‍ പോയ അച്ഛന്റെ നീലിച്ച ദേഹം വള്ളത്തില്‍ കൂടെപോയവര്‍ പിറ്റേന്ന് ചുമന്നുകൊണ്ട് വന്നു. കൊത്തിയത് വലകടിയനാണെന്നും അല്ല നീലവരയനാണെന്നും ഒക്കെ കൂടെ പോയവര്‍ക്ക് പറയാനുണ്ടായിരുന്നു. ഒരു വിധവയ്ക്ക് പെണ്‍കുഞ്ഞിനെ വളര്‍ത്താനുള്ള കഷ്ടപ്പാടുകള്‍ വിവരിക്കുന്നത് വളരെ വിരസമായിരിക്കുമെന്നതിനാല്‍ അതിന് തുനിയുന്നില്ല. മാത്രമല്ല അതൊന്നും ഈ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുമില്ല.

കോണ്‍വെന്റിലെത്തുന്നത് വരെ അവള്‍ പാമ്പുകളെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല. മണ്ണിനടിയില്‍ ഇഴഞ്ഞ് പിന്തുടരുന്ന മണ്ണൂലികളുടെ ശല്ക്കങ്ങള്‍ ഉരയുന്ന ശബ്ദം ഭൂമിയുടെ മര്‍മ്മരം ആണെന്നാണ് ആ പാവം കരുതിയിരുന്നത്.

കുറെയധികം നാള്‍ കഴിഞ്ഞ് വീടിന്റെ വാതില്‍പ്പടിയിലിരുന്ന് മയങ്ങുമ്പോള്‍ തെങ്ങോലയിലൂടെ ഊര്‍ന്ന് വന്ന ചുരുളന്‍ പാമ്പ്  കൊത്തുന്നകാലംവരെ അവള്‍ പാമ്പുകളെ സ്വപ്നം കണ്ടിരുന്നതായി കിനാക്കളുടെ പുസ്തകത്തില്‍ പറയുന്നു. അപ്പൊഴേക്കും അവള്‍ കൌമാരത്തിന്റെ പടവുകള്‍ ചവിട്ടിക്കയറി യൌവ്വനത്തിലേക്ക് കാലൂന്നിയിരുന്നു.

കോണ്‍വെന്റില്‍ ആ മരത്തിന്റെ കൊമ്പുകള്‍ പെണ്‍കുട്ടികളുടെ ഡോര്‍മിറ്ററിക്ക് ഇതാ ഇത്രയ്ക്ക് അടുത്തായിരുന്നു. ഒന്ന് കയ്യെത്തിയാല്‍ തൊടാമെന്ന് തോന്നുന്ന ദൂരം.

കോണ്‍വെന്റിലെ ആദ്യ ദിവസം. മദര്‍സുപ്പീരിയറുടെ മുറിക്ക് മുന്നില്‍ വിളിപ്പിക്കുന്നതും കാത്ത് അവളും അമ്മയും ഇരുന്നു. അമ്മ മുറുകെ പിടിച്ചിരുന്ന ഇടവകയച്ഛന്റെ ശുപാര്‍ശ കത്തില്‍ ദുരന്തങ്ങളാലും ദാരിദ്ര്യത്താലും ആ കുടുംബം അനുഗൃഹീതമായതെങ്ങനെയെന്ന് വിവരിച്ചെഴുതിയിരുന്നു. പോളിയോ പിടിച്ച് ശോഷിച്ച ഇടം കയ്യ്മുട്ടിനുമുകളിലെ ഭാഗം പിഞ്ഞുതുടങ്ങാറായ ബ്ലൌസ്സിന്റെ ഇറക്കമുള്ള കൈകള്‍ കൊണ്ട് മൂടി അവള്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു. വരാന്തയുടെ ഒരറ്റത്തെത്തിയപ്പോള്‍ കോമ്പൌണ്ടിനകത്ത് ദൂരെ മൂലയിലെ ഒരു കെട്ടിടത്തില്‍ നിന്നും പെരുന്നാള്‍ പ്രദക്ഷിണം പോലെ കൂട്ടംകൂട്ടമായി കുട്ടികള്‍ സ്കൂളിലേക്ക് പോകുന്നു. മദര്‍ സുപ്പീരിയര്‍ അനുവദിച്ചാല്‍ നാളെ മുതല്‍ അവള്‍ക്കും ആ കൂട്ടത്തില്‍ ചേരാം.

വൈകുന്നേരം അവള്‍ ഡോര്‍മിറ്ററിയുടെ ജനാലയില്‍ നെഞ്ചമര്‍ത്തി നിന്ന് സ്വാധീനമുള്ള കൈ നീട്ടി നീട്ടി ചാഞ്ഞ്കിടക്കുന്ന കൊമ്പിന്റെ തുമ്പത്തെ തളിരിലകളിലൊന്ന് വിരലുകളില്‍ കുടുക്കിയെടുക്കാന്‍ നോക്കി.
പാമ്പ്.. പാമ്പ്.. ആരോ വിളിച്ച് പറഞ്ഞു
ഊഹ്.. അവള്‍ ഞെട്ടിത്തെറിച്ച് പിറകിലേക്ക് മാറി. പെണ്‍കുട്ടികളുടെ കരച്ചില്‍ കേട്ട് സാത്താന്‍ ഒരു വള്ളിക്കഷ്ണമായി രൂപാന്തരം പ്രാപിച്ച് മരത്തില്‍ നിന്ന് താഴേക്ക് വീണ് പുല്ക്കൂട്ടങ്ങള്‍ക്കിടയിലേക്ക് ഉരുണ്ട് പോയി ഒളിച്ചു. അന്ന് രാത്രിയാണ് അവള്‍ ആദ്യമായി പാമ്പിനെ സ്വപ്നം കാണുന്നത്.  തളിരിലയുടെ നിറമുള്ള ഉടലില്‍ സ്വര്‍ണ്ണ വരകളുമായി ചുവന്ന നാക്കും നീട്ടി ഒരു സുന്ദരന്‍ പച്ചില പാമ്പ്.

കോണ്‍വെന്റില്‍ നിന്ന് സ്കൂളിലേക്ക് കുറെ നടക്കാനുണ്ട്. കൂട്ടത്തില്‍ മുഴുപ്പുള്ള കുട്ടികളെ നമ്പര്‍ ചാര്‍ത്തി ലേലം വിളിച്ചെടുക്കാന്‍ വഴിയരികില്‍ ചെക്കന്മാര്‍ കൂട്ടം കൂട്ടമായ് ഇരിക്കും.  അവളുടെ കൂടെയുള്ളവര്‍ പലതരത്തിലാണ് ഈ സമയം പ്രതികരിക്കുക. മിക്കവരും ഇതൊന്നും കാണാത്ത മട്ടില്‍ മുന്നോട്ട് പോകുമ്പോള്‍ ചില തന്റേടി പെണ്‍കുട്ടികള്‍ ചെക്കന്മാരോട് വഴക്കിന് ചെല്ലും. മറ്റ് ചിലര്‍ “അയ്യോടീ.. എനിക്ക് വയ്യ, അവനിന്നും വന്നിട്ടുണ്ട്” എന്ന് കൈകള്‍ ആട്ടി കൂടെയുള്ളവളോട് പരിതപിക്കുകയും കടന്ന് പോയി കുറെ കഴിയുമ്പോള്‍ പുഞ്ചിരിയോടെ തിരിഞ്ഞുനോക്കി ജീവിതകാലം മുഴുവന്‍ കാത്തിരിക്കാന്‍ തക്ക പ്രതീക്ഷ അവന് നല്കുകയും ചെയ്യും.  ആദ്യ ദിവസം തന്നെ ഇടത്ത് നിന്ന് നാലാമത് നടക്കുന്ന പൊക്കമുള്ള പുതിയകുട്ടിയെ എനിക്ക് എനിക്ക് എന്ന് ആരൊക്കെയോ പറയുന്നത് കേള്‍ക്കാമായിരുന്നു.  തോളത്തിട്ട ബാഗിന്റെ വള്ളിക്കടിയില്‍ തന്റെ കയ്യിന്റെ രഹസ്യം ഭദ്രമല്ലേയെന്ന് വലംകൈ കൊണ്ട് പരതി നോക്കി അവള്‍ വേഗത്തില്‍ സ്കൂളിലേക്ക് നടന്നു.

കണക്ക് സാറിന്റെ നീളന്‍ ചൂരല്‍ വളഞ്ഞ് പുളഞ്ഞ് ഒരു വില്ലുന്നി പാമ്പായി കൊത്താന്‍ വരുന്ന സ്വപ്നമാണ് പിന്നെ കണ്ടത്. മാഷിനെ പോലെ നേര്‍ത്ത മീശയും വിറപ്പിച്ച് അവളുടെ മുഖത്ത് കൊത്താനാഞ്ഞുകൊണ്ട് അത് പറഞ്ഞു.  “ശവം ഇതുപോലും അറിയില്ലേ, ഞാന്‍ പറയുന്നത് പോലെ പറയൂ എ പ്ലസ് ബി ദ ഹോള്‍സ്ക്വയര്‍ സമം..”. സ്വപ്നം കാണുന്ന സമയം അവള്‍ വല്ലാതെ ഞെളിപിരി കൊള്ളുകയും വലം കയ്യിലെ ചുവന്ന ചൂരല്‍പ്പാടുകളില്‍ അമര്‍ത്തി തിരുമ്മുകയും ചെയ്തു.

അവളെ ലേലത്തിനെടുത്ത ഉടമസ്ഥനെ കൂട്ടുകാരി വഴിയില്‍ വച്ച് കാണിച്ച് കൊടുത്തു. കറുത്ത് ചപ്രത്തലമുടിക്കാരനായ സോഡാക്കുപ്പി ഗ്ലാസ്സ് വച്ച വൃത്തികെട്ട ഒരുത്തന്‍. ഫ്രെഡറിക്ക് എന്നാണത്രേ പേര്. അവളോടൊപ്പം കോണ്‍വെന്റില്‍ കഴിയുന്ന കൂട്ടുകാരി ഇതെല്ലാം എങ്ങനെ അറിയുന്നോ ആവോ. നാവ് നീട്ടി ചുണ്ടുകള്‍ നനച്ച്  ആര്‍ത്തിയോടെ നോക്കുന്ന അവനെ കണ്ടപ്പോള്‍ അവള്‍ക്ക് അറപ്പാണ് തോന്നിയത്.

അന്ന് രാത്രി ദേഹമാസകലം ചുണങ്ങ് പിടിച്ച വൃത്തികെട്ട ഒരു പെരുമ്പാമ്പിന്റെ ഉടലില്‍ കയറി ഫ്രെഡറിക്കിന്റെ തല അവളുടെ കിടയ്ക്കയ്ക്ക് അരികില്‍ വന്നു. ഷീറ്റിനടിയിലേക്ക് ഊര്‍ന്നുകയറി ചുറ്റിവരിഞ്ഞ് ശ്വാസം മുട്ടിച്ച് വിഴുങ്ങാന്‍ തുടങ്ങുന്നതിന് മുമ്പ് ഏതോ ഭാഗ്യത്തിന് അവള്‍ കിതച്ച്കൊണ്ട് ഉറക്കമുണര്‍ന്നു.

സ്കൂള്‍ അടപ്പിന് കുറച്ച് ദിവസം വീട്ടിലേക്ക് പോകാം. അമ്മ എവിടെയൊക്കെയോ പണികള്‍ക്ക് പോകുന്ന കാരണം ഇല്ലായ്മകള്‍ക്ക് തെല്ല് കുറവുണ്ട്.  പക്ഷേ കോണ്‍വെന്റിലേക്ക് തിരിച്ച് പോകണമെന്ന് അമ്മ നിര്‍ബന്ധം പറഞ്ഞു.  അടുത്ത വീടുകളില്‍ മൂന്നുവയസ്സുകാരിക്കും ആറുവയസ്സുകാരിക്കും സംഭവിച്ച ദുരന്തമൊക്കെ കാറ്റ് വന്ന് കോണ്‍വെന്റിന്റെ കന്മതിലിനകത്തും പറഞ്ഞിരുന്നല്ലോ.

അവധികള്‍ ആശ്വാസത്തിന്റെ കാലമായിരുന്നു. കണ്ണ് കനത്തിലെഴുതിയത് ആരെക്കാണിക്കാനാണെന്ന് ചോദിക്കാനും മുടിയിലെ പുതിയതരം പിന്നിക്കെട്ടല്‍ ബലമായി അഴിച്ചുകളയാനും കന്യാസ്ത്രീ വാര്‍ഡനില്ല.
പക്ഷേ അവളുടെ സര്‍പ്പഭീതിയില്‍ അമ്മ വല്ലാതെ അസ്വസ്ഥയായി.  ചെറുപ്പത്തില്‍ അവളുറങ്ങിക്കിടന്ന തൊട്ടിലിന് താഴെ പാമ്പിഴഞ്ഞ് കണ്ട മിനുസ്സമുള്ള പാടുകളെപ്പറ്റി അവര്‍ ഓര്‍ത്തു.  നാഗത്താനായി വേഷം മാറിയ സാത്താനെ അശ്വാരൂഢനായ വിശുദ്ധന്‍ കുന്തം കൊണ്ട് നിഗ്രഹിക്കുന്ന ചിത്രം അവളുടെ തലയണയ്ക്ക് താഴെ വയ്ക്കാന്‍ അമ്മ കൊടുത്തു. സഞ്ചിയില്‍ എടുത്ത് വയ്ക്കുന്നതിന് മുമ്പ് ചിത്രത്തില്‍ പാമ്പിന്‍ പുറ്റുകളുള്ള മരത്തിന് താഴെ നില്ക്കുന്ന പെണ്‍‌കുട്ടിയില്‍ പേടിയുടെ അനുരണനങ്ങള്‍ എന്തേ കാണാത്തത് എന്നവള്‍ അത്ഭുതത്തോടെ ആലോചിച്ചു.

ധീരനായ വിശുദ്ധന് പോലും അവളുടെ പേടിസ്വപ്നങ്ങള്‍ക്ക് അറുതിയുണ്ടാക്കാന്‍ സാധിച്ചില്ല. എന്തിനും ഏതിനും കുറ്റം പറയുന്ന വാര്‍ഡന്‍ അവളുടെ സ്വപ്നത്തില്‍ ബാല മാസികയിലെ ഭീകര കഥാപാത്രമായി. അവരുടെ ശിരോവസ്ത്രം അഴിഞ്ഞുപോയിരുന്നു. ജഡപിടിച്ച മുടിയിഴകള്‍ ഒരായിരം ശംഖുവരയന്മാരായി എഴുന്നു നിന്നു വിഷം ചീറ്റി. തലയുയര്‍ത്തി നോക്കുന്നവരെയെല്ലാം പ്രതിമകളാക്കി തച്ചുടച്ച് കളയണമെന്നുള്ള തീവ്രമായ വാഞ്ഛയില്‍ അവരുടെ കോങ്കണ്ണുകള്‍ വന്യമായി തിളങ്ങി. സ്വപ്നത്തിന്റെ തീഷ്ണത താങ്ങാനാകാതെ ഉറക്കത്തിനും അപ്പുറത്തെ അബോധതലങ്ങളിലേക്ക് അവള്‍ മൂര്‍ച്ഛിച്ച് വീണു.

ചൂടത്ത് തിളയ്ക്കുന്ന രാത്രിയില്‍ ഒരു മൂര്‍ഖന്‍ പാമ്പായി ഡോര്‍മിറ്ററിയിലൂടെ പത്തി വിടര്‍ത്തി ഇഴഞ്ഞ് നീങ്ങിയത് വാച്ച്മാന്‍ ആന്റണിച്ചേട്ടനായിരുന്നു. ശാന്തം ഉറങ്ങുന്ന പാവം പെണ്‍കുട്ടികളെ വിഷപ്പല്ല് കൊണ്ട് കൊത്തി കൊത്തി അയാള്‍ അശുദ്ധരാക്കി. ആ പെരുംസര്‍പ്പത്തിന്റെ കണ്ണില്‍പ്പെടാതിരിക്കാന്‍ അവള്‍ കിടക്കവിരി തലയിലേക്ക് വലിച്ചിട്ട് കണ്ണുകളിറുക്കിയടച്ച് ഒളിച്ചിരുന്നു.

അസമയത്ത് ശബ്ദം കേട്ടത് എന്തെന്ന് നോക്കാനാണ് പെണ്‍കുട്ടികളുടെ വാര്‍ഡില്‍ കയറിയതെന്ന് അയാള്‍ മദര്‍ സുപ്പീരിയറുടെ മുന്നില്‍ ക്രൂശിതരൂപത്തില്‍ പിടിച്ച് ആണയിട്ട് പറഞ്ഞു. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ പരാതിപ്പെട്ട മാര്‍ഗററ്റിന്റെ കവിളിടം ചുവന്ന് വീര്‍ത്തിരുന്നു, ചുണ്ടുകള്‍ മുറിഞ്ഞിരുന്നു. എന്താണെന്നറിയില്ല, അതാരും കണ്ടതായി ഭാവിച്ചില്ല. എന്ത് പറ്റിയതാണെന്ന് ചോദിച്ചതുമില്ല.

ഇങ്ങനെയൊക്കെ സ്വപ്നങ്ങള്‍ കാണുന്നുണ്ടെങ്കിലും അവള്‍ ശരിക്കും ഭയന്നിരുന്നത്  മറ്റൊന്നാണ്. ഉറക്കത്തിന്റെ ആഴങ്ങളിലേക്ക് അവള്‍ വീഴുന്ന സമയം നോക്കി, യാത്ര പോലും പറയാതെ, അവളുടെ ശോഷിച്ച കൈ ശരീരത്തില്‍ നിന്ന് അടര്‍ന്ന്മാറി ഒരു മണ്ണുതീനി പാമ്പായി ഇഴഞ്ഞുപോകുന്നു. വിയര്‍ത്ത് ഞെട്ടിയെണീറ്റ് കഴിഞ്ഞാല്‍ പിന്നെ ഉറങ്ങാന്‍ കഴിയാറില്ല.  വലംകൈ കൊണ്ട് ശരീരം ആകെ ചുറ്റിപ്പിടിക്കും. ഒന്നുമൊന്നുമെന്നെ ഒറ്റയ്ക്കാക്കി ഇഴഞ്ഞുപോകരുതേ..

കോണ്‍വെന്റിലുള്ള കുട്ടികളില്‍ ദൈവവിളി കിട്ടുന്നത് അവള്‍ക്കായിരിക്കുമെന്ന് എല്ലാവരും പറഞ്ഞു. കന്യാസ്ത്രീമാരുമായി സ്ഥിരം വഴക്കിടുന്ന കുട്ടികള്‍ “നീയും അവരുടെ കൂട്ടല്ലേ” എന്ന് പറഞ്ഞ് അവളെ ഒറ്റപ്പെടുത്തി. വാര്‍ഡനൊഴിച്ച് മറ്റെല്ലാ കന്യാസ്ത്രികള്‍ക്കും അവളോട് “കൈ വയ്യാത്ത കുട്ടി” എന്ന ഭാവമായിരുന്നു. വാര്‍ഡന്‍ മാത്രം അവളുടെ തിങ്ങിവളരുന്ന കറുത്ത നീളന്‍ മുടിയും, കരട് വീഴാത്ത തെളിഞ്ഞ കണ്ണുകളും നോക്കി “കൈ വയ്യെങ്കിലെന്ത് കോതയുടെ ഒരുക്കം കണ്ടില്ലേ” എന്ന് പിറുപിറുത്തു.

കന്യാസ്ത്രീ ആകുന്നതില്‍ അവള്‍ക്കെതിര്‍പ്പൊന്നും ഇല്ലായിരുന്നു. പക്ഷേ അവരുടെ വിശുദ്ധകുപ്പായത്തിനകത്ത് കയറിയാല്‍ താനും അവരെ പോലെ നിഷ്ക്കളങ്കതകള്‍ക്ക് നേരെ ചാടി കയര്‍ത്താലോ എന്നവള്‍ ഭയപ്പെട്ടു. കടല്‍തീരത്തെ മണല്‍ത്തരികള്‍ പോലെയും ആകാശത്തെ നക്ഷത്രങ്ങള്‍ പോലെയും നിനക്ക് സന്തതിപരമ്പരകളുണ്ടാകും എന്ന വചനം അവളുടെ വേദപുസ്തകത്തില്‍ പ്രത്യേകം അടയാളപ്പെടുത്തിയിരുന്നു. ആദിമാതാവിനെന്നപോലെ ഒരു വിശുദ്ധ സര്‍പ്പം തന്റെ വൈകല്യം മാറ്റാനുള്ള കനിയുമായി ഇഴഞ്ഞെത്തും എന്നവള്‍ എപ്പഴൊക്കെയോ ആശിച്ചു.

ശിശിരം എത്തി, ഡോര്‍മിറ്ററിക്ക് സമീപമുള്ള മരം ഇലകളെല്ലാം പൊഴിച്ചു. നിലാവുള്ള രാത്രികളില്‍ ഉയര്‍ന്നു നിന്ന് നഗ്നമായ മരക്കൊമ്പുകള്‍ വിചിത്രമായ  അസ്ഥികൂടങ്ങളുടെ രൂപങ്ങള്‍ തീര്‍ത്തു. വസന്തത്തില്‍ മഞ്ഞപ്പൂക്കള്‍ കൊണ്ട് മരം നിറഞ്ഞു.  വേനലായപ്പോള്‍ കരിഞ്ഞുണങ്ങി. മഴവീണു വീണ്ടും ഇലകള്‍ തളിര്‍ത്തു.

സ്കൂള്‍ പഠിത്തം കഴിഞ്ഞ് മകളെ കൊണ്ടുപോകാന്‍ വന്ന അമ്മയുടെ മുന്നില്‍ വച്ച് മദര്‍സുപ്പീരിയര്‍ അവളുടെ നെറുകയില്‍ കൈവച്ച് പ്രാര്‍ത്ഥിച്ചു.
“പേടി സ്വപ്നങ്ങളുടെ ചെകുത്താനെ ഈ പാവം കുട്ടിയെ വിട്ട് ദൂരെ പോ..”

തിരുവസ്ത്രമണിയാന്‍ മകള്‍ക്ക് ആഗ്രഹമില്ല എന്ന് മനസ്സിലായപ്പോള്‍ അമ്മ അവള്‍ക്ക് പ്രത്യേകം തയ്പിച്ച വസ്ത്രങ്ങള്‍ വാങ്ങി കൊടുത്തു. കുറഞ്ഞ പോളിസ്റ്റര്‍ തുണികൊണ്ടാണെങ്കിലും നീളന്‍ കൈകളുള്ള ആ ചുരിദാറുകള്‍ നന്നായിരുന്നു. അവളുടെ ദുര്‍ബ്ബലമായ ഇടംകൈയ്ക്ക് പോലും തനിക്കൊരു കുഴപ്പവുമില്ലല്ലോ എന്ന് തോന്നിപ്പോകുവോളം നല്ലത്.

പിന്നെയും ഒരമ്മയുടെ കഷ്ടപ്പാടുകളാണ് പറയാനുള്ളത്..
ആണുങ്ങളുടെ കൊത്തിവലിക്കുന്ന നോട്ടത്തില്‍ നിന്നും നാനാര്‍ത്ഥങ്ങളടങ്ങിയ വാചകങ്ങളില്‍ നിന്നും ആ ഇളം പെണ്‍കിളിയെ പാമ്പുകള്‍ക്ക് എത്താ ദൂരത്തുള്ള ഒരു കൂട്ടിലാക്കാന്‍ എന്തു ചെയ്യാനാകുമെന്ന് അവര്‍ എപ്പോഴും തലപുകഞ്ഞ് ആലോചിച്ചു, നാട്ടിലും മറുനാട്ടിലുമുള്ള സ്വന്തക്കാരോടെല്ലാം അതിനെപ്പറ്റി ഓരോന്ന് ഓരോന്ന് പറഞ്ഞ് വച്ചു.

മൂര്‍ഖന്മാരില്‍ നിന്നും അണലികളില്‍ നിന്നും തന്നെ കാക്കാന്‍ അവര്‍ കഷ്ടപ്പെടുന്നതൊക്കെ ആ സുന്ദരി പെണ്‍കുട്ടി സ്വപ്നങ്ങളിലൂടെ അറിയുന്നുണ്ടായിരുന്നു. വിധിഹിതത്തെപ്പറ്റി എന്തുപറയാന്‍..
ആ അമ്മ അത്രയൊക്കെ കാത്തിട്ടും, മകളെ പൊത്തി പൊത്തി വച്ചിട്ടും ഒരു മദ്ധ്യാഹ്നത്തില്‍ വീടിന്റെ വാതില്‍പ്പടിയില്‍ ചാഞ്ഞിരുന്ന് മയങ്ങിയ അവളെ ഒരു കറുത്ത ചുരുളന്‍പാമ്പ് കടിച്ചു.  ആകാശമിടിഞ്ഞ് വീഴുന്ന ശബ്ദത്തില്‍ തെങ്ങോലകളിലൂടെ പടാപടാ എന്നൂര്‍ന്നിറങ്ങി മുറ്റത്തെ മണല്‍ത്തരികള്‍ ചുറ്റും തെറിക്കുമാറ് ശക്തിയില്‍ ചുരുളുകളഴിച്ച് പാമ്പ് അവളുടെ ഇടംകയ്യില്‍ കൊത്തി.

നിലവിളിച്ച് കൊണ്ട് ചാടി എണീറ്റപ്പോള്‍ പൊട്ടിവീണ കേബിളിന് പിറകെ വന്ന, ചപ്രത്തലമുടി ജെല്ല് തേച്ച് ഒതുക്കിവച്ചിരുന്ന ചെറുപ്പക്കാരന്‍ അവളെ കളിയാക്കി ചിരിച്ചു.  മുന്നില്‍ നില്‍ക്കുന്ന കറുത്ത യുവാവിനെ കണ്ടപ്പോള്‍ ഇതിനുമുമ്പൊരിക്കലും ഉണ്ടാകാത്തവിധം വല്ലാത്ത നാണം വന്ന് അവള്‍ അകത്തേക്ക് ഓടിക്കയറി വാതില്‍പാളികള്‍ക്ക് പിറകില്‍ ഒളിച്ച് മുറ്റത്തേക്ക് കണ്ണെറിഞ്ഞു.
എന്ത് അത്ഭുതമല്ലേ..
പിന്നീടൊരിക്കലും അവള്‍ പാമ്പുകളെ സ്വപ്നം കണ്ടിട്ടില്ലായെന്നും കുറച്ച് നാള്‍ കൂടിപോയപ്പോള്‍ അവള്‍ സ്വപ്നം കാണുന്നത് തന്നെ നിര്‍ത്തിയെന്നുമാണ് കിനാക്കളുടെ ഈ പുസ്തകം പറയുന്നത്.

അതില്‍ കാര്യമില്ല, അവള്‍ പേടിസ്വപ്നം കാണുന്നത് നിര്‍ത്തിയല്ലോ. അല്ലെങ്കിലും ഈ നാട്ടില്‍ വീടാംകൂട്ടിലെ തത്തമ്മകളില്‍ എത്രപേരാണ്  നല്ല സ്വപ്നങ്ങള്‍ കാണുന്നത്?

Facebooktwitterredditpinterestlinkedinmailby feather