അമ്മു എന്ത് പറയും!

ഭാഗം 1 – കാഴ്ച്ച

എങ്ങും മഞ്ഞിന്റെ പുക.. പടിഞ്ഞാറ് നിന്ന് പതിവില്ലാതെ വീശിയ കാറ്റില്‍ മഞ്ഞിന്റെ തിരശ്ശീല അലിഞ്ഞ് തീര്‍ന്നതും കാഴ്ചകള്‍ തെളിഞ്ഞുവന്നു.

ഓട്ട് വീടിന്റെ വരാന്തയിലിരുന്ന്  പെണ്ണുങ്ങള്‍ വര്‍ത്തമാനം പറയുന്നു. അമ്മുവും അമ്മയും കുഞ്ഞമ്മമാരുമൊക്കെയുണ്ട്. മുറ്റത്ത് കുട്ടികള്‍ ഓടിക്കളിക്കുന്നു. അമ്മുവിന്റെ കുഞ്ഞ്, അവള്‍ കൊച്ചല്ലേ, കളിക്കൂട്ടത്തില്‍ നിന്ന് മാറി ഒരു കല്ലന്‍ തുമ്പിയുടെ പിറകെ പിച്ചവച്ചു.
തെന്നിയും തെറിച്ചും പതുങ്ങിയും തുമ്പിയെ വിടാതെ പിന്തുടരുന്ന മകളെ നോക്കിയിരുന്ന് അമ്മുവും ചെറിയ പാവാടക്കാരിയായി..

പറമ്പിലൂടെ ഒരപ്പൂപ്പന്‍ താടിയായി പാറിപറന്നു..
തൊടിയിലെ ചാമ്പങ്ങായുടെ പുളി..
പഴുക്കാത്ത കശുമാങ്ങയുടെ കറ..

കുറച്ച് സമയം പഴയകാലത്ത് തന്നെ ആയിരുന്നു. കുഞ്ഞമ്മ കുലുക്കി വിളിച്ചപ്പോഴാണ് ഉണര്‍ന്നത്.
കുട്ടികളൊക്കെ കളി നിര്‍ത്തി കയറാന്‍ തുടങ്ങുന്നു.

ഗൌരി എവിടെ? ആ തുമ്പിയുടെ പിറകെ എങ്ങോട്ടെങ്കിലും പറന്നുപോയോ? മകളെ നോക്കി അവള്‍ മുറ്റത്തേക്കിറങ്ങി. കുട്ടികള്‍ക്ക് ഗൌരി എങ്ങോട്ട് പോയെന്ന് ഓര്‍മ്മയില്ല. അവള്‍ കളിക്കാനില്ലായിരുന്നല്ലോ.

‘ദൂരെയെവിടെ പോകാന്‍, അടുത്തെങ്ങാനും കാണും..’ അമ്മയും കുഞ്ഞമ്മമാരും അടുത്തേക്ക് വന്നു.
ഗൌരീ.. ഗൌരീ.. എന്ന് ഉറക്കെവിളിച്ചുകൊണ്ട് ആളുകള്‍ പലവഴിക്ക് നടന്നു.

സമയം എത്ര പെട്ടെന്നാണ് പോകുന്നത്. ഇരുള് വന്ന് നിറഞ്ഞു. പറമ്പ് മുഴുവന്‍ ഗൌരിയെ തെരയാനെത്തിയ ആള്‍ക്കാരാണ്. ഇരുട്ടില്‍ അവിടവിടായി ടോര്‍ച്ചിന്റേയും പന്തങ്ങളുടേയും കനലുകള്‍.

‘ദൈവമേ.. എന്റെ മോളെവിടെ പോയി..’ കരഞ്ഞുതുടങ്ങിയ അമ്മുവിനെ അമ്മ ചേര്‍ത്തുപിടിച്ചു.

‘ഇവിടില്ല.. ഈ ഭാഗത്തൊന്നു കാണാനില്ല..’ തിരച്ചില്‍ സംഘങ്ങള്‍ പലയിടത്ത് നിന്ന് വിളിച്ച് പറഞ്ഞു..

‘കിട്ടീ.. കിട്ടീ.. ഇവിടുണ്ട്..’ ആരോ വിളിച്ച് പറഞ്ഞു..
അമ്മയുടെ പിടിവിടുവിച്ച് അവള്‍ ശബ്ദം കേട്ടിടത്തേക്കോടി. അങ്ങ് കുളത്തിന്റെ കരയില്‍ പന്തങ്ങള്‍ ആളിക്കത്തുന്നു.. ആള്‍ക്കൂട്ടം വെള്ളത്തില്‍ നിന്നെന്തോ വലിച്ചെടുക്കുകയാണ്..
അവള്‍ വേഗത്തിലോടി.. കുളത്തിലേക്കുള്ള ദൂരം കൂടി വരുന്നു. കാലുകള്‍ തളരുന്നു.. അലറി വിളിച്ചു.. ശബ്ദം പുറത്തേക്ക് വരുന്നില്ല.
പിറകെ വന്ന അമ്മയ്ക്ക് താങ്ങാനാകുന്നതിന് മുമ്പ് അവള്‍ കുഴഞ്ഞ് വീണു.

***

ഭാഗം 2 – അപകടം

ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടയില്‍ സ്കൂട്ടര്‍ ഗട്ടറില്‍ വീണ് ചരിഞ്ഞു. കഷ്ടപ്പെട്ടാണ് ബാലന്‍സ് വീണ്ടെടുത്തത്.

ഹൊ.. ഒരു സമാധാനവുമില്ല, രാവിലെ മുതല്‍ പ്രശ്നങ്ങളാണ്. 212ല്‍ പൈപ്പിന് ലീക്ക്, ഡീലക്സ് സ്യൂട്ടിലെ ഹംഗേറിയന് അസുഖം, നിസ്സാര കാര്യത്തിനുള്ള ഷെഫിന്റെ പിണങ്ങി പോകല്‍.. ഹോട്ടലില്‍ ഒരു നിമിഷം വെറുതെയിരിക്കാന്‍ പറ്റിയിട്ടില്ല.

മീറ്റിംഗെന്ന് പറഞ്ഞ് ജിഎം സ്ഥലം വിട്ടപ്പോഴേ കരുതിയതാണ്.  കൂടെയുള്ള ജോലിക്കാര്‍ക്ക് ഒട്ടും സഹകരണമില്ല.. ജിഎമ്മിന്റെ ആളല്ലേ ഒക്കെ തനിയെ അനുഭവിക്ക് എന്നാണ് മട്ട്.

ഷെഫിനെയും സമാധാനിപ്പിച്ച് സായിപ്പിനെ ആശുപത്രിയില്‍ നിന്ന് കൊണ്ടുവന്നപ്പോഴേക്കും മണി പത്ത് കഴിഞ്ഞു. ഇടയ്ക്ക് ഭാര്യയെ ഒന്നു വിളിക്കാന്‍പോലും പറ്റിയിട്ടില്ല. അവളാണെങ്കില്‍ വലിയ വിഷമത്തിലാണ്. എവിടെയെങ്കിലും ഇരുന്ന് മോളെയോര്‍ത്ത് നെടുവീര്‍പ്പിടുന്നത് കാണാം.. വിഷമം അവള്‍ക്ക് മാത്രമല്ല. പക്ഷേ ബാധ്യതകള്‍ പെരുക്കപ്പട്ടിക പോലെ മുകളിലേക്ക് കയറുന്നത് കാണുമ്പോള്‍ വേറെയെന്തു ചെയ്യാനാകും.
ആകെ കഴിയുന്നത് കുറച്ച് നേരത്തെ ചെന്ന് അവളുമായി എന്തെങ്കിലും സംസാരിച്ചിരിക്കുകയാണ്. സന്ധ്യകഴിഞ്ഞ് പാര്‍ക്കിലൂടെ ഒരു നടത്തം. പോകാം പോകാം എന്ന്  കുറെ നാളായി പറയുന്നു. ഇന്നും താമസിച്ചു. അമ്മു എന്ത് പറയുമോ ആവോ..
ഉച്ചത്തില്‍ ഹോണ്‍ മുഴക്കി അയാള്‍ സ്കൂട്ടര്‍ ഇടത്തേക്കുള്ള ഗലിയിലേക്ക് തിരിച്ചു.

പുറത്ത് വലിയ ശബ്ദത്തില്‍ എന്തോ മറിഞ്ഞ് വീഴുന്ന ശബ്ദം കേട്ട് ഉറങ്ങാന്‍ തുടങ്ങുകയായിരുന്ന വീട്ടുകാരി ഞെട്ടി. എന്താണെന്ന് നോക്കണോ? അസമയത്ത് കോളനിയില്‍ വലിയ അതിക്രമങ്ങളാണ് നടക്കുന്നത്. പിടിച്ചുപറിയും വ്യഭിചാരവും തൊട്ട് ക്രൂരമായ കൊലപാതകങ്ങള്‍വരെ. കുട്ടികള്‍പോലും ചേരിതിരിഞ്ഞ് ലഹള ഉണ്ടാക്കുന്നു.

നിരത്തിലെന്താണ് സംഭവിച്ചതെന്ന് നോക്കാതിരിക്കാന്‍ ഇങ്ങനെ ഒരുപാട് കാരണങ്ങളുണ്ട്. എങ്കിലും ഒരു സാധാരണക്കാരിയുടെ ആകാംഷ അടക്കാന്‍ ഇതെന്തിനെങ്കിലും ആകുമോ.

മടിച്ച് മടിച്ച് മുറ്റത്തേക്കുള്ള ജനല്‍ പാളികളിലൊന്ന് തുറന്നു..
ഒരു സ്കൂട്ടര്‍മറിഞ്ഞുവീണ് കിടക്കുന്നു, അതിനടിയില്‍ ഒരു മനുഷ്യനും.

‘ആരാണ് വേലമ്മാ..’
ഭര്‍ത്താവ് കിടക്കയില്‍ കിടന്ന് ചോദിച്ചു.

‘അടുത്ത തെരുവിലെ മലയാളത്താന്‍മാരില്‍ ഒരാളാണ്, കുടിച്ച് കുന്തം മറിഞ്ഞിട്ടുണ്ടെന്നു തോന്നുന്നു. വണ്ടിയും ആളും ദാ മുറ്റത്തെ ഓടയില്‍ മറിഞ്ഞു കിടപ്പുണ്ട്.’

‘നാശം പിടിച്ച മലയാളത്താന്മാര്‍.. എല്ലാവരേയും ഇവിടന്ന് ഓടിക്കണം. നീ ജനലടച്ച് വന്ന് കിടക്കാന്‍നോക്ക്. കുടിയന്‍ ബോധം വരുമ്പോള്‍ എണീറ്റ് പൊയ്ക്കോളും..’

വീട്ടുകാരി ജനല്‍ വലിച്ചടച്ചു.. സ്കൂട്ടര്‍വീണ് കിടക്കുന്ന ഭാഗത്ത് പ്രകാശം മങ്ങി വീണ്ടും നിഴല്‍ പടര്‍ന്നു.

തെരുവില്‍ സ്കൂട്ടറിനടിയില്‍ കിടന്ന് അയാള്‍ എന്താണ് സംഭവിച്ചതെന്ന് ഓര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. പന്നിയെലിയെ തുരത്തി മിന്നല്‍ വേഗത്തില്‍ വന്ന തെരുനായ. വണ്ടി ഇടിച്ച് തള്ളിയിട്ടിട്ട് നില്ക്കാതെ എലിയുടെ പിറകെ ഓടിപ്പോയി. പിന്നീട് വേലമ്മയുടെ ക്രൂരവും അന്യായമായ വിധികല്പിക്കല്‍. മര്യാദകെട്ട നാട് തന്നെ.. അയാള്‍ കിടന്നുകൊണ്ട് പിറുപിറുത്തു.

സ്കൂട്ടറിനടിയില്‍ നിന്ന് മെല്ലെ പുറത്തേക്ക് ഞരങ്ങിയിറങ്ങി. എണീറ്റ് നില്ക്കാന്‍ പറ്റുന്നുണ്ട്. ശരീരത്തില്‍ എവിടെയൊക്കെയോ വേദനിക്കുന്നു, വേറെ കുഴപ്പമൊന്നുമില്ല. പക്ഷേ ആരോടെന്നില്ലാത്ത അരിശം.. ആ നായയെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍..
അതുപോലെ ഈ കന്നടക്കാരിയും. ഞാന്‍ മദ്യപിച്ച് എന്നാണ് ഇവര്‍ കണ്ടിട്ടുള്ളത്.
നടുരാത്രിയായത് കൊള്ളാം, അല്ലെങ്കില്‍ വിളിച്ചുണര്‍ത്തി വല്ലതും പറഞ്ഞേനേ. അവരുടെ ഭര്‍ത്താവിനെ പേടിയായിട്ടാണെന്നോ? കൊള്ളാം, അയാളെ മാത്രമല്ല കന്നടിഗരിലെ ഒരു തമ്പുരാനേയും ഈ പുല്ലേര്‍പ്പടിക്കാരന് പേടിയില്ല. കാണണോ..
വായുവില്‍ ആഞ്ഞ് തൊഴിച്ചു. ആഹ്.. ഒരു പ്രയോജനവുമില്ല, ഉണ്ടായിരുന്ന വേദന അല്പം കൂടിയെന്നു മാത്രം.

രാത്രി വൈകിയാല്‍ പിന്നെ ഈ വഴി വരരുത്. മല്ലേശ്വരത്ത് നിന്ന് ഫ്ലൈ ഓവര്‍കയറി പാര്‍ക്കിനടുത്ത് വച്ച് തിരിഞ്ഞ് പിറകോട്ട് വന്നാല്‍ വീടാകും. അതാകുമ്പോള്‍ കോളനിക്കകത്ത് കൂടി കുറച്ച് ദൂരം സഞ്ചരിച്ചാല്‍ മതി. മൊത്തത്തില്‍ ദൂരം കൂടുതലാണ്. എന്നാലെന്ത്, തെരുമൂലകളിലെ നിഴലുകളില്‍ നിന്ന് പിടിച്ച്പറിക്കാര്‍ ചാടി വീഴില്ലല്ലോ. അല്ലെങ്കില്‍ പോലും രാത്രിയായാല്‍ ഈ തെരുവുകളൊക്കെ നരകമാണ്. കണ്ടില്ലേ, പന്നിയെലികളും തെരുനായ്ക്കളും കൂടി വഴിയെല്ലാം പകുത്തെടുത്തിരിക്കുന്നു.

തെരുനായ്ക്കള്‍ക്ക് പകലും കുറവൊന്നുമില്ല. അയാളുടെ വീടിനടുത്തുള്ള മഞ്ജുനാഥന്‍ എന്ന കുട്ടിയെ ഇരുട്ട് പരക്കുന്നതിന് മുമ്പാണ് അവറ്റകള്‍ കടിച്ച് കീറിയത്. പാവം മഞ്ജു, അവന്‍ കൂട്ടുകാരോടൊപ്പം കളിക്കാനിറങ്ങിയതാണ്.

എലികളോ? ഇത്രയ്ക്കും വലിപ്പമുള്ളവയെ മറ്റൊരിടത്തും കണ്ടിട്ടില്ല. പെരുകട്ടെ, എലികള്‍ പെരുകി പെരുകി ഇവിടെ എന്തെങ്കിലും മഹാമാരി പിടിപെടണം. എന്നാലേ ഇവര്‍ പഠിക്കൂ. നൂറ് നൂറ്റിപത്ത് കൊല്ലം മുമ്പ് ഇവിടെ പ്ലേഗ് പടര്‍ന്ന കഥ കേട്ടിട്ടുണ്ട്. അന്ന് മരിച്ച് വീണവരുടെ എല്ലുകള്‍ക്ക് മുകളിലാണ് നിങ്ങള്‍ മല്ലേശ്വരവും യശ്വന്ത്പൂരുമൊക്കെ കെട്ടിപ്പൊക്കിയിരിക്കുന്നത്. എല്ലാവരും മറന്നിരിക്കുന്നു. ഇനിയും അങ്ങനൊന്ന് ഉണ്ടാകണമായിരിക്കും അതൊക്കെ ഓര്‍ക്കാന്‍..

പണിപ്പെട്ട് വണ്ടി ഓടയില്‍ നിന്നുയര്‍ത്തി. കഷ്ടകാലം വരുന്ന വഴി, വാങ്ങി  ആറുമാസം പോലുമായിട്ടില്ല. ലോണടവിന്റെ കാര്യം പറയണ്ട.
വണ്ടി അവിടവിടായി ചളുങ്ങിയിരിക്കുന്നു. കാശ് കുറച്ച് ചെലവാകുമെന്നാണ് തോന്നുന്നത്.
അമ്മു അറിഞ്ഞാല്‍ അവള്‍ വഴക്കേ പറയൂ.
‘എന്താണിത്.. സൂക്ഷിച്ചോടിക്കണമെന്ന് പലവട്ടം പറഞ്ഞിട്ടുള്ളതല്ലേ.. കഷ്ടപ്പാടൊക്കെ അറിയാത്തതല്ലല്ലോ.. വല്ലതും പറ്റി കിടപ്പായാല്‍ എന്ത് ചെയ്യും?’ പറഞ്ഞ് പറഞ്ഞ് ഒരു സ്വസ്ഥതയും തരില്ല. അവളോട് പറയാതിരിക്കുന്നതാണ് നല്ലത്.
കുറച്ചകലെയുള്ള സ്ട്രീറ്റ് ലൈറ്റിന് നേരെ അയാള്‍ സ്കൂട്ടര്‍ ഉരുട്ടി. വളഞ്ഞ മഡ്ഗാര്‍ഡില്‍ ടയര്‍ ഉരഞ്ഞ് പ്റം പ്റം എന്ന ശബ്ദം.

ഇടതുവശത്തെ ഓടയില്‍നിന്നും വലത്തേക്ക് മാര്‍ച്ച് ചെയ്തിരുന്ന എലികള്‍ ഈ വിചിത്രമായ ശബ്ദം കേട്ട് തല ഉയര്‍ത്തിനോക്കി വേഗത്തില്‍ ഓടിപ്പോയി.

***

ഭാഗം 3 – സാറ

നഗരപ്രാന്തത്തിലുയര്‍ന്ന് നില്ക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലെ അപ്പാര്‍ട്ട്മെന്റ്. അമ്മു സാറയ്ക്ക് ഇംഗ്ലീഷ് പറഞ്ഞു കൊടുക്കുകയായിരുന്നു.
ആറ് കുടുംബങ്ങളാണ് അവിടെ താമസിക്കുന്നത്. അമ്മുവിന്റെയും സാറയുടെയും വീട്ടുകാര്‍ മാത്രമാണ് മലയാളികള്‍. ബാക്കിയെല്ലാം ഏതൊക്കെയോ ഷെട്ടികളും റെഡ്ഡികളുമാണ്. 1-bhk അപ്പാര്‍ട്ട്മെന്റ് എന്നാണ് പരസ്യം. കിടപ്പുമുറിയും ഹാളും അടുക്കളയും അടങ്ങുന്ന വീട്. നാട്ടിലെ ഒരു ഇടത്തരം വീട്ടിലെ ഹാളിന്റെ വലിപ്പം വരും. ‘മൂന്നാംക്ലാസ്സ് കമ്പാര്‍ട്ട്മെന്റിന്റെ അറകള്‍ പോലെ..’ അവളുടെ ഭര്‍ത്താവ് അങ്ങനെയാണ് പറയുക. കൈകള്‍ വിരിച്ച് നില്‍ക്കാനുള്ള വീതി പോലുമില്ല. നഗരത്തില്‍ നിന്നകന്ന് കോളനിക്കകത്തുള്ള ഈ കുടുസ്സുവീടുകള്‍ക്ക് പോലും പൊള്ളുന്ന വാടകയാണ്.

‘അമ്മുവാന്റി സീരിയല്‍ കാണാറില്ലേ?’ പഠിച്ച് കൊണ്ടിരുന്ന ഇംഗ്ലീഷ് പുസ്തകം അടച്ച് വച്ച് സാറ ചോദിച്ചു.
ടിവി സ്ക്രീനില്‍ ചിത്ര ഭാഷയില്‍ എന്തൊക്കെയോ എഴുതി കാണിക്കുകയാണ്.

‘ചേച്ചി കണ്ടോ, സാറയിപ്പോള്‍ കന്നട സീരിയലാണ് കാണുന്നത്..’താഴെയിരുന്ന് പച്ചക്കറിയരിയുന്ന ആനിയോട് അമ്മു അത്ഭുതത്തോടെ പറഞ്ഞു.

‘അവള്‍ക്ക് കന്നട സ്കൂളില്‍ പഠിക്കുന്നതിന്റെ പവറാണ്. പച്ചക്കറിക്കാരന്റടുത്തും, മീന്‍കാരിയുടടുത്തും ഞാന്‍ പറയുന്നതിലെ തെറ്റുകളൊക്കെ കണ്ടുപിടിക്കലാണ് ഇപ്പോഴത്തെ പ്രധാന പണി. വലിയ ആളായെന്നാണ് അവളുടെ വിചാരം.’ അമ്മ വീണ്ടും തല താഴ്ത്തി പച്ചക്കറിയരിയാന്‍ തുടങ്ങി.

സാറയുടെ മുഖത്തോ അഭിമാനം നിറഞ്ഞ പുഞ്ചിരി..
‘ഇതെന്റെ ഫേവറൈറ്റ് സീരിയലാണ്.. പുട്ടഗൌരി മധുവെ.’

ഗൌരി എന്ന് കേള്‍ക്കുമ്പോളൊക്കെ അമ്മുവിന് ഉള്ളം പിടയും. അവള്‍ ആനിചേച്ചിയെ നോക്കി. അവര്‍ ഇതൊന്നും അറിയുന്നില്ല.

‘ആന്റിക്ക് അതിന്റെ അര്‍ത്ഥം അറിയാമോ.. പുട്ട എന്നാല്‍ കുട്ടി, ചൈല്‍ഡ്.. മധുവെ എന്നാല്‍..’ നാടകീയമായി സംസാരം നിര്‍ത്തി പിന്നെ തുടര്‍ന്നു ‘മാര്യേജ്.. ബാലവിവാഹ എന്ന് കന്നടത്തില്‍ പറയും’.

‘ആന്റിയുടെ വാവയും ഗൌരി അല്ലേ.. അപ്പോള്‍ മൊത്തം രണ്ടു ഗൌരിമാരായി. രണ്ട് പുട്ടഗൌരികള്‍..’
സാറ കിലുകിലെ ചിരിച്ചു. അവള്‍ ചിരിക്കുന്നത് അമ്മുവിന് ഇഷ്ടമാണ്, അവളുടെ ഗൌരിയെ പോലെ, പൂത്തുലഞ്ഞ് കാറ്റത്താടുന്ന കണിക്കൊന്ന പോലെ. പക്ഷേ ഇപ്പോഴെന്തോ..

‘ആന്റിയെന്നാ വാവയെ കൊണ്ടുവരുന്നത്. എനിക്ക് വാവയുമായി കളിക്കാന്‍ കൊതിയായി.’ ഏതൊക്കെയോ വഴിക്ക് സംഭാഷണം നീങ്ങുന്നു, എങ്ങനെയാണ് ഇത് നിര്‍ത്തുക?

‘എന്നാ ആന്റി വാവയെക്കൊണ്ടു വരുന്നത്. എനിക്കിവിടെ കളിക്കാന്‍ ആരുമില്ല. അപ്പ ഉച്ചക്ക് സ്കൂളില്‍ നിന്ന് വിളിച്ച് കൊണ്ടാക്കുന്നത് തൊട്ട് അമ്മ വരുന്നത് വരെ സാറ ഒറ്റയ്ക്കാ.. ചിലപ്പോളൊക്കെ സാറയ്ക്ക് പേടിയാകും, അറിയാമോ? വാവയുണ്ടെങ്കില്‍ സാറയ്ക്ക് കളിച്ചോണ്ടിരുന്നൂടേ..’

ആനിചേച്ചി ഇതൊന്നും കേള്‍ക്കാത്ത പോലെ തലതാഴ്ത്തി ഇരിക്കുകയാണ്.

‘സാറയ്ക്ക് ടിവി കാണണ്ടേ. ദേ അങ്ങോട്ട് നോക്ക്..’ അവളുടെ ശ്രദ്ധതിരിക്കാന്‍ അമ്മു ശ്രമിച്ചു.

‘എന്റടുത്ത് ഒരുഗ്രന്‍ ഐഡിയ ഉണ്ട്. വാവയെ എന്റെ സ്കൂളില്‍ ചേര്‍ക്കാം. രണ്ടു പേരെയും അമ്മ രാവിലെ കൊണ്ടാക്കും, അപ്പ ഉച്ചയ്ക്ക് വിളിച്ചോണ്ട് വരും. അങ്ങനെയാണെങ്കില്‍ ആന്റിക്കും അങ്കിളിനും അവധിയില്ലാത്തത് പ്രശ്നമല്ലല്ലോ..’

സാറയുടെ അമ്മ തലയുയര്‍ത്തി. ഈ കുട്ടിയുടെ ഒരു കാര്യം, മനസ്സില്‍ തോന്നുന്നതെല്ലാം ആലോചനയില്ലാതെ അതേപടി പറയും. വേണ്ടാ വേണ്ടാ എന്ന് നിനച്ചിട്ടും അവരുടെ മുഖം അമ്മുവിന്റെ നേര്‍ക്ക് തിരിഞ്ഞു. അവളുടെ നനഞ്ഞുതുടങ്ങിയ കണ്ണുകളുമായി ആനിയുടെ കണ്ണുകള്‍ ഇടഞ്ഞു, കൂടുതല്‍ നോക്കാനാവാതെ അവര്‍ തലതാഴ്ത്തി.
അമ്മുവിനോട് ഒന്നും പറയാനില്ലാത്തതിനാല്‍ അവര്‍ പാത്രത്തില്‍ പയര്‍ ശ്രദ്ധയോടെ അരിഞ്ഞിടുന്നതായി ഭാവിച്ചു.  അമ്മു എന്ത് വിചാരിക്കുമോ ആവോ?..

‘ആന്റീ.. എന്നാ വാവയെക്കൊണ്ട് വരുന്നത്.’

‘സാറ മിണ്ടാതിരിക്ക്, ആന്റിയെ ശല്യപ്പെടുത്താതെ..’ അമ്മ മകളെ തടഞ്ഞു.

‘അതിന് ഞാന്‍ ശല്യപ്പെടുത്തുന്നില്ലല്ലോ.. കാര്യം ചോദിക്കുകയല്ലേ.. ഞാന്‍ ശല്യമാണോ ആന്റീ?’

‘അല്ല മോളൂ..’ അമ്മുവാന്റി പറഞ്ഞത് കണ്ടില്ലേ എന്ന മട്ടില്‍ സാറ അമ്മയെ മുഖം ചുളുക്കി കാണിച്ചു.

അമ്മുവിന്റെ മനസ്സ് കനത്ത് കരച്ചില്‍ പൊട്ടിവരുന്നുണ്ടായിരുന്നു. എത്രയും പെട്ടെന്ന് ഇവിടെ നിന്ന് പോകണം. വീട്ടില്‍ ചെന്ന് മനസ്സിന്റെ ഭാരം തീരുന്നവരെ..

‘ആന്റീ..’ സാറ അമ്മ കേള്‍ക്കാതെ അടക്കിയ ശബ്ദത്തില്‍വിളിച്ചു..

‘വാവയെ എന്നാ കൊണ്ടുവരുന്നത്..’

‘കൊണ്ടുവരാം മോളേ.. നീ ടിവി കാണൂ..’

വിചിത്രമായ അക്ഷരങ്ങളിലെ എഴുത്തുകള്‍ നിര്‍ത്തി ടിവിയില്‍ സീരിയല്‍ തുടങ്ങിയിരുന്നു. മലയാളത്തിലെ കഥകള്‍ പോലെതന്നെ. വിതുമ്പിക്കരയുന്ന ചെറുപ്പക്കാരി, ഒരു തള്ള കയര്‍ത്ത് സംസാരിക്കുന്നു. പേടിപ്പിക്കുന്ന പശ്ചാത്തല സംഗീതം.

‘ആ നില്ക്കുന്നതാണ് ഗൌരി. അമ്മായി ഉണ്ടല്ലോ വലിയ ദുഷ്ടയാണ്. അവളെ എന്നും വഴക്ക് പറയും.’ സാറ അമ്മുവിന് കഥ വിവരിച്ച് കൊടുത്തു.

ചെറുപ്പക്കാരി കരഞ്ഞുകൊണ്ട് അമ്മായിയുടെ കാല് പിടിക്കാന്‍ ആഞ്ഞു.. അതിനനുവദിക്കാതെ അമ്മായി കാലുകള്‍ പിറകോട്ട് വലിച്ചു.. ചെറുപ്പക്കാരി കൂടുതല്‍ സങ്കടത്തിലും കരച്ചിലിലും..

അസംബന്ധം കണ്ട് അമ്മുവിന് ദ്വേഷ്യം വന്നു. പോകാം, ഇനിയും ഇരുന്നാല്‍ ഈ പെട്ടി തള്ളിയിട്ട് പൊട്ടിക്കാന്‍ തോന്നും..

‘ആന്റി പോകുന്നു മോളേ.. അങ്കിള്‍ വരാറായി..’ അവള്‍ പറഞ്ഞു.

‘കുറച്ച് നേരം കൂടിരിക്ക്, സീരിയല്‍കഴിഞ്ഞിട്ട് പോകാം. എനിക്ക് ഹോം വര്‍ക്കും പറഞ്ഞ് തരാനുണ്ട്.’

‘അയ്യോ പറ്റില്ല, അങ്കിള്‍ വന്നാല്‍ കഴിക്കാനെന്തെങ്കിലും കൊടുക്കണ്ടേ.’

‘ങ്ഹും.. ങ്ഹും.. ആന്റീ.. ഹോം വര്‍ക്ക് ചെയ്തില്ലെങ്കില്‍ ടീച്ചര്‍ വഴക്കു പറയും..’ സാറ ചിണുങ്ങി.

‘വാശി കാണിക്കാതെ സാറാ’, അമ്മ പറഞ്ഞു. ‘ആന്റിക്ക് ജോലിയുള്ളത് കൊണ്ടല്ലേ. അമ്മു പൊയ്ക്കാളൂ. കണക്ക് ഞാന്‍ പറഞ്ഞ് കൊടുക്കാം..’

‘അമ്മക്ക് കുന്തം അറിയാം.. ഇന്നാള് പറഞ്ഞ കണക്ക് തെറ്റിയിട്ട് എനിക്ക് സ്കൂളീന്ന് നുള്ളാണ് കിട്ടിയത്..’ അമ്മു പോകുന്ന സങ്കടത്തില്‍ സാറ പൊട്ടിത്തെറിച്ചു..

‘അഹങ്കാരി, എന്താണ് പറയുന്നതെന്ന് ഒരു വിചാരവുമില്ല. കുറച്ച് നാളായി തുടങ്ങിയിട്ട്. ഇന്നു നോക്കിക്കോ.’ അരിഞ്ഞുകൊണ്ടിരുന്നത് പാത്രത്തിലിട്ട് അമ്മ ദ്വേഷ്യത്തില്‍ എണീറ്റു.

അമ്മു അവിടെ നിന്നില്ല, വേഗം പുറത്തേക്ക് നടന്നു. പിറകില്‍ അടിയുടെ ശബ്ദവും കുപ്പിച്ചില്ല് പൊട്ടിക്കീറുന്നത് പോലെ കുട്ടിയുടെ കരച്ചിലും..

***

ഭാഗം 4 – ബാക്കി പത്രം

സാറയുടെ വീട്ടിലിരിക്കുമ്പോഴും മനസ്സ് കലുഷിതമായിരുന്നു. വീടെത്തിയിട്ടും സാറയുടെ കരച്ചില്‍ പിന്തുടരുന്നു. ഒരു സ്വസ്ഥതയുമില്ല, എന്താണ് ചെയ്യുക? നാട്ടിലേക്ക് വിളിച്ചാലോ?
വേണ്ട, വാ അമ്മേ.. എന്നെങ്ങാനും പറഞ്ഞ് ഗൌരി കരഞ്ഞാല്‍ കൂടുതല്‍ വിഷമമാകും.

കതകടച്ച് ലൈറ്റ് കെടുത്തി അവള്‍ ജനാലക്കരികിലിരുന്നു. ജോലി രാജിവയ്ക്കുന്നതിനെപ്പറ്റി കുറേ നാളായി ആലോചിക്കുന്നു. സംസാരിച്ച് തുടങ്ങുമ്പോഴൊക്കെ വേറെ വിഷയം എടുത്തിടും. ഇനി അത് സമ്മതിക്കില്ല. തീരുമാനം എടുത്തേ മതിയാകൂ. ഒരാളുടെ വരുമാനത്തില്‍ കഴിയുന്ന ജീവിതമൊക്കെ മതി. മകളെ കാണാതെ, അവളെ മടിയിലിരുത്തി ഊട്ടാതെ, തോളില്‍ ചാച്ച് ഉറക്കാതെ ഒരു ജീവിതം, ഇനി അത് വേണ്ട..
അവള്‍ ഭര്‍ത്താവ് വരുന്നതും കാത്തിരുന്നു.

ഡിസംബറിന്റെ തണുപ്പ് ജനാലയിലൂടെ അവളുടെ ദേഹത്തേക്ക് അരിച്ച് കയറി. ദൂരെ കാഴ്ച മറച്ചുകൊണ്ടുയരുന്ന പടുകൂറ്റന്‍കെട്ടിടം.. അതിനുമപ്പുറത്ത് വെള്ളിവെളിച്ചം പരത്തി മായിക നഗരം, ബാംഗ്ലൂര്‍ എന്ന മഹാനഗരം.

പുറത്തേക്ക് നോക്കിയിരിക്കെ കണ്ണുകള്‍ കനം വച്ച് മൂടി.. ഉറക്കത്തില്‍ ഒരു തുമ്പിക്ക്  പിറകെ തുള്ളി തുള്ളിയോടിയ മകള്‍ക്കൊപ്പം കാഴ്ചകള്‍ അവളില്‍ വര്‍ണ്ണക്കൂട്ടുകളായി നിറഞ്ഞു. അവളും ഒരു പാവാടക്കാരിയായി..
നേരം പോകെ നിറങ്ങള്‍ മങ്ങി ചുറ്റും കറുപ്പ് കലര്‍ന്നു, മകളെ കാണാതെ അവള്‍ വേദനിച്ചു, അലറിക്കരഞ്ഞു, ഭ്രാന്തിയെ പോലെ പാഞ്ഞു..
ഒടുവില്‍..
ഒടുവില്‍ വെള്ളത്തിലേക്ക്  കുഴഞ്ഞ് വീണു.. കൈകാലിട്ടടിച്ച് നിലയില്ലാത്ത കുളത്തില്‍ മുങ്ങിത്താഴുമ്പോള്‍ പാറിവീഴുന്ന ടോര്‍ച്ച് ലൈറ്റുകളുടെ വെട്ടത്തില്‍ അവള്‍ കണ്ടു, ഓളങ്ങളില്‍ തെന്നി തെന്നി അനാഥമായ ഒരു കുഞ്ഞുടുപ്പ് ഇരുട്ടിന്റെ കയങ്ങളിലേക്ക് ആഴ്ന്നു പോകുന്നു..
അവളുടെ ഭര്‍ത്താവ്  എവിടെനിന്നോ ഓടിയെത്തി അമ്മൂ.. അമ്മൂ.. എന്ന് വിളിക്കുന്നുണ്ടായിരുന്നു.

‘അമ്മൂ.. അമ്മൂ..’ തട്ടിവിളിക്കുന്നത് കേട്ട് അവള്‍ ഉണര്‍ന്നു. ഡിസംബറിന്റെ തണുപ്പിലും വിയര്‍ത്ത് നനഞ്ഞിരിക്കുന്നു. കണ്ടതൊരു സ്വപ്നമായിരുന്നെന്ന് മനസ്സിലാക്കാന്‍ കുറെ സമയമെടുത്തു. എന്തൊരു ദു‍ഷിച്ച സ്വപ്നം.

‘കതക് തുറക്ക്.. എത്ര നേരമായി വിളിക്കുന്നു..’ ഭര്‍ത്താവ് പറഞ്ഞു

‘വന്നിട്ട് കുറെ നേരമായോ? കാത്തിരുന്ന് ഞാന്‍ ഉറങ്ങിപ്പോയി… ‘
അവള്‍ ലൈറ്റിട്ട് കതക് തുറന്നു

‘അവിടെ ഇരുട്ടത്ത് തന്നെ നില്ക്കാതെ, കയറി വാ.. എനിക്ക് ചിലത് പറയാനുണ്ട്.. എതിര് പറയാതെ കേള്‍ക്കണം.’

ഭര്‍ത്താവ് ചെരുപ്പൂരിവച്ച് അകത്ത് കയറി.

അയ്യോ.. ഇതെന്താ, എവിടെ വീണതാ..’

‘പേടിയ്ക്കാതെ.. ചെറുതായി ഒന്നു വീണതേയുള്ളൂ. മുറിവൊന്നും കാര്യമാക്കാനില്ല.. പോറിയതല്ലേയുള്ളൂ..
വണ്ടിക്ക് കുറച്ച് പ്രശ്നങ്ങളുണ്ട്.. സ്റ്റാര്‍ട്ടാവുന്നില്ലായിരുന്നു.. വശമൊക്കെ കുറച്ച് ചളുങ്ങി..
എന്തു ചെയ്യാനാ.. കാലക്കേട് എന്ന് പറഞ്ഞാല്‍ മതിയല്ലോ..
അതിനിടയ്ക്ക് അമ്മയും വിളിച്ചിരുന്നു.. ഈ മാസത്തെ ഇന്‍സ്റ്റാള്‍മെന്റ്  അടച്ചില്ലല്ലോ.. ഇനി ഇങ്ങനൊരു ചെലവും, ങ്ഹാ..
അത് പോട്ടെ നിനക്കെന്താ പറയാനുള്ളത്?’

അവള്‍ ഒന്നും മിണ്ടാതെ ആഞ്ഞടിക്കുന്ന ശീതക്കാറ്റിനെ തടയാന്‍ ജനാലകളടച്ചു..
പാവം അമ്മു, അല്ലെങ്കിലും അവള്‍ എന്ത് പറയാനാണ്..

Facebooktwitterredditpinterestlinkedinmailby feather