പൊട്ടന്‍പ്ലാവില്‍ നിന്ന് കുടിയാന്മല വഴി തളിപ്പറമ്പിലേക്ക്

സുഹൃത്തേ മീറ്റിംഗ് തുടങ്ങാന്‍ ഇനിയും സമയമുണ്ട്.
ധൃതിവയ്ക്കാതെ ഇങ്ങ് അടുത്തേക്കിരിക്കൂ. യോഗം തുടങ്ങുന്നവരെ നമുക്കെന്തെങ്കിലും സംസാരിക്കാം.
കയ്യില്‍ ഇന്നത്തെ പത്രമാണോ? ഞാന്‍ രാവിലെ പത്രം വായിക്കുന്നതിനിടയില്‍ കുറെ നാളുകള്‍ക്കു ശേഷം ഒരാളെ ഓര്‍ത്തു. എന്റെ പഴയൊരു കൂട്ടുകാരന്‍, രാജു. ഇപ്പോള്‍ കല്ക്കട്ടയിലാണ്. വളരെ രസകരമായ ഒരു സംഭവമാണ് ഓര്‍ത്തത്, നിങ്ങള്‍ കേള്‍ക്കണം.

ഞാന്‍ സഹ്യപര്‍വ്വതങ്ങള്‍ക്കിടയിലുള്ള ഗ്രാമത്തിലെ കൃഷിയിടത്തില്‍ നിന്ന് താഴ്വാരത്തേയ്ക്ക് ഇറങ്ങി പത്തെഴുപത് കിലോമീറ്റര്‍ ദൂരത്തുള്ള കോളേജില്‍ പിജിയ്ക്ക് പഠിക്കുന്ന സമയം.

വേണ്ടാ.. വേണ്ടാ..
നിങ്ങള്‍ പുരികവുമുയര്‍ത്തി ചോദിക്കാനായുന്നത് എന്താണെന്നെനിക്കറിയാം. ഞങ്ങള്‍ക്ക് എത്ര ഏക്കര്‍ ഭൂമി ഉണ്ട്, കയ്യേറിയതെത്ര, ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെ പറ്റിയുള്ള അഭിപ്രായമെന്താ, ഹൈറേഞ്ച് സംരക്ഷണസമിതിയില്‍ അംഗമാണോ ഇതൊക്കെയല്ലേ?

പ്രിയ സുഹൃത്തെ, ഇതു ഭയന്നിട്ടാണ് എന്റെ ദേശം കണ്ണൂരിലെ പൊട്ടന്‍പ്ലാവിലാണെന്ന് ഞാന്‍ ഇതുവരെ പറയാതിരുന്നത്. പക്ഷെ പത്ത് പന്ത്രണ്ട് കൊല്ലം മുമ്പ് നടന്ന ഈ കഥ പൂര്‍ത്തിയാകണമെങ്കില്‍ നമുക്കൊരുമിച്ച് പൊട്ടന്‍പ്ലാവില്‍ നിന്ന് ജോസേട്ടന്റെ ജീപ്പില്‍ തൂങ്ങിപ്പിടിച്ച് കുടിയാന്മല വന്ന്, അവിടെ നിന്നു തെരക്കുള്ള പ്രൈവറ്റ് ബസ്സില്‍ ഞെരുങ്ങി യാത്ര ചെയ്ത് തളിപ്പറമ്പ് സ്റ്റാന്റിലെത്തി അവിടത്തെ കോണ്‍ക്രീറ്റ് ബഞ്ചിലിരുന്ന് അല്പനേരം സംസാരിക്കേണ്ടതുണ്ട്.

അതു കൊണ്ട് ദയവായി തടസ്സപ്പെടുത്തരുത്. പശ്ചിമഘട്ടത്തെ പറ്റിയുള്ള സംസാരം നമുക്ക് മറ്റൊരിക്കലാവാം.

വീടും കോളേജും തമ്മിലുള്ള ദൂരത്തെ പറ്റി പറഞ്ഞല്ലോ. ദിവസവും പോയി വരാന്‍ പറ്റാത്തത് കൊണ്ട് കോളേജിനടുത്ത് രാമേട്ടന്റെ ഒഴിഞ്ഞുകിടക്കുന്ന പഴയ വീട്ടിലെ മുറിയില്‍ വാടകയ്ക്കാണ് താമസിച്ചിരുന്നത്.
ആഹാരം പുറത്തു നിന്ന് കഴിക്കാനുള്ള വകയൊന്നുമില്ല. മുറിയുടെ മൂലയിലൊതുക്കിയ സ്റ്റൌവ്വില്‍ പാചകം ചെയ്ത് കഴിക്കും. എല്ലാ വെള്ളിയാഴ്ച വൈകുന്നേരവും വീട്ടിലേക്കു പുറപ്പെടും. തിരിച്ചുവരുന്നത് ഒരാഴ്ചത്തേക്കുള്ള അരിയും പച്ചക്കറികളുമൊക്കെ ആയിട്ടാണ്.

കോളേജില്‍ അവസാന വര്‍ഷം, അടുത്തുള്ള വി.എച്ച്.എസ്സ്.ഇ. സര്‍ക്കാര്‍ പോളിടെക്നിക്കാക്കി പ്രഖ്യാപിച്ചു. ഇന്നത്തെ പോലെ എഞ്ചിനീയറിംഗ് പഠിച്ചവര്‍ പോലും റീച്ചാര്‍ജ്ജ് കൂപ്പണ്‍ വിറ്റ് നടക്കുന്ന കാലമല്ല. വേറൊരു തരത്തില്‍ പറഞ്ഞാല്‍ ഡിപ്ലോമ വെറും ‍ഡിപ്ലോങ്ങയല്ലാത്ത കാലം.

പോളിടെക്നിക്ക് വന്നതിന്റെ ഗുണം കിട്ടിയതില്‍ ഒരാള്‍ രാമേട്ടനാണ്. അയാള്‍ വീട് വൃത്തിയാക്കി, തറ ചാന്തിട്ട് മിനുക്കി, പൊട്ടിയ ഓടും മാറ്റി മുറിയെല്ലാം പോളിടെക്നിക്ക് പഠിക്കാന്‍ തെക്കു നിന്ന് വന്ന കുട്ടികള്‍ക്ക് വാടകയ്ക്ക് കൊടുത്തു.

ദാ.. വീണ്ടും ശല്യപ്പെടുത്തുന്നു.
ദയവു ചെയ്ത് ഇടക്കു കയറി പറയരുതേ.. അങ്ങനെ വന്നവരില്‍ ഒരാള്‍ തന്നെയാണ് ഞാന്‍ പറഞ്ഞ രാജു.

മലബാറുകാര്‍ക്ക് പൊതുവേ തെക്കന്മാരെ മതിപ്പാണ്. നിങ്ങള്‍ കേട്ടിട്ടുണ്ടാകും തെക്കനേം പാമ്പിനേം ഒത്ത് കണ്ടാല്‍ ആദ്യം തെക്കന്‍ പിന്നെ അവിടെയെങ്ങാനും ഉണ്ടെങ്കില്‍ പാമ്പ്, ഇതാണ് മതം.

പറഞ്ഞു വരുമ്പോള്‍ ജോമോനെന്ന എന്റെ കുടുംബ വേരുകള്‍ തെക്കു നിന്നായതു കൊണ്ട് ഞാനങ്ങനെ കരുതാറൊന്നുമില്ല. ഒരു രഹസ്യം കേള്‍ക്കണോ, ഞാന്‍ ജനിച്ചതും വളര്‍ന്നതും ഒക്കെ പൊട്ടന്‍പ്ലാവിലാണെങ്കിലും നാട്ടുകാര് പലരും ഞങ്ങളെ തെക്കരെന്നാണ് വിളിക്കുന്നത്. എന്തിന് ഞങ്ങളുടെ വീട്ടുപേര് പോലും തെക്കന്‍വിള എന്നാണ്.

ആ.. രാജുവിന്റെ കാര്യം. അവനെ കണ്ടതും പാലായിലെ കസിന്‍സിനെയാണ് ഓര്‍മ്മ വന്നത്. എന്നെ കാണുമ്പോള്‍ അതുങ്ങള്‍ക്ക് ഇവനേതു പട്ടിക്കാട്ടൂന്ന് വന്നതാടാ എന്നൊരു ഭാവമാണ്. എന്റെ വേഷവും പതുങ്ങിയുള്ള നില്പുമൊക്കെ കൂടി അതിന് കാരണമായെന്നു വച്ചോ.
ഈ രാജുവുണ്ടല്ലോ ആളൊരു പരിഷ്കാരി പട്ടണവാസിയാണ്. വേഷമൊക്കെ, നമ്മള്‍ ഇന്ന് സ്ഥിരം ഉപയോഗിക്കുന്ന ഒരു വാക്കുണ്ടല്ലോ, എന്താ അത്, ആ.. ട്രെന്‍ഡി എന്നു പറയാം. മിണ്ടാനൊന്നും ഞാന്‍ പോയില്ല. എന്തിനാന്നേ വഴിയേ പോയി വല്ലവന്റെയും വായിലിരിക്കുന്നെ.. ങെ.. ങെ..

കരുതും പോലെ കുഴപ്പക്കാരനല്ല എന്ന് പിന്നീടാണ് മനസ്സിലായത്. അടുത്തുള്ള വായനശാലയില്‍ എനിക്ക് അംഗത്വം ഉണ്ടായിരുന്നു. ഇതെങ്ങനെയോ അറിഞ്ഞ് രാജു വന്നു. അവനും വായനശാലയില്‍ ചേരണം. സംസാരിച്ചു തുടങ്ങിയപ്പോഴാണ് മനസ്സിലാവുന്നത്, പുറത്തു കാണുന്ന പൂച്ചേയുള്ളൂ, പാവമാണ്. എന്നെ ചേട്ടായി എന്നു വിളിക്കുന്നതൊന്നു കേള്‍ക്കണം. സ്വന്തം അനിയന്‍ പോലും ഇങ്ങനെ സ്നേഹത്തോടെ വിളിക്കില്ല.

എന്തിനാ വാച്ചു നോക്കുന്നത്. അത്രയ്ക്ക് മോശമായിട്ടാണോ ഞാന്‍ കഥ പറയുന്നത്? ഓ.. മീറ്റിംഗ് തുടങ്ങാന്‍ സമയമായി അല്ലേ. ആള്‍ക്കാരൊക്കെ എത്തിയോ? ശങ്കരേട്ടനെന്തിയേ? കാണുന്നില്ലല്ലോ..
അതേ, അങ്ങു പിറകിലിരിക്കുന്നവരൊക്കെ മുന്നോട്ടു വരണം. ശങ്കരേട്ടന്‍ വന്നാലുടന്‍ നമുക്കു തുടങ്ങാം. അതിനിടക്ക് ഞാന്‍ പറഞ്ഞു തുടങ്ങിയത് അങ്ങു പൂര്‍ത്തിയാക്കുകയും ചെയ്യാം.
കുഴപ്പമില്ല.. എല്ലാവര്‍ക്കും കേള്‍ക്കാം. പറഞ്ഞു തുടങ്ങിയിട്ടേയുള്ളൂ. പണ്ട് എന്റെയൊരു സുഹൃത്തിനേയും കൂട്ടി വീട്ടില്‍ പോയ കഥയാണ്. കേട്ടോളൂ..

അങ്ങനെ രാജുവിനെയും കൂട്ടി ഒരു ശനിയാഴ്ച ഞാന്‍ നാട്ടിലേയ്ക്ക് പോയി. അവനു ക്ലാസ്സുള്ളത് കൊണ്ടു വെള്ളിയാഴ്ചത്തെ യാത്ര പിറ്റേന്നത്തേക്കു മാറ്റിയതാണ്.

മൂന്നു ബസ്സു മാറിക്കയറി കുടിയാന്മലയിലെത്തിയപ്പോള്‍ തന്നെ താമസിച്ചു. അവസാനത്തെ ജീപ്പും പോയ് കഴിഞ്ഞിരിക്കുന്നു. ഞങ്ങള്‍ പിന്നെ അങ്ങോട്ടു നടന്നു. നടക്കാനാണെങ്കില്‍ ചില എളുപ്പ വഴികളൊക്കെ ഉണ്ട്. വീടെത്താന്‍ പൊട്ടന്‍പ്ലാവീന്നും കുറെ നടക്കണം. കറന്റും വെളിച്ചമൊന്നുമില്ല. ഒരുവിധേന കഷ്ടപ്പെട്ട് മെഴുകുതിരി വെട്ടത്തില്‍ ഞങ്ങള്‍ അങ്ങെത്തിയെന്നു പറഞ്ഞാല്‍ മതിയല്ലോ.

എവിടുന്നോ പടക്കവും കടിച്ച് ഒരു കാട്ടു പന്നി ഞങ്ങളുടെ പറമ്പില്‍ വന്ന് വീണ് ചത്തതിന്റെ പിറ്റേന്നായിരുന്നു ഞങ്ങള്‍ ചെന്നത്. രാത്രി എന്നത്തെയും പോലെ കഞ്ഞി കുടിച്ചു കിടന്നു. പിറ്റേന്നു രാവിലെ പള്ളിയില്‍ പോകുന്നതിനു അമ്മച്ചി അരിമാവിലുണ്ടാക്കിയ വലിയ കൊഴക്കട്ട കൊണ്ടു വച്ചു, ഞാനൊന്നേ കഴിച്ചുളളൂ. അവന്‍ രണ്ടെണ്ണം. പള്ളി കഴിഞ്ഞു വന്നാല്‍ പിന്നെ അപ്പവും ഇറച്ചിയുമുള്ള കാര്യം അവന്‍ അറിഞ്ഞില്ലെന്നു പിന്നീടാ പറഞ്ഞത്.

ഉച്ചക്ക് ഊണും പന്നിഇറച്ചി ഉലര്‍ത്തിയതും.. വൈകുന്നേരം വീണ്ടും കൊഴക്കട്ട..
നിങ്ങളെന്തിനാ ചിരിക്കുന്നെ? ഇയാളെന്തോ കഥയാണെന്നു പറഞ്ഞേച്ച് തിന്നുന്ന കാര്യം മാത്രം പറയുന്നത് എന്താണെന്നല്ലേ.. ഒന്നു ക്ഷമിക്കൂ, ഈ തിന്നുന്നതും പറയുന്ന കഥയും തമ്മില്‍ വലിയ ബന്ധമുണ്ട്, എല്ലാം വഴിയേ മനസ്സിലാകും.

പിറ്റേന്ന് തിങ്കളാഴ്ച അതിരാവിലെ ഞങ്ങള്‍ തിരിച്ചു. രണ്ടു പേര്‍ക്കും അന്നു ക്ലാസ്സുള്ളതാണ്. അമ്മച്ചി എണീറ്റ് അഞ്ചു മണിക്കു തന്നെ അപ്പമുണ്ടാക്കി തന്നു. അത് നാലഞ്ചെണ്ണം തലേന്നത്തെ ഇറച്ചിക്കറിയും കൂട്ടി കഴിച്ചാണിറങ്ങിയത്.
ജോസേട്ടന്റെ ജീപ്പിലെ ആദ്യത്തെ ട്രിപ്പ്, രാവിലത്തെ തണുപ്പത്തും വണ്ടി നിറഞ്ഞിരിക്കുകയാണ് ആളുകള്‍ .

നാട്ടില്‍ നല്ല സ്റ്റൈലില്‍ ജീപ്പിലൊക്കെ തൂങ്ങിക്കിടന്നാണ് കോളേജില്‍ പോയിരുന്നതെന്നു രാജു പറഞ്ഞിരുന്നു. രാജുവിനു പരിചയമുണ്ടല്ലോ, ഞങ്ങള്‍ ജീപ്പിന്റെ പിറകില്‍ തൂങ്ങി.
ജോസേട്ടനാണെങ്കില്‍ സ്റ്റിയറിംഗ് കയ്യില്‍ കിട്ടിയാല്‍ പിന്നെ ഹാലിളകിയ മാതിരിയാണ്. ഹെയര്‍ പിന്‍ വളവൊക്കെ ഒറ്റ വീശിനാണ് എടുക്കുന്നത്. രാജുവിന്റെ നാട്ടിലെ നിരപ്പിലുള്ള റോഡിലൂടെ വണ്ടി ഓടുന്ന പോലല്ലല്ലോ ഇത്. അവന്റെ പേടിച്ച മുഖം കണ്ടപ്പോള്‍ അടുത്ത ജീപ്പിനു പോന്നാ മതിയായിരുന്നു എന്നു ഞാനോര്‍ത്തു. ദൈവം സഹായിച്ച് കുഴപ്പമൊന്നുമില്ലാതെ കുടിയാന്മല എത്തി. ഇനി ബസ്സാണ്, എന്തായാലും ഇത്രയ്ക്ക് കുഴപ്പമുണ്ടാവില്ല.

ബസ്സ് വന്നു, നല്ല തിരക്ക്, കഷ്ടപ്പെട്ട് പുറകിലത്തെ വാതിലിലൂടെ ഇടിച്ചു കയറി. ടിക്കറ്റെടുത്തു, വണ്ടി കുറച്ചു ദൂരം വന്നപ്പോള്‍ എന്തോ ഒരപകടം നടക്കാന്‍ പോകുന്നെന്ന് എനിക്ക് ഒരു തോന്നല്‍ . അടുത്ത സ്റ്റോപ്പീന്ന് തളിപ്പറമ്പ് നാഷണല്‍ കോളേജില്‍ പഠിക്കുന്ന പെമ്പിള്ളാരു വണ്ടിയില്‍ കയറി. തെറിച്ച പിള്ളാരാണ്, എനിക്കതുങ്ങളെ കണ്ടൂടാ, ഞാന്‍ മുമ്പോട്ടു മാറി നിന്നു. എന്തോ സംഭവിക്കാന്‍ പോകുന്നുവെന്ന തോന്നല്‍ അപ്പോഴും മനസ്സില്‍ നിന്നു പോയിട്ടില്ലായിരുന്നു കേട്ടോ. എന്താണിങ്ങനെ തോന്നാന്‍ കാരണം എന്നൊക്കെ ഓര്‍ത്ത് ഞാനിങ്ങനെ നിക്കുമ്പോഴാണ് പിറകീന്ന് ഒരലര്‍ച്ചയും പെമ്പിള്ളേരുടെ കൂട്ടക്കരച്ചിലും കേട്ടത്.

രാജു പറ്റിച്ചതാണ്. കൊഴുത്തകറിയും, പന്നിയിറച്ചിയുടെയും അപ്പത്തിന്റെയും അവശിഷ്ടങ്ങളും എല്ലാമെല്ലാം ഒരു പരിഷ്കാരി പെണ്ണിന്റെ തലയിലൂടെ സാധിച്ചിരിക്കുന്നു. അടുത്തു നിന്നവരുടെ വസ്ത്രത്തിലൊക്കെ സംഗതി പറ്റിപ്പിടിച്ചിട്ടുണ്ട്. ആ പെണ്‍കുട്ടിയുടെ മുടിയുണ്ടല്ലോ ഛര്‍ദ്ദില് മൂടി, ഇറച്ചിക്കഷ്ണങ്ങളൊക്കെ തൂങ്ങി…
അല്ലാ വനജേടത്തി എങ്ങോട്ടാ? മനംപുരട്ടുന്നോ.. ഹയ്യോടാ കഷ്ടമായല്ലോ.. ചേടത്തി ഇരിക്കണം, ഇനി വര്‍ണ്ണനയൊന്നുമില്ല, എന്തായാലും കഥയൊന്നു പറഞ്ഞു തീര്‍ക്കട്ടേ.

ബസ്സിലാകെ ഒരു നാറ്റം, നാട്ടുകാരെല്ലാവരും കൂടി അവനെ വഴക്ക് പറയുകയാണ്.
ഛര്‍ദ്ദിക്കാന്‍ തോന്നിയാല്‍ പറയണ്ടേ, ബസ്സ് നിര്‍ത്തി തരില്ലേ.. കേള്‍ക്കണേ ആള് കേറാന്‍ പോലും വണ്ടി നിര്‍ത്താത്ത കണ്ടക്ടറാണ് പറയുന്നത്.
ചോദിച്ചെങ്കില്‍ സൈഡ് സീറ്റ് തരില്ലേ എന്നൊരാള്‍ . ഗര്‍ഭിണി സീറ്റു ചോദിച്ചാലും ഒഴിഞ്ഞുകൊടുക്കാത്ത വകകളാണ്.

രാജുവിന്റെ ദയനീയമായി നോട്ടം കാണാത്ത ഭാവത്തില്‍ ഞാന്‍ പുറത്തോട്ടു നോക്കി നിന്നു.
നേരത്തെ ഒരു പെണ്‍കുട്ടിയുടെ കാര്യം പറഞ്ഞില്ലേ. അവള്‍ കരയുകയാണ്. കൂട്ടുകാരികള്‍ അവളെ ആശ്വസിപ്പിക്കുന്നു. ഇതിനിടെ രാജുവിന് ആരോ സീറ്റ് ഒഴിഞ്ഞു കൊടുത്തു. അവന്‍ അതിലിരുന്ന് മയങ്ങി. അഭിനയിച്ചതാവാനും വഴിയുണ്ട്.
പെണ്‍പട തളിപ്പറമ്പിനു മുമ്പുള്ള സ്റ്റോപ്പിലിറങ്ങി. ഏതെങ്കിലും ബന്ധുവീട്ടില്‍ പോയി വൃത്തിയാവാനായിരിക്കും.

ഞങ്ങള്‍ തളിപ്പറമ്പിലെത്തി. ഇനി ഇരിട്ടിബസ്സ് വരണം. അവന്റെ ശരീരത്ത് വൃത്തികെട്ട മുശ്ശട്. പൈപ്പിന്റെ മൂട്ടില്‍ പോയി കയ്യും വായും ഷര്‍ട്ടിന്റെ മുന്‍ഭാഗവുമൊക്കെ കഴുകി. കടയില്‍ നിന്ന് പത്രവും വാങ്ങി ഞങ്ങള്‍ ഒരു കോണ്‍ക്രീറ്റ് ബഞ്ചിന്റെ രണ്ടറ്റങ്ങളിലിരുന്നു. അവനാണെങ്കില്‍ ഒന്നും മിണ്ടുന്നില്ല. പത്രവും നോക്കി ഒറ്റ ഇരുപ്പാണ്.
എന്നോടു ദ്വേഷ്യം കാണും. കരടിയെ കണ്ടപ്പോള്‍ മാതേവനെ മറന്ന് തടി രക്ഷിച്ച മല്ലനെ പോലെയല്ലേ ഞാന്‍ പെരുമാറിയത്.
ബഞ്ചില്‍ ചാരിയിരുന്ന് ഞാന്‍ അന്നത്തെ ദിവസത്തെ പറ്റി വെറുതെ ഒന്നാലോചിച്ചു. ജീപ്പില്‍ തൂങ്ങികിടന്നതും പ്രൈവറ്റ് ബസ്സില്‍ കയറിയതും രാജു ഛര്‍ദ്ദിച്ചതും ആ പെണ്‍കുട്ടിയുടെ മുഖവും ഒക്കെ ഒക്കെ ആലോചിച്ചു വന്നപ്പോള്‍ എന്തോ ചിരിയാണ് വന്നത്. അതല്പം ഉറക്കെ ആയെന്നു തോന്നുന്നു.

ഊം.. എന്താ ചിരിക്കുന്നെ? രാജു ചോദിച്ചു.

എന്നാലും രാജു, ആ പെണ്‍കുട്ടിയുടെ കാര്യം..

കേട്ടപ്പോള്‍ രാജുവിന്റെ മുഖത്തും ചിരി വന്നോ എന്ന് സംശയം. ദാ വായിച്ചോ എന്ന് പറഞ്ഞ് അവന്‍ പത്രം എന്റെ നേര്‍ക്കെറിഞ്ഞു. അവന്റെ ഛര്‍ദ്ദിലിന്റെ നാറ്റം അതില്‍ കാണുമെന്നുള്ളത് കൊണ്ട് ഞാന്‍ തൊട്ടില്ല. അതെന്റെയടുത്ത് കോണ്‍ക്രീറ്റ് ബെഞ്ചില്‍ അങ്ങനെ പാതി നിവര്‍ന്ന് കിടന്നു.

ഉം.. വായിക്ക്. അവന്‍ പറഞ്ഞു.

ഞാന്‍ തല ചരിച്ച് പത്രം തൊടാതെ അന്നത്തെ പ്രധാനവാര്‍ത്ത വായിച്ചു. വിശദാംശങ്ങളൊന്നും എനിക്കോര്‍മ്മയില്ല. പക്ഷേ അതിന്റെ ഉള്ളടക്കം ഏതാണ്ട് ഇങ്ങനെയാണ്.

“പെണ്‍കുട്ടിക്ക് പതിനാറു വയസ്സു കഴിഞ്ഞതിനാലും,
ബന്ധം ഉഭയസമ്മതപ്രകാരമല്ല എന്നതിനു തെളിവുകളില്ലാത്തതിനാലും,
രക്ഷപ്പെടുവാന്‍ ലഭിച്ച നിരവധി അവസരങ്ങളിലൊന്നു പോലും ഉപയോഗപ്പെടുത്താതിരുന്നതിനാലും,
മുമ്പ് പ്രേമബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതിനും
വീടുവിട്ടു പോരുമ്പോള്‍ സാരിയും പണവും എടുത്തതിനും
സ്വര്‍ണ്ണം പണയം വച്ച് ഹോസ്റ്റല്‍ ഫീസ് ഒടുക്കി എന്നതിനും തെളിവുകളുള്ളതിനാലും,
പീഡിപ്പിച്ചെന്ന് ആരോപിക്കപ്പെടുന്ന മാന്യരെ കോടതി വെറുതെ വിടുന്നു.”

നിങ്ങള്‍ക്കാ കേസറിയാമല്ലോ? മന്ത്രിയുമായി ബന്ധപ്പെട്ട.. അതെ.. അതുതന്നെ.

എനിക്കാ വാര്‍ത്ത വലിയ ഷോക്കായിരുന്നു കേട്ടോ. ഞങ്ങളും കോളേജില്‍ ഇതുമായി ബന്ധപ്പെട്ട് സമരമൊക്കെ നടത്തിയിരുന്നതല്ലേ.

അവന്‍, ആ രാജു അന്നെന്താണുദ്ദേശ്ശിച്ചതെന്ന് ഇപ്പോഴും എനിക്കറിയില്ല. ചിലപ്പോള്‍ ഒന്നും ഉദ്ദേശ്ശിക്കാതെ വെറുതെ പത്രമെറിഞ്ഞ് തന്നതാവാം. അല്ലെങ്കില്‍ ഞാന്‍ ചെയ്തതാണോ പെണ്‍കുട്ടിക്ക് സ്വഭാവദൂഷ്യമാരോപിച്ച് കുറ്റവാളികളെ വെറുതെവിട്ട കോടതി ചെയ്തതാണോ കൂടുതല്‍ വൃത്തികേട് എന്ന് ചോദിച്ചതാവാം.
എന്തായാലും ഇരിട്ടിബസ്സ് വരുന്നത് വരെ ബസ്റ്റാന്റിലെ ബഹളങ്ങള്‍ക്ക് നടുവിലും ഞങ്ങള്‍ക്കിടയില്‍ ഒരസുഖകരമായ ഒരു നിശബ്ദത മാത്രമായിരുന്നു.. .. ..

ഹാ.. പറഞ്ഞു തുടങ്ങി കുറേ നേരമായല്ലേ, ഇനി നിര്‍ത്താം..
യാത്രക്കാരെ ബസ്റ്റാന്റില്‍ ചിന്തകളുമായി സ്വസ്ഥമായിരിക്കാന്‍ വിട്ട് നമുക്ക് കഥ ഇവിടെ അവസാനിപ്പിക്കാം..

അല്ലാ.. ശങ്കരേട്ടന്‍ എല്ലാം കേട്ടോണ്ട് നില്ക്കുകയാണല്ലേ.. ഇങ്ങോട്ട് വരണം..

അതിനിടയില്‍ എന്താ ചോദിച്ചത്.. ഇന്ന് ഏത് വാര്‍ത്ത കണ്ടപ്പോഴാണ് രാജുവിനെ ഓര്‍ത്തതെന്നോ? ഞാന്‍ മാത്രമല്ലല്ലോ, നിങ്ങളും പത്രം വായിച്ചതല്ലേ? ഒന്നൂഹിച്ചു നോക്കണം.
ഇന്നത്തെ പ്രധാനവാര്‍ത്തയോ? അതു ഞാന്‍ പറയില്ല, ഒന്നോര്‍ത്താല്‍ ഇനി ഒന്നും പറയാതിരിക്കുന്നതാണ് നല്ലത്. നിങ്ങള്‍ ഓരോരുത്തരുടേയും ഇഷ്ടം പോലെ പൂരിപ്പിച്ചോളൂ..

ശങ്കരേട്ടാ.. എനിക്കിതാണ് ഇഷ്ടപ്പെടാത്തത്.. അവിടെ ലീലേച്ചിയുടടുത്ത് അങ്ങനെ കറങ്ങി കറങ്ങി നില്‍ക്കാതെ മുന്നോട്ടു വാന്നേ, കഥകളൊക്കെ കഴിഞ്ഞു, ഇനിയെങ്കിലും കാര്യത്തിലേക്ക് കടക്കണ്ടേ..

Facebooktwitterredditpinterestlinkedinmailby feather

1 Comment on “പൊട്ടന്‍പ്ലാവില്‍ നിന്ന് കുടിയാന്മല വഴി തളിപ്പറമ്പിലേക്ക്

  1. Great! I saw it only today. Saved all the seven stories I found to read later at convenience. Will write about them later. Any way, Congratulations. I cannot but appreciate your resourcefulness!