#Oru nuNa കഥ

“തറവാടിന്റെ തൊടിയിലേക്കിറങ്ങി നോക്കിയാല്‍ കണ്ണെത്താദൂരത്ത് കൊയ്യാറായ പാടം അതിനുമപ്പുറം കാഴ്ചക്ക് അതിര്‍ത്തികുറിച്ച് റെയില്‍വേപാളം. പാടത്തിന്റെ ഇങ്ങേക്കരയില്‍ ഓണത്തിന് ഊഞ്ഞാല്‍ കെട്ടിയിരുന്ന മാനത്തോളം കിളരമുള്ള മാവും മറ്റു മരങ്ങളും.. ഇതിനിടയിലൂടെ നെല്‍ച്ചെടികളില്‍ ഒരു ഓളമായി വീശിയതിന്റെ  സുഗന്ധവും പേറി ഇളം തെന്നല്‍ എന്റെ ചെവിയില്‍ മന്ത്രിക്കുന്നു..
മോനെന്നെ ഓര്‍ക്കുന്നുണ്ടോ..
എന്നെ ഞാനാക്കിയ ഗ്രാമത്തെ എങ്ങനെ മറക്കാന്‍ , ഒരിക്കലുമില്ല.. എന്റെ ശരീരത്തിന്റെ ഓരോ അണുവിലും ഇവിടത്തെ കാറ്റുണ്ട്, മണമുണ്ട്, പൂവിന്റെ സുഗന്ധമുണ്ട്, നാടിന്റെ നന്മയുണ്ട്.. വാല്യക്കാരന്‍ ശങ്കുണ്ണി പറഞ്ഞുതന്ന കഥകളുണ്ട്.. ലോകത്തിലേതു കോണില്‍ പോയാലും ഒരു കെടാനാളമായി ഈ ഗ്രാമത്തിന്റെ ഓര്‍മ്മ എന്നും എന്റെ ഉള്ളിലുണ്ടാവും .. # Feeling ഗൃഹാതുരത്വം”

ഐഫോണിലെടുത്ത പാടത്തിന്റെ ചിത്രം സഹിതം സംഗതി ഫേസ്ബുക്കില്‍ അപ്ഡേറ്റ് ചെയ്തു..

കുട്ടി ഏതു ശങ്കുണ്ണിയുടെ കാര്യമാണ് പറയുന്നത്… ജംഗ്ഷനില്‍ ചായക്കട നടത്തുന്ന ശങ്കുണ്ണിയാണോ?

പിറകില്‍ ശബ്ദം കേട്ടു പേടിച്ചു തിരിഞ്ഞുനോക്കി.. വീട്ടിലെ വേലക്കാരിയാണ്..

ആന്റിക്കു ഞങ്ങളിവിടെ താമസിച്ചിരുന്ന കാലം ഓര്‍മ്മയുണ്ടോ ?

പിന്നേ.. പത്തു പതിനെട്ടു കൊല്ലം മുമ്പല്ലേ.. കുട്ടിക്കു ആറുമാസം ഉള്ളപ്പോഴല്ലേ നിങ്ങളിവിടുന്നു പോയത്. അന്നത്തെ ഇള്ളക്കുഞ്ഞിനെ പിന്നെ ഇപ്പൊഴാ ഒന്നു കാണുന്നെ..

ഉം.. നേരത്തേ വരണമായിരുന്നു.. അവന്‍ ആലോചനയിലാണ്ടു..

ആന്റി ഒരു ടീസ്റ്റാളിന്റെ കാര്യം പറഞ്ഞില്ലേ.. ശങ്കുണ്ണിയുടെ.. എനിക്കു വഴി ഒന്നു പറഞ്ഞുതരാമോ..

ദേ, അച്ഛനുമമ്മയും അവിടെ പോകാന്‍ തയ്യാറെടുക്കുകയാ.. ഇതിനിടയില്‍ അങ്ങോട്ടുമിങ്ങോട്ടും പോയി വൈകിയാലുണ്ടല്ലോ ആകെ പ്രശ്നമാകും..

ആന്റി.. പ്ലീസ് പ്ലീസ്.. ആരോടും പറയണ്ട.. ഞാന്‍ പെട്ടെന്നു പോയെത്താം..

ആ വലതുവശത്തു കാണുന്ന വഴിയെ പോയാല്‍ മതി. അമ്പലക്കുളം കഴിഞ്ഞാലുടനുള്ള മുക്കില്‍ . ശങ്കുണ്ണിക്കു മാത്രമേ അവിടെ ചായക്കടയുള്ളൂ.  ചായകുടിച്ചു വേഗം വരണം. ഞാന്‍ കുട്ടിയുടെ അമ്മയെ സാധനങ്ങള്‍ എടുത്തുവയ്ക്കാന്‍ ഒന്നു സഹായിക്കട്ടെ..

താങ്ക്സ് ആന്റി.. ഞാനിപ്പോ പോയിട്ടുവരാം. ആരോടും ഒന്നും പറയരുതേ..

“ഒരുവട്ടം കൂടി ഞാനോടിക്കളിച്ച നാട്ടിടവഴികളിലൂടെ… മുത്തശ്ശന്‍ വാങ്ങിതരുമായിരുന്ന തേനിന്റെ രുചിയുള്ള പലഹാരങ്ങള്‍ ഒന്നുകൂടി നണയാന്‍ നാരയണേട്ടന്റെ ചായക്കടയിലേക്ക്.. കൈപിടിച്ചു നടത്താന്‍ പക്ഷേ മുത്തശ്ശനില്ലല്ലോ.. #Feeling അടിപൊളി & വിഷമം”
ഫേസ്ബുക്കില്‍ ഒരു അപ്ഡേറ്റു കൂടി.

വഴിയില്‍ വിശാലമായ അമ്പലക്കുളം. കുളിക്കടവുകള്‍ അപ്പുറത്തെ ഭാഗത്താണ്. രണ്ടു കടവുകളിലായി ആണുങ്ങളും പെണ്ണുങ്ങളും കുളിക്കുന്ന അസുലഭ ദൃശ്യം. കുളത്തിലേക്കു ചാഞ്ഞുനില്‍‌ക്കുന്ന തെങ്ങില്‍ വലിഞ്ഞുകയറി ചിത്രങ്ങള്‍ എടുത്തു തുടങ്ങി..

ഫോണിന്റെ എല്‍ ഇ ഡി ഫ്ലാഷ് കണ്ടിട്ട് പെണ്‍കുട്ടികള്‍ ഇങ്ങോട്ടു വിരല്‍ ചൂണ്ടുന്നു. ആരൊക്കെയോ അട്ടഹസിക്കുന്നു. കരുത്തരായ ചെറുപ്പക്കാര്‍ ഇക്കരക്കു നീന്തുന്നു.. അപകടം!

ധൃതിയില്‍ മരത്തില്‍ നിന്നൂര്‍ന്നിറങ്ങി. കാല്‍ വഴുതി മുട്ടോളമുള്ള വെള്ളത്തില്‍ വീണു. കരക്കു വലിഞ്ഞുകയറി തിരിഞ്ഞു നോക്കാതെ സര്‍വ്വ ശക്തിയുമെടുത്തോടി. വീടിനു മുന്നിലെ പടിപ്പുരയുടെ മൂലക്കൊളിച്ചിരുന്ന് കിതപ്പാറ്റി. ആരെയും കാണുന്നില്ല..

ഫോണിലെ ചിത്രങ്ങള്‍ക്കു നല്ല തെളിച്ചമുണ്ട്. പേടിച്ചോടിയതുകൊണ്ടാവണം സാഹിത്യം വരുന്നില്ല. കുറച്ച്  കാക്കാം, വന്നിട്ട്  അതും ചേര്‍ത്തു ഫേസ്ബുക്കില്‍ പോസ്റ്റുചെയ്യാം..

മുറ്റത്ത് അമ്മ കാറില്‍ സാധനങ്ങള്‍ നിറച്ചുകഴിഞ്ഞിരിക്കുന്നു..

മോനെവിടെ പോയതാ. ജീന്‍സെങ്ങിനെയാ നനഞ്ഞത്.

അതമ്മേ ആ കുളത്തില്‍ ഒരു സ്മാള്‍ കിറ്റി. നീന്താന്‍ പറ്റാതെ സ്ട്രഗ്ഗിള്‍ ചെയ്യുന്നു. ഞാനതിനെ ഹെല്‍പ്പ് ചെയ്തപ്പോള്‍ നനഞ്ഞതാ.

ഓഹ് ഡിയര്‍… ഹൌ സ്വീറ്റ് ആര്‍ യൂ. കൂടിനില്‍ക്കുന്ന ബന്ധു ജനങ്ങള്‍ക്കിടയില്‍ അമ്മ അഭിമാനത്താല്‍ പുളകം കൊണ്ടു.

ശരി.. ശരി.. നിന്റെ ബാഗെടുത്തു വേഗം ഡ്രസ്സ് മാറൂ.. നമുക്കിറങ്ങാം..

അല്പം കഴിഞ്ഞു. വാഹനം തറവാടു വിട്ട് ചെളിറോഡിലൂടെ എയര്‍പോര്‍ട്ടിലേക്കു നീങ്ങി…

“എന്റെ നാടേ ഞാന്‍ പോവുന്നു.. ഒറ്റയ്ക്കല്ല.. ഈ പച്ചപ്പും, ചാറല്‍ മഴയും, നല്ല ഓര്‍മ്മകളും എന്നും എന്റെ മനസ്സിലുണ്ടാവും .. എന്നെ തിരിച്ചറിഞ്ഞു പല്ലില്ലാത്ത മോണകാട്ടി ചിരിച്ചു സംസാരിച്ച ശങ്കുണ്ണിക്കും.. തേന്‍പുരണ്ട പലഹാരങ്ങള്‍ നിര്‍ബന്ധിച്ചൂട്ടിയ നാരായണേട്ടനും നന്ദി.. പോറ്റമ്മയെക്കാള്‍ എനിക്കെന്നും പ്രിയപ്പെട്ടത് എന്റെ പെറ്റമ്മ തന്നെ… #Feeling വിഷമം & വിഷമം only “

Facebooktwitterredditpinterestlinkedinmailby feather