സ്വാമിയും പെണ്‍മക്കളും

കൂപ്പുകൈകളുമായ് ബലിവട്ടത്തില്‍ നിന്ന് ഗര്‍ഭഗൃഹത്തിലെ അരണ്ടവെളിച്ചത്തിലേക്ക് നോക്കി അനന്തശയനനോട് ആവലാതികളൊക്കെ പറഞ്ഞ് തിരികെയെത്തിയപ്പോഴേക്കും വൈകിയിരുന്നു. തെരുവില്‍ കോലപ്പൊടിയില്‍ വരച്ചുണ്ടാക്കിയ രൂപങ്ങള്‍ ആസ്വദിച്ച്, പരിചയക്കാരോട് മിണ്ടി സൈക്കിളുമുരുട്ടിയാണ് സാധാരണ ജോലിക്കു പോകുക. ഇനി വേഗത്തില്‍ ചവിട്ടിയാല്‍ പോലും സമയത്തിന് സ്റ്റേഷനിലെത്താന്‍ കഴിയുമെന്നു തോന്നുന്നില്ല.

കുറച്ച് ദൂരം സൈക്കിള്‍ ചവിട്ടിയപ്പോള്‍ തന്നെ ചെറുതായി കിതച്ചു തുടങ്ങി. മനസ്സിനും ശരീരത്തിനും പഴയ കരുത്തൊന്നുമില്ല. സ്വാമി സവാരി പതിയെയാക്കി.

ബസ്റ്റാന്റിനു പരിസരത്ത് ഷംസു ഒരു സ്ത്രീയുടെ പിന്നില്‍ പതുങ്ങി നില്‍ക്കുന്നു. കണ്ടിട്ടില്ല എന്ന ഭാവിച്ച് എതിര്‍ ദിശയില്‍ നോക്കി. അവിടെ മണ്ഡപത്തില്‍ അര്‍ദ്ധനഗ്നനായ ഫക്കീര്‍ വടിയും കുത്തി മുന്നോട്ടായുന്നു. തിടുക്കപ്പെട്ട് കണ്ണുകള്‍ അവിടെ നിന്ന് തിരിച്ചു.
ജോസഫ് വഴി ഷംസുവിന്റെ കയ്യില്‍ നിന്ന് കുറച്ച് രൂപ വാങ്ങിയിട്ടുണ്ട്. വൈകുണ്ഠത്തില്‍ അവനുള്ള ശിക്ഷയുടെ കൂനയില്‍ നിന്നൊരു വലിയ പങ്ക് മാറ്റിവച്ചിട്ടുണ്ടാവും. മകളുടെ ജീവിതത്തെ ബാധിക്കുന്ന കാര്യമാകുമ്പോള്‍ പാപപുണ്യങ്ങള്‍ ആലോചിച്ചിരിക്കാനൊക്കില്ലല്ലോ. കാശ് തിരികെ കൊടുക്കുമ്പോള്‍ പാപത്തിന്റെ വിഹിതം തിരിച്ചെടുക്കുമോ ആവോ..

മകള്‍ ഇന്നലെ വരെ വീട്ടിലുണ്ടായിരുന്നു. അച്ഛന്റെയടുത്തു നില്ക്കാനുള്ള ആഗ്രഹത്തെ കളിയാക്കി, ചരക്കെടുക്കാന്‍ കോയമ്പത്തൂര് പോകുന്ന വഴി മകളെ ഭര്‍ത്താവ് വിട്ടിട്ട് പോയി. കുറെ നാളുകൂടി കാണുന്നതില്‍ സ്വാമിക്കും സന്തോഷമായി. ഒറ്റക്ക് താമസിച്ച് വല്ലാതെ മടുത്തിരുന്നു. ഒന്നു രണ്ട് ദിവസം കഴിഞ്ഞാണ് ശരിക്കുള്ളതറിഞ്ഞത്. ആരും കോയമ്പത്തൂര് പോയിട്ടില്ല. വരദക്ഷിണ പറഞ്ഞിരുന്ന ടു-വീലറിന്റെ കാര്യം തീരുമാനമാകാന്‍ അവളെ തിരികെക്കൊണ്ടാക്കിയതാണ്.

ഏതെങ്കിലും വാഹനം പോരാ. ബ്രാന്‍ഡിന്റെ പേരും അധികമായി വേണ്ട അലങ്കാരങ്ങളുടെ പട്ടികയും മകളെ ഏല്‍പ്പിച്ചിട്ടുണ്ട്. ടിവി പരസ്യത്തില്‍ കാട്ടുപോത്തിനെ പോല്‍ മുക്കറയിടുന്ന കറുത്ത വണ്ടി.
സാവകാശം നല്കാമെന്നു സമ്മതിച്ചിരുന്നതാണല്ലോ. പിന്നെന്താ ഇങ്ങനെ.. ആലോചിച്ചിട്ടൊരു മാര്‍ഗ്ഗവും കാണുന്നില്ല.
മാസം വാടകയും പലിശയും നല്‍കണ്ടെന്നു കരുതിയാലും കയ്യിലുള്ളതും കൂട്ടി ഒന്നിനും തെകയില്ല. പുറത്താരോടും വീട്ടു കാര്യങ്ങള്‍ പറഞ്ഞ് ശീലമില്ല. വല്ലതും മിണ്ടിയാലും അത് കൂടെ ജോലിചെയ്യുന്ന ജോസഫിനോടാണ്. പുറത്തു കാണിക്കാറില്ലെന്നേയുള്ളൂ, എല്ലാവരെയും പോലെ അവനും കഷ്ടപ്പാടിലാണ്.

അവസാനം ജോസഫ് തന്നെ രംഗത്തിറങ്ങി. ഇന്‍സ്പെക്ടറോടു കാര്യം അവതരിപ്പിച്ചു. നല്ലവനാണ്, പതിനായിരം തന്നു..
മറ്റെല്ലാവരുടേയും പൊട്ടുപൊടിയും ചേര്‍ത്ത് ഒരു പതിനായിരം കൂടി. എന്നാലും വേണ്ടതിന്റെ പകുതിപോലുമായിട്ടില്ല. ഷംസു പലിശക്കു പണം കൊടുക്കാറുണ്ടെന്ന് ആരോ പറഞ്ഞു. പോലീസിനാണെങ്കില്‍ കുറഞ്ഞ പലിശ! മകള്‍ വീട്ടില്‍ നിന്നുപോയാലും അത് വേണ്ടെന്നു പറഞ്ഞു. മാല പൊട്ടിച്ചകേസില്‍ ഒരിക്കല്‍ അറസ്റ്റു ചെയ്തവനാണ്.
പിന്നാലോചിച്ചപ്പോള്‍ മരുമകനെക്കാള്‍ ഇവന്‍ ഭേദമാണല്ലോ എന്നു തോന്നി.
ജോസഫ് കാശ് കൊണ്ട് തന്നപ്പോള്‍ കണ്ണുകള്‍ അറിയാതെ ചുവരിലെ പൊടിപിടിച്ച ചിത്രത്തിലേക്ക് ചെന്നു. എന്തൊക്കെ കാഴ്ചകള്‍ പാവം കണ്ടിരിക്കും. കാലം കഴിയുതോറും മുമ്പ് നിഷ്കളങ്കമെന്ന് തോന്നിയ മന്ദഹാസം ഒരു ദയനീയമായ നിലവിളിയെ ഓര്‍മ്മിപ്പിക്കുന്നു.

സ്റ്റേഷനിലെത്തി, ഷെഡ്ഡില്‍ സൈക്കിള്‍ വച്ച് സ്റ്റേഷനിലേക്കു നടന്നു. ലാത്തി കൂടെയുണ്ടെങ്കിലും ആള് സാധുവാണ്. പോലീസുകാര്‍ ഇങ്ങനെ പാവമാവരുതെന്നു കൂടെയുള്ളവര്‍ എപ്പോഴും പറയും.
വയറ്റുപിഴപ്പിനെ കരുതി മാത്രം ഡിപ്പാര്‍ട്ട്മെന്റില്‍ കയറിയതാണ്. ഒരാളോടും ഇതുവരെ കയര്‍ത്ത് സംസാരിച്ചിട്ടില്ല. കൂടെയുള്ളവര്‍ ആരെയെങ്കിലും ശകാരിക്കാന്‍ തുടങ്ങുമ്പോള്‍ കഴിയുമെങ്കില്‍ സ്ഥലം വിടുന്നതാണ് പതിവ്.

സ്റ്റേഷന് പുറത്ത് രാവിലെ തന്നെ ആള്‍ക്കൂട്ടം. ഇതിപ്പോള്‍ സ്ഥിരം കാഴ്ചയാണ്. പീഡനങ്ങള്‍ക്കും തട്ടിപ്പുകള്‍ക്കും നാട്ടില്‍ പഞ്ഞമില്ലാത്തിടത്തോളം ഇത് തുടരും.

“പീഡനമാണോ എന്നു ചോദിച്ചാല്‍ അതെ എന്ന് തീര്‍ത്തു പറയാനൊക്കില്ല. ഒരാള്‍ കുറെനേരമായി പിന്തുടരുന്നെന്ന് സംശയം തോന്നിയപ്പോള്‍ ദേ അവിടിരിക്കുന്ന പെണ്‍കുട്ടി വിവരം ഏതോ ആട്ടോക്കാരന്റടുത്ത് പറഞ്ഞു. വളഞ്ഞു പിടികൂടി ചോദിച്ചപ്പോള്‍ ഒരു പിശക് ലക്ഷണം. അങ്ങനെയെല്ലാരും ഒരു കൊച്ചു ജാഥയായി അവനെ ഇങ്ങ് കൊണ്ടു വന്നു. ഇവരെല്ലാം ജാഥാംഗങ്ങള്‍, ആ കാക്കി ഷര്‍ട്ടിട്ടവന്‍ ക്യാപ്റ്റ്യന്‍. പ്രതി ഇന്‍സ്പെക്ടറുടെ മുറിയില്‍. വേഗം ചെന്നാട്ടെ, സ്വാമിയെ തിരക്കുന്നുണ്ടായിരുന്നു.” ഗാര്‍ഡ് സംശയം തീര്‍ത്തു.

സ്റ്റേഷനകത്ത് അധികം പേരില്ല. ഷംസുവിന്റെ ചിലകൂട്ടുകാര്‍ മൂലയില്‍ നിലത്തിരിക്കുന്നു. പട്രോളിംഗിനു പോയവര്‍ പൊക്കിയതാവണം. പെണ്‍കുട്ടി സ്വാമിയുടെ മേശക്കുമുന്നിലെ കസേരയില്‍.
ക്യാബിനകത്തു കയറി ഇന്‍സ്പെക്ടറെ സല്യൂട്ട് ചെയ്തു. പെണ്‍കുട്ടിയുടെ മൊഴിയെടുക്കാനാണ് സ്വാമിയെ തിരക്കിയത്. പുറത്തു വന്ന് മേശയിലെ ഫയലടുക്കില്‍ നിന്നും കടലാസ്സുകള്‍ ക്ലിപ്പ് ചെയ്ത് വച്ചിരുന്ന കാര്‍ഡ്ബോര്‍ഡ് എടുത്ത് സ്വാമി കസേരയിലിരുന്നു. പെണ്‍കുട്ടിയെ സൂക്ഷിച്ചു നോക്കി.

വളരെ ചെറുപ്പം, മകളുടെ പ്രായമേ കാണൂ. മുഖം വിഷമം കൊണ്ട് ഇരുണ്ടിരിക്കുന്നു. എന്തിനീ കുട്ടികളെ ലോകം ക്രൂരതകള്‍ കാട്ടി വിഷമിപ്പിക്കുന്നു? സ്വാമിക്ക് അവളോട് വല്ലാത്ത വാത്സല്യം തോന്നി.

പെണ്‍കുട്ടി ഉദ്യോഗസ്ഥയാണ്. ഭര്‍ത്താവിന് ബിസിനസ്സ്. രാവിലെ വീട്ടിനടുത്തുള്ള സ്റ്റോപ്പുമുതല്‍ ഇയാള്‍ പിന്തുടരുന്നുണ്ട്. ഇല്ല, ഇതിനു മുമ്പിങ്ങനെ ഉണ്ടായിട്ടില്ല. ഇയാളെ ജീവിതത്തില്‍ ആദ്യമായാണ് കാണുന്നത്.
മഞ്ഞപടര്‍ന്നു തുടങ്ങിയ കടലാസ്സില്‍ സ്വാമി കേട്ടതെല്ലാം എഴുതി വച്ചു.

ജോസഫ് പ്രതിയുടെ മൊബൈലും പരിശോധിച്ചു കൊണ്ട് ക്യാബിനില്‍ നിന്നിറങ്ങി അടക്കിപ്പിടിച്ച സ്വരത്തില്‍ പറഞ്ഞു.
“സംഭവം റാക്കറ്റാണെന്നു തോന്നുന്നു. ഇവന്‍ പിടിയിലായെന്നറിഞ്ഞുകാണും. കുറച്ചു മുമ്പ് വിളിച്ചവരുടെ ഫോണ്‍ പോലും ഇപ്പോള്‍ സ്വിച്ച് ഓഫാണ്.”

ഇന്‍സ്പെക്ടറും പുറത്തേക്കു വന്നു.
“ജോസഫേ അവന്റെ മൊഴിയെടുത്ത് അകത്തെ രജിസ്റ്ററില്‍ ഒപ്പു വയ്പ്പിക്കണമല്ലോ.”

“ശരി സാര്‍ ..” ജോസഫ് പ്രതിയെ വിളിച്ച് സ്റ്റേഷനുള്ളിലേക്ക് പോയി.

മൂലക്കിരുന്ന കക്ഷികള്‍ ശബ്ദമുണ്ടാക്കാതെ ചിരിച്ചു. സ്വാമി എണീറ്റ് മെല്ലെ പുറത്തേക്കു നടന്നു. അകത്തെ രജിസ്റ്ററിലൊപ്പു വയ്ക്കുക എന്നത് രഹസ്യ വാക്കാണ്. മര്യാദയ്ക്ക് ചോദിച്ചാല്‍ മറുപടി പറയാത്തവരെക്കൊണ്ട് സത്യം പറയിക്കുന്നതിനുള്ള മാര്‍ഗ്ഗം. ശബ്ദം പുറത്തു കേള്‍ക്കാത്ത ഒരു മുറിയുണ്ട് അകത്ത്. ജോസഫാണ് ഇതിലെ വിദഗ്ദന്‍ .

പുറത്തിറങ്ങി മുറ്റത്തെ മാതളനാരകത്തില്‍ പുതിയ പൂക്കളേതെങ്കിലുമുണ്ടോയെന്നു നോക്കി സ്റ്റേഷന്‍ ചുറ്റി വന്നപ്പോഴേക്കും പ്രതി രജിസ്റ്ററില്‍ ഒപ്പു വച്ച വേദനയില്‍ അടിവയറും തടവി പുറത്തിറങ്ങിയിരുന്നു.
വീണ്ടും ഇന്‍സ്പെക്ടറുടെ മുറിയിലേക്ക്.. ഇനി അവന്‍ സത്യം പറയുമായിരിക്കും.

വിവരം വിളിച്ചറിയിക്കണ്ടേ? സ്വാമി പെണ്‍കുട്ടിയുടെ വീട്ടിലെ നമ്പര്‍ വാങ്ങി. അവളുടെ കൂടെവന്നവര്‍ ഓരോന്നായി പോയ് തുടങ്ങിയിരുന്നു.

ജോസഫ് പ്രതിയെ പുറത്ത് കൊണ്ട് വന്ന് മൂലയില്‍ തള്ളി. കുനിയാന്‍ കഴിയാതെ ചുവരില്‍ താങ്ങി അവന്‍ പതിയെ നിലത്തിരുന്നു.

“സ്വാമിയെ അകത്തു വിളിക്കുന്നു..” ജോസഫ് പറഞ്ഞു.

സ്വാമി അകത്തേക്കു ചെന്നു ഇന്‍സ്പെക്ടറെ ചോദ്യഭാവത്തില്‍ നോക്കി.
“സ്വാമി ആ കുട്ടിയുടെ ഭര്‍ത്താവിനെ വിളിച്ചു പറഞ്ഞോ?” ഇന്‍സ്പെക്ടര്‍ ചോദിച്ചു.
“വിളിച്ചു സാര്‍, അയാള്‍ കുറച്ചു ദൂരെയാണ്, കുട്ടിയുടെ അച്ഛനെ ഇങ്ങോട്ടു വിടാമെന്നു പറഞ്ഞിട്ടുണ്ട്.”
“അല്പം കുഴഞ്ഞ കേസ്സാണ് സ്വാമി. വിളിച്ച് താ.. ഞാന്‍ സംസാരിക്കാം..”

നമ്പര്‍ ഡയല്‍ ചെയ്തു, അങ്ങേപ്പുറത്തു മണിയടിക്കാന്‍ തുടങ്ങിയപ്പോള്‍ ഫോണ്‍ എസ്ഐക്കു കൊടുത്തു.

“ഹലോ, ഇത് ഇന്‍സ്പെക്ടറാണ്. സംസാരമൊന്നും വേണ്ട. നിങ്ങള്‍ എവിടെയാ നില്‍ക്കുന്നതെന്നൊക്കെ അറിയാം. പ്രതി എല്ലാം സമ്മതിച്ചിട്ടുണ്ട്. നാണമില്ലല്ലോടോ, ഭാര്യയുടെ പരബന്ധങ്ങളറിയാന്‍ പിറകെ ആളെ വിടുക. ഛീ, ഉടനെ എത്തണം, അല്ലെങ്കില്‍ ഞങ്ങള്‍ക്ക് അങ്ങോട്ട് വരേണ്ടിവരും.. അറിയാമല്ലോ.. വരുത്താതിരുന്നാല്‍ കൊള്ളാം..”
വലിയ ശബ്ദത്തോടെ ഫോണ്‍ ക്രാഡിലില്‍ വച്ചു.

“സ്വാമീ.. അവരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കൂ. പറ്റുമെങ്കില്‍ ഇനി എന്തു ചെയ്യണമെന്ന് കൂടെ ചോദിക്കൂ..” ഇന്‍സ്പെക്ടര്‍ പറഞ്ഞു.
സാത്വികനായതിനായതിന്റെ കുഴപ്പം ഇതാണ്. വിഷമം പിടിച്ച കാര്യങ്ങളൊക്കെ ഇങ്ങനെ സ്വാമിയുടെ കയ്യിലാണ് വരുക.

ക്യാബിനു പുറത്തേക്കു നടക്കുമ്പോള്‍ മകളെകുറിച്ചുള്ള ചിന്തകള്‍ സ്വാമിയെ വേദനയായി വന്ന് പൊതിഞ്ഞു. ഭര്‍ത്താവിന്റെ വീട്ടിലേക്കില്ല എന്നു പറഞ്ഞ മകളെ സമാധാനിപ്പിക്കാന്‍‍ ശ്രമിച്ച നേരത്തെ അതേ മാനസികാവസ്ഥ. അവളുടെ ദു:ഖങ്ങള്‍, തേങ്ങി കരച്ചില്‍. സ്വാമിയുടെ മനസ്സിടറിത്തുടങ്ങി..

കസേരയിലിരുന്ന് മുഖം മുന്നോട്ടാച്ച് പതറിയ സ്വരത്തില്‍ സ്വാമി സംസാരിച്ചു. കേള്‍ക്കുംതോറും അവളുടെ വിഷാദം നിഴലിച്ച മുഖം കൂടുതല്‍ കൂടുതലിരുണ്ടു വന്നു. കണ്‍പോളകള്‍ തുറന്നടഞ്ഞു. ശ്വാസത്തിന്റെ വേഗം കൂടി.
“കുഞ്ഞേ ദയവു ചെയ്തു കരയരുത്. മകളെ പോലെ നീയും എന്നെ കരയിക്കരുത്” സ്വാമി മനസ്സുകൊണ്ട് കേണു.

നിമിഷങ്ങള്‍ നീണ്ട നിശബ്ദതക്കു ശേഷം ഒരിറ്റു കണ്ണുനീരുപോലും പൊഴിക്കാതെ അവള്‍ സംസാരിച്ചു. കരഞ്ഞ് കരഞ്ഞ് കണ്ണീര്‍ വറ്റിയതാണോ.. സ്വാമി അത്ഭുതപ്പെട്ടു.
“ചേട്ടന്‍ അറിയാതെ ചെയ്തതാകും. ദയവുണ്ടായി ആരെയും അറിയിക്കരുത്. വേണമെങ്കില്‍ ഞാന്‍ പരാതിയില്ലെന്നും എഴുതിത്തരാം.” മറുപടി അതിലേറെ അത്ഭുതം.

ലോക്കല്‍ നേതാവിന്റെ വിളിക്കു പിന്നാലെ ഭര്‍ത്താവും സ്റ്റേഷനില്‍ വന്നു.
താന്‍ ഒന്നും അറിഞ്ഞതല്ല. അറസ്റ്റിലായ ആള്‍ തന്റെ പണിക്കാരനാണ്, സമ്മതിക്കുന്നു. പക്ഷേ ചില ക്രമക്കേടുകള്‍ കണ്ട് പറഞ്ഞുവിടാന്‍ തുടങ്ങുകയായിരുന്നു. തന്നെയും കുടുംബത്തേയും കരിവാരി തേയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്..
നല്ലവണ്ണം ഗൃഹപാഠം ചെയ്താണ് അയാള്‍ വന്നിരിക്കുന്നത്.

“കേസൊന്നും വേണ്ട സാര്‍.. ഒന്നു വിരട്ടി വിട്ടാല്‍ മതി.. കുടുംബമൊക്കെ ഉള്ളവനല്ലേ.. ജയിലിലായാല്‍ അതിന്റെ പാപം കൂടി ഞങ്ങള്‍ക്കാകും.”
ഭാര്യയുടെ അടുത്തേക്കു ചേര്‍ന്നു നിന്നുകൊണ്ടയാള്‍ പറഞ്ഞു. ഇന്‍സ്പെക്ടര്‍ ദ്വേഷ്യം കൊണ്ടു പുകയുന്നതു സ്വാമിക്കു കാണാം. നേതാവിന്റെ വാക്കാണ് ഭര്‍ത്താവിനെ സംരക്ഷിക്കുന്നത്.
അല്ല, എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കില്‍ തന്നെ പെണ്‍കുട്ടിക്ക് പരാതിയില്ലല്ലോ. വിലാസം എഴുതി വാങ്ങി രണ്ടുപേരെയും പറഞ്ഞയക്കാന്‍ ഇന്‍സ്പെക്ടര്‍ നിര്‍ദ്ദേശ്ശിച്ചു.

സ്വാമി ചൂണ്ടിക്കാട്ടിയ ഇടങ്ങളില്‍ ഒപ്പിട്ട ശേഷം അയാള്‍ തലയുയര്‍ത്തി നോക്കി. മങ്ങിയ കണ്ണുകളില്‍ എന്തൊക്കെയോ ദുരൂഹതകള്‍ ഒളിഞ്ഞിരിക്കുന്നു. ഇടക്ക് അതില്‍ മിന്നിമറഞ്ഞ ഭാവം സ്വാമിക്കു പരിചിതമായിരുന്നു. പുതിയ ബൈക്കില്‍ മകളെയും കൊണ്ടു പോകുന്നതിനു മുമ്പ് മരുമകന്റെ കണ്ണില്‍ കണ്ടത്. പെണ്‍കുട്ടിയുടെ പ്രകാശം മങ്ങിയ മുഖത്ത് മകളിലുണ്ടായിരുന്ന അതേ ദൈന്യത, നിസ്സഹായത..

“ഒരു നിമിഷം..” തിരിഞ്ഞ് നടക്കാന്‍ തുടങ്ങിയ മാന്യനെ സ്വാമി തടഞ്ഞു.

“സാറിനെ അകത്തുള്ള രജിസ്റ്ററില്‍ ഒപ്പുവയ്പിച്ചില്ലല്ലോ? ജോസഫ് എന്താ മറന്നുപോയോ..?”

സ്വാമിയുടെ നാവില്‍ നിന്നും ഇങ്ങനെ ആദ്യമായാണ് കേള്‍ക്കുന്നത്, അപ്രതീക്ഷിതമായത് കേട്ട് ജോസഫ് അമ്പരന്നു.
“അതിനെന്താ സാറേ.. ഇതാ ചെയ്ത് കഴിഞ്ഞു” അമ്പരപ്പ് മാറിയതും ജോസഫ് പറഞ്ഞു.

സ്റ്റേഷനിലെല്ലാവരും, ഷംസുവിന്റെ കൂട്ടുകാരുള്‍പ്പടെ സ്വാമിയെ അത്ഭുതത്തോടെ നോക്കി. ഇന്‍സ്പെക്ടറാകട്ടെ ഒന്നും കേട്ടില്ല എന്ന മട്ടില്‍ തിരിഞ്ഞുനടന്നു.
ഭര്‍ത്താവിനെ അകത്തേക്കു കൊണ്ടു പോയി.
ശീലം കൊണ്ടു പുറത്തേക്കിറങ്ങാന്‍ തുടങ്ങിയ സ്വാമി ഒന്നാലോചിച്ച ശേഷം തന്റെ കസേരയില്‍ ഇരുന്നു. കണ്ണുകള്‍ അറിയാതെ ചുവരിലെ ഗാന്ധിചിത്രത്തില്‍ തന്നെ തറഞ്ഞു.
“എന്താ ഇതുകൊണ്ട് എല്ലാറ്റിനും പരിഹാരമാവുമോ?” ഗാന്ധി ചിത്രത്തിന്റെ ചോദ്യത്തിന് മുന്നില്‍ സ്വാമിയുടെ ഉള്ളം തേങ്ങിക്കരയാന്‍ തുടങ്ങി.

Facebooktwitterredditpinterestlinkedinmailby feather