കോയ പറഞ്ഞ സിനിമാക്കഥ

അസ്വസ്ഥതയുടെ വെയില്‍ച്ചൂടില്‍ പൊരിഞ്ഞമനസ്സുമായി ട്യൂഷന്‍ സെന്ററിന്റെ ഓഫീസ് മുറിയിലിരിക്കുകയായിരുന്നു. ഓലപ്പുരയുടെ വാതില്‍ക്കല്‍ തെരഞ്ഞ് വന്ന ആളെക്കണ്ട് ചാടിയെണീറ്റു.

വരണം, ഇരിക്കണം, എനിക്കൊരു തിരക്കുമില്ല.. അടുത്ത പിരീഡ് വരെ ഫ്രീയാ..
അതിഥിയെ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു. ഉപചാരങ്ങള്‍ ഹ്രസ്വമായിക്കഴിച്ച് നേരെ വിഷയത്തിലേക്ക് കടന്നു.

സുനിയുടെ ഡോക്യുഫിക്ഷന്‍ കണ്ടായിരുന്നോ? അത് നമ്മുടെ കോയയുടെ കഥയാണ്. അതേന്നേ, ചുമട്ടുകാരന്‍ കോയ. എന്നാല്‍ ടൈറ്റിലില്‍ കോയയുടെ പേര് വച്ചിട്ടുണ്ടോ?.. ഇല്ലാ.
കള്ളത്തരമല്ലേ? കോയയെങ്ങാനും ഒരു കേസ് കൊടുത്താല്‍ ഈ അവാര്‍ഡും ആഘോഷവുമൊക്കെ അന്ന് തീരും.

കഴിഞ്ഞ സംഭവങ്ങള്‍ കാലത്തിന്റെ തിരശ്ശീലയില്‍ അയാള്‍ വാക്കുകള്‍ കൊണ്ട് പകര്‍ത്തി. അതിഥി സാകൂതം കേട്ടു.

ഈ സാധനം ഇറങ്ങുന്നതിന് വളരെ മുമ്പ്, ഞങ്ങള്‍ കുറെ പേര്‍ ചുറ്റിയിരിക്കുമ്പോ കോയ പറഞ്ഞതാണ് ഈ കഥ. അന്ന് ഞാന്‍ മാത്രമല്ല, ജസ്റ്റിനും സുരേഷും ഒക്കെ കൂടെയുണ്ടായിരുന്നു. കോയ കഥ പറഞ്ഞതിന് ഞാന്‍ എന്തെല്ലാം പഴി കേട്ടതാണെന്നറിയാമോ. കരുതിക്കൂട്ടി കോയയെ വിളിച്ച് വരുത്തി സുനിക്കൊരു പണികൊടുത്തതാണെന്ന് ജസ്റ്റിന്‍ പോലും പറഞ്ഞു. സുനിയോട് എനിക്ക് അസൂയയാണെന്ന്.
എന്തിന് അസൂയ?
അവനെക്കാള്‍ നന്നായിട്ട് എഴുതുന്നത് ഞാനാണെന്ന് എല്ലാവര്‍ക്കും അറിയാം. സംശയമുള്ളവര്‍ക്ക് പഴയ സര്‍ട്ടിഫിക്കറ്റ് എടുത്ത് കാണിച്ച് തരാം.
അച്ഛന് കാശുള്ളത് കൊണ്ട് അവന്‍ ചെന്നൈയില്‍ പഠിക്കാന്‍ പോയി. എന്റെ വിധി, ഈ ട്യൂഷന്‍ സെന്ററില് കമ്പ്യൂട്ടറും കണക്കും പഠിപ്പിക്കുന്നു.
സുനി സിനിമ പഠിക്കാന്‍ പോയി ആദ്യ അവധിക്ക് വന്നപ്പോഴാണ് ഈ സംഭവം.

അവന്‍ എന്നെ തുടരെ തുടരെ ഫോണ്‍ വിളിക്കുന്നു.
നീയെന്താ ജംഗഷനില്‍ വരാത്തെ?
തിരക്കാണെന്നെങ്ങാനും പറഞ്ഞാല്‍
ഹൊ.. അങ്ങ് ദൂരെ ചെന്നൈയില്‍ നിന്ന് ഞാന്‍ വന്നിരിക്കുന്നു.. നിനക്കൊരു അരക്കിലോമീറ്റര്‍ വരാന്‍ തിരക്ക്, കൊള്ളാം..

നാട്ടിലുള്ളവര്‍ പണിയില്ലാതെ നില്ക്കുന്നെന്നാണ് അവധിക്ക് വരുന്നവരുടെ വിചാരം. എന്തെങ്കിലും ആയ്ക്കൊട്ടെ. പിറ്റേന്ന് ഞാനും പോയി.

സുനിയും ജസ്റ്റിനും സുരേഷും പഴയ ബസ്റ്റോപ്പിലുണ്ട്. നാരയണേട്ടന്റെയവിടുന്ന് എനിക്കും കട്ടന്‍ പറഞ്ഞു. ഓരോരോ കാര്യങ്ങള്‍ പറഞ്ഞ് പറ‍ഞ്ഞ് സംസാരം ചെന്നൈയിലെ സിനിമാപഠനത്തില്‍ എത്തി.
ടാ.. അവിടെയെന്തൊക്കെയാ പഠിപ്പിക്കുന്നെ. സുരേഷ് ചോദിച്ചു.
ഒത്തിരി പഠിക്കാനുണ്ടെടാ കുറസോവ പസോളിനി തുടങ്ങിയവരുടെ സിനിമകള്‍.. ആധുനിക സാങ്കേതിക വിദ്യകള്‍, ക്രിയേറ്റീവ് റൈറ്റിംഗ്..
കേട്ടപ്പോള്‍ എനിക്ക് സുനിയോട് അല്പം അസൂയ തോന്നി.

റൈറ്റിംഗിനെ പറ്റി എന്താ പഠിപ്പിക്കുന്നെ? ഭാവഭേദം അറിയിക്കാതെ ഞാന്‍ ചോദിച്ചു.
കൂടുതലും വര്‍ക്ക്ഷോപ്പുകളാ.. പിന്നെ എക്സര്‍സൈസും.
എന്ത് എക്സര്‍സൈസ്..
പ്ലോട്ട് ഡെവലപ്മെന്റ്, ഗ്രൂപ്പ് സ്റ്റോറി സെഷന്‍..
പ്ലോട്ട് ഡെവലപ്മെന്റ് എന്താണെന്ന് എനിക്ക് മനസ്സിലായി.
ഗ്രൂപ്പ് സ്റ്റോറി സെഷന്‍ എന്ന് വച്ചാല്‍.. സുരേഷ് എനിക്ക് മുമ്പേ ചോദിച്ചു.
കുറച്ച് പേര്‍ ചേര്‍ന്ന് ഒരു കഥ മുഴുവനാക്കണം.. മൂന്നാല് പേര്‍ ചേര്‍ന്ന് ഓരോ ഭാഗം വീതം പറഞ്ഞ് ഒരു കഥ പൂര്‍ത്തിയാക്കുന്ന പോലെ.

നമുക്കൊന്ന് പരീക്ഷിച്ചാലോ.. സുരേഷ് ചോദിച്ചു.
ഏയ് അത് ശരിയാവില്ല, അവിടെ ട്രെയിന്‍ഡ് ആര്‍ട്ടിസ്റ്റുകള്‍ ചെയ്യുന്ന എക്സര്‍സൈസാ. സുനി ഒഴിഞ്ഞു.
ശ്രമിക്കുന്നതില്‍ തെറ്റില്ലല്ലോ.. എന്താ ജസ്റ്റിനേ?
ജസ്റ്റിനെ നോക്കി ഞാന്‍ കണ്ണിറുക്കി.
അതെ അതെ.. ചാഞ്ഞ് കിടക്കുന്ന മാവിന്‍ കൊമ്പില്‍ നിന്ന് ഒരില പൊട്ടിച്ച് കൊണ്ട് ജസ്റ്റിന്‍ പറഞ്ഞു.
നമ്മുടെ മാവും പൂക്കുമോ എന്നറിയണമല്ലോ..

അപ്പോഴാണ് കോയ വന്നത്. യൂണിഫോം നീല ഷര്‍ട്ടും കൈലിയും ധരിച്ച്, തോളിലെ ചുവന്ന തോര്‍ത്തുകൂടി അവന്‍ മാറ്റിയിട്ടില്ലായിരുന്നു.
പഹയന്മാരെ, എന്തൊക്കെയുണ്ട് വിശേഷം?
നാരായണേട്ടന്‍ കോയയ്ക്കും കട്ടന്‍ അടിച്ചു.
കണ്ടിട്ടെത്ര കാലമായെടാ, നിന്റെ കാര്യങ്ങളൊക്കെ പറ, കേള്‍ക്കട്ടേ, സുനി കോയയുടെ അടുത്തേക്ക് നീങ്ങി..

അവന്‍ വന്നത് തരമാക്കി നീ ഒഴിവാകാന്‍ നോക്കണ്ട.. നമ്മുടൊപ്പം കോയയും കൂടും. സുനിയുടെ അടവ് മനസ്സിലാക്കി ഞാന്‍ ഇടപെട്ടു.
അത് ശരിയാവത്തില്ലാ. കോയ എന്നെങ്കിലും ഒരു കഥ പറയുന്നത് നീ കേട്ടിട്ടുണ്ടോ?

എനിക്ക് കഥ അറിയില്ലെന്ന് ആരാ പറഞ്ഞെ. മാര്‍ക്കറ്റില്‍ കൂടെ നടന്ന് പോകുന്ന ഓരോ ആളും നൂറ് നൂറ് കഥയാണ്. നിനക്ക് എന്ത് കഥയാ വേണ്ടേ? കോയ ചോദിച്ചു.

ഇത് വെറും കഥ പറച്ചിലല്ല കോയാ. ഒരാള് പറയുന്നതിന്റെ ബാക്കി അടുത്തയാള് പറയണം. അതിന്റെ ബാക്കി അടുത്തയാള്, അങ്ങനെ അങ്ങനെ.. സുനി പറഞ്ഞു.
എന്തായാലും കളിക്കാന്‍ ഞാന്‍ ഉണ്ട്, നിങ്ങള്‍ തുടങ്ങിക്കോ..

കോയയ്ക്കും പറ്റുന്ന കഥ മതി. സിനിമാക്കഥ പോലൊന്ന്. ഞാന്‍ പറഞ്ഞു.
എനിക്ക് വേണ്ടി നിങ്ങള്‍ നിലവാരം കുറയ്ക്കുകയൊന്നും വേണ്ട. ഞാന്‍ അഡ്ജസ്റ്റ് ചെയ്തോളാം. കോയ പിടിച്ചിടത്ത് തന്നെയാണ്.
ഒടുവില്‍ ഞാന്‍ നിര്‍ദ്ദേശ്ശിച്ചത് പോലെ തീരുമാനമായി..
സുനി കഥ തുടങ്ങി വച്ചു.

പണ്ട്, എന്ന് പറഞ്ഞാല്‍ കുറച്ച് കാലം മുമ്പ് ചെന്നൈ പട്ടണത്തില്‍ ഒരു ചെറുപ്പക്കാരന്‍ ജീവിച്ചിരുന്നു.

കഥാപാത്രത്തിന്റെ പേര് കൂടി പറയണം, എന്നാലേ നമുക്ക് ആളെ മനസ്സില്‍ കാണാന്‍ പറ്റൂ. ജസ്റ്റിന്‍ പറഞ്ഞു

ചെറുപ്പക്കാരന്, ഉംം.. ധനുഷ് എന്ന് പേരിടാം. സുനി തുടര്‍ന്നു
ധനുഷ് പ്രത്യേകിച്ച് പണിയൊന്നു ചെയ്യാതെ കൂട്ടുകാരുമായി കറങ്ങിയും ക്യാരംബോര്‍ഡ് കളിച്ചും സുഖമായി ജീവിച്ച് വരുകയായിരുന്നു.

ഇനി സുരേഷിന്റെ ഊഴം
“ദംഗമാരി ഊത്താരി പുട്ടുക്കുനാ നീ നാറി”..

എന്തെന്ത്? കോയ ചോദിച്ചു.

പുതിയ തമിഴ് പാട്ടാണ് . സുരേഷ് പറഞ്ഞു
അങ്ങനെയൊരു പാട്ടിന് മാര്‍ക്കറ്റില്‍ ഡാന്‍സ് കളിച്ചോണ്ടിരിക്കെ ആയിരക്കണക്കിന് വാസന മലരുകളെ തഴുകി വന്ന മന്ദമാരുതന്‍ ധനുഷിനെ തലോടി പോയി. തിരിഞ്ഞ് നോക്കുമ്പോള്‍ സുന്ദരിയായ ഒരു പെണ്‍കുട്ടി നിരത്ത് വക്കിലൂടെ നടന്ന് പോകുന്നു.

സുനിത എന്ന് പേരിട്ടാലോ? ജസ്റ്റിന്‍ ചോദിച്ചു
സുരേഷ് വികാരഭരിതനായി അടികലശലുണ്ടാക്കാതിരിക്കാന്‍ ഞാന്‍ നയന്‍താര എന്ന് പറഞ്ഞു.

അത് സുരേഷിനും തൃപ്തിയായി.
നയന്‍താരയെ കണ്ടതും ചാവി കൊടുത്ത പാവപോലെ ധനുഷ് അവളുടെ പിന്നാലെ പോയി. നടന്ന് നടന്ന് ഒടുവില്‍ ഐടി പാര്‍ക്കിനകത്തെ ഒരു കമ്പനിയിലേക്ക് നയന്‍താര കയറി. പിറകെ കയറാന്‍ ശ്രമിച്ച ധനുഷിനെ സെക്യൂരിറ്റി തടഞ്ഞ് കഴുത്തിന് പിടിച്ച് തള്ളി.

ഇനി കോയയാണ് പറയേണ്ടത്.
ഞാനെന്താണ് പറയേണ്ടത്?
ഇതുവരെ പറഞ്ഞതിന്റെ ബാക്കി പറയണം.
അതിന് ഞാന്‍ ഈ സിനിമ കണ്ടിട്ടില്ലല്ലോ.
കോയാ, ഇതേതെങ്കിലും സിനിമാക്കഥയല്ല, ഉണ്ടാക്കി പറയുന്നതാ. ഇതിന്റെ ബാക്കി എന്തായിരിക്കുമെന്ന് കോയ ഊഹിച്ച് പറയണം.
ഓ, അങ്ങനെ.. ശരി, ഞാനൂഹിച്ച് പറയാം.

ഇനീപ്പോ പയ്യന്‍ എന്ത് ചെയ്യും. എന്തായാലും വെഷമമാവും. വീട്ടില്‍ വന്ന് താടിയൊക്കെ വളര്‍ത്തും. അപ്പഴേക്കും നമ്മളെപ്പോലുള്ള കൂട്ടുകാര്‍ പെണ്‍കുട്ടി ഏതാ എന്താ എന്നൊക്കെ അന്വേഷിച്ച് കണ്ടുപിടിക്കും.
പെണ്‍കുട്ടിയ്ക്ക് സോഫ്റ്റ് വെയറിന്റെ പണിയാണെന്ന് വച്ചോ. ഇത് കേട്ട് പയ്യന്‍ കുറെ കമ്പ്യൂട്ടര്‍ പുസ്തകങ്ങള്‍ വാങ്ങി പകലും രാത്രിയും ഇരുന്ന് പഠിച്ച് ദിവസങ്ങള്‍ കൊണ്ട് ഒരു എക്സ്പെര്‍ട്ട് ആവും.

കണ്ടോ, ഇത് ശരിയാവില്ലെന്ന് ഞാന്‍ പറഞ്ഞതല്ലേ.. സുനി ശബ്ദമുയര്‍ത്തി
അതിന് ഞാന്‍ കുഴപ്പമൊന്നും പറഞ്ഞില്ലല്ലോയെന്ന് കോയ.
കുറച്ച് ദിവസം കൊണ്ട് ആര്‍ക്കെങ്കിലും ഐടി എക്സ്പെര്‍ട്ടാവാന്‍ പറ്റുമോ? കഥയ്ക്ക് ഒറിജിനാലിറ്റി വേണ്ടേ കോയാ?
ദ്വേഷ്യപ്പെടാതെ സുനീ. കോയ പറഞ്ഞത് ചില സിനിമകളെക്കാള്‍ ഭേദമല്ലേ
ഞാന്‍ സമാധാനിപ്പിച്ചു. ഇനി ഞാനാണ് കഥ പറയേണ്ടത്. കോയ ഉണ്ടാക്കി വച്ച കുഴപ്പങ്ങള്‍ കൂടി പരിഹരിക്കണം.

കമ്പ്യൂട്ടറില്‍ വിദഗ്ദനായ ധനുഷിനെ സ്വന്തമാക്കാന്‍ സ്വദേശത്തും വിദേശത്തുമുള്ള ധാരാളം കമ്പനികള്‍ വന്നു. ആപ്പിളിന്റെ ടിം കുക്ക്, ഗൂഗിളിന്റെ ലാറിപേജ്, ഫേസ്‍ബുക്കിന്റെ സുക്കന്‍ബര്‍ഗ് തുടങ്ങിയവരുടെ വിളികള്‍ നിരസിച്ച് ധനുഷ് നയന്‍താര ജോലി ചെയ്യുന്ന കമ്പനിയില്‍ ചേര്‍ന്നു.

കമ്പനിയില്‍ വച്ച് അവന്‍ നയന്‍താരയില്‍ മതിപ്പുളവാക്കാനായി മൗസ് തൊടാതെ കമ്പ്യൂട്ടര്‍ ഓപ്പറേറ്റ് ചെയ്യുക, സെമിക്കോളനില്ലാതെ പ്രോഗ്രാം എഴുതുക തുടങ്ങി ധാരാളം വീരകൃത്യങ്ങള്‍ ചെയ്തു. അവള്‍ എഴുതിയ കോഡിലെ ബഗ് പരിഹരിച്ചും നിലത്ത് വീണ പെന്‍ഡ്രൈവ് പരതി കൊടുത്തും അവളുടെ മനസ്സ് തന്നിലേക്ക് ചായ്ക്കാന്‍ അവന്‍ കഠിനമായി ശ്രമിച്ചു.

ഐടിക്കാരന്‍ ജ്ഞാനമെല്ലാം വിതറുന്ന കണ്ടോ എന്ന് സുനി കളിയാക്കി ചോദിച്ചത് അന്ന് ഞാന്‍ കേട്ടില്ലെന്ന് നടിച്ചു.

ഇനി സുനി പറയണം.

പേരു വഴങ്ങാത്ത ഏതോ എഴുത്തുകാരന്റെ പ്രവചനം പോലെ ലോകം മുഴുവന്‍ അവന്റെ ആഗ്രഹത്തിന് കൂട്ടുനിന്നു. ഒടുവില്‍ നയന്‍താരയ്ക്കും അവനോട് സ്നേഹം തോന്നിത്തുടങ്ങി.
തിരക്ക് പിടിച്ച ഒരു ദിവസത്തെ ജോലിക്ക് ശേഷം ഹോസ്റ്റലിലേക്ക് പോകും മുമ്പ് നയന്‍താര ചോദിച്ചു.
ധനുഷിനോട് എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്, വിരോധമില്ലെങ്കില്‍ നാളെ വൈകിട്ട് മറീനാ ബീച്ചിലേക്ക് വരുമോ?
ധനുഷ് സന്തോഷം കൊണ്ട് തുള്ളിച്ചാടി. പിറ്റേന്ന് പല പല വഴികളിലൂടെ സോളോഗാനം പാടി ബൈക്ക് ഓടിച്ച് അവന്‍ ബീച്ചിലെത്തി. അവനെക്കാത്ത് സുന്ദരിയായി അണിഞ്ഞൊരുങ്ങി നയന്‍താര നില്‍പ്പുണ്ടായിരുന്നു.

കണ്ടോ സിനിമ പഠിക്കുന്നതിന്റെ മെച്ചം കണ്ടോ.. ഉഗ്രന്‍ ട്വിസ്റ്റിനുള്ള അവസരമല്ലേ ഇട്ടേക്കുന്നെ.
ജസ്റ്റിന്റെ അഭിനന്ദനം കേട്ട് സുനിയുടെ മുഖം വിരിഞ്ഞു.

സുരേഷ് അവസരത്തിന് അക്ഷമനായി നില്ക്കുകയായിരുന്നെന്ന് തോന്നുന്നു.

കുറെ നേരം കൈകള്‍ കോര്‍ത്തുപിടിച്ച് കമിതാക്കള്‍ കടല്‍ത്തീരത്തൂടെ നടന്നു. സന്ധ്യ മയങ്ങാറായപ്പോള്‍ അവിടെ നിന്നു കയറി ബീച്ചിനോട് ചേര്‍ന്ന കോണ്‍ക്രീറ്റ് ബഞ്ചിലിരുന്നു.
അവള്‍ കവിളിണകളില്‍ കുസൃതിനിറച്ച് അവനെ നോക്കി മനോഹരമായി ചിരിച്ചു..

കഥ പറയുന്നതിനിടയിലും സുരേഷ് ശരിക്കും പ്രണയാതുരനായി പൂത്തുലയുന്നത് ഞങ്ങള്‍ക്ക് കാണാമായിരുന്നു..

ധനുഷിന് എന്നോട് എത്രയ്ക്ക് സ്നേഹമുണ്ട്?
ഇത്രയും.. കൈകള്‍ വിരിച്ച് കൊണ്ട് അവന്‍ പറഞ്ഞു.
ഇത്രമാത്രം?
അല്ല പൊന്നേ,
ആ കാണുന്ന ചക്രവാളം മുതല്‍ പിറകില്‍ മാനം മലയെത്തൊടുന്നവരെ,
അതല്ല ഈ ഭൂമിയുടേയും മാനത്തിന്റെയും അത്ര,
അല്ലല്ല ഭൂമിയും ചൊവ്വയും വ്യാഴനും സൂര്യനുമൊക്കെ പെടുന്ന ഈ സൗരയൂഥത്തോളം..

അല്ലെടാ ആകാശഗംഗ, ആന്‍ഡ്രോമീഡ, ഇരുണ്ടദ്രവ്യം എന്നൊക്കെ പറഞ്ഞോ.. ഒരുഗ്രന്‍ ട്വിസ്റ്റു കളഞ്ഞിട്ട് ഒണക്ക റോമാന്‍സ് കേറ്റിയിരിക്കുന്നു.
ജസ്റ്റിന്‍ ഊഴം തട്ടിയെടുത്തു.
നോക്ക്, ചെറുപ്പക്കാര്‍ പ്രേമിക്കുന്നതെങ്ങനെയെന്ന് കേട്ട് പഠിക്ക്..

അസ്തമയ സൂര്യനെ നോക്കിയിരുന്ന് നയന്‍താര ചോദിച്ചു.
മണിരത്നത്തിന്റെ പുതിയ സിനിമ കണ്ടില്ലേ, അല്‍ഷിമേഴ്സ് പിടിച്ച ഭാര്യയെ ശുശ്രൂഷിക്കുന്ന ഭര്‍ത്താവ്?
ഉവ്വ്.. അവന്‍ പറഞ്ഞു.
എനിക്കങ്ങനെയെന്തെങ്കിലും അസുഖം വന്നാല്‍ ധനുഷ് എന്ത് ചെയ്യും?
അവളുടെ ലോലമായ കയ്യുകള്‍ കവര്‍ന്നുകൊണ്ട് അവന്‍ കമലഹാസനെപോലെ തൊണ്ടയിടറി പറഞ്ഞു.
അതിന് ഞാന്‍ നിന്നെ ഏതെങ്കിലും അസുഖത്തിന് വിട്ട് കൊടുത്തിട്ട് വേണ്ടേ..

ജോര്‍.. സുനി കൈതട്ടി

എനിക്കെന്തെങ്കിലും അപകടം പറ്റിയാലോ?
ഞാന്‍ വാക്ക് തരാം, എന്റെ കൂടുള്ളപ്പോള്‍ നിനക്ക് ഒരപകടത്തേയും നേരിടേണ്ടി വരില്ല.
നയന്‍താരയ്ക്ക് സന്തോഷമായി. അവര്‍ കെട്ടിപ്പുണര്‍ന്നു. ആവേശകരമായ ആലിംഗനത്തിന് ശേഷം കിതപ്പോടെ വിട്ടുമാറി അവള്‍ ബഞ്ചില്‍ ചാരിയിരുന്നു. സന്ധ്യാസൂര്യന്റെ ചുവപ്പില്‍ സൗന്ദര്യം പതിന്മടങ്ങ് വര്‍ദ്ധിച്ച അവളെ എത്ര കണ്ടിട്ടും അവന് മതിയായില്ല. അവന്റെ തുളയ്ക്കുന്ന നോട്ടം കണ്ട് അവളുടെ കണ്ണുകള്‍ നാണം കൊണ്ട് കൂമ്പി. ഉച്ഛ്വാസ നിശ്വാസങ്ങള്‍ക്കനുസരിച്ച് മാറിടം ഉയര്‍ന്നു താണു.

ശ്ശൊ, മതിയെടാ.. സുരേഷ് കയ്യുയര്‍ത്തി, ഇനി ബാക്കി കോയ പറ..

ഞാനെങ്ങനെ.. ഒണ്ടാക്കിപ്പറയണോ, ഒറിജിനലായിട്ട് പറയണോ?
ഒറിജിനലായിട്ട് പറഞ്ഞാല്‍ മതി. സുനി മറുപടി കൊടുത്തു.
പച്ചക്കറി വില്‍ക്കുന്ന സീനത്തിന്റെ കഥവേണോ മീന്‍കാരന്‍ സുകുവിന്റെ മോളുടെ കഥ വേണോ..
നീയെന്തെങ്കിലും പറ.. സുനിക്ക്  ചെറുതായി ദ്വേഷ്യം വന്നു.
ശരി, എന്നാ ഒറിജിനലൊരെണ്ണം പിടിച്ചോ.

പെണ്ണ് ചെക്കന്റെടുത്ത് ഒരു കാര്യം പറയട്ടേ എന്ന് ചോദിക്കും.
ചെക്കന്‍ നീ പറ മുത്തേ എന്ന് സമ്മതിക്കും.
അവള് പറയുവാണ്. എനിക്ക് പതിനഞ്ച് വയസ്സുള്ളപ്പോള്‍ പനി പിടിച്ചു. വിട്ടുമാറാത്ത പനി. ദേഹം മൊത്തം വേദന. ഒത്തിരി ആശുപത്രികളില്‍ പോയി. ഡോക്ടര്‍മാരെക്കണ്ട് ടെസ്റ്റുകള്‍ നടത്തി. ഒടുക്കം അത് വെറും പനിയല്ല ഒരു മഹാരോഗമാണെന്ന് മനസ്സിലായി.
മഹാരോഗം.. ചെക്കന്റെ സംസാരം ഇവിടെ അല്പം വിറയ്ക്കും..

ഇതാ ഇവിടെ.. പെണ്ണ് അവളുടെ വലത്തേ നെഞ്ചത്തോണ്ട് ചൂണ്ടും..
ഇത് സ്പോഞ്ചാണ്, ഇതിന് താഴെ അറുത്ത് മാറ്റിയിടത്ത് മുറിവിന്റെ കറുത്ത് പരന്ന ഒരു പാട് മാത്രം.

ടിം ടിം ടിം.. അടുത്ത പിരീഡിനുള്ള മണി മുഴങ്ങി..

സാറെ, ഞാന്‍ 10എ യില്‍ പോയി തലകാണിച്ചിട്ട് ഓടി വരാം. സാറ് പൊയ്ക്കളയരുത്.. കഥ കുറച്ച് കൂടെ പറയാനുണ്ട്. പിന്നെ, സാറ് ജില്ലാക്കോടതിയിലാണെന്നല്ലേ പറഞ്ഞത്..

പാഠപുസ്തകവും ചോക്കും ചൂരലുമായി അയാള്‍ വേഗത്തില്‍ 10എയിലേക്ക് നടന്നു.. ബാക്കി കേള്‍ക്കാനുള്ള കഥയും കാത്ത് അതിഥി ഓഫീസ് മുറിയിലിരുന്നു.

Facebooktwitterredditpinterestlinkedinmailby feather