ഗേറ്റ് വേ ഓഫ് കേരള

പൊതുവെ കമ്പ്യൂട്ടറിനോടു താല്‍പര്യമുള്ള ഒരാളല്ല ദിവാകരപണിക്കര്‍ . സുഹൃത്തുക്കള്‍ പലരും പറയുന്ന ഫേസ് ബുക്കും , യൂട്യൂബുമൊന്നും ഇതുവരെ ഒട്ടും കൊതിപ്പിച്ചിട്ടുമില്ല. ഓഫീസ് കാര്യത്തിനുള്ള ഇമെയില്‍ പോലും കീഴ് ജീവനക്കാരാണ് നോക്കുന്നത്.

പുതിയ ലാവണത്തിലേക്കെത്തുന്നതുവരെ വരെ ഈ യന്ത്രം അനാവശ്യമാണെന്നായിരുന്നു പണിക്കരുടെ നിലപാട്. ഇന്നത്തെ സംഭവത്തോടെ അത് അനാവശ്യമെന്നുമാത്രമല്ല സ്വസ്ഥമായ ജീവിതത്തിന് അസൌകര്യമുണ്ടാക്കുന്ന ഒന്നാണെന്നുകൂടി ബോധ്യമായി. ഓഫീസര്‍മാര്‍ വളരെ എളുപ്പം ചെയ്യുന്ന ഒരു സാധാരണ പ്രവര്‍‌ത്തി കമ്പ്യൂട്ടര്‍ തടസ്സപ്പെടുത്തിയിരിക്കുന്നു!

ഭവനനിര്‍മ്മാണ സെല്ലിലെ പുതിയ ഓഫീസറാണ് പണിക്കര്‍. ഭവനമില്ലാത്ത ദരിദ്രരെ കണ്ടെത്തി സര്‍ക്കാര്‍ സ്ഥലത്തു ചെറു ഭവനങ്ങള്‍ നിര്‍മ്മിച്ചു കൈമാറുന്ന ചുമതലയാണ്. തലസ്ഥാനജില്ലയിലെ പട്ടിക ഇപ്പോള്‍ തയ്യാറാക്കി കൊണ്ടിരിക്കുന്നു. അര്‍ഹതയുള്ളവരെ കമ്പ്യൂട്ടര്‍ പ്രോഗ്രാം ഉപയോഗിച്ച് തെരഞ്ഞെടുക്കും. മാനദണ്ഡങ്ങള്‍ പാലിക്കുന്ന അപേക്ഷകളില്‍ നിന്നും ഒരുതരം ഇലക്ട്രോണിക് നറുക്കെടുപ്പ്.

ഒന്നും വഴിവിട്ടു ചെയ്യുന്ന ആളല്ല പണിക്കര്‍. സര്‍വ്വീസിലിന്നേവരെ അത്തരത്തില്‍ ഒരു ആക്ഷേപം കേള്‍പ്പിച്ചിട്ടുമില്ല. ഇതിപ്പോള്‍ ഒരു പ്രദേശത്തിന്റെ മുഴുവന്‍ ആവശ്യമാകുമ്പോള്‍ ഒഴിഞ്ഞുനില്‍ക്കുന്നതെങ്ങനെ. പണിക്കരുടെ വീടിനടുത്തുള്ള ഒരു പാവത്തിന്റെ കാര്യമാണ് പറയുന്നത്.

ചെയര്‍മാനും പണിക്കരുടെ അതേ അവസ്ഥയിലാണ്. അയാളുടെ വീടിനടുത്തും ഉണ്ടല്ലോ പാവപ്പെട്ടവര്‍. പണിക്കര്‍ക്കു ജില്ലയില്‍ ഒരാളുടെ മാത്രം കാര്യമാണെങ്കില്‍ ചെയര്‍മാനു വേണ്ടപ്പെട്ടവര്‍ മൂന്നാണ്. കൂടാതെ മന്ത്രിഓഫീസില്‍ നിന്നും അഞ്ചുപേരുടെ ലിസ്റ്റും കിട്ടിയിട്ടുണ്ട്.

സിസ്റ്റം അഡ്മിനിസ്ട്രേറ്ററെ വിളിച്ചു സംസാരിച്ചു. പ്രോഗ്രാമില്‍ ഒരു പിന്‍വാതില്‍ ഘടിപ്പിക്കാന്‍ സോഫ്റ്റ് വെയര്‍ കമ്പനിയില്‍ നിന്നും ആളെ വരുത്തണം. പ്രോഗ്രാം മാറ്റം വരുത്തി ടെസ്റ്റുചെയ്ത് ഉപയോഗിക്കാറാകുമ്പോഴേക്കും ദിവസം രണ്ടുമൂന്നു കഴിയും. ലിസ്റ്റാണെങ്കില്‍ നാളെ പുറത്തുവിടേണ്ടതുമാണ്.

ഒടുവില്‍ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ തന്നെ ഒരു പോംവഴി പറഞ്ഞു. താരതമ്യേന തൃപ്തികരമായ റിസള്‍ട്ടു കിട്ടുന്നതുവരെ മൌസ്ബട്ടണ്‍ വീണ്ടും വീണ്ടും ക്ലിക്കുചെയ്ത് ലിസ്റ്റു തയ്യാറാക്കികൊണ്ടേയിരിക്കുക.

ചെയര്‍മാനും പണിക്കരും അതംഗീകരിച്ചു. ഒരു ലക്ഷത്തോളം അപേക്ഷകളില്‍ നിന്നും നറുക്കെടുത്ത് കാണിക്കുന്ന നൂറ്റമ്പത് പേരില്‍ തങ്ങള്‍ക്കു വേണ്ടപ്പെട്ടവരുണ്ടോ എന്നു നോക്കുക. തൃപ്തികരമല്ലെങ്കില്‍ വീണ്ടും നറുക്കെടുക്കുക. പ്രോബബിളിറ്റി തിയറി അറിയാവുന്നവര്‍ക്കു സാധ്യതകള്‍ ഒന്നു കണക്കുകൂട്ടി നോക്കാവുന്നതേയുള്ളൂ.

ആദ്യമാദ്യം തയ്യാറാക്കുന്ന പട്ടികയില്‍ പണിക്കരുടെയാള്‍ വന്നുകൊണ്ടേയിരുന്നു. പക്ഷേ ചെയര്‍മാനും മന്ത്രിയുടെ ഓഫീസിനും പ്രാതിനിധ്യമില്ല. ഇടയ്ക്ക് അയാളുടെ പേരിനൊപ്പം മന്ത്രിക്കുവേണ്ട മൂന്നുപേരു കൂടി വന്നു. പക്ഷേ ചെയര്‍മാന്റെ മുഖവും തെളിയണമല്ലോ. പിന്നെ വന്നതെല്ലാം ആര്‍ക്കും വേണ്ടപ്പെട്ടവരില്ലാത്ത അനാഥ പട്ടികകള്‍.

എട്ടുമണി കഴിഞ്ഞപ്പോള്‍ പണിക്കര്‍ ഓഫീസില്‍ നിന്നിറങ്ങി. അഡ്മിനിസ്ട്രേറ്ററും ചെയര്‍മാനും അവിടെ ക്ലിക്ക് തുടരുകയാണ്. അടിയന്തിരമായി ചിലകാര്യങ്ങള്‍ ചെയ്തുതീര്‍ക്കേണ്ടതുണ്ട്.

പൊതുകാര്യ പ്രസക്തനാണ് പണിക്കര്‍. ഓഫീസ് കഴിഞ്ഞാല്‍ വിവിധ ക്ലബ്ബുകള്‍ അസോസിയേഷനുകള്‍ അങ്ങിനെ പോകും. വീടിനടുത്തെ റസിഡന്റ്സ് അസോസിയേഷനില്‍ കാലങ്ങളായി മുഖ്യ ഭാരവാഹിയാണ്. പണിക്കരുടെ നേതൃത്വത്തില്‍ വളരെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് അസോസിയേഷന്‍ നടത്തുന്നത്. പുവര്‍ ഹോമുകളില്‍ പുണ്യത്തിനായി അന്നദാനം, വിഷബാധയില്ലാത്ത ആഹാരത്തിനായി പച്ചക്കറിചെടികളുടെ വിതരണം, കുട്ടികളുടെ നല്ല ഭാവിക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസ്സുകള്‍, മരം ഒരു വരം, പൈപ്പുകമ്പോസ്റ്റ്, ചിരട്ട കമിഴ്ത്തല്‍ തുടങ്ങി അങ്ങനെ എന്തെല്ലാം എന്തെല്ലാം. നഗരസഭയിലെ ഏറ്റവും മികച്ച അസോസിയേഷനുള്ള അവാര്‍ഡ് കഴിഞ്ഞതവണ തലനാരിഴക്കാണ് നഷ്ടപ്പെട്ടത്.

അസോസിയേഷനിലേക്കുള്ള റോഡ് തുടങ്ങുന്നിടത്താണ് പണിക്കര്‍ സഹായിക്കാനുദ്ദേശ്ശിക്കുന്ന കുട്ടപ്പനും കുടുംബവും താമസിക്കുന്നത്. വഴിയരികില്‍ തുണ്ടു പുറമ്പോക്കു ഭൂമിയിലെ ചോര്‍ന്നൊലിക്കുന്ന തകരമേഞ്ഞ ഷെഡ്ഡില്‍. മെലിഞ്ഞു നൂലുപോലത്തെ രൂപം. പ്രത്യേകിച്ചു ജോലിയൊന്നുമില്ല. വിളിച്ചാല്‍ ആരുടെയും സഹായിയായി പോകും. റസിഡന്റ്സ് അസോസിയേഷന്റെ ബാനര്‍ കെട്ടലും നോട്ടീസ് വിതരണവുമെല്ലാം അവനാണ് ചെയ്യുന്നത്. ഭാര്യക്കു പണിക്കരുടെയും മറ്റു ചിലരുടെയും വീട്ടിലെ പുറംജോലികള്‍. രണ്ടു ചെറിയ കുട്ടികള്‍, അടുത്തുള്ള ഗവണ്‍മെന്റ് സ്കൂളില്‍ പഠിക്കുന്നു.

അവാര്‍ഡ് നഷ്ടപ്പെട്ടതില്‍ പണിക്കര്‍ക്കു വല്ലാത്ത നിരാശയായിരുന്നു. മനോഹരമായ പ്രവേശനകവാടമുള്ള ഒരു അസോസിയേഷനായിരുന്നു അവാര്‍ഡ് കിട്ടിയത്. വച്ചൊരുക്കലിനാണ് നഗരസഭ കൂടുതല്‍ മാര്‍ക്കു നല്കുന്നതെന്ന് ചൊല്ലി പണിക്കരുടെ കൂട്ടുകാര്‍ വേദിയില്‍ ചില്ലറ കശപിശകളൊക്കെ ഉണ്ടാക്കി. ഇനി ഉള്ളടക്കം കുറഞ്ഞാലും കെട്ടുകാഴ്ച കുറക്കില്ലെന്ന തീരുമാനത്തിലാണ് പണിക്കര്‍ .

ഇന്നേവരെ ആരും കാണാത്തത്ര അതിഗംഭീരമായ പ്രവേശന കവാടം നമുക്കു വേണം!! കമ്മിറ്റിയില്‍ പണിക്കരുടെ വാക്കിനു എതിര്‍വാക്കില്ലാത്തതിനാല്‍ നീക്കങ്ങള്‍ പെട്ടെന്നായിരുന്നു. ആര്‍ക്കിടെക്ടിനെ കണ്ടു ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ മാതൃകയില്‍ തന്നെ പ്ലാന്‍ വരച്ചു, കവാടത്തിന്റെ രണ്ടുവശവും മനോഹരമായ ചെറു പൂന്തോട്ടങ്ങള്‍. എസ്റ്റിമേറ്റ് തയ്യാറാക്കി നഗരസഭയുടെ അനുമതിയും വാങ്ങി. എംഎല്‍എ യെ കണ്ട് സൌന്ദര്യവല്‍ക്കരണമെന്ന ഇനത്തില്‍ ഫണ്ടും സംഘടിപ്പിച്ചു. ഇനി ഒരേ ഒരു തടസ്സം മാത്രം! അതു കുട്ടപ്പന്‍ വിചാരിച്ചാലേ തീരൂ.

അവനെ അസോസിയേഷന്‍ ഓഫീസിലേക്കു വിളിപ്പിച്ചു. മറ്റു ഭാരവാഹികളുമിരിക്കെ പണിക്കര്‍ കാര്യമെല്ലാം വിശദമായി പറഞ്ഞു. കുട്ടപ്പനു വലിയ സന്തോഷം.

കവാടവും പൂന്തോട്ടവും രണ്ടും നല്ല കാര്യമാണ്. അവനതു വൃത്തിയായി നോക്കിക്കൊള്ളും. രാവിലെയും വൈകിട്ടും ചെടിക്കു വെള്ളമൊഴിക്കാം. ഇനി അവനില്ലെങ്കിലും പെണ്ണുമ്പിള്ള സതി അതു ചെയ്യും. തോട്ടത്തിലെ പൂവൊന്നും കുട്ടപ്പന്റെ പിള്ളേര്‍ പറിക്കില്ല. എങ്ങാനും തൊട്ടാല്‍ കൈ ഞാനടിച്ചൊടിക്കും. സാറന്മാരൊന്നുകൊണ്ടും പേടിക്കണ്ട. അവനെക്കൊണ്ടാവുന്ന സഹായമെല്ലാം കുട്ടപ്പന്‍ വാഗ്ദാനം ചെയ്തു.

പണിക്കര്‍ സംസാരിച്ചു കൊണ്ടേയിരുന്നു. മെല്ലെ മെല്ലെ തലയില്‍ ഒരു സൂചി കുത്തികയറ്റുന്ന വേദനയോടെ കുട്ടപ്പനു മനസ്സിലായി താനിവിടെ നിന്നൊഴിഞ്ഞുപോകാനാണിവര്‍ പറയുന്നത്. കണ്ണുകള്‍ നിറഞ്ഞൊഴുകി.

പണിക്കര്‍ സാറിനെയും മറ്റു സാറന്മാരെയും ഞങ്ങള്‍ ദൈവത്തെപോലെയാണ് കാണുന്നത്. കനിവു കാണിക്കണം. സ്ഥിര ജോലിയില്ല. കടുത്ത ജോലിചെയ്യാനാരോഗ്യവുമില്ല. ഇവിടെ നിന്നൊഴിപ്പിച്ചാല്‍ ഞങ്ങളെവിടെ പോകാനാണ്. ദയവു ചെയ്ത് ഞങ്ങളെ ഒഴിപ്പിക്കരുത്.

കുട്ടപ്പന്റെ പറച്ചില്‍ കേട്ടു മെമ്പര്‍മാര്‍ക്കു വളരെ ദ്വേഷ്യം വന്നു. കുട്ടപ്പനെ തല്ലാനാഞ്ഞ ചിലരെ പണിക്കരും മറ്റു മുതിര്‍ന്ന അംഗങ്ങളും ചേര്‍ന്നു കഷ്ടപ്പെട്ടു പിടിച്ചുമാറ്റി. നിലത്തിരുന്ന് കരഞ്ഞുവിളിക്കുന്ന കുട്ടപ്പനെ അവിടെ നിന്നും നിര്‍ബന്ധിച്ചു പറഞ്ഞയച്ചു. റോഡിലൂടെ ഉറക്കെ നിലവിളിച്ചുകൊണ്ടവന്‍ വീട്ടിലേക്കോടി. കുട്ടപ്പന്റെ പ്രവര്‍ത്തികളില്‍ ഒട്ടും തൃപ്തിയില്ലാതെ മെമ്പര്‍മാര്‍ തുടര്‍ നടപടികള്‍ ആലോചിച്ചു.

കവാടം നിര്‍മ്മിക്കുന്നില്ലെങ്കില്‍ പോലും കുട്ടപ്പനെ അവിടെ നിന്നൊഴിപ്പിക്കണമെന്നായിരുന്നു ഏകകണ്ഠേനയുള്ള തീരുമാനം. അസോസിയേഷനിലേക്കു തിരിയുന്ന വഴിയില്‍ തന്നെ അസ്ഥികൂടം പോലൊരു തകര ഷെഡ്ഡു്. അവിടം കാണാന്‍ തന്നെ എന്തു വൃത്തികേടാണ്. അവന്റെ ഭാര്യ പാത്രങ്ങള്‍ കഴുകുന്നതും കരിക്കട്ട പോലുള്ള കുട്ടികളെ കുളിപ്പിക്കുന്നതും വഴിയരികിലെ പൈപ്പിന്‍ ചുവട്ടിലാണ്. പിള്ളേര്‍ മൂക്കളയുമൊലിപ്പിച്ച് എപ്പോഴാണ് റോഡിലേക്കോടിയിറങ്ങുന്നതെന്നു പറയാന്‍ കഴിയില്ല. ഒന്നു രണ്ടു തവണ പണിക്കരുടെ കാറില്‍ തന്നെ കുട്ടികള്‍ വന്നിടിക്കേണ്ടതായിരുന്നു. ഭാഗ്യത്തിനാണ് പണിക്കര്‍ രക്ഷപ്പെട്ടത്.

കമ്മിറ്റി കഴിഞ്ഞംഗങ്ങള്‍ പിരിയുമ്പോള്‍ കുട്ടപ്പന്റെ വീട്ടില്‍ നിന്നും കൂട്ടകരച്ചില്‍ കേള്‍ക്കാം. ഒരു പ്രദേശത്തിന്റെ നന്മയ്ക്കാണീ ത്യാഗമെന്നു കുട്ടപ്പനെന്തുകൊണ്ടു മനസ്സിലാവുന്നില്ല? മനസ്സിലാവണമെങ്കില്‍ വിദ്യാഭ്യാസം വേണമല്ലോ.

കമ്മിറ്റി തീരുമാനപ്രകാരം കയ്യേറ്റം ഒഴിപ്പിക്കണമെന്നു നഗരസഭക്കു പരാതിനല്‍കി, കൌണ്‍സിലറെ കൂട്ടി മേയറെ നേരില്‍കണ്ടു സംസാരിക്കുകയും ചെയ്തു. ആവശ്യം തികച്ചും ന്യായമാണെന്നു അധികാരികള്‍ക്കു ബോധ്യപ്പെട്ടു. പക്ഷേ നാടൊട്ടുക്കും കുടിയൊഴിപ്പിക്കലിനെതിരെ സമരങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ഒരു താണജാതിക്കാരനെ കുടിയൊഴിപ്പിച്ചു പുലിവാലുപിടിക്കാന്‍ അവര്‍ തയ്യാറല്ല.

കുട്ടപ്പനും കരുതിയാണെന്നു തോന്നുന്നു. കരച്ചിലൊക്കെ നിര്‍ത്തിയ മട്ടാണ്. ഇടയ്ക്കു ചില സന്ദര്‍കരെയും കാണാം. സ്ഥിരം സമരം ചെയ്യുന്ന ചില കക്ഷികളാണെന്നു തോന്നുന്നു. അവര്‍ പണിക്കരെ കാണാനും വന്നിരുന്നു. പകരം സ്ഥലവും മതിയായ നഷ്ടപരിഹാരവും നല്കുകയാണെങ്കില്‍ ഒഴിയാമത്രെ. അഹങ്കാരമല്ലേ? കയ്യേറ്റമൊഴിയാന്‍ ഭൂമിയും പണവും നല്കണം പോലും.

അരിശം മൂത്ത് ജെസിബി ഉപയോഗിച്ചെല്ലാം പറിച്ചു കളയാനായി അസോസിയേഷന്‍ മെമ്പറായ ബില്‍ഡര്‍ മുന്നിട്ടിറങ്ങിയപ്പോള്‍ പണിക്കരാണ് തടഞ്ഞത്. ഓഫീസില്‍ നിന്നും പുറത്തിറക്കുന്ന ലിസ്റ്റില്‍ കുട്ടപ്പനെ നിസ്സാരമായി ഉള്‍പ്പെടുത്താമെന്നു കരുതി. ഇങ്ങനെയൊക്കെയായിത്തീരുമെന്നാരു കണ്ടു. പാതിരാത്രിക്കുമുമ്പ് ലിസ്റ്റ് തയ്യാറാക്കി സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ വിളിക്കും. അതില്‍ കുട്ടപ്പന്റെ പേരില്ലെങ്കില്‍ നാളെ നേരം വെളുക്കും മുന്നെ ബില്‍ഡറുടെ ജെസിബി ഉരുക്കുകയ്യും നീട്ടി ഇവിടേക്കുരുളണം.

പണിക്കരുടെ കാര്‍ വളവുതിരിഞ്ഞു ഇരയുടെ വീടിനു മുന്നിലൂടെ കടന്നുപോയി. തന്റെ ജീവിതം കമ്പ്യൂട്ടര്‍ ക്രമരഹിതമായി തയ്യാറാക്കുന്ന പട്ടികയുടെ ദയവിലാണെന്നറിയാതെ ഇരയും കുടുംബവും റിയാലിറ്റി ഷോയിലെ എലിമിനേഷന്‍ റൌണ്ടുകണ്ട് കണ്ണീര്‍ വാര്‍ത്തു.

Facebooktwitterredditpinterestlinkedinmailby feather

1 Comment on “ഗേറ്റ് വേ ഓഫ് കേരള